ഇനി യക്ഷി ചെയ്യില്ല-കാനായി കുഞ്ഞിരാമന്‍/അഭിമുഖം: ഭാഗം 1

 
ഇനി യക്ഷി ചെയ്യില്ല-കാനായി കുഞ്ഞിരാമന്‍/അഭിമുഖം: ഭാഗം 1

എത്ര ശില്‍പികളെ ഭൂരിപക്ഷ മലയാളിക്ക് അറിയാം എന്നു ചോദിച്ചാല്‍ ഉത്തരം വിരലില്‍ എണ്ണാവുന്നവരില്‍ തട്ടി നില്‍ക്കും. ചിലപ്പോള്‍ അത് ഒരാള്‍ മാത്രമാകും. അങ്ങനെ ഒരാളാണ് ശില്‍പി കാനായി കുഞ്ഞിരാമന്‍. മലമ്പുഴയിലെ യക്ഷിയും ശംഖുമുഖത്തെ ജലകന്യകയും മാത്രമല്ല കാനായി. താന്‍ ജീവിക്കുന്ന സമൂഹത്തെ കുറിച്ച്, കലയെയും രാഷ്ട്രീയത്തെയും സംസ്കാരത്തെയും കുറിച്ച് കാനായി കുഞ്ഞിരാമന്‍ അഴിമുഖം പ്രതിനിധി വിഷ്ണു നമ്പൂതിരിയുമായി സംസാരിക്കുന്നു.

വിഷ്ണു: ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ നിശബ്ദരാക്കപ്പെടുകയാണ്. ഗുലാം അലി, യുആര്‍ അനന്തമൂര്‍ത്തി, പെരുമാള്‍ മുരുഗന്‍, കല്‍ബുര്‍ഗി, കമല്‍... ഇരകളുടെ നിര അവസാനിക്കുന്നേയില്ല...

കാനായി കുഞ്ഞിരാമന്‍: അഞ്ച് ലക്ഷം വഷര്‍ത്തെ മനുഷ്യ ചരിത്രം പരിശോധിച്ചു കഴിഞ്ഞാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. അന്നും ഇന്നും ഉള്ളത് ഒരേ സ്വഭാവമാണ്. അന്നത്തെ ആ പ്രാകൃത കുടുംബത്തില്‍ നിന്നിരുന്ന പ്രശ്‌നങ്ങള്‍ കുറച്ചുകൂടി സങ്കീര്‍ണ്ണമായിട്ടുണ്ട് എന്ന് മാത്രം. അസൂയ, നിരാശ തുടങ്ങിയ പ്രശ്‌നങ്ങള്‍ തന്നെ. ഞാന്‍ ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കാത്തതിന്‍റെ കാരണവും ഇത് തന്നെയാണ്. മനുഷ്യന്റെ സ്വഭാവത്തില്‍ ഇന്നോളം യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. എന്റെ ജോലി പ്രതികരിക്കലല്ല, സൃഷ്ടികള്‍ നടത്തി സമൂഹത്തെ ബോധവത്ക്കരിക്കുക എന്നതാണ്. പ്രതികരിക്കാന്‍ തുടങ്ങിയാല്‍ പിന്നെ അതിനേ സമയം കാണുകയുള്ളു, അപ്പോള്‍ എന്റെ കര്‍മ്മം ബാക്കിയാകും. ഒരു കര്‍മ്മയോഗിയായി എന്റെ കര്‍മ്മം അനുഷ്ഠിച്ച് ഞാന്‍ കഴിയുന്നു. പിന്നെ വിപ്ലവം എന്ന് പറഞ്ഞ് പലരും പലതും കാട്ടിക്കൂട്ടുന്നു. വിപ്ലവം എന്നൊന്ന് സത്യത്തില്‍ പ്രകൃതിയില്‍ ആവശ്യമില്ല. പരിണാമം (Evolution) വേണം. അതില്‍ ഞാന്‍ വിശ്വസിക്കുന്നു. വിപ്ലവം (Revolution) അല്ല എന്റെ പദ്ധതി. തിരമാലകളെ കണ്ടിട്ടില്ലേ പതിയെ വന്നു ഉയര്‍ന്ന് പൊങ്ങി, പൊങ്ങി അവസാനം നിസഹായരാകുമ്പോള്‍ താഴെവീഴും, പിന്നെയും കുറച്ചുകൂടി മുന്നിലേക്ക് പോയി നുരയും പതയുമായി തീരത്ത് വന്നടിയും. അവസാനം എന്ത് നേടുന്നു?

ഈജിപ്ഷ്യന്‍ സംസ്‌കാരത്തില്‍ ഒരന്ധവിശ്വാസം നിലനിന്നിരുന്നു. മനുഷ്യന്‍ മരിച്ചു കഴിഞ്ഞ് ആത്മാവ് പരലോകത്തേയ്ക്ക് പോകും. പിന്നീട് തിരികെ വരും എന്നായിരുന്നു വിശ്വാസം. അങ്ങനെ തിരിച്ചു വരുന്നത് വരെയും ശരീരം കേടാകാതെ സൂക്ഷിക്കാന്‍ കണ്ടെത്തിയ വിദ്യയാണ് മമ്മി എന്ന് പറയുന്നത്. ആവശ്യം വരുമ്പോഴാണല്ലോ എന്തിനെ പറ്റിയും അന്വേഷിക്കുക, അങ്ങനെ അന്വേഷിച്ചു കണ്ടെത്തിയ രീതിയാണിത്. രാജാവ് മരിക്കുമ്പോള്‍ ഒപ്പം സകല പ്രജകളെയും കൊന്ന് ഈ രീതിയില്‍ സൂക്ഷിക്കും വലിയ പിരമിഡുകളില്‍. ഒരന്ധവിശ്വാസത്തില്‍ നിന്നും വന്ന ആചാരമല്ലേ അത്. അതില്‍ നിന്നല്ലേ അവരുടെ സംസ്‌ക്കാരത്തെ പറ്റിയും പിന്നീട് പുറംലോകം അറിഞ്ഞത്.

