ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി അഥവാ ഒരു സ്ത്രീക്ക് മാത്രം ചോദിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍

 
ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി അഥവാ ഒരു സ്ത്രീക്ക് മാത്രം ചോദിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍

സഫിയ ഓ.സി

ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി
കഥകള്‍ - ഷാഹിന കെ റഫീഖ്
മാതൃഭൂമി ബുക്സ് (2016)

ഷാഹിന കെ റഫീഖിന്‍റെ ‘ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി’ എന്ന കഥാസമാഹാരത്തിലെ മിക്ക കഥകളും പുരുഷ നിര്‍മ്മിതമായ സ്ത്രീ സങ്കല്പങ്ങളെ തിരുത്തി എഴുതുന്നുണ്ട്. സൌഹൃദം, പ്രണയം, വിവാഹം, ലൈംഗികത തുടങ്ങിയ എല്ലാ മാനുഷിക വികാരങ്ങളെയും തന്റെതായ ഒരു വീക്ഷണകോണിലൂടെ സ്വതന്ത്രമായി നോക്കിക്കാണുകയാണ് എഴുത്തുകാരി. ലളിതമായ ഭാഷയില്‍ തികച്ചും സ്വാഭാവികമായി ഒഴുകുന്ന ആഖ്യാനമാണത്. അത് ചിലപ്പോള്‍ ഒരു കഥ പറച്ചില്‍പോലെയും ഡയറി എഴുത്തുപോലെയും ആത്മഭാഷണം പോലെയും അനുഭവപ്പെടുന്നു. ജീവിതത്തിന്‍റെ അരികുകളില്‍ നിന്നാണ് ഷാഹിന കെ റഫീഖ് കഥകള്‍ കണ്ടെടുക്കുന്നത്.

"രണ്ടു പല്ലുതേപ്പുകള്‍ക്കിടയില്‍, ഒരു വാതില്‍ തുറക്കലിനും അടയ്ക്കലിനുമിടയില്‍, പ്രാതലിനും അത്താഴത്തിനുമിടയില്‍ ആവര്‍ത്തിക്കുന്ന രാപ്പകലുകള്‍ക്കിടയില്‍ ജീവിച്ച് തീരുമായിരുന്ന എന്നെ വീണ്ടെടുക്കലായിരുന്നു എനിക്ക് എഴുത്ത്. ഞാനുണ്ട് എന്നു ലോകത്തോട് പറയല്‍."

