വര്‍ഗ്ഗീയ ശക്തികള്‍ ഭരിക്കുന്ന ഒരു നാട്ടില്‍ ജീവിക്കുന്നതിനേക്കാള്‍ വിഷമകരമായ മറ്റൊരു അവസ്ഥയില്ലെന്നാണ് ഒരിക്കല്‍ ബി.ആര്‍.പി സര്‍ പറഞ്ഞത്. അന്നദ്ദേഹം തിരുവനന്തപരുത്തെ ചെറുവയ്ക്കലിലെ വീട്ടില്‍ പത്നിക്കൊപ്പം വിശ്രമ ജീവിതത്തിലായിരുന്നു. പലഘട്ടങ്ങളിലായി നേരിട്ട തൊഴിലില്ലായ്മയുടെ ആദ്യഘട്ടത്തിലായിരുന്നു ഞാനന്ന്. സാറിന് ഒരു സഹായിയെ വേണമെന്ന് ശരത് കുമാര്‍ എന്ന സഹോദര തുല്യനായ മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ കാണാന്‍ ആദ്യമായി എത്തിയപ്പോഴായിരുന്നു ഈ സംഭാഷണം. remembering of brp bhaskar veteran journalist who passed away
പല വിഷയങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ടെങ്കിലും സഹായിയായി എന്നെ നിയമിക്കാന്‍ അദ്ദേഹം തീരുമാനിച്ചിരുന്നില്ല. സംഭാഷണത്തിനിടയിലെവിടെയോ സുബ്രഹ്‌മണ്യദാസ് എന്നൊരു പേര് അദ്ദേഹം പറഞ്ഞു. ഞാന്‍ ചോദിച്ചത് ‘മലയാളി ഒരു തോറ്റ ജനതയാണ്’ എന്ന് പറഞ്ഞ് ആത്മഹത്യ ചെയ്ത കവിയല്ലേ എന്നാണ്. അദ്ദേഹത്തിന്റെ മുഖം വല്ലാതെ വിരിഞ്ഞു. പോകാന്‍ നേരം ‘താന്‍ നാളെ സെന്‍ട്രല്‍ ലൈബ്രറിയിലൊന്ന് പോകണം കുറച്ച് കാര്യങ്ങള്‍ റഫര്‍ ചെയ്യാനുണ്ട്. എന്താണെന്ന് ഞാന്‍ വിളിച്ച് പറയാം.’ എന്ന് പറഞ്ഞാണ് വിട്ടത്. ചെറുവയ്ക്കലിലെ വീടിന്റെ ഗേറ്റ് കടക്കുമ്പോഴും അദ്ദേഹമെന്നെ സഹായിയായി നിയമിച്ചിരിക്കുന്നുവെന്ന് തിരിച്ചറിഞ്ഞില്ല. എന്നാല്‍ തിരിച്ച് സ്റ്റാച്യുവിലേക്ക് പോരുമ്പോള്‍ അന്ന് നടന്ന സംഭാഷണങ്ങള്‍ ആലോചിച്ചപ്പോഴാണ് അതൊരു നിയമനമായിരുന്നു എന്ന് തിരിച്ചറിഞ്ഞത്.