മുന്‍പ് അച്ഛന്‍ ചിലപ്പോള്‍ തര്‍ക്കം മൂക്കുന്ന അവസ്ഥയില്‍ സ്വന്തം മകനെ കൊന്നിട്ടുണ്ടാകും. അവന് സംസ്‌ക്കാരത്തിന്റെ വിലക്ക് ഒന്നുമില്ലല്ലോ. എസ് കെ പൊറ്റക്കാടിന്റെ 'കാപ്പിരികളുടെ നാട്ടില്‍' എന്ന പുസ്തകത്തില്‍ ആണെന്ന് തോന്നുന്നു, അതില്‍ ഒരു രംഗം ഉണ്ട്. ഉരലിലിട്ട് എന്തോ ഇടിച്ചു കൊണ്ടിരിക്കുകയായിരുന്നു അച്ഛന്‍. എന്തോ പറഞ്ഞിട്ട് കുഞ്ഞ് കേള്‍ക്കുന്നേയില്ല. അവസാനം അയാള്‍ കുഞ്ഞിനെ ഉരലിലേക്ക് എടുത്തിട്ട് ഉലക്ക കൊണ്ട് ഇടിച്ചു ഇടിച്ചു കൊന്നു. അന്ന് നേരിട്ട് ചെയ്യുന്നു. ഇന്ന് രഹസ്യമായി ചെയ്യുന്നു. പ്രകൃതി സൃഷ്ടിക്കുന്ന വിപ്ലവങ്ങള്‍ ഉണ്ടല്ലോ, അതേ ഇവിടെ മാറ്റം കൊണ്ടു വന്നിട്ടുള്ളു. മനുഷ്യരുടെ വിപ്ലവങ്ങളില്‍ എനിക്ക് വിശ്വാസമില്ല.

വി: പാര്‍ട്ടി പിറന്ന നാടിനടുത്താണല്ലോ മാഷും ജനിച്ചു വളര്‍ന്നത്. ഇടതുപക്ഷവുമായുള്ള ബന്ധം...?

കാ: എന്‍റെ അമ്മാവന്‍ വലിയ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ചെറുപ്പത്തില്‍ ഞാനും കമ്മ്യൂണിസത്തില്‍ വിശ്വസിച്ചിരുന്നു. എകെജിയെ എനിക്ക് നന്നായിട്ടറിയാമായിരുന്നു. അദ്ദേഹത്തിന്‍റെ പല പൊതു പരിപാടികളിലും വിപ്ലവഗാനങ്ങള്‍ പാടാന്‍ ഞാനുണ്ടായിരുന്നു. അതുപോലെ തന്നെയായിരുന്നു ഇഎംഎസ്സും. നീലേശ്വരം രാജാസ് ഹൈസ്‌ക്കൂളില്‍ പോയി തിരികെ വൈകുന്നേരം വന്നതിന് ശേഷം ചെറുവത്തൂര്‍ വായനശാലക്ക് മുമ്പിലുള്ള കോര്‍ട്ടില്‍ ബാഡ്മിന്റണ്‍ കളിയുണ്ട്. ഇഎംഎസ്സ് അവിടെയൊരു മാഷിനെ കാണാന്‍ വരും. ഞങ്ങള്‍ എല്ലാവരും കൂടി ഇഎംഎസ്സിനെ കാണാന്‍ പോകും. എന്തിനാണെന്നറിയുമോ, ഇ എം എസ്സിന്റെ വിക്ക് കാണാന്‍ വേണ്ടി. അങ്ങനെ ഒരുപാട് തമാശകള്‍ ഒപ്പിച്ചിട്ടുണ്ട്. ദേശാഭിമാനി സ്റ്റഡിക്ലാസ്സുകള്‍ക്ക് ഒക്കെ പോയിട്ടുണ്ട്. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളെല്ലാം കമ്മ്യൂണിസ്റ്റുകാര്‍ ആയിരുന്നു. അന്ന് പാര്‍ട്ടി ഇങ്ങനെയായിരുന്നില്ല. മാനുഷികമൂല്യങ്ങള്‍ക്കായിരുന്നു പ്രാധാന്യം. സാധാരണക്കരന്റെ, പാവപ്പെട്ടവന്റെ പാര്‍ട്ടി ആയിരുന്നു. ക്രിമിനല്‍ വാസനയേ ഇല്ലായിരുന്നു. വലിയ പ്രവര്‍ത്തനങ്ങള്‍ക്കൊന്നും പോയിട്ടില്ല. പിന്നെ തിരുവനന്തപുരത്ത് വന്നപ്പോള്‍ എല്ലാ സഖാക്കള്‍ക്കും വലിയ ഇഷ്ടമായിരുന്നു; നായനാരും പിണറായിയും എല്ലാവരും. പക്ഷേ എനിക്ക് പ്രത്യക്ഷ രാഷ്ട്രീയം ഇല്ല.

