ബ്ലോഗ് എഴുത്തുകാരന്റെ യാത്രാക്കുറിപ്പുകള്‍ മോഷ്ടിച്ച് പുസ്തകമാക്കി; മാതൃഭൂമി ബുക്‌സും കാരൂര്‍ സോമനും കുടുങ്ങി

 
ബ്ലോഗ് എഴുത്തുകാരന്റെ യാത്രാക്കുറിപ്പുകള്‍ മോഷ്ടിച്ച് പുസ്തകമാക്കി; മാതൃഭൂമി ബുക്‌സും കാരൂര്‍ സോമനും കുടുങ്ങി

മലയാളി ബ്ലോഗ് എഴുത്തുകാരന്‍ ആയ മനോജ് രവീന്ദ്രന്‍ നിരക്ഷരന്റെ യാത്രാക്കുറിപ്പുകള്‍ മോഷ്ടിച്ച് പുസ്തകമിറക്കിയെന്ന് ആരോപണം. മലയാളത്തിലെ അറിയപ്പെടുന്ന എഴുത്തുകാരനും അമ്പതോളം പുസ്തകങ്ങള്‍ എഴുതിയിട്ടുള്ള വ്യക്തിയുമായ കാരൂര്‍ സോമനെതിരെയാണ് ആരോപണം. മനോജ് നിരക്ഷരന്‍ തന്റെ ബ്ലോഗില്‍ എഴുതിയിരുന്ന യാത്രാക്കുറിപ്പുകള്‍ മാതൃഭൂമി ബുക്‌സ് ആണ് കാരൂര്‍ സോമന്റെ പേരില്‍ പുസ്തകമാക്കി ഇറക്കിയത്.

ഫേസ്ബുക്ക് ലൈവിലൂടെ മനോജ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. നിരക്ഷരന്‍ എന്ന ബ്ലോഗിലൂടെയുള്ള മനോജിന്റെ യാത്രാ വിവരണങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. മനോജിന്റെ ഫേസ്ബുക്ക് ലൈവിലൂടെ വിവരം പുറത്തായതോടെ ഒട്ടനവധി പേരാണ് അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്. സോമനെതിരെയും മാതൃഭൂമി ബുക്‌സിനെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും മനോജ് ലൈവിലൂടെ വ്യക്തമാക്കി കഴിഞ്ഞു. അതേസമയം മനോജിന്റെ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ള ചിലര്‍ കാരൂര്‍ സോമനെ ബന്ധപ്പെട്ടെങ്കിലും മനോജാണ് തന്റെ പുസ്തകം മോഷ്ടിച്ചതെന്ന നിലപാടിലാണ് സോമന്‍. 'സ്‌പെയിന്‍ കാളപ്പോരിന്റെ നാട്' എന്നാണ് സോമന്റെ പുസ്തകത്തിന്റെ പേര്. 175 രൂപ വിലയുള്ള പുസ്തകത്തിന് 200ന് മുകളില്‍ പേജുകളുണ്ട്. ഒരു സുഹൃത്ത് പുസ്തകത്തിന്റെ ചിത്രം അയച്ചു തന്നതിലൂടെയാണ് തന്റെ ലേഖനങ്ങള്‍ മോഷ്ടിക്കപ്പെട്ടത് അറിഞ്ഞതെന്നും മനോജ് ലൈവില്‍ വ്യക്തമാക്കുന്നു. തന്റെ സ്‌പെയിന്‍ യാത്രയെക്കുറിച്ചുള്ള വിവരണങ്ങള്‍ ഒരു പുസ്തകത്തില്‍ അച്ചടിച്ച് വന്നതിന്റെ ഫോട്ടോകള്‍ ആയിരുന്നു അത്. ആദ്യം വിചാരിച്ചത് തന്റെ അനുവാദമില്ലാതെ ആരെങ്കിലും ഈ യാത്ര വിവരണം ഏതെങ്കിലും യാത്രാ വിവരണങ്ങളുടെ കളക്ഷനില്‍ ഉള്‍പ്പെടുത്തിയതാണെന്നാണ്. എന്നാല്‍ പുസ്തകം വാങ്ങിച്ചു നോക്കിയപ്പോഴാണ് തന്റെ ലേഖനങ്ങള്‍ മോഷ്ടിക്കപ്പെടുകയും മറ്റൊരാളുടെ പേരില്‍ മലയാളത്തിലെ പ്രമുഖ പ്രസാധകര്‍ തന്നെ പ്രസിദ്ധീകരിക്കുകയും ചെയ്തത് അറിഞ്ഞത്. പുസ്തകത്തിലെ രണ്ടും മൂന്നും അധ്യായങ്ങളും അവസാന അധ്യായത്തിലെ കുറച്ച് ഭാഗങ്ങളുമാണ് മനോജിന്റെ ബ്ലോഗില്‍ നിന്നും അതേപോലെ തന്നെ കോപ്പിയടിച്ചിരിക്കുന്നത്.