മകള്‍ മരിച്ചതോടെ ഭാര്യയ്ക്കൊപ്പം അദ്ദേഹവും ചെന്നൈയിലേക്ക് താമസം മാറി. പിന്നീട് നേരില്‍ കാണലുണ്ടായിട്ടില്ല. എന്നാല്‍ തൊഴിലില്ലായ്മയും വിഷാദരോഗവും അങ്ങേയറ്റത്തെത്തുന്ന പലഘട്ടങ്ങളിലും ടെലിപ്പതിയില്‍ വായിച്ചിട്ടെന്നവണ്ണം അദ്ദേഹത്തിന്റെ കോള്‍ വരും. രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ക്കൊപ്പം സംസാരം വ്യക്തിപരമാകും. സാറിനെങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ ‘ആ… അങ്ങനെയങ്ങ്..’ എന്ന് പറഞ്ഞ് അവസാനിപ്പിക്കും. കൂടുതലും എന്റെ അവസ്ഥയാണ് അറിയേണ്ടത്. എന്നിട്ട് പറയും ‘എവിടെയെങ്കിലും സ്വാധീനം ചെലുത്താനാകുന്നതിനും അപ്പുറത്തേക്ക് എനിക്ക് പ്രായമായി. പറഞ്ഞാലും ആരെങ്കിലും കേള്‍ക്കണമെന്നില്ല. ഒരുകാര്യം ചെയ്യ്, എന്റെ പേര് പറയൂ. ചിലപ്പോള്‍ ആരെങ്കിലും ഓര്‍ത്താലോ.’ എന്നാണ് പറഞ്ഞത്. അതിന് ശേഷം ഞാനും ധൈര്യമായി ആ പേര് സി.വിയില്‍ ഉപയോഗിക്കാന്‍ തുടങ്ങി. തൊഴിലില്ലായ്മയെക്കുറിച്ചും ഫ്രീലാന്‍സായി ട്രാന്‍സിലേഷന്‍ ജോലികള്‍ ചെയ്യുന്നതിനെക്കുറിച്ചും പറയുമ്പോള്‍ പരിഭാഷ ജേണലിസത്തിലെ പ്രധാന ഘടകമാണ്. ഒരേസമയം സാഹിത്യത്തിലും പത്രപ്രവര്‍ത്തനത്തിലും നിര്‍ണ്ണായക പങ്ക് അതിനുണ്ട് എന്ന് പറഞ്ഞ് ആത്മവിശ്വാസം തന്നിരുന്നു.
ഭാര്യയും മരിക്കുകയും കൊച്ചുമകള്‍ വിദേശ പഠനത്തിനായി പോകുകയും ചെയ്തതോടെയാണ് അദ്ദേഹം അഡയാറില്‍ ഡോക്ടര്‍മാര്‍ വൃദ്ധര്‍ക്ക് വേണ്ടി നടത്തുന്ന സ്ഥാപനത്തിലേക്ക് താമസം മാറിയത്. ജീവിതത്തിന്റെ ഒരു ഘട്ടത്തിലും ഒറ്റയ്ക്കായി പോകാനിടയില്ലാത്ത അദ്ദേഹത്തിന് ആരുടെയും തിരക്കുകള്‍ക്കിടയിലേക്ക് ഇടപെടാന്‍ ആഗ്രഹമുണ്ടായിരുന്നില്ല. ജീവിതത്തിലെ അവസാന ദിവസങ്ങളാണെന്ന് തിരിച്ചറിഞ്ഞാകാം ഏതാനും മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തേക്ക് തിരിച്ചെത്തിയത്. എത്തിയതിന് പിറ്റേന്ന് തന്നെ എന്നെ വിളിച്ചിരുന്നു. പലപ്പോഴും വരാറുള്ളത് പോലെ അപ്രതീക്ഷിതമായ വിളി. ഞാന്‍ തിരുവനന്തപുരത്തുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ധാരണ. കൊച്ചിയില്‍ ഒരു സ്ഥാപനത്തില്‍ ജോലിയിലാണെന്ന് പറഞ്ഞപ്പോള്‍ സമയം കിട്ടുമ്പോള്‍ ഇവിടേക്ക് വരൂ എന്ന് മാത്രം പറഞ്ഞു. പക്ഷേ, നശിച്ച് പോയ എന്റെ ജീവിതത്തെയോര്‍ത്ത് സങ്കടപ്പെട്ടിരുന്നപ്പോഴും സമയം കിട്ടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം ഞാന്‍ അദ്ദേഹത്തെ വിളിച്ചു. താമസം വിളപ്പിലിലുള്ള ഒരു വയോജന കേന്ദ്രത്തിലാണെന്ന് അദ്ദേഹം മുന്നേ പറഞ്ഞിരുന്നു. അധിക ദൂരമില്ലാതെ ഞാനുമുണ്ട് എന്ന് പറഞ്ഞപ്പോള്‍ ‘ആ… സമയം കിട്ടുമ്പോള്‍ ഇറങ്ങൂ…’ എന്ന് മാത്രം പറഞ്ഞു. സമയം കിട്ടുമ്പോള്‍ പോകാനായി ഏതാനും പുസ്തകങ്ങള്‍ എടുത്തു വച്ചിരിക്കുകയാണ്. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന പുസ്തകത്തിന്റെ ഉള്ളടക്കം പറഞ്ഞപ്പോള്‍ സറിന് വലിയ ആകാംക്ഷയയായി. ‘അത്തരം ജീവിതങ്ങളെക്കുറിച്ചും സമൂഹം അറിയേണ്ടതുണ്ട്. എത്രയും വേഗം തീര്‍ക്കാന്‍ നോക്കൂ. എല്ലാ ആശംസകളും.’ എന്ന് പറഞ്ഞു. ചെല്ലാമെന്ന് പറഞ്ഞപ്പോഴൊന്നും പോകാനായിട്ടില്ല. അപ്പോഴെല്ലാം ‘സാരമില്ല, സമയം പോലെ വാ…’ എന്ന് പറഞ്ഞ് ആശ്വസിപ്പിക്കും.
