January 18, 2025 |

മതസൗഹാർദത്തിന്റെ അടയാളമായി മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനം

ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മുസ്‌ലിം പള്ളി സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ

ഇസ്തിഖ്‌ലാൽ പള്ളി സന്ദർശിച്ച് ഫ്രാൻസിസ് മാർപാപ്പ. സെപ്റ്റംബർ ആറ് വ്യാഴാഴ്ചയാണ് ഫ്രാൻസിസ് മാർപാപ്പ ഇന്തോനേഷ്യയുടെ തലസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ഇസ്തിഖ്‌ലാൽ പള്ളിയിലെത്തിയത്. പള്ളിയുടെ ഗ്രാൻഡ് ഇമാം നസറുദ്ദീൻ ഉമറും ഇന്തോനേഷ്യയിലെ ആറ് അംഗീകൃത മതങ്ങളായ ഇസ്ലാം, കത്തോലിക്ക, പ്രൊട്ടസ്റ്റൻ്റ്, ബുദ്ധമതം, ഹിന്ദുമതം, കൺഫ്യൂഷ്യനിസം എന്നിവയിൽ നിന്നുള്ള നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്തു. pope francis visit jakarta

ഫ്രാൻസിസ് മാർപാപ്പയെ സ്വാഗതം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ ഇമാം നസറുദ്ദീൻ വൈവിധ്യമാർന്ന ലോകത്ത് സമാധാനത്തോടെ ഒന്ന് ചേർന്ന് സഹവസിക്കേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞു.

‘ ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരീസഹോദരന്മാർ സംഘർഷങ്ങൾ മൂലം വളരെയധികം കഷ്ടപ്പെടുന്നുവെന്നും , കൂടാതെ, മനുഷ്യ ജീവിതത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും പോലുള്ള പാരിസ്ഥിതിക വെല്ലുവിളികളും നമ്മൾ ദിനം പ്രതി അഭിമുഖീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു ‘.

ഫ്രാൻസിസ് മാർപാപ്പ തന്റെ പ്രസംഗത്തിൽ 1970 കളിൽ തുറന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ ഇസ്തിഖ്‌ലാൽ പള്ളി രൂപകൽപ്പന ചെയ്ത ക്രിസ്ത്യൻ വാസ്തുശില്പിയായ ഫ്രെഡറിക് സിലാബനെ പരാമർശിച്ചിരുന്നു. 12 ദിവസം നീണ്ടുനിൽക്കുന്ന ഏഷ്യാ, പസഫിക് പര്യടനത്തിന്റെ ഭാഗമാണ് ഫ്രാൻസിസ് മാർപാപ്പയുടെ ഇന്തോനേഷ്യൻ സന്ദർശനം.

രാജ്യത്തെ മറ്റ് ആരാധനാലയങ്ങൾ പോലെ തന്നെ മസ്ജിദുകളും വിവിധ മതങ്ങളിൽപ്പെട്ട ആളുകൾക്ക് സംസാരിക്കാനും പരസ്പരം ബഹുമാനിക്കാനും സമാധാനപരമായി ഒരുമിച്ച് ജീവിക്കാനും കഴിയുന്ന ഇടങ്ങളാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. വ്യത്യസ്ത മതവിഭാഗങ്ങളിൽപെട്ട നമ്മളാണ് ജനങ്ങളെ അവരുടെ നല്ല ജീവിതത്തിനായി പ്രോത്സാഹിപ്പിക്കേണ്ടത് എന്നും മാർപാപ്പ പറഞ്ഞു.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും പരസ്പരം ബഹുമാനിച്ചുകൊണ്ട് ജീവിക്കണമെന്ന് 45 കാരിയായ സിൽവിയാന പറഞ്ഞു. ഇന്തോനേഷ്യക്കാർ മതസഹിഷ്ണുത പാലിക്കുമെന്നും ഭിന്നിപ്പുണ്ടാക്കുന്നത് ഒഴിവാക്കുമെന്നും പ്രതീക്ഷിക്കുന്നതായും സിൽവിയാന കൂട്ടിച്ചേർത്തു.