ഈ സമാഹാരത്തിന്‍റെ ആമുഖത്തില്‍ എഴുത്തുകാരി ഇങ്ങനെ പറയുന്നുണ്ട്. ഞാനുണ്ട് എന്നു ലോകത്തോട് പറയല്‍ അഥവാ ഒരു സ്ത്രീ എന്ന രീതിയില്‍ അനുഭവിക്കേണ്ടി വരുന്ന ആന്തരിക, വൈകാരിക സംഘര്‍ഷങ്ങള്‍ പുറത്തേക്ക് ഒഴുക്കി വിടാനുള്ള ആയുധം കൂടിയാണ് കഥാകാരിക്ക് എഴുത്ത്. ഒരു പെണ്ണായിപ്പോയത് കൊണ്ട് മാത്രം അനുഭവിക്കേണ്ടി വരുന്ന വിലക്കുകളും വിലങ്ങുകളും അസ്വാതന്ത്ര്യവും ശാരീരികവും മാനസികവുമായ പ്രശ്നങ്ങളും എഴുത്തിന് വിഷയമാവുന്നുണ്ട്. പെണ്ണിന്‍റെ വിവാഹവും ലൈംഗികതയും പുരുഷന്‍റെ തീരുമാനങ്ങളെ അടിസ്ഥാനമാക്കി നിലനിന്നിരുന്ന ഒരു സാമൂഹ്യ, കുടുംബ സാഹചര്യമാണ് പൊതുവെ നമ്മുടെത്. ഒരു പെണ്‍കുട്ടിയുടെ വിവാഹക്കാര്യത്തില്‍ സമൂഹവും മതവിശ്വാസങ്ങളും സ്വാധീനം ചെലുത്താറുണ്ട്. പെണ്‍കുട്ടികളുടെ വിവാഹ പ്രായത്തെക്കുറിച്ച് കൃത്യമായ നിയമങ്ങള്‍ ഉണ്ടെങ്കിലും പലപ്പോഴും അത് പാലിക്കപ്പെടാത്ത അവസ്ഥയുണ്ട്. 'എന്‍റെ നോട്ടുബുക്ക്' എന്ന കൊച്ചു കഥയില്‍ അത്തരമൊരു വിഷയമാണ് എഴുത്തുകാരി കൈകാര്യം ചെയ്യുന്നത്. ശാരീരികവും മാനസികവുമായ പക്വതയില്ലാത്ത പ്രായത്തില്‍ വിവാഹ ജീവിതത്തിലേക്ക് കടക്കാന്‍ നിര്‍ബ്ബന്ധിതരാവുന്ന, ഒരര്‍ഥത്തില്‍ ഇരകളാക്കപ്പെടുന്ന പെണ്‍കുട്ടികള്‍ ഈ ആധുനിക യുഗത്തിലും നമുക്ക് ചുറ്റും ഉണ്ട് എന്ന യാഥാര്‍ഥ്യത്തിലേക്കാണ് ഈ കഥ വിരല്‍ ചൂണ്ടുന്നത്.

"മുറിഞ്ഞുനീറുന്നു. അയാളുടെ ഭാരം കൊണ്ട് എന്‍റെ കൈകാലുകള്‍ കഴയ്ക്കുന്നു. ഇയാള്‍ പിടിക്കാന്‍ കല്പിച്ച സാധനം വഴുക്കുന്നപോലെ" ഇങ്ങനെയാണ് കഥയുടെ തുടക്കം. ഏഴാം ക്ലാസ്സിലെ പരീക്ഷയുടെ തലേദിവസം വിവാഹിതയാകേണ്ടി വന്ന ഒരു കൊച്ചു പെണ്‍കുട്ടി ക്രൂമായ ലൈംഗിക പീഢനത്തിന് ഇരയാകുകയാണിവിടെ. പെങ്കുട്ട്യോള് കിതാബ് ഓതാനും വീട്ടിലെ പണിചെയ്യാനും ഒക്കെ പഠിച്ചാല്‍ മതി എന്നുപറഞ്ഞു അവളെ വിവാഹത്തിലേക്ക് തള്ളിവിടുകയാണ് ബാപ്പ.

"ആഹ്! ഇയാളെന്നെ രണ്ടായി മുറിക്കാണ്. ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു. ഞാന്‍ മരിക്കാന്‍ പോവാണ്. ഉമ്മാക്കും ഉപ്പാക്കും ഒരു കുറിപ്പെഴുതി വെക്കാന്നോര്‍ത്തു. എന്തിനാ അവരെന്നെ ഒരു പരിചയവും ഇല്ലാത്ത ഒരാള്‍ക്ക് പിടിച്ച് കൊടുത്തത്? എന്നെ ഏതോ വീട്ടിലേക്ക് പറഞ്ഞയച്ചത്?" രണ്ടുപേര്‍ക്കും ആസ്വാദ്യകരമാവേണ്ട ലൈംഗികത ഒരാള്‍ക്ക് പീഢനമായി മാറുകയാണിവിടെ. ഉപ്പുമ്മയുടെ മടിയില്‍ ചൂരുണ്ടുകൂടി സ്വപ്നങ്ങള്‍ കണ്ടുറങ്ങിയിരുന്ന ഒരു കൊച്ചു പെണ്‍കുട്ടിയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും ജീവിതം തന്നെയുമാണ് ഇവിടെ തകര്‍ക്കപ്പെടുന്നത്. പെണ്‍കുട്ടികളെ വീട്ടകങ്ങളില്‍ ജോലിചെയ്യാനും സന്താനോത്പാദനത്തിനും മാത്രമായി കാണുന്ന യാഥാസ്ഥിക സമൂഹത്തിന് നേര്‍ക്കാണ് ഈ ചോദ്യങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. ഒരു സ്ത്രീക്ക് മാത്രം ചോദിക്കാന്‍ കഴിയുന്ന ചോദ്യങ്ങളാണിത്.

