പെണ്ണുടലിനെ വായിച്ചെടുക്കുന്നത്

 
പെണ്ണുടലിനെ വായിച്ചെടുക്കുന്നത്

ഈ ആഴ്ചയിലെ പുസ്തകം
ചുണ്ടില്‍ മറുകുള്ള മീര (നോവല്‍)
എസ്.പ്രേംലാല്‍
നാഷണല്‍ ബുക് സ്റ്റാള്‍
വില 80 രൂപ

കുടുംബത്തില്‍പ്പിറന്ന ഒരു പെണ്ണും ചെയ്യാത്ത തെറ്റുകളാണ് മീര ചെയ്തത്. സ്വന്തം വീട്ടുകാരെ വെറുപ്പിച്ചു. അവരുടെ മാനം കെടുത്തി. അച്ഛന്‍ ഹൃദയവേദനയും അപമാനവും മൂലം മരണമടഞ്ഞു. ഏതോ ദുര്‍ബ്ബല നിമിഷത്തില്‍ സ്വന്തം സഹോദരിയുടെ ആഭരണങ്ങള്‍ മോഷ്ടിച്ചു. അവളുടെ വിവാഹം മുടക്കി. കാമുകനുമൊത്ത് രാത്രി പങ്കിട്ടു. ഭര്‍ത്താവിനെ വഞ്ചിച്ചു... തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കുള്ള വലയില്‍ പിടഞ്ഞുവീണ് ഒടുവില്‍ പശ്ചാത്താപത്തിന്റെ കരയിലേക്ക് അള്ളിപ്പിടിച്ച് കയറുന്ന ഒരു പെണ്‍കുട്ടിയുടെ ആത്മസംഘര്‍ഷങ്ങളുടെയും ആത്മനിന്ദയുടെയും കഥയാണ് 'ചുണ്ടില്‍ മറുകുള്ള മീര' എന്ന നോവല്‍. എസ്.പ്രേംലാല്‍ എന്ന യുവ സാഹിത്യകാരന്റെ അച്ചടിച്ചുവരുന്ന ആദ്യ നോവലാണിത്.

സൂര്യ, മാധവ്, മീര എന്നിവരുടെ ത്രികോണ സംഗമമാണ് നോവലിന്റെ ഫോക്കസ്. ഒപ്പം മൊബൈല്‍ ഫോണും. ഈ നോവലിന്റെ ആദ്യവസാനം ഒരു കഥാപാത്രത്തെപ്പോലെ ഇടപെടുകയാണ് മൊബൈല്‍ ഫോണ്‍. പുതിയകാലത്ത് മൊബൈല്‍ ഫോണ്‍ ഏതെല്ലാം തരത്തില്‍ കള്ളം പറയുന്നുവെന്നും ഏതെല്ലാം തരത്തില്‍ ഉപയോഗയോഗ്യമാകുമെന്നും ഈ നോവലില്‍ പ്രേംലാല്‍ ചൂണ്ടിക്കാട്ടുന്നു. സദാസമയവും മൊബൈലിനെ തന്റെ തന്നെ സ്വഭാവസവിശേഷതയാക്കി മാറ്റുന്ന മീരയുടെ വിരുദ്ധോക്തികള്‍ ഈ നോവലിനെ ശ്രദ്ധേയമാക്കുന്നു. അതോടൊപ്പം വായനക്കാരന്റെ ഹൃദയമിടിപ്പിനെ വേഗത്തിലാക്കാനും നോവലിസ്റ്റിന് കഴിഞ്ഞിട്ടുണ്ട്.

ശങ്കുണ്ണിയുടെയും ഭാരതിയുടെയും രണ്ടു പെണ്‍മക്കളില്‍ മൂത്തവളാണ് മീര. സുന്ദരി. രണ്ടാമത്തവള്‍ മായ. മീര തെറ്റുകളുടെ ഓരം ചേര്‍ന്നുനിന്നുകൊണ്ട് അരുതാത്ത പലതും ചെയ്തുകൂട്ടുന്നു. സൂര്യ എന്ന യുവാവിനെ സ്‌നേഹിച്ചു. അയാളുമായി രജിസ്റ്റര്‍ മാര്യേജും ചെയ്തു, വീട്ടുകാരറിയാതെ. പിന്നീട് അവള്‍ മാധവ് എന്ന സുന്ദരനായ ചെറുപ്പക്കാരനുമായി അടുത്തു. അയാളോടൊപ്പം പല സ്ഥലങ്ങളിലും സഞ്ചരിക്കുന്നു. ഒരു രാത്രി ഹോട്ടല്‍ മുറിയില്‍ അവര്‍ പരസ്പരം ഹൃദയവും ശരീരവും പങ്കുവയ്ക്കുന്നു. മാധവനൊപ്പം കഴിയുമ്പോള്‍ അവള്‍ സൂര്യയ്ക്ക് ഫോണ്‍ ചെയ്യുന്നു. സൂര്യയോടൊപ്പമാവുമ്പോള്‍ മാധവിനും ഫോണ്‍ ചെയ്യുന്നു. യൗവ്വനത്തിന്റെ കുത്തഴിഞ്ഞ മനസ്സിലേക്ക് മീര അറിയാതെ തുഴഞ്ഞുപോകുന്നതായിട്ടാണ് വായനക്കാര്‍ക്ക് അനുഭവപ്പെടുന്നത്.