പത്രപ്രവര്‍ത്തനമെന്നാല്‍ വെറുതെ വാര്‍ത്തയെഴുത്ത് മാത്രമാക്കരുത് എന്നാണ് അദ്ദേഹം എനിക്ക് പഠിപ്പിച്ച് തന്നത്. 2015ല്‍ അദ്ദേഹത്തെ പരിചയപ്പെട്ടതിന് ശേഷമാണ് ഞാന്‍ എന്റെ പത്രപ്രവര്‍ത്തന ശൈലിയുടെ ഗിയര്‍ മാറ്റിയത്. സമൂഹത്തിന് വേണ്ടിയാകണം നമ്മുടെ വിരലുകള്‍ ചലിക്കേണ്ടത് എന്നാണ് അദ്ദേഹമെനിക്ക് പറഞ്ഞ് തന്നത്. ഒരിക്കല്‍ എന്നോട് ആവശ്യപ്പെട്ടത് 1947കള്‍ക്ക് മുമ്പേ ആദിവാസികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ പാസാക്കിയ ഭൂനിയമത്തെക്കുറിച്ചുള്ള വിവരങ്ങള്‍ തപ്പിയെടുക്കാനാണ്. ദലിതര്‍, ആദിവാസികള്‍, രാജ്യത്തെ ഭൂപ്രശ്നങ്ങള്‍, സ്ത്രീകള്‍, സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെടുന്ന എല്ലാ വിഭാഗങ്ങളും, അത്തരത്തില്‍ ഇന്നത്തെ മുഖ്യധാരാ മാധ്യമങ്ങളെല്ലാം അവഗണിക്കുന്ന വിഷയങ്ങളിലായിരുന്നു അദ്ദേഹത്തിന്റെ ശ്രദ്ധ. മാധ്യമപ്രവര്‍ത്തനത്തോടുള്ള എന്റെ സമീപനത്തില്‍ മാറ്റം വന്നത് അദ്ദേഹത്തോടൊപ്പം കൂടിയതിന് ശേഷമാണ്. ബിആര്‍പി സാര്‍ തന്ന വഴികളാണ് പിന്നീടിങ്ങോട് ഞാന്‍ പിന്തുടര്‍ന്ന് പോരാന്‍ ശ്രമിക്കുന്നതും.
2019ലും കേന്ദ്രത്തില്‍ ബി.ജെ.പി അധികാരത്തിലെത്തിയപ്പോള്‍ ‘ഇനിയെന്താകുമെന്ന് കണ്ടറിയണം. ഇവര്‍ തിരുത്താനാകാത്ത ശക്തികളായി വളരുകയാണ്. പക്ഷേ. ഇതൊരു സ്വാഭാവിക പ്രക്രിയയാണ്. കാരണം, ഇന്ത്യ എല്ലാക്കാലത്തും വര്‍ഗ്ഗീയമായി ചിന്തിക്കുന്ന ജനതയാണ്. ആര് ഭരിച്ചാലും ഇവിടുത്തെ വര്‍ഗീയ ചിന്ത മാറില്ല. ഇവര്‍ ഭരിക്കുമ്പോള്‍ അത് പ്രത്യക്ഷത്തിലായിരിക്കുമെന്ന് മാത്രം’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്തായാലും അഞ്ച് വര്‍ഷത്തിനിപ്പുറം മറ്റൊരു തെരഞ്ഞെടുപ്പ് ഫലം കാണാന്‍ അദ്ദേഹമില്ല. ഈ ദിവസം തന്നെ അത് സംഭവിച്ചതും ഒരു നിയോഗമാകും.