"ഇയാളെന്താ പട്ടിയെ പോലെ കിതയ്ക്കുന്നത്? എനിക്കു പട്ടികളെ അറപ്പാ, അതിന്‍റെ മണവും. ഉമ്മ പറഞ്ഞിട്ടുണ്ട്. പട്ടിയെ തൊട്ടാല്‍ ഏഴു വെള്ളത്തില്‍ കുളിക്കണംന്ന്. ഉമ്മാ, ഞാന്‍ അഴുക്കായി, ഞാന്‍ കിണറ്റില്‍ മുങ്ങിക്കോളാം. ആഴങ്ങളിലേക്ക്, കിണറിന്‍റെ അടരുകള്‍ മാറ്റി ഞാന്‍ പോവും, വെള്ളത്തിനടിയിലെ കൊട്ടാരം കാണാന്‍. വിളിക്കരുത് തിരിച്ചെന്നെ." ഇങ്ങനെയാണ് ഈ കഥ അവസാനിക്കുന്നത്.

പെണ്‍കുട്ടിയെ സംബന്ധിച്ച് ലൈംഗികത അറപ്പും വെറുപ്പും നിസ്സഹായതയുമായി തീരുകയാണ്. സംരക്ഷണം കൊടുക്കേണ്ട മാതാപിതാക്കള്‍ തന്നെയാണ് അവളെ ഇത്തരമൊരവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നത്.

ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി അഥവാ ഒരു സ്ത്രീക്ക് മാത്രം ചോദിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍

വ്യത്യസ്തമായ സ്വപ്നങ്ങള്‍ കാണുന്ന, കൃത്യമായ ജീവിത വീക്ഷണമുള്ള മൂന്നു പെണ്‍കുട്ടികളുടെ ഹോസ്റ്റല്‍ ജീവിതവും സൌഹൃദവുമാണ് ‘ഐ.ഡി’ എന്ന കഥ. പ്രണയം, വിവാഹം, ദാമ്പത്യം, ലൈംഗികത, സ്വാതന്ത്ര്യം എന്നിവയെകുറിച്ചെല്ലാം അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളും അഭിപ്രായവും ഉണ്ട്. കാമുകനോടൊത്ത് വീണുകിട്ടിയ കത്തിപ്പടരുന്ന ഒരു ചുംബനത്തിനിടയില്‍ അവന്‍ രാവിലെ കഴിച്ച ചട്ണിയുടെ അവിഞ്ഞ മണം തേട്ടി വന്നപ്പോള്‍ അവിടെ നിന്നു ഇറങ്ങിപ്പോരുന്നുണ്ട് തന്‍മയ എന്ന തനു. അവളെ വിശ്വവിഖ്യാത മൂക്കുകാരി എന്നാണ് മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്നത്.


