തസ്റാക്കിലെ ആദ്യമാഷ് ഓര്‍മ്മയായി; ആ ‘ഷ്കോളി’നെ കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍

 
തസ്റാക്കിലെ ആദ്യമാഷ് ഓര്‍മ്മയായി; ആ ‘ഷ്കോളി’നെ കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍

“അപ്പോ അവിടെ ഷ്കോള്ണ്ടോ?"

"ഞാന്‍ ചെന്നിട്ട് വേണം തുടങ്ങാന്‍", രവി വിവരിച്ചു. "ഏകാധ്യാപക വിദ്യാലയമാണ്. ജില്ലാ ബോര്‍ഡിന്‍റെ പുതിയ പദ്ധതിയാണ്.” (ഖസാക്കിന്‍റെ ഇതിഹാസം)

'ഖസാക്കിന്‍റെ ഇതിഹാസം' വായിച്ചവര്‍ക്കൊന്നും മറക്കാന്‍ കഴിയാത്ത ഒരു ദേശമാണ് തസ്റാക്ക്. മനസ്സുകൊണ്ടെങ്കിലും തസ്റാക്കിലെ കരിമ്പനകള്‍ക്കിടയില്‍ രവി പഠിപ്പിച്ച ഏകാധ്യാപക വിദ്യാലയം സന്ദര്‍ശിക്കാത്ത വായനക്കാര്‍ കുറവായിരിക്കും. ജീവിച്ചിരിക്കുന്നവരും സാങ്കല്‍പ്പികവുമായ നിരവധി കഥാപാത്രങ്ങള്‍ ഉണ്ട് ഖസാക്കിന്‍റെ ഇതിഹാസം എന്ന നോവലില്‍. ആ ഏകാധ്യാപക വിദ്യാലയത്തിലെ ആദ്യ അദ്ധ്യാപകന്‍ കേനാത്ത് രാജഗോപാല മേനോന്‍ ഓര്‍മ്മയായി. രാജഗോപാല മേനോനെ കുറിച്ച് അഴിമുഖം ചെയ്ത സ്റ്റോറി ഇവിടെ പുനഃപ്രസിദ്ധീകരിക്കുന്നു.

1957 ല്‍ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു പാലക്കാട്. പ്രാഥമിക വിദ്യാലയങ്ങള്‍ ഇല്ലാത്ത മലബാറിലെ കുഗ്രാമങ്ങളില്‍ 17 ഏകാധ്യാപക വിദ്യാലയം തുടങ്ങാനുള്ള ഡിസ്ട്രിക് ബോര്‍ഡിന്‍റെ തീരുമാനപ്രകാരമാണ് തസ്റാക്കിലും ഒരു ഏകാധ്യാപക വിദ്യാലയം ഉണ്ടാകുന്നത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളിയിലെ വേങ്കോടി എന്ന സ്ഥലത്തെ കേനാത്ത് തറവാട്ടിലെ രാജഗോപാല മേനോനാണ് തസ്റാക്കില്‍ ഏകാധ്യാപക വിദ്യാലയം തുടങ്ങാന്‍ അന്ന് നിയോഗിക്കപ്പെട്ടത്.

