സഹതാപത്തിന്റെ കവിതയാണ് പശു- ഗാന്ധി ഒരിക്കല്‍ പറഞ്ഞു. പക്ഷേ ചരിത്രത്തില്‍ ഗാന്ധിയുടെ പശു അല്ല ഗോള്‍വാള്‍ക്കറുടെ പശു. ഗാന്ധി രാഷ്ട്രപിതാവാണ്, എന്നാല്‍ ഇന്ത്യന്‍ ഫാസിസത്തിന്റെ പിതാവാണ് ഗോള്‍വാള്‍ക്കര്‍. ഒരാള്‍ അഹിംസയുടെ രാഷ്ട്രീയവും രണ്ടാമന്‍ വെറുപ്പിന്റെ രാഷ്ട്രീയവും പ്രചരിപ്പിച്ചു. ഗാന്ധി പശുവിനെ ഗ്രാമീണ വികസനത്തിന്റെ ഘടകമായി പരിഗണിച്ചപ്പോള്‍ പശുവിനെ ഗോള്‍വാള്‍ക്കര്‍ വെറുപ്പ് വിതക്കാനുള്ള രാഷ്ട്രീയ ആയുധമായിട്ടാണ് ഉപയോഗപ്പെടുത്തിയത്. പശുവിനെ ഉപയോഗിച്ച് അദ്ദേഹം കലാപം ഉണ്ടാക്കി. അത് പാര്‍ലമെന്റ് ആക്രമണത്തിലേക്ക് വരെ നയിച്ചു. ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റ് ആക്രമണം പശുവിനെ ചൊല്ലിയാണ്. 1966 ല്‍, നവംബര്‍ 7ന് ആയിരക്കണക്കിന് നാഗാ സന്യാസിമാര്‍ പാര്‍ലമെന്റ് ആക്രമിച്ചു. രാജ്യവ്യാപകമായി ഗോവധം നിരോധിക്കണം എന്ന ആവശ്യം ഉന്നയിച്ചായിരുന്നു പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച്. അത് അക്രമാസക്തമായി. തെരുവില്‍ കലാപമുണ്ടായി.പോലീസ് കലാപകാരികളെ നിയന്ത്രിക്കാന്‍ പാടുപെട്ടു. പാര്‍ലമെന്റിന്റെ മുന്‍ഗേറ്റ് അവര്‍ അടിച്ചു തകര്‍ത്തു. പോലീസിന് നേരെ വ്യാപകമായ കല്ലേറുണ്ടായി. കലാപത്തില്‍ ഒരു പോലീസുകാരന്റെ ജീവന്‍ നഷ്ടപ്പെട്ടു. കലാപകാരികളെ പിരിച്ചുവിടാന്‍ പോലീസിന് വെടിവയ്‌ക്കേണ്ടി വന്നു. ഈ അനിഷ്ട സംഭവത്തില്‍ ഏഴ്‌പേര്‍ കൊല്ലപ്പെട്ടു. അന്നത്തെ ആഭ്യന്തരമന്ത്രിക്കെതിരെ കലാപകാരികള്‍ക്ക് ഒത്താശ ചെയ്തുകൊടുത്തു എന്ന ആരോപണം ഉണ്ടായി. ആഭ്യന്തര മന്ത്രി ആയ ഗുല്‍സാരി ലാല്‍ നന്ദക്ക് രാജിവെക്കേണ്ടി വന്നു. പശു രാഷ്ട്രീയം പശു ദേശീയതയായി ഉയര്‍ത്തിക്കൊണ്ടുവന്നാല്‍ വിഭാഗീയതയുടെ രാഷ്ട്രീയം എളുപ്പമാക്കാം എന്ന് ഗോള്‍വാള്‍ക്കര്‍ക്ക് പരിപൂര്‍ണ്ണ ബോധ്യം വന്നത് ഈ സംഭവത്തിനുശേഷം ആകാം. വൈകാരികത ഫാസിസ്റ്റുകളുടെ ആയുധം ആണല്ലോ. അതുകൊണ്ടാണ് വിശ്വാസങ്ങള്‍ വ്രണപ്പെട്ടു എന്ന് പറഞ്ഞവര്‍ മുറവിളി കൂട്ടുന്നത്. പശു രാഷ്ട്രീയം വിജയിപ്പിക്കാന്‍ വേണ്ടിയാണ്, ഗാന്ധിയുടെ ആത്മീയ ദേശീയത അവര്‍ ഹൈജാക്ക് ചെയ്യുകയും ഹൈന്ദവ ദേശീയതയായി അതിനെ പരിവര്‍ത്തിപ്പിക്കുകയും ചെയ്തത്. ഗാന്ധി പലപ്പോഴായി എഴുതിയിട്ടുള്ള പശുവിനെക്കുറിച്ചുള്ള കാഴ്ച്ചപ്പാടുകള്‍ സംഘപരിവാര്‍ തങ്ങളുടെ പ്രത്യയശാസ്ത്ര വളര്‍ച്ചയ്ക്ക് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് ഉണ്ടായത്.