തന്‍റെ കാര്യങ്ങള്‍ നോക്കിനടത്താനും വീടൊക്കെ അടിച്ചുവാരി അലക്കിത്തേച്ചു വെച്ചു വിളമ്പി പൂമുഖ വാതില്‍ക്കല്‍ പൂന്തിങ്കളായി നില്ക്കാന്‍ ഞാനൊരു പെണ്ണിനെ കെട്ടിയാലോ എന്നാലോചിക്കുന്ന നിക്കിയുടെ ആഗ്രഹം പാരീസിലേക്ക് ചിത്രംവര പഠിക്കാന്‍ പോകണമെന്നാണ്. "ഇവിടെ എനിക്കു മടുത്തു. ശ്ശൊ, പെങ്കുട്ട്യോള്‍ പടം വരച്ചു നടക്കാ, അതിനു വല്ല ജോലീം കിട്ട്വോ എന്നൊക്കെയാണ് എല്ലാരുടേം അത്ഭുതംകൂറല്‍. പിന്നെ പിറകില്‍ നിന്നു മുനവെച്ച സംസാരം, എന്തൊരു തടിയാ പെണ്ണ്, തീരെ നിറോം ഇല്ല, ഒരു ചെക്കനെ കിട്ട്വോ!" നാട്ടുകാരുടെ ഇത്തരം പറച്ചിലുകളില്‍ നിന്ന് പെണ്ണിനെ വെറും രണ്ടാംതരമായി കാണുന്ന, അവളുടെ കഴിവുകളെയും ഇഷ്ടങ്ങളെയും അംഗീകരിക്കാത്ത സാമൂഹ്യ വ്യവസ്ഥിതിയില്‍ നിന്ന് രക്ഷപ്പെടാനാണ് ഈ പെണ്‍കുട്ടി ആഗ്രഹിക്കുന്നത്. പെണ്‍കുട്ടികള്‍ മൂത്താല്‍ ബിഎഡിന് പോയി ടീച്ചറാവാം. അല്ലെങ്കില്‍ അമേരിക്കയിലോ മറ്റോ നേഴ്സാവാം, അതിനിടയില്‍ പെണ്ണുകാണല്‍, കല്യാണം അങ്ങനെ. "മോളെ നല്ലൊരു ആലോചന വന്നിട്ടുണ്ട്, അവര്‍ പഠിപ്പിക്കാന്‍ വിടും" എന്ന് അമ്മ പറയുമ്പോള്‍, "വിടുംത്രേ ആര്‍ക്ക് വേണം അവരുടെ സമ്മതം" എന്നാണ് നിക്കിയുടെ ചോദ്യം. പെങ്ങളുടെ ഭാവിയോര്‍ത്ത് മാറ്റക്കല്യാണത്തിന് സമ്മതം മൂളിയ കാമുകനോട് കാപ്പിയുടെ ബില്ല് ഞാന്‍ കൊടുക്കാം ഇനി ചിലവൊക്കെ ഉള്ളതല്ലേ എന്നുപറഞ്ഞു നിസ്സംഗതയോടെ ഇറങ്ങിപ്പോകുന്നു ഈ കഥയിലെ പാറു എന്ന കഥാപാത്രം.

മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ അതേപടി അനുസരിക്കേണ്ടവര്‍ മാത്രമല്ല പെണ്‍കുട്ടികള്‍ എന്നും അവര്‍ക്ക് അവരുടെതായ അഭിപ്രായവും ഇഷ്ടങ്ങളും വ്യക്തിത്വവും ഉണ്ടെന്നും ഈ കഥയിലൂടെ എഴുത്തുകാരി സമൂഹത്തെ ബോധ്യപ്പെടുത്തുന്നു. പുരുഷ കാമനകളെ തൃപ്തിപ്പെടുത്താനുള്ള ജീവനുള്ള വെറും വസ്തു മാത്രമല്ല പെണ്ണെന്ന ഓര്‍മ്മപ്പെടുത്തലും കൂടെയാവുന്നുണ്ട് ഈ കഥ.