"എന്‍റെ ആദ്യത്തെ പോസ്റ്റിംഗ് തസ്റാക്കിലായിരുന്നു. ഖസാക്കിന്‍റെ ഇതിഹാസത്തില്‍ ഒവി വിജയന്‍ പറയുന്ന തസ്റാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍. അന്ന് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡ് ഒരു പുതിയ പദ്ധതി ഏര്‍പ്പാട് ചെയ്തു. പ്രാഥമിക വിദ്യാലയങ്ങള്‍ ഇല്ലാത്ത കുഗ്രാമങ്ങളില്‍ ഓരോ ഏകാധ്യാപക വിദ്യാലയം തുടങ്ങാനുള്ള പരിപാടി. മലബാറില്‍ 17 വിദ്യാലയങ്ങള്‍ തുടങ്ങാനാണ് തീരുമാനിച്ചത്. ഐക്യ കേരളം വരുമ്പോള്‍ കേരളത്തില്‍ അഞ്ചു ജില്ലയെ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശ്ശൂര്‍, മലബാര്‍. ആ മലബാര്‍ ജില്ലയിലെ ഒരു താലൂക്കായിരുന്നു പാലക്കാട്. എട്ട് താലൂക്കുകള്‍ ചേര്‍ന്നിട്ടുള്ളതാണ് മലബാര്‍ ജില്ല. ഞാന്‍ കൊല്ലങ്കോട് നിന്നു ടീച്ചേഴ്സ് ട്രെയിനിംഗ് കഴിഞ്ഞു. അന്ന് മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ തലസ്ഥാനം കോഴിക്കോടായിരുന്നു. ഞാന്‍ കോഴിക്കോട് എംപ്ലോയിമെന്‍റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തു. രണ്ടു മാസം കഴിഞ്ഞപ്പോള്‍ എനിക്കൊരു ഇന്റെര്‍വ്യൂ കാര്ഡ് വന്നു. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്‍റെ കീഴില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ഇല്ലാത്ത കുഗ്രാമങ്ങളില്‍ ഓരോ ഏകാധ്യാപക വിദ്യാലയം തുടങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അതിനുള്ള ഇന്റെര്‍വ്യൂനാണ് എന്നെ വിളിച്ചത്. ഞാന്‍ രാത്രി ഒലവക്കോട് നിന്നു വണ്ടി കയറി പുലര്‍ച്ചെ കോഴിക്കോടെത്തി. എന്‍റെ അമ്മാവന്‍ അവിടെ ഉണ്ടായിരുന്നു. എന്നെ ആദ്യം പോസ്റ്റ് ചെയ്തത് ഏറനാട് താലൂക്കിലാണ്. അന്ന് മലപ്പുറം ജില്ലയൊന്നും ഇല്ല. ഈ അപ്പോയിന്‍മെന്‍റ് ഓര്‍ഡര്‍ വന്നപ്പോള്‍ എന്‍റെ ശമ്പളം 30 രൂപയാണ് അന്ന്. അന്നെനിക്ക് 20 വയസ്സേ ആയിട്ടുള്ളൂ. എന്താണൊരു വഴി. ഭഗവാനെ ഈ ഉദ്യോഗം സ്വീകരിക്കണോ വേണ്ടയോ എന്നു ഞാന്‍ ആലോചിച്ചു. എന്‍റെ നാട്ടുകാരന്‍ എലപ്പുള്ളിക്കാരന്‍ കൃഷ്ണമേനോന്‍ ആയിരുന്നു ഡിസ്ട്രിക് ബോര്‍ഡ് സെക്രട്ടറി. ഞാന്‍ ഇങ്ങനെ നില്‍ക്കുമ്പോള്‍ ഒരാള്‍ വന്നിട്ട് പറഞ്ഞു. നിങ്ങളെ ഓഫീസില്‍ നിന്നു സെക്രട്ടറി വിളിക്കുന്നു എന്നു. ഞാന്‍ അങ്ങോട്ട് ചെന്നു. അപ്പോള്‍ കൃഷ്ണമേനോന്‍ കേനാത്തച്ചന്‍ വരൂ എന്നു പറഞ്ഞു എന്നെ വിളിച്ചു. ഞാന്‍ കൃഷ്ണമേനോനോട് പറഞ്ഞു. എന്താ നിങ്ങളുണ്ടായിട്ടും എന്നെ ഏറനാട് പോസ്റ്റ് ചെയ്തതെന്ന്. കുട്ടീ പാലക്കാട് താലൂക്കില്‍ സ്ഥലം കിട്ടിയിട്ടില്ല. സ്ഥലം കിട്ടിയാല്‍ ഞാന്‍ നിങ്ങളെ അവിടെ പോസ്റ്റ് ചെയ്യാം എന്നു പറഞ്ഞു. ഞാന്‍ ആ അപ്പോയിന്‍മെന്‍റ് ഓര്‍ഡര്‍ മടക്കിക്കൊടുത്തു.

