ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദിന്റെ കഥ ഓര്‍ക്കുന്നുണ്ടോ. ശക്തനും ഭീമാകാരനുമായ എതിരാളിയെ നേരിട്ട കുഞ്ഞുമനുഷ്യനായ ദാവീദ് കിട്ടിയ അവസരം മുതലെടുത്ത് കവണയില്‍ ഉതിര്‍ത്ത ഒരു കല്ലുകൊണ്ട് ഗോലിയാത്തിന്റെ തല പിളര്‍ക്കുകയായിരുന്നു. കരുത്തനായ എതിരാളി ആലസ്യത്തില്‍നിന്ന് ഉണരും മുന്‍പ് കീഴടക്കിയിരിക്കണമെന്ന് സാരം. സുബോധത്തിലേക്കെത്താന്‍ അവര്‍ക്ക് അല്‍പം സമയം നല്‍കിയാല്‍ തീര്‍ന്നു. അതാണ് ഇന്നലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടപ്പോരാട്ടത്തില്‍ ജര്‍മന്‍ ക്ലബായ ബൊറൂഷ്യ ഡോര്‍ട്മുണ്ടിനും സംഭവിച്ചത്.
ലണ്ടനിലെ പ്രസിദ്ധമായ വെംബ്ലി സ്‌റ്റേഡിയത്തില്‍ അതിശക്തരായ റയല്‍ മാഡ്രിഡിനെ നിലയുറപ്പിക്കും മുന്‍പേ ആക്രമിച്ചുകീഴടക്കാനായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ പദ്ധതി. റയലിന്റെ പേരുകേട്ട പ്രതിരോധനിരയെ വിംഗുകളിലൂടെയുള്ള അതിവേഗ ആക്രമണങ്ങളിലൂടെയും ത്രൂപാസുകളിലൂടെയും വിറപ്പിച്ച ഡോര്‍ട്മുണ്ട് പക്ഷെ കിട്ടിയ അവസരം വേണ്ടുംവിധം ഉപയോഗിച്ചില്ല. ആദ്യ പകുതിയില്‍ ഏഴു തവണയാണ് അവര്‍ ലക്ഷ്യത്തിനടുത്തെത്തിയത്. നിര്‍ഭാഗ്യവും പിന്നെ പരുക്കിന്റെ പിടിയില്‍നിന്ന് മടങ്ങിയെത്തിയ റയല്‍ ഗോള്‍കീപ്പര്‍ തിബോ കോര്‍ട്വയുമാണ് പ്രഷ്യന്‍സിനെ തടഞ്ഞത്. ആദ്യ പകുതിയില്‍ ബൊറൂഷ്യയുടെ ഹൈപ്രെസ് ഗെയിമിനു മുന്നില്‍ ചിതറിപ്പോയ റയലിന് പക്ഷെ വലിയ പരുക്കേല്‍ക്കാതെ ഹാഫ്‌ടൈം വരെ എത്തിക്കാനായതാണ് കളിയുടെ ഗതി മാറ്റിയത്. കൂര്‍മബുദ്ധിയായ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ പ്ലാന്‍ ബിയില്‍ ഇറങ്ങിയ റയല്‍ സെക്കന്‍ഡ് ഹാഫില്‍ ബൊറൂഷ്യയെ പൂട്ടിയിട്ടു. പരിചയസമ്പത്തിന്റെ ബലത്തില്‍ കിട്ടിയ അവസരങ്ങള്‍ ലക്ഷ്യത്തിലെത്തിച്ച് അവര്‍ ചാമ്പ്യന്‍സ് ലീഗില്‍ തങ്ങളുടെ 15-ാം കിരീടവും ഉയര്‍ത്തി. കഴിഞ്ഞ 11 സീസണുകളില്‍ അവരുടെ ആറാം കിരീടമാണിത്.