മനുഷ്യ പരിണാമത്തിലെ ഏറ്റവും മനോഹരമായ പ്രതിഭാസമാണ് ഗോസംരക്ഷണം എന്ന വിചാരമാണ് ഗാന്ധിക്ക് ഉണ്ടായിരുന്നത്. അത് അഹിംസയില്‍ അധിഷ്ഠിതമായ ഒന്നായിരുന്നു. ഗോ സംരക്ഷണം കേവലം പശുവിന്റെ സംരക്ഷണം മാത്രമല്ല, സമൂഹത്തിന്റെ സംരക്ഷണം കൂടിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. ‘പശുവിന് ദിവ്യത്വം കല്‍പ്പിച്ചു കൊടുത്തതെന്തിനാണെന്ന് അറിയില്ലെങ്കിലും, ഇന്ത്യയില്‍ പശു നല്ല കൂട്ടാളിയാണ്. പശു മനുഷ്യര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ തരുന്നു. പാല്‍ മാത്രമല്ല, കൃഷി സാധ്യമാക്കുന്നത് പശുവാണ്. പശുവിന്റെ സംരക്ഷണത്തിനു വേണ്ടി ഞാന്‍ ഒരു മനുഷ്യനെ കൊല്ലുകയില്ല, എന്നാല്‍ എത്ര വില പിടിപ്പുള്ളതായാലും ഒരു മനുഷ്യജീവനെ രക്ഷിക്കാനായി ഞാന്‍ ഒരു പശുവിനെയും കൊല്ലുകയില്ല’ ഗ്രാമീണ വികസനത്തിന്റെയും ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിന്റെയും ഉപാധി എന്ന നിലയ്ക്കാണ് ഗാന്ധി പശുവിനെ കണ്ടത്. വിശുദ്ധ പശു (Holly Cow) എന്ന സങ്കല്പത്തില്‍ അല്ല.
രാഷ്ട്രീയകാരണങ്ങളാല്‍ പശുവിന്റെ പാല് കുടിക്കുന്നത് നിര്‍ത്തിയ ആളാണ് ഗാന്ധി. പശുവില്‍ ഇറച്ചി രൂപപ്പെടുന്നതും പാല്‍ രൂപപ്പെടുന്നതും ഒരേ പ്രക്രിയയിലൂടെയാണ്. ബയോകെമിസ്ട്രി പഠിച്ചവര്‍ക്ക് അത് അറിയാം.അന്ധവിശ്വാസം മാറ്റിനിര്‍ത്തിയാല്‍ പശുവിന്‍ പാല്‍ കുടിക്കുന്നവര്‍ക്ക് പശുവിന്റെ ഇറച്ചിയും കഴിക്കാം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പശുവിന്റെ പാല്‍ കുടിക്കുന്നവര്‍ പശുവിന്റെ ഇറച്ചി തിന്നുകയാണ്. ഗോള്‍വാള്‍ക്കര്‍ പശുവിന്റെ പാല്‍ കുടിക്കുന്ന ആളായിരുന്നു. പശുവിന്റെ പാലിലുള്ള പ്രോട്ടീന്‍ തന്നെയാണ് ഇറച്ചിയിലും ഉള്ളത്.