രണ്ട് മാസം കഴിഞ്ഞപ്പോള്‍ പാലക്കാട് താലൂക്കില്‍ തസ്റാക്കില്‍ ഒരു കുഗ്രാമത്തില്‍ എനിക്കു പോസ്റ്റിംഗ് കിട്ടി. അതൊരു മുസ്ലിം ഏരിയാ ആയിരുന്നു. അഞ്ചു മണികഴിഞ്ഞാല്‍ കുറുക്കന്‍മാര്‍ ഓരിയിടുന്ന സ്ഥലം. ബസ്സൊന്നും ഇല്ല. ഒക്കെ നട തന്നെ. മലമ്പുഴ കനാല്‍ വെട്ടിക്കൊട്ടിരിക്കുന്ന സമയമായിരുന്നു അത്. ഞാന്‍ അതിലൂടെ ചോദിച്ചു ചോദിച്ചു നടന്നു തോട്ടുപുഴ കനാല്‍ പാലത്തിന് അടുത്തെത്തി."

തസ്റാക്കിലെ ആദ്യമാഷ് ഓര്‍മ്മയായി; ആ ‘ഷ്കോളി’നെ കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍

“മലമ്പുഷ അണകെട്ടി വെള്ളം തിരിക്ക്ന്നൊക്കെ പറയണ് ണ്ടു. ഇല്ലാത്ത മാഷേനെ പെയ്യിക്കാനോ പെയ്ണ മാഷനെ തട്ക്കാനോ മന്‍ഷന്‍ കൂട്ട്യാ കൂട്വോന്നും, കുട്ടീ ..” (ഖസാക്കിന്‍റെ ഇതിഹാസം)