'മാളുവിന്‍റെ ലോകം' എന്ന കഥ ഒരു പെണ്‍കുട്ടിയുടെ ആന്തരികലോകം കാണിച്ചു തരുന്നുണ്ട്. മാളു സൃഷ്ടിച്ചെടുക്കുന്ന ഫാന്‍റസി ലോകവും യഥാര്‍ത്ഥ ലോകവും തമ്മിലുള്ള അന്തരമാണ് ഈ കഥ. മാളുവിന്‍റെ ചിന്തകളെ തലതിരിഞ്ഞ ചിന്തകളായാണ് അമ്മ കാണുന്നത്. സ്വപ്നങ്ങളും മോഹങ്ങളും അടുക്കളയില്‍ ഹോമിക്കേണ്ടി വരുന്ന മാളുവിന്‍റെ അമ്മയ്ക്ക് അങ്ങനെ ചിന്തിക്കാനേ കഴിയൂ എന്നതാണു യാഥാര്‍ഥ്യം.

"എന്തും അതിന്‍റെ പാകത്തിന് എടുക്കണം, എന്നാലേ നന്നാവൂ. അല്ലെങ്കില്‍ എന്നെ പോലെയാവും, എവിടെയും പാകപ്പെടാതെ പാതി വേവ്!" എന്നാണ് 'പാതിവേവ്' എന്ന കഥയിലെ കഥാപാത്രം ചിന്തിക്കുന്നത്. സ്വന്തമായി സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാത്ത പെണ്‍കുട്ടികള്‍ പാതിവെന്ത ആഹാര സാധനം പോലെയാണെന്ന ബോധ്യത്തില്‍ നിന്നാണ് ഇത്തരമൊരു ചിന്ത വരുന്നത്. ഒന്നിനെക്കുറിച്ചും വ്യക്തമായ ധാരണയില്ലാത്ത പെണ്‍കുട്ടികളെ എതിപ്പുകളൊന്നുമില്ലാതെ കെട്ടിച്ചുവിടാന്‍ വീട്ടുകാര്‍ക്ക് എളുപ്പമാണ്. അങ്ങനെ ഒരു പെണ്‍കുട്ടിയായിരുന്നു ഈ കഥയിലെ കഥാപാത്രവും. കറി അടുപ്പത്ത് വെച്ച് തന്‍റെ ജീവിതത്തെ അവലോകനം ചെയ്യുന്ന, പ്രഷര്‍ കുക്കര്‍ വിസില്‍ പോലെ ഒരിക്കലെങ്കിലും ഉള്ളില്‍ കെട്ടിക്കിടന്ന് വിങ്ങുന്നതൊക്കെ തൂവിത്തെറുപ്പിച്ച് കുടഞ്ഞു കളയണമെന്ന് ആഗ്രഹിച്ചുകൊണ്ടു തന്നെ ജീവിതത്തെ സ്നേഹിക്കുകയും വെറുക്കുകയും ചെയ്യുന്ന ഒരുപാട് സ്ത്രീകളുടെ പ്രതിനിധി തന്നെയാണ് അവള്‍. സമകാലിക ജീവിതത്തില്‍ സ്ത്രീ അനുഭവിക്കുന്ന പീഢനങ്ങളും അസ്വാതന്ത്ര്യവും ഒറ്റപ്പെടലും ഈ കഥ പങ്കുവെക്കുന്നു.