പത്രപ്രവര്‍ത്തന രംഗത്തെത്തുന്നതിന് മുമ്പുള്ള ചില കാലങ്ങളെക്കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഇങ്ങനെയാണ്; ‘മാധ്യമങ്ങളോടുള്ള കൗതുകം തോന്നിയത് ഞങ്ങള്‍ കായിക്കരയിലെ അച്ഛന്‍ എന്ന് വിളിക്കുന്ന അമ്മയുടെ അച്ഛന്റെ വീടിനടുത്ത് ഒരു ബ്രിട്ടീഷ് കുടുംബം താമസിച്ചിരുന്നു. അവരുടെ മകന്‍ അവിടെ സൈന്യത്തിലായതിനാല്‍ അവിടെ നിന്നുള്ള വിശേഷങ്ങള്‍ അറിയാന്‍ ആ വീട്ടിലെ സ്ത്രീ രാവിലെ തന്നെ റേഡിയോ ഉച്ചത്തില്‍ വയ്ക്കും. ആരാണ് അതിനുള്ളില്‍ നിന്നും സംസാരിക്കുന്നതെന്ന കൗതുകം കുട്ടികളായ ഞങ്ങള്‍ക്കുണ്ടായിരുന്നു. 1952ല്‍ നടന്ന തിരു-കൊച്ചി നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ അച്ഛന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു. എന്നാല്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ സുഹൃത്തുക്കള്‍ക്കൊപ്പം തിരുവനന്തപുരത്ത് അദ്ദേഹവും തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെട്ടിരുന്നതിനാലും നേതാക്കളെല്ലാം ഒളിവിലായിരുന്നതിനാലും സ്വതന്ത്രരായാണ് മത്സരിച്ചത്. പട്ടത്തുവിള കരുണാകരന്‍, എന്‍. രാമചന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങിയത്. കേരള ശബ്ദത്തില്‍ തെരഞ്ഞെടുപ്പുകളെക്കുറിച്ച് കോളം ചെയ്തിട്ടുള്ള ബി.ആര്‍.പി സാര്‍ കേരളത്തില്‍ സജീവമായി പ്രവര്‍ത്തിച്ച ഒരേയൊരു തെരഞ്ഞെടുപ്പും അതായിരുന്നു. അതിനെക്കുറിച്ചുള്ള അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്. ‘തെരഞ്ഞെടുപ്പ് ദിവസം ഞങ്ങള്‍ ഓരോരുത്തരും ഓരോ മണ്ഡലങ്ങളിലായിരുന്നു. ഞാന്‍ നിന്ന ബൂത്തില്‍ എന്റെ അധ്യാപകനായിരുന്നു പ്രിസൈഡിംഗ് ഓഫീസര്‍. പോളിംഗ് ബൂത്തിനുള്ളില്‍ പ്രിസൈഡിംഗ് ഓഫീസറും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമാണ് ഉള്ളത്. കമ്മ്യൂണിസ്റ്റ് വിജയ പ്രതീക്ഷയൊന്നുമില്ലെങ്കിലും ഞങ്ങളെല്ലാം വളരെ ആവേശത്തില്‍ തന്നെയായിരുന്നു. അപ്പോഴാണ് ബൂത്തിന് പുറത്ത് ഒരു ആരവം കേട്ടത്. ഒരാള്‍ വളരെ ഗാംഭീര്യത്തോടെ അകത്തേക്ക് വന്നു. അന്നത്തെ തിരുവിതാംകൂറിന്റെ ആദ്യം പ്രധാനമന്ത്രി പട്ടം താണുപിള്ളയായിരുന്നു അത്. അദ്ദേഹം അവിടെയെത്തിയതില്‍ എനിക്ക് അസ്വാഭാവികത തോന്നി. ഞാന്‍ എഴുന്നേറ്റ് നിന്ന് പ്രിസൈഡിംഗ് ഓഫീസറോട് ഇദ്ദേഹത്തോട് ഇവിടെ നിന്നും പുറത്ത് പോകണമെന്ന് പറയാന്‍ ആവശ്യപ്പെട്ടു. ‘ഇദ്ദേഹത്തെ അറിയില്ലേ. പട്ടം താണുപിള്ള.’ എന്നാണ് എന്റെ അധ്യാപകന്‍ കൂടിയായ പ്രിസൈഡിംഗ് ഓഫീസര്‍ പറഞ്ഞത്. എന്നാല്‍ പട്ടം താണുപിള്ള കൈ ഉയര്‍ത്തി അദ്ദേഹത്തോട് ഇരിക്കാന്‍ പറഞ്ഞിട്ട് വോട്ടര്‍ തിരിച്ചിറങ്ങുന്ന വഴിയിലൂടെ പുറത്തേക്ക് പോയി.’ ഇരുപതാം വയസ്സില്‍ സൂക്ഷിച്ച ഈയൊരു ശരിപക്ഷം 92-ാം വയസ്സിലും ബി.ആര്‍.പി സൂക്ഷിച്ചു.