2007 മുതല്‍ ബ്ലോഗ് എഴുത്തില്‍ സജീവമായിരുന്നു മനോജ്. യാത്രാവിവരണങ്ങളും ലേഖനങ്ങളുമാണ് ബ്ലോഗില്‍ എഴുതിയിരുന്നത്. വിവിധ രാജ്യങ്ങളിലും കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും നടത്തിയ യാത്രകളുടെ 120ഓളം വിവരണങ്ങളാണ് മനോജിന്റെ ബ്ലോഗില്‍ ഉണ്ടായിരുന്നത്. 2015ല്‍ ഡിസംബറില്‍ 'മുസീരിസിലൂടെ' എന്ന മനോജിന്റെ പുസ്തകം പുറത്തിറങ്ങിയിരുന്നു. ബ്ലോഗിലെ യാത്രാവിവരണങ്ങള്‍ പുസ്തകമാക്കാന്‍ പല പ്രസാധകരന്മാരും തന്നെ സമീപിച്ചിരുന്നെങ്കിലും ഓണ്‍ലൈനില്‍ ലഭ്യമാണ് എന്നതിനാല്‍ അതിനോട് താല്‍പര്യം തോന്നിയിരുന്നില്ലെന്ന് മനോജ് പറയുന്നു. പുസ്തകമിറക്കാനാണെങ്കില്‍ നാല് പുസ്തകമെങ്കിലും ഇറക്കാനുള്ള യാത്രാ വിവരണങ്ങള്‍ തന്റെ ബ്ലോഗില്‍ ഉണ്ട്.

ബ്ലോഗ് എഴുത്തുകാരന്റെ യാത്രാക്കുറിപ്പുകള്‍ മോഷ്ടിച്ച് പുസ്തകമാക്കി; മാതൃഭൂമി ബുക്‌സും കാരൂര്‍ സോമനും കുടുങ്ങി കാരൂര്‍ സോമന്‍

സോമന്‍ തന്റെ ലേഖനത്തില്‍ നിന്നും മോഷ്ടിച്ച ഭാഗങ്ങള്‍ തെളിവ് സഹിതമാണ് മനോജ് വിവരിക്കുന്നത്. സ്‌പെയിനില്‍ എത്തി വഴിതെറ്റി നടക്കുന്ന ഒരു ഭാഗം തന്റെ വിവരണങ്ങളില്‍ ഉണ്ട്. അതില്‍ 'ഞാന്‍ ഒറ്റയ്ക്കായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. പക്ഷെ എന്റെയൊപ്പം മുഴങ്ങോടിക്കാരിയുണ്ട്. മുഴങ്ങോടിക്കാരിയെന്ന് ഞാന്‍ എന്റെ ഭാര്യയെ കളിയാക്കി വിളിക്കുന്നതും യാത്രവിവരണങ്ങളില്‍ വിശേഷിപ്പിക്കുന്നതുമായ പേരാണ്. എന്നാല്‍ സോമന്‍ പലയിടങ്ങളിലും ഈ മുഴങ്ങോടിക്കാരിയെന്നത് അതുപോലെ തന്നെ ഉപയോഗിച്ചിട്ടുണ്ട്' മനോജ് വ്യക്തമാക്കുന്നു. ലേഖനം മോഷ്ടിച്ചപ്പോള്‍ കൃത്യമായി വായിച്ചുനോക്കി മുഴുവന്‍ എഡിറ്റ് ചെയ്ത് മാറ്റാനുള്ള ക്ഷമ പോലും സോമന്‍ കാണിച്ചില്ലെന്ന് മനോജ് ചൂണ്ടിക്കാട്ടുന്നു. പലയിടങ്ങളിലും ഈച്ചക്കോപ്പി തന്നെയാണ് നടന്നിരിക്കുന്നത്. കൂടാതെ താന്‍ കണ്ണൂര്‍ എന്‍ജിനിയറിംഗ് കോളേജില്‍ പഠിച്ചതുമായി ബന്ധപ്പെട്ട് വിവരണങ്ങളില്‍ നടത്തിയ പരാമര്‍ശങ്ങളും കണ്ണൂരുമായി യാതൊരു ബന്ധവുമില്ലാത്ത സോമന്‍ അതേപോലെ മോഷ്ടിച്ചിരിക്കുകയാണ്.

51 പുസ്തകങ്ങള്‍ എഴുതിയിരിക്കുന്ന കാരൂര്‍ സോമന്‍ കൂടുതലും യാത്രാവിവരണങ്ങളാണ് എഴുതിയിരിക്കുന്നത്. കൂടാതെ കഥകള്‍, കവിതകള്‍ എന്നിവയും എഴുതിയിട്ടുണ്ട്. നിരവധി പ്രവാസ സാഹിത്യ പുരസ്‌കാരങ്ങളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മാവേലിക്കര, ചാരുംമൂട് സ്വദേശിയാണ് സോമന്‍. ദുബായ് പ്രവാസിയായിരുന്ന സോമന്‍ ഇപ്പോള്‍ ലണ്ടന്‍ പൗരത്വം സ്വീകരിച്ച് അവിടെയാണ് സ്ഥിരതാമസം. മാതൃഭൂമി പെട്ടുപോയതാണെന്നാണ് താന്‍ കരുതുന്നതെന്നും ഇവിടുത്തെ പ്രസാധകര്‍ക്ക് കോപ്പിയടിച്ചതാണോയെന്ന് കണ്ടെത്താനുള്ള സംവിധാനം ഇല്ലാത്തതായിരിക്കും പ്രശ്‌നമായതെന്നും മനോജ് ചൂണ്ടിക്കാട്ടുന്നു.