പെണ്ണുടലിനെ വായിച്ചെടുക്കുന്നത്

അച്ഛനും അമ്മയും വിവാഹത്തിന് നിര്‍ബന്ധിക്കുമ്പോള്‍ മീര അതിനെ പുല്ലുപോലെ നിരാകരിക്കുന്നു. അച്ഛനോടും അമ്മയോടും ഒരുതരം പക, വിദ്വേഷം അവള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. അച്ഛന്റെ മുമ്പില്‍ തന്റെ വിദ്വേഷം പ്രകടിപ്പിക്കുകയും ചെയ്യുന്നു. സൂര്യ കഴുത്തില്‍ ചാര്‍ത്തിയ താലി ഉള്ളപ്പോള്‍തന്നെ മീര, അത് പൊട്ടിച്ചുമാറ്റി മാധവിന്റെ താലി കഴുത്തിലണിയുന്നു. മീരയുടെ ഈ പ്രവൃത്തി വായനക്കാരെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഈ പെണ്ണിന് ഇത് എന്തു പറ്റി എന്ന് നാം ചോദിച്ചുപോകും. അനുജത്തിക്ക് നിശ്ചയിച്ച വിവാഹം മുടക്കുകയും അവളുടെ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്യുന്ന മീര, അച്ഛന്‍ അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് ആശുപത്രിയിലാകുമ്പോള്‍ അദ്ദേഹത്തെ ഒന്നു കാണാന്‍ പോലും തയ്യാറാകുന്നില്ല. രണ്ട് പ്രണയബന്ധങ്ങളും അവളുടെ മനസ്സില്‍ നടത്തുന്ന വടംവലി നോവലിസ്റ്റ് നന്നായിട്ടവതരിപ്പിക്കുന്നുണ്ട്. പെണ്ണിന്റെ മനസ്സിന്റെ കാണാപ്പുറങ്ങള്‍ കണ്ടെത്താനുള്ള ശ്രമവും നോവലിസ്റ്റ് നടത്തുന്നുണ്ട്. സൂര്യയുടെ നിര്‍ബന്ധത്തിന് വഴങ്ങി മീര അയാളോടൊപ്പം കഴിയാന്‍ തീരുമാനിച്ച് ആ വീട്ടിലേക്ക് പോവുന്നു. താന്‍ ഗര്‍ഭിണിയാണെന്നറിയുമ്പോള്‍ അവളില്‍ ഉണ്ടാകുന്ന ഞെട്ടലിനെ, ഭാവി ജീവിതത്തെക്കുറിച്ചുള്ള മീരയുടെ ഉത്കണ്ഠകളെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. പിറക്കാന്‍ പോകുന്ന കുട്ടി മാധവിന്റേതാണോ സൂര്യയുടേതാണോ എന്ന സന്ദേഹച്ചുഴിയില്‍ കിടന്ന് വട്ടംകറങ്ങുന്ന മീരയുടെ മാനസികസമ്മര്‍ദ്ദങ്ങളെ പ്രേംലാല്‍ ഇഴപിരിച്ച് ആവിഷ്‌ക്കരിക്കുന്നുണ്ട്. നിനച്ചിരിക്കാതെ ഇരട്ടപെണ്‍കുഞ്ഞുങ്ങളെ പ്രസവിച്ച മീരയുടെ മാനസിക സംഘര്‍ഷം അതിന്റെ ഉച്ചസ്ഥായിയിലെത്തുകയാണ്.

കുഞ്ഞിന്റെ അവകാശവാദവുമായി മാധവ് എത്തുന്നതോടെ നോവലിന്റെ ദിശ മാറിമറിയുകയാണ്. മാധവ് എന്ന കാമുകന്റെ രഹസ്യബന്ധം മനസിലാക്കുന്ന സൂര്യയുടെ ഹൃദയക്ഷോഭങ്ങളും വായനക്കാരെ അസ്വസ്ഥമാക്കുന്നു. കുഞ്ഞിനുവേണ്ടിയുള്ള അവകാശവാദം ഒടുവില്‍ പൊലീസ് സ്റ്റേഷനില്‍ എത്തുന്നു. കുട്ടികളുടെ പിതൃത്വം ഡി.എന്‍.എ. ടെസ്റ്റിലൂടെ തീര്‍ച്ചപ്പെടുത്താനുള്ള തീരുമാനം മീരയുടെ മനോനില തെറ്റിക്കുന്നു.