ഒരു പെണ്‍കുട്ടി ഉള്ളില്‍ പേറുന്ന ഏകാന്തയിലേക്കാണ് 'ഗാന്ധര്‍വ്വം' എന്ന കഥ വായനക്കാരെ കൊണ്ട് പോകുന്നത്. പുറംപേച്ചുകള്‍ക്കപ്പുറം മറ്റാരും കാണാത്ത ഒരു ഉള്ളകം അവള്‍ക്കുണ്ടെന്ന് ഈ കഥ കാണിച്ചു തരുന്നു. അവള്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ഒരു ചെറുപ്പക്കാരനെ സ്വപ്നം കണ്ടും നോട്ടു പുസ്തകത്തില്‍ എന്തൊക്കെയോ കുത്തിക്കുറിച്ചും ചുമരില്‍ ചിത്രങ്ങള്‍ കോറിയിട്ടും പാട്ടിന്‍റെ വരികള്‍ക്ക് പുതിയ അര്‍ഥങ്ങള്‍ തേടിയും പുസ്തകങ്ങളില്‍ നിന്നു പുസ്തകങ്ങളിലേക്ക് യാത്ര ചെയ്തും ഭ്രമാത്മകമായ ഒരു ലോകം സൃഷ്ടിച്ചെടുക്കുകയാണ് ഈ പെണ്‍കുട്ടി. ഒരു പെണ്‍കുട്ടി പുര നിറഞ്ഞു നില്‍ക്കുമ്പോള്‍ വീട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും മാത്രമല്ല വീട്ടിലെ വേലക്കാരിക്കു പോലും അവളെ കെട്ടിക്കുന്നതിനെ കുറിച്ചുള്ള ആധിയാണ്. അവളുടെ ജീവിതവും സ്വപ്നങ്ങളും ഒരിയ്ക്കലും സമൂഹം അവര്‍ക്ക് മാത്രമായി വിട്ടുകൊടുക്കുന്നില്ല.

തീവണ്ടിയിലെ ലേഡീസ് കമ്പാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യുന്ന കുറച്ചു സ്ത്രീകളുടെ ജീവിതമാണ് 'ലേഡീസ് കൂപ്പെ അഥവാ തീണ്ടാരി വണ്ടി.' ഏതോ സ്റ്റേഷനില്‍ തുടങ്ങി ഏതോ സ്റ്റേഷനില്‍ അവസാനിക്കുന്ന ഒരു പകല്‍ യാത്ര. കയറുന്നതും ഇറങ്ങുന്നതുമായ സ്ഥലത്തിന് അവിടെ പ്രസക്തിയില്ല. യാത്ര മാത്രമാണു പ്രധാനം. അതില്‍ സ്ഥിരമായി യാത്ര ചെയ്യുന്നവരും അല്ലാത്തവരും ഉണ്ട്. ഒരു വശത്ത് ഉദ്യോഗസ്ഥരും മറുഭാഗത്ത് വിദ്യാര്‍ഥികളും എന്നിങ്ങനെ ഒരു അലിഖിത നിയമം അവര്‍ എപ്പോഴും പാലിച്ചിരുന്നു. വണ്ടി കുറെനേരം സ്റ്റേഷനില്‍ നിര്‍ത്തിയിട്ടതോടെ ഓഫീസിലെ കറുക്കുന്ന മുഖങ്ങള്‍, നഷ്ടപ്പെടുന്ന അറ്റന്‍ഡന്‍സ്, പരീക്ഷയ്ക്ക് സമയത്തിനെത്തുമോ എന്ന ആശങ്ക ഒക്കെ ഓര്‍ത്ത് ആളുകള്‍ അസ്വസ്ഥരാകുന്നു. കുട്ടികളുടെ കരച്ചിലും അമ്മമാരുടെ ആശ്വാസ വാക്കുകളും രാഷ്ട്രീയ ചര്‍ച്ചകളും ന്യൂജനറേഷന്‍ തമാശകളും പാട്ടും പിറുപിറുക്കലും നെടുവീര്‍പ്പുകളും ഒക്കെക്കൂടി തീവണ്ടി ഒരു പെണ്‍മുറിയായി മാറുന്നു. സുബൈദയുടെ മഫ്തയും നായര്‍, മേനോന്‍, വര്‍മ്മ തുടങ്ങിയ ജാതി ചിന്തകളും മഞ്ജു വാര്യരുടെ തിരിച്ചു വരവും സ്വര്‍ണ്ണത്തെ കുറിച്ചും എന്നുവേണ്ട ലോകത്തിലെ സകലമാന കാര്യങ്ങളും ഇവിടെ ചര്‍ച്ചയാവുന്നു.