ഗോള്‍വാള്‍ക്കര്‍
പശുവില്‍ നിന്ന് കൂടുതല്‍ പാല്‍ ലഭിക്കാനായി ക്രൂരമായ രീതികള്‍ അവലംബിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോഴാണ് ഗാന്ധി പാലിന്റെ ഉപയോഗം നിര്‍ത്തിയത്. ഫൂക്ക (Phooka) ദൂമ്മ്‌ദേവ് (Doomdev) പോലുള്ള കാടന്‍ രീതികള്‍ ആയിരുന്നു പാലിന്റെ ഈട് കൂട്ടാനായി കര്‍ഷകര്‍ സ്വീകരിച്ചിരുന്നത്. പ്രിവന്‍ഷന്‍ ഓഫ് ക്രൂവല്‍റ്റി ടു ആനിമല്‍സ് ആക്ട് 1960 പ്രകാരം ഈ രീതികള്‍ പിന്നീട് നിരോധിക്കുകയുണ്ടായി.
മനുഷ്യരെ വേട്ടയാടുന്ന അനാചാരങ്ങള്‍ക്കെതിരെ നിലപാട് എടുക്കാത്തവരാണ് ഹൈന്ദവ ഫാസിസ്റ്റുകള്‍ എന്ന് നമുക്കറിയാം. സതി പോലുള്ള ആചാരങ്ങള്‍ക്കെതിരെ അവര്‍ ശബ്ദമുയര്‍ത്തിയിട്ടില്ല.ഗോവധം ക്രിമിനല്‍ കുറ്റമാക്കണമെന്ന് പറയുന്നവര്‍, മനുഷ്യത്വരഹിതമായി പാലുല്പാദനം കൂട്ടുന്ന കാടന്‍ രീതികള്‍ക്കെതിരെയും മിണ്ടിയിട്ടില്ല. വിശ്വാസത്തിന്റെ പേരിലുള്ള പശു പ്രേമമല്ല ഇക്കൂട്ടരുടേതെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ‘ ഗോവധവും മനുഷ്യവധവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്’ ഗാന്ധി ഒരിക്കല്‍ പറഞ്ഞിരുന്നു. ഗോമാംസം കൈവശം വയ്ക്കുന്നവരെ പോലും സംഘപരിവാര്‍ തെരുവുകളില്‍ ആക്രമിക്കുന്നു. പശുദേശീയതയുടെ ഉല്‍പ്പന്നമാണ് ഇത്തരം ആക്രമണങ്ങള്‍. ഇത് നമ്മുടെ ഫെഡറല്‍ സംവിധാനത്തിനെതിരായ ഒന്നാണ്. പശു ദേശീയതക്ക് പകരം എരുമദേശിയത ഉയര്‍ത്തിക്കൊണ്ടു വരേണ്ടതുണ്ട്. ഇത് എളുപ്പമല്ല കാരണം ജാതീയതയും വിശ്വാസവും അധികാരത്തില്‍ ഉള്ളടങ്ങിയിട്ടുള്ള ബ്രാഹ്‌മണിസവും ഇതിന് എതിര്‍ നില്‍ക്കുന്നു. ഗാന്ധി പശുവില്‍ കണ്ടത് എരുമയില്‍ കാണാതെ പോയി. പശുവിനെ സമ്പദ് വ്യവസ്ഥയെ ചലിപ്പിക്കുന്ന ഒരു പരിശുദ്ധ മൃഗമായിട്ടാണ് ഗാന്ധി കണ്ടത്. പശു ആരാധന വെറുപ്പ് വിതക്കാനുള്ള രാഷ്ട്രീയത്തിന് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം 1930 കളില്‍ നിനച്ചു കാണില്ല.ഗാന്ധി പശുവിനെ മതാത്മകമായാണ് തുടക്കത്തില്‍ സ്വീകരിച്ചിരുന്നതെങ്കിലും മനുഷ്യരുടെ ജീവിതോപാധി ആയി അതിനെ പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമം ഗോവധത്തിനെതിരായി നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു എന്ന് വേണം കരുതാന്‍. ജീവിതോപാധിയും വിശ്വാസവും കൂടിക്കലര്‍ന്ന ഒരു സങ്കീര്‍ണതയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇപ്പോഴും പശു.