"കാടാങ്കോട് റോഡ് കഴിഞ്ഞു ചിറ്റൂര്‍ പുഴ കടന്നു തെരുവാരത്തമ്പലത്തില്‍ ദേവിയെയും തൊഴുത് തെക്കുഭാഗത്ത് കണ്ട ഒരാളോട് ഞാന്‍ എവിടെയാണ് ഈ തസ്റാക്ക് എന്നു ചോദിച്ചു. കുട്ടീ ഈ തെക്ക് ഭാഗത്തുള്ള വരമ്പിലൂടെ ഒന്നു രണ്ട് വരമ്പ് കടന്നു പോയാല്‍ തസ്റാക്കില്‍ എത്തും എന്നു പറഞ്ഞു. ശിവശങ്കര മേനോന്‍ എനിക്കു ഒരു അടയാളം പറഞ്ഞു തന്നിരുന്നു. തസ്റാക്ക് ഒരു മുസ്ലിം പള്ളിയുള്ള സ്ഥലമാണ്. ആ പള്ളിയുടെ മുന്നിലുള്ള ഷെഡാണ് ഏകാധ്യാപക വിദ്യാലയത്തിനായി തന്നിരിക്കുന്നത് എന്നൊക്കെ. ഞാന്‍ ആ വരമ്പിലൂടെ നടക്കുമ്പോള്‍ ഒരു ബാങ്ക് വിളി കേട്ടു. ബാങ്ക് വിളി കേട്ടപ്പോള്‍ സമാധാനമായി. ഞാന്‍ ആ പള്ളിയുടെ ഉമ്മറത്ത് എത്തി. ആ പള്ളിയിലെ ഒരു മൊല്ലാക്കയുണ്ട്. അള്ളാപ്പിച്ച. എന്താ ഇവിടെ നിക്കുന്നേന്ന് അള്ളാപ്പിച്ച ചോദിച്ചു. ഇത് തസ്രാക്കല്ലെ എന്നു ഞാന്‍ ചോദിച്ചു. അതെ തസ്റാക് തന്നെ എന്നു പറഞ്ഞു. ഇവിടെ ഒരു ഏകാധ്യാപക വിദ്യാലയം തുടങ്ങാന്‍ എന്നെ നിയമിച്ചിരിക്കുകയാണ് എന്നു ഞാന്‍ പറഞ്ഞു. അള്ളാപ്പിച്ച ഉമ്മറത്ത് ഒരു ഷെഡുണ്ട് എന്നു പറഞ്ഞിട്ടു എനിക്കു ആ ഷെഡ് കാണിച്ചു തന്നു. എന്നോടു ചോദിച്ചു എവിടുന്നാ വരുന്നതെന്ന്. ഞാന്‍ പറഞ്ഞു എലപ്പുള്ളിയില്‍ നിന്നാണെന്ന്. അപ്പോള്‍ എലപ്പുള്ളിയില്‍ എവിടെയാണെന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു വേങ്കോടി കേനാത്തെയാണെന്ന്. കേനാത്തെ എന്നു കേട്ടതും അള്ളാപ്പിച്ച മൊല്ലാക്ക എന്നെ വന്നു കെട്ടിപ്പിടിച്ചു. ഞാന്‍ ചോദിച്ചു എന്താ സായിബേ ഇങ്ങനെ കണ്ടറിവില്ല, കൊണ്ടറിവില്ല, കേട്ടറിവില്ല പിന്നെ എങ്ങിനെയാണ് നിങ്ങള്ക്ക് എന്നെ അറിയുന്നതെന്ന്. അപ്പോള്‍ അള്ളാപ്പിച്ച പറഞ്ഞു. നിങ്ങള്‍ ഞങ്ങളുടെ യജമാന്‍ കുട്ടിയാണെന്ന്. എന്തു വഴിക്കു എന്ന് ഞാന്‍ ചോദിച്ചു. ബ്ലാത്തൂര്‍ തെരുവത്തെ പള്ളി എന്‍റെ പഴയ കാരണവന്‍മാര്‍ കൊടുത്ത സ്ഥലത്താണ്. അതുകൊണ്ടാണ് അള്ളാപ്പിച്ച എന്നെ കണ്ടപ്പോള്‍ കെട്ടിപ്പിടിച്ചത്. ആ പള്ളിയുമായി ബന്ധപ്പെട്ടൊക്കെ വലിയ കഥകള്‍ ഉണ്ട്." രാജഗോപാല മേനോന്‍ പറഞ്ഞു.

"തസ്റാക്കിനെ കുറിച്ച് പറയാം. ഒരു നാട്ടുമ്പുറം, ഓണം കേറാമൂല. മുസ്ലിം ഏരിയയാണ്. പിന്നെ പള്ളി പ്രസിഡന്റായ മുത്ത് റാവുത്തര്‍ വന്നു ഷെഡൊക്കെ വൃത്തിയാക്കാന്‍ പറഞ്ഞു. അല്ലാപ്പിച്ച എനിക്കൊരു മരക്കസേരയും ഒരു സ്റ്റൂളും കൊണ്ട് വന്നു വെച്ചു. അന്ന് ബെഞ്ചും ഡെസ്ക്കും ഒന്നും ഇല്ല. മാപ്പിള പായ, പള്ളിയിലൊക്കെ നിസ്ക്കരിക്കുമ്പോള്‍ വിരിക്കുന്ന പായ ഇല്ലേ അങ്ങനെയുള്ള നാലഞ്ചു പായ വിരിച്ചു. ഞാനും മുത്ത് റാവുത്തരും അള്ളാപ്പിച്ചയും കൂടിയായാല്‍ സ്കൂളായോ എന്ന് ഞാന്‍ ചോദിച്ചു. എനിക്കു കുട്ടികളെയാണ് വേണ്ടത് നിങ്ങളെയല്ല എന്ന് പറഞ്ഞു. ഉടനെ മുത്തുറാവുത്തര് അവരുടെ രണ്ട് മക്കളുണ്ട് ഹൈറുന്നീസ, മഹറുന്നീസ അവരെയും അവരുടെ ചങ്ങാതികളായ നബീസ, ജമീല എന്നിവരെയും കൊണ്ടുവന്നു. അപ്പോള്‍ പണിക്കാര്‍ പറഞ്ഞു ഞങ്ങളുടെ രണ്ട് കുട്ടികള്‍ ഉണ്ട് ചന്ദ്രന്‍, ലീല അവരും വന്നു. പിറ്റേ ദിവസം അല്ലാപ്പിച്ച ഓത്തു പഠിക്കുന്ന പതിനാല് കുട്ടികളെയും കൊണ്ട് വന്നു. അങ്ങനെ പതിനെട്ട് മുസ്ലിം കുട്ടികളെയും രണ്ട് ഹരിജന്‍ കുട്ടികളെയും കൊണ്ട് തുടങ്ങിയതാണ് തസ്റാക്കിലെ ആദ്യത്തെ ഏകാധ്യാപക വിദ്യാലയം."