ലേഡീസ് കൂപ്പെ അഥവാ തീണ്ടാരിവണ്ടി അഥവാ ഒരു സ്ത്രീക്ക് മാത്രം ചോദിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍

ഒരു പെണ്ണിന് മാത്രം അനുഭവിക്കേണ്ടി വരുന്ന ശാരീരിക പ്രക്രിയയും മാനസിക സംഘര്‍ഷവുമാണ് ആര്‍ത്തവം. വയറുവേദന കൊണ്ട് ചൂളിയിരിക്കുന്ന മിത്രയെ കാണുമ്പോള്‍ 'നമ്മുടെ ഈ ഗര്‍ഭ പാത്രം ആവശ്യമുള്ളപ്പോള്‍ ഫിറ്റ് ചെയ്യാനും ഊരി വെക്കാനും കഴിഞ്ഞിരുന്നെങ്കില്‍ എത്ര നന്നായിരുന്നു' എന്നു പറയുന്നു ജല്‍പ്പ എന്ന കഥാപാത്രം.

ആദ്യത്തെ ആര്‍ത്തവത്തെക്കുറിച്ചുള്ള ജല്‍പ്പയുടെയും സുഹറയുടെയും അനുഭവം, പ്രായമായാല്‍ കെട്ടിച്ചുവിടും എന്ന പേടികാരണം വളര്‍ന്നു വരുന്ന ശരീര അവയവങ്ങള്‍ മുറുക്കി കെട്ടിവെക്കുന്ന സുഹറയും അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം ഇല്ലാതാകുന്നത് ഭയന്ന് ആദ്യത്തെ ആര്‍ത്തവം ഒളിച്ചുവെക്കുന്ന ജല്‍പ്പയും ആര്‍ത്തവം പെണ്‍കുട്ടികള്‍ക്ക് നല്‍കുന്ന അരക്ഷിതാവസ്ഥ എത്ര ഭയാനകമാണെന്ന് കാണിക്കുന്നുണ്ട്. ആറിലോ ഏഴിലോ പഠിക്കുമ്പോഴാണ് തീണ്ടാരി എന്ന വാക്ക് ആദ്യമായി കേള്‍ക്കുന്നതെന്ന് പ്രമീള പറയുന്നു. അന്ന് തീണ്ടാരിയായ വാസന്തിയെ തൊട്ട് കൈകാല്‍ കഴുകി ശുദ്ധിയാക്കുകയും വീണ്ടും തൊടുകയും ചെയ്തുകൊണ്ട് തീണ്ടാരിക്കളി കളിച്ചതും അവര്‍ ഓര്‍ക്കുന്നു. ആ ദിവസം ബാത്റൂമില്‍ പോകാന്‍ പോലും സ്വാതന്ത്യമില്ലാത്ത ദുരവസ്ഥയെ കുറിച്ചാണ് സെയില്‍സ് ഗേള്‍ വിസ്മയയ്ക്ക് പറയാനുള്ളത്. പാഡ് കണ്ടു പിടിച്ചത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വിപ്ലവകരമായ ഒരു മാറ്റമാണ്. തുണി ഉപയോഗിച്ച് ആരുംകാണാതെ ഉണക്കിയെടുക്കുന്ന ബുദ്ധിമുട്ടുകളില്‍ നിന്നുള്ള മോചനം കൂടിയായിരുന്നു അത്. ആര്‍ത്തവം ഒളിച്ചുവെക്കേണ്ട ഒന്നാണെന്ന് നമ്മുടെ അമ്മമാര്‍ നമ്മെ പഠിപ്പിച്ചു. നമ്മുടെ മക്കളോടും നമ്മള്‍ അത് തന്നെ പറഞ്ഞു കൊടുക്കുന്നു. ആര്‍ത്തവം ജൈവികമായ ഒരു പ്രക്രിയ മാത്രമാണെന്ന ഓര്‍മ്മപ്പെടുത്തുന്നു ഈ കഥ.