ആശയപരമായി മാര്‍ക്‌സിനെ ഇഷ്ടമാണ്. വിപ്ലവത്തിനുവേണ്ടി രചിച്ചതല്ല അദ്ദേഹം ഒരു ഗ്രന്ഥവും. 19-ാം നൂറ്റാണ്ടിലെ സാമൂഹികസ്ഥിതി കണ്ട് മനംനൊന്ത് എഴുതിയതാണ്. പിന്നീട് വിപ്ലവകാരികള്‍ ആ ആശയങ്ങളെല്ലാം വിപ്ലവത്തിനായി ഉപയോഗിച്ചു. അതുപോലെ തന്നെയാണ് ബുദ്ധനും. അഹിംസ, ജീവകാരുണ്യം ഇവയൊക്കെ ആയിരുന്നു അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍. മാര്‍ക്‌സും, ബുദ്ധനും ഒക്കെത്തന്നെയാണ് ഇവിടെ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുള്ളത്. നരവംശചരിത്രം നോക്കിയാല്‍ പല നൂറ്റാണ്ടുകളിലായി ബുദ്ധനെപ്പോലെയും ക്രിസ്തുവിനെപ്പോലെയും സോക്രട്ടീസിനെപ്പോലെയും ഉള്ള വെറും നൂറ് മഹാന്മാര്‍ ആകും ഇവിടെ മാറ്റം കൊണ്ട് വന്നിട്ടുള്ളത്. അവര്‍ നേര്‍വഴിയിലേക്ക് നയിച്ചു, നമ്മള്‍ നമ്മളുടെ വഴിയിലും. മനുഷ്യനെ നയിക്കാന്‍ പറ്റില്ല, മെരുക്കാനും. മൃഗങ്ങളെ മെരുക്കാന്‍ സാധിക്കും. അതുകൊണ്ട് ഈ ആദര്‍ശങ്ങളും ദൈവസങ്കല്പവും തത്ത്വങ്ങളും എല്ലാം ഉണ്ടാക്കിയത് മനുഷ്യനെ ഭയപ്പെടുത്തി നേര്‍വഴിക്ക് കൊണ്ടുവരാനാണ്. അന്നു മുതല്‍ ഉണ്ടാക്കിയിട്ടുള്ള സര്‍വ്വസംവിധാനങ്ങളും മനുഷ്യന്‍ ഈ ഭയത്തില്‍ നിന്നൊളിച്ചോടുവാന്‍ ഉണ്ടാക്കിയതാണ്, മതമുള്‍പ്പടെ. മരണഭയം എന്നതാണ് മനുഷ്യനെ സദാ അസ്വസ്ഥനാക്കുന്നത്. ദൈവവിശ്വാസി അല്ലാത്ത ബുദ്ധനെപ്പോലും മനുഷ്യന്‍ ഈ ഭയം മൂലം ദൈവമായിക്കണ്ട് ആരാധിക്കുകയാണ്, വലിയ ക്ഷേത്രങ്ങള്‍ പണിയുകയാണ്. ക്രിസ്തുദേവനും ബുദ്ധനും ഒക്കെ യാഥാര്‍ഥ്യത്തില്‍ ജീവിച്ചവരാണ്. അല്ലാതെ നമ്മളെപ്പോലെ ഫാന്റസിയില്‍ ജീവിച്ചവരല്ല. കലയും ഈ ഫാന്റസിയുടെ ഭാഗം തന്നെയാണ്. ഉദാഹരണത്തിന് സൂര്യന്റെ ഒരു ചിത്രം എടുത്തതിന് ശേഷം ഇരുട്ടില്‍ വെച്ചു നോക്കുക. അതിന് വെളിച്ചമുണ്ടാകില്ല. നമ്മളുടെ ഈ സംഭാഷണം തന്നെ റിയാലിറ്റിയില്‍ നടക്കുന്ന ഒന്നാണ്. കലയുടെ സ്ഥാനം മനസ്സില്‍ മാത്രമാണ്. മരിച്ചുപോയ ഒരാളുടെ പ്രതിമ ഉണ്ടാക്കുന്നു, എത്ര കൃത്യതയോടെ ചെയ്താലും അയാള്‍ക്ക് പകരമാവില്ല അത്. പക്ഷേ ഈ പ്രതിമ കാണുന്ന ഒരു കാഴ്ചക്കാരന്റെ മനസ്സില്‍ മരിച്ചുപോയ അയാളുടെ സാന്നിധ്യം നിറയ്ക്കാന്‍ സാധിക്കും.

ഇനി യക്ഷി ചെയ്യില്ല-കാനായി കുഞ്ഞിരാമന്‍/അഭിമുഖം: ഭാഗം 1

വി: കലാകാരന് രാഷ്ട്രീയ സംഘടനയുടെ തണല്‍ ആവശ്യമാണോ?

കാ: സമൂഹത്തിന്റെ പിന്തുണയേ ഇല്ലാതെ ജീവിച്ച എത്രയോ കലാകാരന്മാരുണ്ട്. ഉദാഹരണത്തിന് വാന്‍ഗോഗ്, അദ്ദേഹത്തിന് സുഹൃത്തുക്കള്‍ പോലുമില്ലായിരുന്നു. കലാകാരന്‍ കലയില്‍ വിജയിക്കുവാന്‍ ചിലപ്പോള്‍ രക്തസാക്ഷിപോലും ആകേണ്ടിവരും. വാണിജ്യകലയുടെ കാര്യം അങ്ങനെയല്ല, ആ കലയില്‍ എനിക്ക് വിശ്വാസമില്ല.

വി: അമ്മയോടുള്ള ആഴത്തിലുള്ള സ്‌നേഹവും ഭക്തിയും ഒക്കെ മാഷിന്റെ ശില്പങ്ങളില്‍ പോലും പ്രകടമാണല്ലോ?