തസ്റാക്കിലെ ആദ്യമാഷ് ഓര്‍മ്മയായി; ആ ‘ഷ്കോളി’നെ കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍

തേവാരത്ത് ശിവരാമന്‍ നായരുടെ ചെറിയൊരു ഞാറ്റുപുരയിലായിരുന്നു ഏകാധ്യാപക വിദ്യാലയം. രണ്ടു മുറി, വരാന്ത, പുറകില്‍ താഴ്വാരം. വാതില്‍ തുറന്നപ്പോള്‍ മണ്ണിന്‍റെയും നെല്ലിന്‍റെയും മണം വന്നു. നാലഞ്ചു ബെഞ്ചുകള്‍, കസേര, മേശ, ബോഡ്, ഗാന്ധിജിയുടെയും ഹിറ്റ്ലറുടെയും ഹനുമല്‍ പാദരുടെയും വര്‍ണ്ണ പടങ്ങള്‍. ഇതിക്കെ ശിവരാമന്‍ നായരുടെ സംഭാവനയായി കാലേക്കൂട്ടി കരുതി വെച്ചിരുന്നു. (ഖസാക്കിന്‍റെ ഇതിഹാസം)

"ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡിസ്ട്രിക് ബോര്‍ഡില്‍ നിന്നു എനിക്കൊരു എഴുത്ത് വന്നു സ്റ്റേഷനറി സാധനങ്ങള്‍ എടുക്കാന്‍. അങ്ങനെ സ്കൂളിലേക്ക് വേണ്ട നാല് ബെഞ്ച്, ഒരു കസേര, ഒരു സ്റ്റൂള്, ഒരു ബ്ലാക് ബോര്‍ഡ് സ്റ്റാന്‍റ് ഒക്കെ കിട്ടി. രാമശ്ശേരിക്കാരനായ കട്ടവണ്ടിക്കാരന്‍ ബാബുവിനെയും കൂട്ടി പുതുപ്പരിയാരത്ത് പോയി സാധനങ്ങള്‍ കയറ്റി അവിടെ എത്തിച്ചു. ഒരു കൊല്ലം ഞാന്‍ അവിടെ പണിയെടുത്തു. പിന്നെ എനിക്കു എലപ്പുള്ളി ഹൈസ്കൂളിലേക്ക് മാറ്റം കിട്ടി. അവിടെ ബോര്‍ഡ് എലമന്‍ററി സ്കൂളി തിരുവാരം, ബോര്‍ഡ് ഏലമെന്‍ററി സ്കൂള്‍ പെരുവമ്പ്, ബോര്‍ഡ് ഏലമെന്‍ററി സ്കൂള്‍ പാലത്തുങ്കല്‍ ഇങ്ങനെ മൂന്നു സ്കൂള്‍ ഉണ്ടായിരുന്നു. ഉടനെ തിരുവാരത്തുള്ള ഹെഡ്മാസ്റ്റര്‍ക്ക് എന്‍റെ സ്കൂള്‍ ഏറ്റെടുക്കാനും എന്നെ റിലീവ് ചെയ്യാനും വേണ്ടിയുള്ള ഓര്‍ഡര്‍ വന്നു ഞാന്‍ കൊടുത്തു. തിരുവാരത്തുള്ള ഹെഡ്മാഷ്ക്ക് റിട്ടയര്‍ ചെയ്യാന്‍ രണ്ട് കൊല്ലമെ ഉണ്ടായിരുന്നുള്ളൂ. ഞാന്‍ ചര്‍ജ്ജോക്കെ എടുക്കാം പക്ഷേ രണ്ട് സ്കൂളും കൂടി എന്നെക്കൊണ്ടാവില്ല നിങ്ങള്‍ എന്നെ ഒഴിവാക്കണം ആദ്യം. ഞാന്‍ ഒരുകാലത്ത് കുറെ കഷ്ടപ്പെട്ടതാണ് എന്ന് ഹെഡ്മാഷ് പറഞ്ഞു.