മാതൃഭൂമിയുമായി ബന്ധപ്പെട്ട് ഈ വിവരങ്ങള്‍ അറിയിച്ചപ്പോള്‍ അവര്‍ക്ക് മോഷണം ബോധ്യപ്പെടുകയും അവര്‍ കാരൂര്‍ സോമനെതിരെ നിയമനടപടികള്‍ക്കെതിരെ നീങ്ങാന്‍ ഒരുങ്ങുകയാണെന്നാണ് അറിഞ്ഞതെന്നും മനോജ് അറിയിച്ചു. ലണ്ടനില്‍ സാഹിത്യസൃഷ്ടികള്‍ മോഷ്ടിച്ചതിന് കടുത്ത ശിക്ഷയാണെന്നും നിയമനടപടികളുമായി മുന്നോട്ട് പോയാല്‍ കാരൂര്‍ സോമന്‍ ദുബായിലും ലണ്ടനിലുമായി സമ്പാദിച്ചത് മുഴുവന്‍ എഴുതിക്കൊടുത്താലും കേസ് തീരില്ലെന്നും മനോജ് ചൂണ്ടിക്കാട്ടുന്നു.

മാതൃഭൂമിയിലൂടെ രണ്ടാമത്തെ എഡിഷനാണ് പുറത്തിറങ്ങിയത്. പുസ്തകത്തില്‍ കാളപ്പോരിനെക്കുറിച്ചുള്ള പുസ്തകത്തിലെ വിവരണങ്ങളും മറ്റാരുടെയൊക്കെയോ ബ്ലോഗുകളില്‍ നിന്നും മോഷ്ടിച്ചതാണെന്ന സംശയവും അദ്ദേഹം പങ്കുവയ്ക്കുന്നു. മാതൃഭൂമിയുടെ കുറ്റം കൊണ്ട് സംഭവിച്ചതല്ലെന്ന് കരുതുന്നുണ്ടെങ്കിലും സാഹിത്യസൃഷ്ടികളിലെ മോഷണം തടയാന്‍ ഇവിടെ ഒരു സംവിധാനം ഉണ്ടാകണമെന്നതിനാലാണ് അവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതെന്നും മനോജ് അറിയിച്ചു.

അതേസമയം പുസ്തകം വിവാദമായതിലൂടെ മാതൃഭൂമി പുസ്തകം മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് തന്നെ വിളിച്ച സോമന്‍ താനാണ് പുസ്തകത്തില്‍ നിന്നും വിവരണങ്ങള്‍ മോഷ്ടിച്ചതെന്ന ആരോപണം നിഷേധിച്ചിട്ടുണ്ടെന്ന് മനോജ് ഇന്ന് ഇട്ട ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. താന്‍ എഴുതിയ യാത്രാ വിവരണത്തിന്റെ കയ്യെഴുത്തുപ്രതി ഏല്‍പ്പിച്ച ഡിടിപിക്കാര്‍ക്ക് പറ്റിയ തെറ്റാണെന്നാണ് ഇപ്പോള്‍ പറയുന്നത്. കൂടാതെ 1985 മുതല്‍ക്കുള്ള തന്റെ സാഹിത്യസപര്യ ഈ ഒരു വിഷയത്തോടെ അസ്തമിച്ച് പോകുമെന്നും ആയതിനാല്‍ ഒത്തുതീര്‍പ്പാക്കണമെന്നും നിരുപാധികം ക്ഷമാപണം നടത്തിക്കൊണ്ടേയിരുന്നുവെന്നും മനോജ് പറയുന്നു.

പുസ്തകത്തിന്റെ പുതിയ എഡിഷനില്‍ കടപ്പാട് വയ്ക്കും, റോയല്‍റ്റിയുടെ ഇരട്ടി നല്‍കും എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളുമുണ്ട്. എന്നാല്‍ മാതൃഭൂമി മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിച്ച പുസ്തകത്തിന്റെ അടുത്ത എഡിഷന്‍ ഇറങ്ങുമെന്നത് അദ്ദേഹത്തിന്റെ മൂഢ സ്വര്‍ഗമാണെന്നും മനോജ് കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ കാരൂര്‍ സോമന്‍ സ്വന്തം ഫേസ്ബുക്ക് പേജില്‍ ക്ഷമാപണം എഴുതിയിടണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് മനോജിന്റെ ആവശ്യം. നഷ്ടപരിഹാര തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുമെന്നും ആ തുക തീരുന്നതുവരെ അതിന്റെ ചെലവ് കണക്കുകള്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിടുമെന്നും മനോജ് പറയുന്നു.