കാ: എന്റെ ചെറുപ്പത്തിലെ ജീവിതം വളരെ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. എനിക്ക് അമ്മ ദേവിയെപ്പോലെ ആയിരുന്നു. അച്ഛന്‍ വന്നു എന്ന് പറയുമ്പോള്‍ തന്നെ പേടിയാണ്. എനിക്ക് അഭയം അന്നു മുതല്‍ അമ്മയായിരുന്നു. കല പഠിക്കുവാന്‍ എനിക്ക് നാട് വിട്ടേ പറ്റുകയുള്ളു. അമ്മയെ ഓര്‍ത്തപ്പോള്‍ പോകാനും മനസ്സ് വരുന്നില്ല. അന്ന് പോകാന്‍ നേരം അമ്മ രണ്ട് കാര്യങ്ങള്‍ ആവശ്യപ്പെട്ടു. ഒന്ന് എവിടെ പോയാലും ആരോഗ്യം സൂക്ഷിക്കണം. രണ്ട് ചീത്തപ്പേര് ഒന്നും ഉണ്ടാക്കരുത്. ഇന്നും ആ വാക്ക് പാലിക്കുന്നു. എനിക്ക് അമ്മ ദൗര്‍ബല്യമല്ല, ശക്തിയാണ്. എല്ലാ സ്ത്രീകളെയും അമ്മ എന്ന സങ്കല്പത്തില്‍ കാണാനാണ് എനിക്ക് ഇഷ്ടം. ദൈവങ്ങള്‍ക്ക് വരെ അമ്മമാര്‍ ഉണ്ടല്ലോ. ആ അമ്മയുടെ സാന്നിധ്യം എല്ലാം സൃഷ്ടികളിലും ഞാന്‍ കൊണ്ടുവരാറുണ്ട്. ഈ അണ്ഡകടാഹം മുഴുവന്‍ സൃഷ്ടിച്ചത് ആ അമ്മ തന്നെയാണ്.

വി: കുറച്ച് നാളുകള്‍ക്ക് മുമ്പ് മാഷ് വിളപ്പില്‍ശാല പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. അതുപോലെ മലയാള ഭാഷയുടെ ക്ലാസിക്കല്‍ പദവിക്കു വേണ്ടിയും ശബ്ദമുയര്‍ത്തിയിരുന്നു. കലയിലൂടെ മാത്രമല്ല കലാകാരന്‍ പ്രതിഷേധിക്കേണ്ടത് എന്നതാണോ മാഷിന്റെ നിലപാട്?

കാ: മലയാളം എന്റെ മാതൃഭാഷയാണ്. പക്ഷേ നമ്മളോട് പറയുന്നത് മലയാളം പഠിച്ചില്ലെങ്കിലും കേരളത്തില്‍ ജീവിക്കാം, ഇംഗ്ലീഷ് അറിഞ്ഞാല്‍ മതി എന്നാണ്. ജപ്പാനിലൊക്കെ എല്ലാ ബോര്‍ഡുകളും ജാപ്പനീസിലാണ്, എയര്‍പോര്‍ട്ടിലൊക്കെ മാത്രമേ ഇംഗ്ലീഷ് കാണാന്‍ കിട്ടുകയുള്ളൂ. ആ രാജ്യം തന്നെയാണ് ടെക്‌നോളജിയുടെ കാര്യത്തില്‍ ലോകത്തില്‍ മുന്‍പന്തിയില്‍. അവരുടെ സംസ്‌കാരവും ഭാഷയും അവര്‍ നന്നായി കാത്തു സൂക്ഷിക്കുന്നുണ്ട്. ഇന്ത്യ മാതൃകയാക്കേണ്ടത് ജപ്പാനെയാണ്.

വിഎസ്സിന്റെ അവസാനത്തെ അസംബ്ലി മീറ്റിംഗ് ആണ്. മലയാള ഭാഷയോട് കാണിക്കുന്ന അവഗണനകള്‍ക്കെതിരെ ഞാന്‍ നിരാഹാരം കിടന്നു. വിഎസ്സ് ഇത് അറിഞ്ഞപ്പോള്‍ ചോദിച്ചത് കാനായി ശില്പി അല്ലേ, ഇവിടെ കവികളും സാഹിത്യകാരന്മാരും ആരുമില്ലേ ഭാഷയ്ക്ക് വേണ്ടി പട്ടിണികിടക്കാന്‍. എന്റെ മാതൃഭാഷയോടുള്ള സ്‌നേഹം കൊണ്ട് തന്നെയാണ് സായ്പ്പിന്റെ നാട്ടില്‍ പോയിട്ടും തിരികെ വീണ്ടും വന്നത്.