ഞാന്‍ അവിടെ നിന്നു വിട്ടത്തിന് ശേഷമാണ് ഒ വി വിജയന്‍റെ പെങ്ങള്‍ ശാന്ത അവിടെയെത്തുന്നത്. അവര്‍ക്ക് ബി എ കഴിഞ്ഞു ബി എഡിന് അഡ്മിഷന്‍ കിട്ടാന്‍ ടീച്ചിംഗ് എക്സ്പീരിയന്‍സ് വേണമായിരുന്നു. ഇവിടെ എവിടെയും ഒഴിവുണ്ടായിരുന്നില്ല. ആ ടീച്ചിംഗ് എക്സ്പീരിയന്‍സിന് വേണ്ടിയാണ് ഇവിടെ വരുന്നത്. അന്ന് കോഴിക്കോട് ഡിസ്ട്രിക് ബോര്‍ഡില്‍ പി ടി ഭാസ്കരപ്പണിക്കരായിരുന്നു പ്രസിഡന്‍റ്. അന്ന് ഒ വി വിജയന്‍ പ്രോവിഡന്‍സ് കോളേജില്‍ പഠിപ്പിക്കുന്നുണ്ടായിരുന്നു. വിജയനും ഭാസ്ക്കര പണിക്കരും തമ്മില്‍ അന്ന് പരിചയം ഉണ്ടായിരുന്നു. അങ്ങനെയാണ് ഒ വി വിജയന്‍റെ പെങ്ങള്‍ ശാന്തയെ തസ്റാക്കിലെ ഏകാധ്യാപക വിദ്യാലയത്തില്‍ അണ്‍ ട്രയിന്‍ഡായിട്ടു പോസ്റ്റ് ചെയ്യുന്നത്. തിരുവാരത്തുള്ള ഹെഡ്മാസ്റ്ററില്‍ നിന്നു ശാന്ത ചാര്‍ജ്ജ് ഏറ്റെടുത്തു. ശാന്ത അവിടെ ജോലി ചെയ്യുന്ന കാലത്താണ് ഒ വി വിജയനെ പ്രോവിഡന്‍സില്‍ നിന്നു ഡിസ്മിസ് ചെയ്യുന്നത്. ആ സമയത്ത് ഒ വി വിജയന്‍ 22 ദിവസം തസ്റാക്കിലെ ഐങ്കോല്‍ പുരയില്‍ വന്നു താമസിച്ചു. അവരുടെ അച്ഛന്‍ സുബേദാരായി റിട്ടയര്‍ ചെയ്തപ്പോള്‍ അച്ഛനും അമ്മയും ഇങ്ങോട്ട് വന്നു. അപ്പോള്‍ വിജയന്‍ ജോലി അന്വേഷിച്ച് ഡല്‍ഹിയിലേക്ക് പോയി. ഡെല്‍ഹിയില്‍ വെച്ചിട്ടാണ് തസ്രാക്കും ഏകാധ്യാപക വിദ്യാലയവും ആസ്പദമാക്കിയുള്ള ഖസാക്കിന്‍റെഇതിഹാസം വിജയന്‍ എഴുതുന്നത്."