1932 മാര്‍ച്ച് 12ന് തിരുവനന്തപുരം ജില്ലയിലെ കായിക്കലില്‍ ആണ് ബാബു രാജേന്ദ്ര പ്രസാദ് ഭാസ്‌കര്‍ എന്ന ബി.ആര്‍.പി ഭാസ്‌കര്‍ ജനിച്ചത്. പിതാവ് എ.കെ ഭാസ്‌കര്‍ ഈഴവ നേതാവും സാമൂഹിക പ്രവര്‍ത്തകനും ആയിരുന്നു. ദേശീയ പ്രസ്ഥാനത്തില്‍ സജീവമായിരുന്ന എ.കെ ഭാസ്‌കര്‍ ദേശീയ നേതാക്കളുടെ പേരുകള്‍ ചേര്‍ത്ത് മക്കള്‍ക്ക് പേരിട്ടതിന്റെ ഭാഗമാണ് പിന്നീട് ബി.ആര്‍.പി എന്ന ചുരുക്കപ്പേരായി മാറിയ ബാബു രാജേന്ദ്ര പ്രസാദ്. അച്ഛന്റെ പത്രാധിപത്യത്തിലുള്ള നവഭാരതത്തില്‍ അദ്ദേഹമറിയാതെ അപരനാമത്തില്‍ ലേഖനങ്ങളെഴുതിയായിരുന്നു ബി.ആര്‍.പി എഴുത്തിന്റെ വഴി തെരഞ്ഞെടുത്തത്. 1951ല്‍ കേരള സര്‍വ്വകലാശാലയില്‍ നിന്നും ബി.എസ്.സി പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം 1953ല്‍ ചെന്നൈയില്‍ ഹിന്ദുവില്‍ സബ് എഡിറ്ററായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1959ല്‍ യൂണിവേഴ്സിറ്റി ഓഫ് ഫിലിപ്പൈന്‍സില്‍ നിന്നും എം.എ ബിരുദവും കരസ്ഥമാക്കി. 1959 മുതല്‍ 63 വരെ സ്റ്റേറ്റ്സ്മാനില്‍ ഉപപത്രാധിപരായിരുന്നു. 1963-65 പാട്രിയാറ്റ് സബ്എഡിറ്റര്‍, 1965 മുതല്‍ 83 വരെ യു.എന്‍.ഐ, 84 മുതല്‍ 91 വരെ ബംഗളൂരുവില്‍ ഡെക്കാണ്‍ ഹെറാള്‍ഡില്‍ അസോസിയേറ്റ് എഡിറ്റര്‍, 96 മുതല്‍ 97 വരെ ഹൈദ്രാബാദില്‍ ആന്ധ്രാപ്രദേശ് ടൈംസിന്റെ ഡയറക്ടറും കണ്‍സള്‍ട്ടന്റും എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഡല്‍ഹി ജീവിത കാലത്ത് എം.പി നാരായണപിള്ള ഉള്‍പ്പെടെയുള്ള വിപുലമായ സൗഹൃദം അദ്ദേഹത്തിനുണ്ടായിരുന്നു.
ഭാര്യ രമ ബി.ഭാസ്‌കര്‍ കഴിഞ്ഞ വര്‍ഷമാണ് അന്തരിച്ചത്. മകള്‍ ബിന്ദു ഭാസ്‌കര്‍ ബാലാജി. ‘ചരിത്രം നഷ്ടപ്പെട്ടവര്‍’, ‘ന്യൂസ് റൂം- ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവകുറിപ്പുകള്‍’ എന്നീ പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
Content Summary; Remembering of BRP Bhaskar veteran journalist who passed away