വിളപ്പില്‍ശാലയില്‍ ആകസ്മികമായി എത്തിച്ചേര്‍ന്നതാണ്; ഒരു പൊതുപരിപാടിക്ക് വേണ്ടി അവിടെ ചെന്നപ്പോഴാണ് കുറേ സ്ത്രീകളും ചെറിയ കുട്ടികളും ഒക്കെ പട്ടിണി കിടക്കുന്നത് കാണുന്നത്. കിലോമീറ്ററുകള്‍ക്കപ്പുറത്ത് നിന്ന് മൂക്ക് പൊത്തിയേ അങ്ങോട്ട് പോകാന്‍ പറ്റുകയുള്ളു. ഞാന്‍ അവിടുത്തെ ആണുങ്ങളെ കുറേ ചീത്ത പറഞ്ഞു. ഈ പാവം സ്ത്രീകളെ ഇങ്ങനെ നിരാഹാരം കിടത്താന്‍ നാണമുണ്ടോ എന്ന് ചോദിച്ചു. ഞാനും നിരാഹാരം കിടക്കാം എന്ന് പറഞ്ഞു. ഒടുവില്‍ ഉമ്മന്‍ ചാണ്ടിയെ കണ്ട് കാര്യം പറഞ്ഞു. അന്നത്തെ മേയര്‍ ചന്ദ്രിക ഉള്‍പ്പെടെ എല്ലാവരെയും ചേര്‍ത്തൊരു യോഗം സംഘടിപ്പിച്ചു. ആ യോഗത്തിനിടയില്‍ ചന്ദ്രിക പറഞ്ഞത് കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും എടുക്കും നന്നാക്കാന്‍ എന്നായിരുന്നു. രണ്ട് വര്‍ഷം കഴിയുമ്പോഴേക്കും രണ്ടായിരം കുട്ടികളെങ്കിലും അവിടെ ചത്തൊടുങ്ങും എന്ന് ഞാനവരോട് പറഞ്ഞു. മേയര്‍ എന്റെ പരിചയക്കാരി ആയിരുന്നു, എന്നിട്ടും അവരോട് കയര്‍ക്കേണ്ടി വന്നു. പക്ഷേ പ്രശ്‌നം വീണ്ടും നീണ്ടുപോയി. അവര്‍ പിന്നെയും പൊങ്കാലയൊക്കെയിട്ടു പ്രതിഷേധിച്ചു. ഒടുവില്‍ അവിടെ ജനം തന്നെ ജയിച്ചു. ആ സമരമവിടെ വന്‍ വിജയം തന്നെയായിരുന്നു. കക്ഷി രാഷ്ട്രീയമല്ല, ഈ രീതിയിലുള്ള രാഷ്ട്രീയമാണ് കേരളത്തിന് ആവശ്യം.

ഇനി യക്ഷി ചെയ്യില്ല-കാനായി കുഞ്ഞിരാമന്‍/അഭിമുഖം: ഭാഗം 1

വി: കോട്ടയത്ത് മാഷിന്റെ അക്ഷരശില്പം എന്ന ശില്പം ഉദ്ഘാടനം ചെയ്യുവാന്‍ വന്നിട്ട് കാണാന്‍ പോലും കൂട്ടാക്കാതെ അന്നത്തെ മുഖ്യമന്ത്രി മടങ്ങിയ സംഭവം വലിയ വിവാദമായിരുന്നല്ലോ. അതിനെ കുറിച്ച്...

കാ: രണ്ട് വര്‍ഷത്തെ കഠിനാദ്ധ്വാനം ആയിരുന്നു അക്ഷരശില്പം. പൊരിവെയിലത്തും ഒക്കെ നിന്ന് ജോലി ചെയ്ത് ഉണ്ടാക്കിയതായിരുന്നു ആ ശില്പം. ഇത് ഉത്ഘാടനം ചെയ്യാനായിട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വന്നു. ഉദ്ഘാടനം ചെയ്തു. ഉടനെ കാറിലേയ്ക്ക് കയറിപ്പോകാനും തുടങ്ങി. അവിടെ കൂടിയിരുന്ന ചാനലുകാര്‍ മുഖ്യമന്ത്രിയോട് ചോദിച്ചു ശില്പം കാണുന്നില്ലേ എന്ന്. അത് ഞാന്‍ പിന്നെ കണ്ടുകൊള്ളാം എന്ന് പറഞ്ഞു അദ്ദേഹം അപ്പോള്‍ തന്നെ പോകുകയായിരുന്നു. ഒരു സിനിമാനടനായിരുന്നെങ്കില്‍ അദ്ദേഹം ഇങ്ങനെ പെരുമാറുമായിരുന്നോ? ശില്പി ആയതുകൊണ്ടല്ലേ. ഞാന്‍ അന്ന് പറഞ്ഞത് ഒരു മുഖ്യമന്ത്രി ഒരിക്കലും ഈ രീതിയില്‍ പെരുമാറാന്‍ പാടില്ല. അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹനല്ല എന്നാണ്. എന്തായാലും അദ്ദേഹത്തിന് ആ സ്ഥാനത്ത് പിന്നീട് വരാനുമായില്ല.

വി: മലമ്പുഴയിലെ യക്ഷി ഇന്ന് നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടാല്‍ മാഷ് തയ്യാറാകുമോ?