മാർപാപ്പയുടെ ഇസ്തിഖ്‌ലാൽ മസ്ജിദ് സന്ദർശനം ഇന്തോനേഷ്യയിലെ ഐക്യവും സഹിഷ്ണുതയും ശക്തിപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രദേശ വാസിയായായ സുഖന്ദ പറഞ്ഞു. ഇരു വിഭാഗക്കാർക്കും ഇടയിൽ ഒരു തടസ്സവുമില്ലെന്ന് ഈ സന്ദർശനം തെളിയിക്കുന്നുവെന്നും , ഒരുമിച്ച് നമുക്ക് മുന്നോട്ട് പോകാമെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രാൻസിസിനെ ഒരു നോക്ക് കാണാൻ പള്ളിക്ക് പുറത്ത് തടിച്ചുകൂടിയ നൂറോളം ആളുകളിൽ രണ്ടുപേരാണ് ഇവർ.

സൗഹൃദത്തിന്റെ അടയാളം

270 ദശലക്ഷത്തിലധികം ജനങ്ങളുള്ള മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ, മതപരമായ വൈവിധ്യത്തിനും നാനാത്വത്തിൽ ഏകത്വം എന്നർത്ഥമുള്ള ‘ ഭിന്നേക തുംഗൽ ഇക്ക ‘ എന്ന തത്വത്തിനും പ്രശസ്തമാണ്. ഇന്തോനേഷ്യൻ ജനസംഖ്യയുടെ ഏകദേശം 3% മാത്രമാണ് കത്തോലിക്കർ, കൂടാതെ 7% പ്രൊട്ടസ്റ്റന്റ് വിശാസികളും ഇന്തോനേഷ്യയിൽ ഉണ്ട്.

മസ്ജിദ് സന്ദർശന വേളയിൽ, ജക്കാർത്തയിലെ പ്രശസ്തമായ കെട്ടിടമായ കത്തീഡ്രൽ ഓഫ് ഔവർ ലേഡി ഓഫ് അസംപ്ഷനുമായി ഇസ്തിഖ്‌ലാൽ മസ്ജിദിനെ ബന്ധിപ്പിക്കുന്ന ഭൂഗർഭ പാതയായ ‘ സൗഹൃദത്തിൻ്റെ തുരങ്കവും ‘ മാർപ്പാപ്പ സന്ദർശിച്ചു. സൗഹൃദത്തിൻ്റെ ‘ വ്യക്തമായ അടയാളം ‘ എന്നാണ് പോപ്പ് ഇതിനെ വിശേഷിപ്പിച്ചത്. 2021-ൽ പൂർത്തീകരിച്ച 38.3 മീറ്റർ ടണൽ, ജാതി മത ഭേതമന്യേ സഹിഷ്ണുതയ്ക്കും സഹകരണത്തിനുമുള്ള ഇന്തോനേഷ്യയുടെ പ്രതിബദ്ധതയെ പ്രതിനിധീകരിക്കുന്നു. ഈ രണ്ട് പ്രധാന ആരാധനാലയങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്നതെങ്ങനെയെന്ന് തുരങ്കം കാണിക്കുന്നുവെന്ന് മാർപാപ്പ പറഞ്ഞു. വെല്ലുവിളികൾ നിറഞ്ഞ ഈ ലോകത്തിൽ സാഹോദര്യം കൊണ്ടാണു നമ്മൾ പ്രതികരിക്കേണ്ടതെന്നും മാർപാപ്പ ആഹ്വാനം ചെയ്തു. pope francis visit jakarta

Post Thumbnail
മാപ്പ് പറഞ്ഞതിന് പിന്നാലെ വീണ്ടും സ്വവര്‍ഗാനുരാഗികളെ അപമാനിച്ച് മാര്‍പാപ്പവായിക്കുക

content summary ; Pope Francis preaches unity at south-east Asia’s largest mosque

×