കൊൽക്കത്തയിലെ ബലാത്സംഗ കൊലപാതക കേസിൽ പ്രതി സഞ്ചയ് റോയിക്ക് ജീവപര്യന്തം ശിക്ഷ നൽകിയതിനെതിരെ പശ്ചിമ ബംഗാൾ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. അപ്പീലിനെ എതിർത്തുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിബിഐ. കഴിഞ്ഞ വർഷം കൊൽക്കത്തയിലെ ആർജി കാർ ആശുപത്രിയിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് സഞ്ചയ് റോയ്ക്ക് ജീവപര്യന്തം ശിക്ഷ നൽകിയത്.
ശിക്ഷയിലെ ഇളവിനെ ചോദ്യം ചെയ്യാൻ പ്രോസിക്യൂഷൻ ഏജൻസിക്ക് മാത്രമേ കഴിയൂ എന്ന് സിബിഐ കൊൽക്കത്ത ഹൈക്കോടതിയെ അറിയിച്ചു. കേസ് സിബിഐ അന്വേഷിച്ചത് ആയതിനാൽ സംസ്ഥാനത്തിന് അപ്പീൽ നൽകാൻ കഴിയില്ലെന്നാണ് സിബിഐ വ്യക്തമാക്കുന്നത്.
സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറൽ സിബിഐയുടെ വാദത്തെ എതിർത്തു. കേസിൽ പ്രാഥമിക അന്വേഷണം നടത്തിയത് പോലീസാണെന്നും പിന്നീടാണ് കേസ് സിബിഐക്ക് കൈമാറിയതെന്നുമാണ് സംസ്ഥാനത്തിന്റെ വാദം.
ക്രമസമാധാനം സംസ്ഥാനത്തിന്റെ അധികാരപരിധിയാണെന്നും അഡ്വക്കേറ്റ് ജനറൽ കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ അപ്പീൽ പരിഗണിക്കുന്നതിന് മുൻപ് സിബിഐയുടെയും, ഇരയുടെ കുടുംബത്തിന്റെയും, സഞ്ചയ് റോയിയുടെയും നിവേദനങ്ങൾ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഈ കേസ് ജനുവരി 27 തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
2024 ഓഗസ്റ്റ് 9 നാണ് രാജ്യത്താകമാനം കോളിളക്കം സൃഷ്ടിച്ച ആർ ജി കാർ മെഡിക്കൽ കോളേജിലെ ബലാത്സംഗക്കൊല നടന്നത്. ക്രൂര ബലാത്സംഗത്തിന് ശേഷം ജൂനിയർ ഡോക്ടറെ കൊലപ്പെടുത്തിയ കേസിൽ രാജ്യം കാത്തിരുന്ന വിധിയാണിത്. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിൽ ആർ ജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ 31 കാരിയായ ജൂനിയർ ഡോക്ടറെ കോളേജ് കെട്ടിടത്തിൽ ക്രൂരബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നതാണ് കേസ്.
content summary; CBI can, not state: Agency opposes Bengal’s plea against life term in RG Kar case