കാ: ഇല്ല. അന്നതൊരാവശ്യമായിരുന്നു. ഇന്നാവശ്യമില്ല. ഞാന്‍ ചെയ്യില്ല. സായ്പ്പിന്റെ നാട്ടില്‍ പോയി തിരികെ വന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. നമ്മള്‍ ഇപ്പോഴും ഒരു 100 കൊല്ലം പിന്നിലാണ് അവരേക്കാള്‍; പലകാര്യങ്ങളിലും. ആണ്, പെണ്ണ് എന്ന് രണ്ടു വിഭാഗം അവിടെ ഇല്ല. ഇവിടെ ലൈംഗികത വിഷയമാക്കുന്ന സംഭാഷണങ്ങള്‍ എല്ലാം സെന്‍സര്‍ ചെയ്യപ്പെടുന്നു. സെക്‌സ് അവര്‍ക്ക് ഒരു പ്രശ്‌നമേയല്ല. ഇവിടെ വന്നപ്പോള്‍ കാണുന്നത് അക്ഷരാഭ്യാസം ഉള്ളവരുടെ മുഖം മൂടിയിട്ട പെരുമാറ്റം ആയിരുന്നു. വിളക്കൂതിക്കഴിഞ്ഞാല്‍ പിന്നെ എല്ലാം അശ്ലീലമാണ്. ഈ പകല്‍ മാന്യന്മാരുടെ മുഖത്തടിക്കുവാന്‍ ചെയ്ത ശില്പം ആയിരുന്നു യക്ഷി. നമ്മുടെ ക്ഷേത്രങ്ങളില്‍ സ്ത്രീകളുടെ ജനനം, പ്രസവം എല്ലാ അവസ്ഥകളും തുറന്നുകാണിക്കുന്ന ശില്പങ്ങളും ചിത്രങ്ങളും ഉണ്ട്. യാതൊരു കുഴപ്പവുമില്ല. ഒരു പൊതു ഇടത്തില്‍ കാണുമ്പോള്‍ മാത്രമേ പ്രശ്‌നമുള്ളു. അപ്പോള്‍ ഒരു കാര്യം മനസ്സിലായി പ്രശ്‌നം നമ്മുടെ മനസ്സിന്‍റേതാണ്. ഒരു Anti - Establishment എന്ന സങ്കല്പം ആയിരുന്നു യക്ഷി. ക്ഷേത്രം ഒരു Establishment ആണ്. ആ Establishment ന്റെ ഭാഗമായി കാണുമ്പോഴുള്ള മനഃസ്ഥിതി ഇവിടെയും ഈ ശില്പം കാണുമ്പോള്‍ ഉണ്ടാകണം. പ്രകൃതി ആണ് എന്റെ ക്ഷേത്രം. എന്റെ ക്ഷേത്രത്തിലെ ദീപം ഉദിച്ചുവരുന്ന സൂര്യനാണ്. ആ ക്ഷേത്രത്തിലെ ശില്പം ആണ് യക്ഷി.

യക്ഷി എന്നാല്‍ സര്‍വ്വവും കാക്കുന്ന അമ്മയാണ്. അല്ലാതെ പിശാച് അല്ല. ഈ ശില്പം ചെയ്തതിന്റെ പേരില്‍ എന്നെ തല്ലുകവരെ ചെയ്തിട്ടുണ്ട്. ഒരുപാട് അനുഭവങ്ങളുണ്ട് യക്ഷിയെപ്പറ്റി. ഉദ്യോഗസ്ഥരും അഭ്യസ്ഥവിദ്യരും ഒക്കെയാണ് ഈ ശില്പത്തിനെ കുറ്റം പറഞ്ഞത്. സാധാരണ നാട്ടിന്‍പുറത്തുകാര്‍ക്ക് ഇതിഷ്ടപ്പെട്ടു. പണ്ട് ഈ ശില്പം നിന്നിരുന്ന സ്ഥാനത്ത് ഏമൂരമ്മ എന്നൊരു പ്രതിഷ്ഠ ഉണ്ടായിരുന്നു, ഡാമുണ്ടാക്കാന്‍ വേണ്ടി കോയമ്പത്തൂരുകാരനായൊരു കോണ്‍ട്രാക്ടര്‍ക്ക് ഇതൊക്കെ നശിപ്പിക്കേണ്ടി വന്നു. പിന്നീട് പ്രായശ്ചിത്തമെന്നോണം അവിടെ ഈ ഏമൂരമ്മയ്ക്ക് ഒരു ക്ഷേത്രം പണിതു. ആ ഏമൂരമ്മയുടെ സ്ഥാനത്താണ് തമിഴ്‌നാട്ടുകാര്‍ ഇന്ന് യക്ഷിയെ കാണുന്നത്. അവര്‍ക്ക് യക്ഷി വലിയ ഇഷ്ടമാണ്. പ്രകൃതിയില്‍ അങ്ങനെ നഗ്നമല്ലാത്ത രീതിയില്‍ ശില്പം ചെയ്യാന്‍ പറ്റില്ല. കൃത്രിമമായി മാറും. പക്ഷേ ആളുകളെ ആകര്‍ഷിക്കുന്ന രീതിയില്‍ നഗ്നത ഉപയോഗിക്കാന്‍ പാടില്ല. വീനസ് പ്രതിമ പോലും എനിക്ക് ഇഷ്ടമല്ല. യക്ഷിയെ ഇതുവരെ ആരും ഒരു സെക്‌സിന്റെ പ്രതീകമായിട്ട് കണ്ടിട്ടില്ല.

വി: വലിയ രൂപങ്ങളാണല്ലോ ശില്പത്തിന് മാഷ് എപ്പോഴും തെരഞ്ഞെടുത്തത്?

കാ: Space ആണ് എപ്പോഴും പ്രധാനം. ഈ മുറിയില്‍ നമ്മള്‍ വലുതാണ്. പക്ഷേ പുറത്ത് പോയി കഴിഞ്ഞാലോ വളരെ ചെറുതായിപ്പോകും. വലിയ കുന്നുകള്‍, മരങ്ങള്‍ ഇവയ്‌ക്കൊക്കെ ഇടയില്‍ ഒരു ആറടി ശില്പം വച്ചു കഴിഞ്ഞാല്‍ ആരെങ്കിലും ശ്രദ്ധിക്കുമോ? മിനിമം അമ്പത് അടി പൊക്കമെങ്കിലും ഉണ്ടാകണം ഇത്തരത്തില്‍ വരുന്ന ശില്പങ്ങള്‍ക്ക്. ചെറുപ്പത്തിലേ, വലിപ്പം എന്നെ ആകര്‍ഷിച്ചിരുന്നു. വലിപ്പത്തിന് ഒരുപാട് പ്രാധാന്യമുണ്ട്. ചെറുപ്പത്തില്‍ തെയ്യവും തിറയുമൊക്കെ കാണാന്‍ പ്രേരിപ്പിച്ചിരുന്നതും ഈ വലിപ്പം തന്നെയായിരുന്നു. വലിയ നദി, വലിയ ആകാശം, എല്ലാം വലുതാണ്. അപ്പോളെന്റെ സൃഷ്ടിക്കും വലിപ്പം വേണം. വലിപ്പത്തിനു മുന്നില്‍ നില്‍ക്കുമ്പോള്‍ നമ്മുടെ അഹന്തയും ഇല്ലാതെയാകും. ഇപ്പോള്‍ ഹിമാലയത്തില്‍ പോകുന്ന മനുഷ്യര്‍ എങ്ങനെയാണ് സന്യാസിമാരാകുന്നത്. ഹിമാലയത്തിന്റെ വലിപ്പം കണ്ട് അഹന്തയില്ലാതായി അലിഞ്ഞ് ചേരുകയാണ്. സൈസ് ജീവിതത്തില്‍ തന്നെയൊരു മാജിക്കായാണ് പ്രവര്‍ത്തിക്കുന്നത്.