ആദ്യ പകുതി ബൊറൂഷ്യന്‍ ആരാധകര്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്നതായിരുന്നു. ആക്രമണങ്ങളുമായി ഡോര്‍ട്ട്മുണ്ട് കളം നിറഞ്ഞപ്പോള്‍ വെംബ്ലിയില്‍ മഞ്ഞപ്പട ആരാധകര്‍ ആവേശംകൊണ്ട് സ്‌റ്റേഡിയം ഇളക്കി മറിച്ചു. ഗോള്‍ അവസരങ്ങള്‍ ഒരുക്കിയെങ്കിലും ഡോര്‍ട്ട്മുണ്ട് പടയ്ക്ക് അവ വലയിലെത്തിക്കാന്‍ സാധിച്ചില്ല. പന്ത് വിട്ടുകൊടുക്കാതെ മുന്നേറാനായിരുന്നു റയലിന്റെ ആദ്യ പകുതിയിലെ ശ്രമം. 20ാം മിനിട്ടിലാണ് ഈ പ്രതിരോധം തകര്‍ത്ത് ഡോര്‍ട്ട്മുണ്ടിന് അവസരം ത്രൂ ബോള്‍ വഴി മുന്നേറ്റത്തിന് അവസരം ലഭിച്ചത്. റയല്‍ ഗോള്‍ കീപ്പര്‍ മാത്രമായിരുന്നു ഡോര്‍ട്ട്മുണ്ട് വിങ്ങര്‍ കരിം അഡയമിക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ ഷോട്ട് ഉയരും മുന്‍പേ തന്നെ റയല്‍ താരങ്ങള്‍ പ്രതിരോധമൊരുക്കിയിരുന്നു. രണ്ട് മിനിട്ടിന് ശേഷം ഫുള്‍ക്ബര്‍ഗിന് ലഭിച്ച ഗോള്‍ അവസരം പോസ്റ്റില്‍ തട്ടി മടങ്ങുകയായിരുന്നു. ഇതോടെ റയല്‍ ആക്രമകാരിയായി. ഒടുവില്‍ ഗോള്‍ രഹിതമായി ആദ്യ പകുതി അവസാനിച്ചു. രണ്ടാം പാതിയില്‍ 73ാം മിനിട്ടിലായിരുന്നു റയല്‍ ആരാധകര്‍ കാത്തിരുന്ന തകര്‍പ്പന്‍ നിമിഷം. ടോണി ക്രൂസിന്റെ കോര്‍ണര്‍ കിക്ക് സൂപ്പര്‍ ഹെഡറിലൂടെ ഡാനി കാര്‍വഹാല്‍ വലകുലുക്കി. പിന്നെ വെബ്ലിയില്‍ കണ്ടത് റയലിന്റെ സമ്പൂര്‍ണ ആധിപത്യമാണ്. ഡോര്‍ട്ട്മുണ്ടിന് തിരിച്ചുവരവ് അസാധ്യമായി.
83ാം മിനിട്ടില്‍ വിനീഷ്യസ് ജൂനിയര്‍ കൂടി വല കുലുക്കിയതോടെ റയല്‍ തങ്ങളുടെ കിരീടം ഉറപ്പിച്ചു. വിട്ട് കൊടുക്കാതെ പൊരുതിയ ഡോര്‍ട്ട്മുണ്ട് അവസാന നിമിഷം ഒരു ഗോള്‍ മടക്കി. പക്ഷെ വീണ്ടും നിര്‍ഭാഗ്യം തിരിച്ചടിയായി. ഓഫ്‌സൈഡ് നിയമമാണ് ഇത്തവണ പണി പറ്റിച്ചത്. തൊട്ടടുത്ത നിമിഷം ഫൈനല്‍ വിസില്‍ മുഴങ്ങി, റയല്‍ വീണ്ടും യൂറോപ്പിന്റെ രാജാക്കന്‍മാരായി കപ്പുയര്‍ത്തി. വിഖ്യാത ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന് റയല്‍ കുപ്പായത്തില്‍ നിന്ന് കിരീടത്തോടെ വിടവാങ്ങാനുമായി.
English summary: Real Madrid win Champions League title for record-extending 15th time, beat Borussia Dortmund 2-0