ഒ വി വിജയന്‍റെ ഇതിഹാസത്തിന്‍റെ ഇതിഹാസത്തില്‍ ശാന്തക്ക് ജോലികിട്ടിയതും വിജയന്‍ ഇവിടെ വന്നതും ഒക്കെ കൃത്യമായിട്ട് പറയുന്നുണ്ട്. ശാന്ത ഒരു കൊല്ലം ടീച്ചിംഗ് എക്സ്പീരിയന്‍സ് കഴിഞ്ഞ ശേഷം ബി എഡിന് പോയി. അതോടെ തസ്റാക്കിലെ ഏകാധ്യാപക വിദ്യാലയം നിര്‍ത്തല്‍ ചെയ്തു. അടുത്തുള്ള തണ്ണീര്‍ പന്തല്‍ എന്ന സ്ഥലത്തെ സ്കൂളിലേക്ക് കുട്ടികളെ കൊണ്ടുപോവുകയായിരുന്നു.

തസ്റാക്കിലെ ആദ്യമാഷ് ഓര്‍മ്മയായി; ആ ‘ഷ്കോളി’നെ കുറിച്ചുള്ള മരിക്കാത്ത ഓര്‍മ്മകള്‍

രവി അതികാലത്തുണര്‍ന്നു. താഴ്വാരത്തില്‍ അപ്പുക്കിളി ഉറങ്ങുകയായിരുന്നു. താഴ്വാരത്തിന്‍റെ പുറവാതില്‍ തുറന്നുവെച്ച്, ബെഞ്ചും കസേരയും ഹനുമല്‍ പാദരുടെ വര്‍ണ്ണ പടവുമെല്ലാമുള്ള നടമുറികള്‍ രവി അടച്ചു ഭദ്രമാക്കി. രാജിക്കത്തിന്റെ പകര്‍പ്പ് ലക്കോട്ടിലാക്കി രജിസ്റ്ററിനകത്ത് വെച്ചു. മൂലയില്‍ വെള്ളം നിറച്ച കലമിരുന്നു. അതില്‍ കൊതുകിന്‍റെ ലാര്‍വകള്‍ വിരിഞ്ഞു കൂത്തിമറിയാന്‍ തുടങ്ങിയിരുന്നു. പുസ്തകത്തിന്‍റെ ഏടുകള്‍ക്കിടയില്‍ പെന്‍സില്‍ കിടന്നു. കിടക്ക നിവര്‍ന്നു കിടന്നു. രവി ഒന്നുമനക്കിയില്ല. ഉമ്മറവാതിലടച്ചു തഴുതിട്ട് പൂട്ടി. ചാവി ഉമ്മറപ്പടിയില്‍ തിരുകി വെച്ചു. അതവിടെ കാണുമെന്ന് മാധവന്‍ നായരോട് പറഞ്ഞിരുന്നു. പൂട്ടിയടഞ്ഞ വാതിലില്‍ രവി ഇത്തിരി നേരം നോക്കി നിന്നു. കുടയും സഞ്ചിയുമായി ഇറങ്ങുമ്പോള്‍ രവി കണ്ണുകള്‍ ചിമ്മി. സായാഹ്ന യാത്രകളുടെ അച്ഛാ, രവി പറഞ്ഞു, വിട തരിക. മന്ദാരത്തിന്‍റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ ഈ പുനര്‍ജ്ജനിയുടെ കൂട് വിട്ടു ഞാന്‍ വീണ്ടും യാത്രയാണ്. (ഖസാക്കിന്‍റെ ഇതിഹാസം)