ഒരര്‍ഥത്തില്‍ ഒരു തീവണ്ടി മുറിയില്‍പെട്ടുപോയ അവസ്ഥയാണ് ഓരോ സ്ത്രീയുടെയും ജീവിതം. തീവണ്ടി മുറിയില്‍ കുറച്ചു നേരത്തേക്ക് അവരനുഭവിക്കുന്ന അസ്വാതന്ത്ര്യവും വീര്‍പ്പുമുട്ടലും ജീവിതത്തില്‍ അനുഭവിക്കുന്ന ഒരുപാട് സ്ത്രീ ജീവിതങ്ങളുണ്ട്. മതവും സാമൂഹ്യ സാഹചര്യങ്ങളും കല്‍പ്പിച്ചു കൊടുത്ത വിലക്കുകളുടെ ലോകത്ത് നിശ്ശബ്ദരാകാന്‍ വിധിക്കപ്പെട്ടവര്‍. വ്യത്യസ്തമായ അഭിപ്രായങ്ങളുള്ള ഒരു പറ്റം സ്ത്രീകളുടെ കൂടിച്ചേരലാണ് ഈ തീവണ്ടി മുറി. കഥയുടെ അവസാനം അവരവരുടെ ഉത്തരവാദിത്തങ്ങളെയും കെട്ടുപാടുകളെയും മാറ്റിവെച്ച് അവര്‍ ബീച്ചിലേക്കു പോകാന്‍ തീരുമാനിക്കുന്നു. വീര്‍പ്പുമുട്ടലുകളില്‍ നിന്നു തല്‍ക്കാലത്തേക്കെങ്കിലും അവര്‍ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ്.

പെണ്‍ജീവിതത്തിന്‍റെ ഉള്ളകങ്ങളിലേക്കിറങ്ങി പെണ്‍മയുടെ ആന്തരിക ലോകം ചിത്രീകരിക്കുമ്പോഴും സമകാലിക സാമൂഹ്യ യാഥാര്‍ഥ്യങ്ങളെയും കാണാതെ പോകുന്നില്ല എഴുത്തുകാരി. സോഷ്യല്‍ മീഡിയയില്‍ അഭിരമിക്കുന്ന, മരണം പോലും ആഘോഷമാക്കുന്ന പുതിയ കാലത്തെ അടയാളപ്പെടുത്തുന്നു 'ഫീലിംഗ് സാഡ്' എന്ന കഥ. പ്രണയത്തിന്‍റെ നിര്‍വ്വചനങ്ങളെ തിരുത്തിയെഴുതുന്ന ഒരു പൈങ്കിളിക്കഥയും അനുബന്ധങ്ങളും, പാചക വിധി, കാഗസ് കി കശ്തി, റിഗര്‍ മോട്ടിസ്, പൂമ്പാറ്റകള്‍ പുഴുക്കളാകുന്നത് തുടങ്ങി പതിഞ്ച് കഥകളാണ് ഈ സമാഹാരത്തിലുള്ളത്. കാച്ചിക്കുറുക്കിയ ആഖ്യാനശൈലിയും തികച്ചും സാധാരണം എന്നു തോന്നുന്ന പ്രമേയങ്ങളും എഴുത്തുകാരിയെ മറ്റ് സ്ത്രീ എഴുത്തുകാരില്‍ നിന്നും വ്യത്യസ്തയാക്കുന്നുണ്ട്. ഒരു സ്ത്രീ എങ്ങനെ ജീവിക്കണം, എന്തു ജോലിചെയ്യണം, എന്തു ധരിക്കണം ആരെ വിവാഹം കഴിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് പുരുഷ കേന്ദ്രീകൃത സാമൂഹ്യാവസ്ഥയാണ്. അതില്‍ നിന്നൊക്കെ കുതറി മാറുന്നുണ്ട് ഷാഹിനയുടെ കഥാപാത്രങ്ങള്‍.

(അഴിമുഖം സ്റ്റാഫ് ജേര്‍ണലിസ്റ്റാണ് സഫിയ)