ഇനി യക്ഷി ചെയ്യില്ല-കാനായി കുഞ്ഞിരാമന്‍/അഭിമുഖം: ഭാഗം 1

വി: 'മോഡേണ്‍ ആര്‍ട്ട്' ദുരൂഹതയുടേയും ദുര്‍ഗ്രഹതയുടേയും ഒക്കെ പര്യായമായി മാറുന്നുണ്ടോ?

കാ: സത്യത്തില്‍ അങ്ങനെ മോഡേണ്‍ ആര്‍ട്ട് എന്നൊരു പ്രത്യേക വിഭാഗം ഇല്ല. ആളുകള്‍ പറഞ്ഞുണ്ടാക്കുന്നതാണ്. മോഡേണ്‍ ആര്‍ട്ട് എന്ന് പറഞ്ഞ് ആര്‍ക്കും ഇപ്പോള്‍ രക്ഷപ്പെടാം. മോഡേണ്‍ ആര്‍ട്ട് പലപ്പോഴും പോയവഴിയെ തെളിക്കലാണ്. എന്തൊക്കെയോ ശില്പങ്ങള്‍ പണിത് വച്ചിട്ട് ഞാനുദ്ദേശിച്ചത് അങ്ങനെ തന്നെയാണ് എന്ന് പറഞ്ഞ് ഒഴിയും. തട്ടിപ്പാണിത്. ഒരു താത്ക്കാലിക രക്ഷപ്പെടല്‍ മാത്രമാണ്. മോഡേണ്‍ എന്നത് അങ്ങനെയല്ല. നമ്മള്‍ ആധുനിക മനുഷ്യര്‍ അല്ലേ? ആധുനിക കല എന്നതുകൊണ്ട് ആ മനുഷ്യര്‍ ജീവിക്കുന്ന യുഗത്തിന്റെ കല എന്നതാണ് ഉദ്ദേശിക്കുന്നത്. പാരമ്പര്യകലകള്‍ കണ്ട് മടുത്തപ്പോള്‍ സായിപ്പ് ഉണ്ടാക്കിയതാണ് മോഡേണ്‍ ആര്‍ട്ട്. 18-ാം നൂറ്റാണ്ട് മുതല്‍ Romantic movement ഉം മറ്റുമായി. പക്ഷേ ഏഷ്യയില്‍ അങ്ങനെ ഉണ്ടായില്ല. മത ആരാധനയുടെ ഭാഗമായാണ് നമ്മളുടെ നാട്ടില്‍ കല വളര്‍ന്നത്. അവിടെയും ആദ്യം അങ്ങനെയായിരുന്നു, പിന്നീട് ഒരു സെക്കുലര്‍ ആര്‍ട്ടായി മാറി. അങ്ങനെ സ്വതന്ത്രമായതോടെ അവരുടെ രചനകള്‍ മോഡേണ്‍ ആകാന്‍ തുടങ്ങി. ആധുനിക കാലത്തെ കല ആധുനിക കല. പഴയ കഥയുടെയൊ നോവലിന്റെയോ ശൈലിയാണോ ഇപ്പോഴും ഉപയോഗിക്കുന്നത് ? മാറ്റം വന്നിട്ടില്ലേ, അതേ മാറ്റം ചിത്ര, ശില്‍പ്പ കലകളിലും സംഭവിച്ചു.