പെണ്ണുടലിനെ വായിച്ചെടുക്കുന്നത്എല്ലാ ബന്ധങ്ങളില്‍ നിന്നും മോചനം നേടാനായി മീര കുഞ്ഞുങ്ങളുമായി ആത്മഹത്യയിലേക്ക് തിരിക്കുമ്പോള്‍ ഒരു രക്ഷകയെപ്പോലെ കൂട്ടുകാരി പാര്‍വ്വതി എത്തുന്നു. പാര്‍വ്വതിയുടെ പ്രേരണയിലും സ്‌നേഹത്തിലും അടിപ്പെട്ട് മീര ജീവിതത്തിലേക്ക് ഉറച്ച തീരുമാനത്തോടെ തിരിച്ചുവരാന്‍ നിശ്ചയിക്കുന്നു. ആ തീരുമാനം ഒടുവില്‍ അവള്‍ ജനിച്ചു വളര്‍ന്ന വീട്ടിലേക്ക് തന്നെ എത്തിക്കുകയാണ് മീരയെ. പശ്ചാത്താപത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി, മാതാപിതാക്കളുടെ സ്‌നേഹവാത്സല്യങ്ങള്‍ സ്മരിച്ച് ശിഷ്ടകാലം കുഞ്ഞുങ്ങളെയും വളര്‍ത്തി മാനമായിജീവിക്കുവാന്‍ മീര തയ്യാറാകുന്നു. ചെയ്തുപോയ തെറ്റുകളെയോര്‍ത്ത് മീരയുടെ മനസ്സ് കലങ്ങിമറിയുന്നു. താന്‍മൂലം വിവാഹം മുടങ്ങിയ സഹോദരി മായയെ അഭിമുഖീകരിക്കാന്‍ മീര പ്രയാസപ്പെട്ടു. അച്ഛന്റെ മരണം അഗാധമായ മുറിവാണ് മീരയ്ക്ക് നല്‍കിയത്.

പുതിയൊരു സൂര്യവെളിച്ചം പോലെ മീരയെയും കുഞ്ഞുങ്ങളെയും സ്വീകരിക്കാനെത്തുന്ന സൂര്യയെ ആദ്യം മീര തള്ളിപ്പറയുന്നു. അയാളുടെ സ്‌നേഹവിശ്വാസങ്ങളെ മീര നിശിതമായി ചോദ്യം ചെയ്യുന്നു. ഒടുവില്‍ എല്ലാം മറന്ന് പുതിയൊരു സാന്ത്വനത്തിന്റെ പൂമരത്തണലില്‍ നിന്ന് ജീവിതത്തിന്റെ സൂര്യവെളിച്ചത്തിലേക്ക് എത്തിനോക്കുന്ന മീരയുടെ മനോനിലയെ ആവിഷ്‌ക്കരിച്ചുകൊണ്ടാണ് നോവലിസ്റ്റ് 'ചൂണ്ടില്‍ മറുകുള്ള മീര'യെ സ്വതന്ത്രയാക്കുന്നത്.

ലളിതമായ ഭാഷയിലാണ് പ്രേംലാല്‍ നോവല്‍ എഴുതിയിരിക്കുന്നത്. ഓരോ കഥാപാത്രതത്തിന്റെയും ഹൃദയസ്പന്ദനങ്ങളെ തൊട്ടറിയാന്‍ ഈ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. ദുര്‍ഗ്രഹത എവിടെയും ഇല്ല. ഒറ്റയിരിപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന കൃതി. ഇന്നത്തെകാലത്ത് ഒരു പെണ്‍കുട്ടിക്ക് വീണ്ടുവിചാരമില്ലെങ്കില്‍ സംഭവിക്കാവുന്ന തെറ്റുകളും ദുരന്തങ്ങളുമാണ് മുന്നറിയിപ്പെന്നപോലെ നോവലിസ്റ്റ് ചൂണ്ടിക്കാട്ടുന്നത്. കാമുകനും ഭര്‍ത്താവിനും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്ന മീരയുടെ ആത്മസംഘര്‍ഷങ്ങളെ വളരെ ശ്രദ്ധയോടെ അവതരിപ്പിക്കാന്‍ നോവലിസ്റ്റിന് സാധിച്ചു എന്നുള്ളതാണ് കൃതിയുടെ വിജയം.