സായിപ്പിന്റെ ഈ മോഡേണ്‍ ആര്‍ട്ടില്‍ ആദ്യം കാണുന്ന സ്വാധീനങ്ങള്‍ ആഫ്രിക്കന്‍, ജപ്പാന്‍ ആര്‍ട്ടുകളുടെ ആയിരുന്നു. അപരിഷ്‌കൃതമായ കല, പഠിക്കാതെ ചെയ്യുന്ന കല, കൃത്രിമമല്ലാത്ത കല ഇതായിരുന്നു മോഡേണ്‍ ആര്‍ട്ട്. ക്ലാസ്സിക്കല്‍ ആര്‍ട്ടിനെതിരെ ആയിരുന്നു ഈ നീക്കം. സ്റ്റുഡിയോയില്‍ കൃത്രിമമായി നിര്‍മ്മിച്ച വെളിച്ചത്തിന് കീഴില്‍ എന്തിനാണ് ചിത്രം വരയ്ക്കുന്നതെന്ന് പറഞ്ഞ് ഒരു പറ്റം ചിത്രകാരന്മാര്‍ സ്റ്റുഡിയോയ്ക്ക് പുറത്തേയ്ക്ക് വന്നു; സൂര്യന്റെ വെളിച്ചം ഉപയോഗിക്കാന്‍ തുടങ്ങി. തുടര്‍ന്ന് അങ്ങനെ പല മാറ്റങ്ങളും സംഭവിച്ചു. ഇപ്പോള്‍ രചനയ്ക്കായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതു പോലെ. സായിപ്പിന്റെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ അവരുടെ കലയ്ക്ക് ശാസ്ത്രവുമായി വല്ലാത്ത ബന്ധമുണ്ട്, നമ്മള്‍ക്ക് ഇല്ല. അത്തരം സാങ്കേതിക വിദ്യകള്‍ അവര്‍ക്ക് ഉപയോഗിച്ചേ പറ്റൂ. പക്ഷേ ആ രീതി അനുകരിക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ല. കാരണം നമ്മുടെ സംസ്‌കാരം നല്‍കുന്ന ആധുനികത നമ്മള്‍ക്കുണ്ട്. അനുകരിക്കേണ്ട ആവശ്യമില്ല. ശംഖുമുഖത്ത് എനിക്ക് വേണമെങ്കില്‍ അബ്‌സ്ട്രാക്റ്റ് ആര്‍ട്ടോ മറ്റോ ചെയ്യാമായിരുന്നു. പക്ഷേ ജനങ്ങളുമായി ആ ശില്പം കമ്മ്യൂണിക്കേറ്റ് ചെയ്യില്ല എന്നതാണ് സത്യം. ഇറക്കുമതി ചെയ്തത് പോലെയാകും.

സത്യത്തില്‍ ആധുനികത എന്താണെന്ന് നമ്മളുടെ സംസ്‌കാരം പരിശോധിച്ചാല്‍ മനസ്സിലാകും. ഉദാഹരണത്തിന് കഥകളിയുടെ തിരനോട്ടത്തിനായി പിടിക്കുന്ന ആ തുണിയില്ലേ. അത് ഉഗ്രനൊരു പെയിന്റിംഗ് ആണ്. അബ്‌സട്രാക്റ്റ് ആര്‍ട്ട് ആണ്. പക്ഷേ ഒരു കാര്യം ഉണ്ട്, മോഡേല്‍ ലൈഫ് ഉണ്ടെങ്കിലേ മോഡേണ്‍ ആര്‍ട്ടിന് പ്രസക്തിയുള്ളു. ഇവിടെ മോഡേണ്‍ ലൈഫ് ഇല്ല. മാറിവരുന്നുണ്ട്. ഇപ്പോള്‍ വാച്ച് വാങ്ങുന്നു, ഷര്‍ട്ട് വാങ്ങുന്നു. ഡിസൈനും കളറും ഒക്കെ നോക്കിത്തന്നെയാണ് വാങ്ങുന്നത്. അപ്പോള്‍ മോഡേണ്‍ ആര്‍ട്ട് മനസ്സിലാകുന്നില്ല എന്ന് പറയുന്നത് ശരിയല്ല. പിന്നെ മറ്റൊരു പ്രശ്‌നം നമ്മള്‍ പെയിന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ പോകുമ്പോള്‍ നമ്മുടെ മനസ്സിലുള്ളത് ഒരു രവിവര്‍മ്മ ചിത്രമാകും. അങ്ങനെ മുന്‍വിധിയോടെ സമീപിച്ചു കഴിഞ്ഞാല്‍ത്തന്നെ ഒരു ചിത്രവും ആസ്വദിക്കാന്‍ പറ്റില്ല. നിങ്ങള്‍ നിറം നോക്കി സാരിയും ഷര്‍ട്ടും ഒക്കെ വാങ്ങുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും എസ്‌തെറ്റിക് സെന്‍സുണ്ട്. ആ എസ്‌തെറ്റിക് സെന്‍സ് ക്യാന്‍വാസില്‍ പ്രയോഗിച്ചാല്‍ നിങ്ങള്‍ക്ക് കാര്യം മനസ്സിലാകും. കലയില്‍ ദുരൂഹതയില്ല. ക്യാന്‍വാസില്‍ രവിവര്‍മ്മ ചിത്രങ്ങള്‍ മാത്രം പ്രതീക്ഷിക്കുന്നതാണ് പ്രശ്നം. പെയിന്റിംഗ് എന്നാല്‍ രവിവര്‍മ്മയുടെ മാത്രം പെയിന്റിംഗ് എന്ന ഒരു ബോധമുണ്ട്. സങ്കല്പങ്ങള്‍ ആണ് മാറേണ്ടത്. കലയ്ക്ക് ഒരു കൃത്യമായ നിര്‍വചനമില്ല. തുറന്ന മനസ്സോടെ സമീപിക്കുകയാണ് വേണ്ടത്. ഒരു കുടുംബം മുഴുവന്‍ ഒരു പെയിന്റിംഗ് എക്‌സിബിഷന്‍ കാണാന്‍ പോയാല്‍ കുട്ടിക്ക് തീര്‍ച്ചയായും മോഡേണ്‍ ആര്‍ട്ട് ഇഷ്ടപ്പെടും. മുതിര്‍ന്നവര്‍ക്ക് ഇഷ്ടപ്പെടില്ല. കാരണം കുട്ടിയുടെ മനസ്സ് conditioned അല്ല. കുട്ടിയുടെ മനസ്സുള്ളൊരു ചിത്രകാരനേ ചിത്രം വരയ്ക്കാന്‍ സാധിക്കൂ. ആസ്വാദനത്തിന് ആവശ്യം ശുദ്ധമായ ഒരു മനസ്സ് മാത്രമാണ്.

(തുടരും)