ഗുല്‍സാരിലാല്‍ നന്ദ
പശു രാഷ്ട്രീയം തിരിച്ചറിയാന്‍ തുടങ്ങിയ നിമിഷം മുതല്‍ ഗാന്ധി പശുവിനെക്കുറിച്ചുള്ള തന്റെ മതവിശ്വാസത്തിന്റെ കാഴ്ച്ച പ്പാടില്‍ നിന്ന് മാറി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. ‘ഗോ സംരക്ഷണം ഒരു എളുപ്പ വേലയല്ല. ഇതിന്റെ പേരില്‍ കുറെ അധികം പണംപാഴാക്കുന്നുണ്ട്. അഹിംസയുടെ അഭാവത്തില്‍ ഹിന്ദുക്കള്‍ ഗോരക്ഷകരാകുന്നതിനു പകരം പശുക്കളുടെ വിനാശകാരികള്‍ ആവുകയാണ് ചെയ്യുന്നത്.’ 1947 ല്‍ ഹരിജനില്‍ അദ്ദേഹം എഴുതി.
ഇന്ത്യയിലെ ആദ്യത്തെ പാര്‍ലമെന്റ് ആക്രമണം നടത്തിയത് ആര്‍ എസ് എസ് ആണ്. പശുവിന്റെ പേരില്‍ അന്ന് ഡല്‍ഹിയില്‍ കൊള്ളിവെപ്പും പരക്കെ ആക്രമണങ്ങളും നടന്നു.ഒരു ബില്യണ്‍ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായി എന്നാണ് കണക്കാക്കിയത്. തെരുവില്‍ അനേകം വാഹനങ്ങളും കടകളും തീ വെച്ച് നശിപ്പിക്കപ്പെട്ടു.ഗോവധം ക്രിമിനല്‍ കുറ്റമാക്കണമെന്ന് ഗോള്‍വാള്‍ക്കര്‍ ആവശ്യപ്പെട്ടത് ഈ കാലത്താണ്.
നാഗ സന്യാസിമാരെ ഇളക്കി വിട്ടാണ് ഗോള്‍വാള്‍ക്കര്‍ 1966 ല്‍ പശു രാഷ്ട്രീയത്തിന്റെ കാര്‍ഡ് ഇറക്കിയത്. പാര്‍ലമെന്റ് ആക്രമണത്തിനു ശേഷമുള്ള കലാപം കെട്ടടങ്ങിയിട്ടും,ദേശീയ വ്യാപകമായി ഗോവധനിരോധനം ഏര്‍പ്പെടുത്തണമെന്ന ആവശ്യത്തിനു മാറ്റമുണ്ടായില്ല. സംഗതി വഷളാവാന്‍ തുടങ്ങിയപ്പോള്‍ ഇന്ദിരാഗാന്ധി 1967 ജൂണ്‍ 29ന് ഒരു ഹൈപ്പര്‍ കമ്മിറ്റി രൂപീകരിച്ചു. സുപ്രീംകോടതി റിട്ടയര്‍ ചീഫ് ജസ്റ്റിസ് എ. കെ. സര്‍ക്കാര്‍ ആയിരുന്നു കമ്മറ്റി തലവന്‍. ആറുമാസമായിരുന്നു റിപ്പോര്‍ട്ട് നല്‍കാനുള്ള സമയം. കമ്മറ്റി മെമ്പര്‍മാരില്‍ പുരി ശങ്കരാചാര്യയും ഗോള്‍വാള്‍ക്കറും അമൂലിന്റെ അമരക്കാരന്‍ ആയ ഡോക്ടര്‍ വര്‍ഗീസ് കുര്യനും, സാമ്പത്തിക ശാസ്ത്രജ്ഞനായ അശോക് മിത്രയും എച്ച്. എ. ബി. പര്‍ഹിയയും ഉണ്ടായിരുന്നു. 12 വര്‍ഷം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. നാഷണല്‍ ആര്‍കൈവ്‌സില്‍ എവിടെയെങ്കിലും അതിപ്പോഴും പൊടിപിടിച്ചു കിടപ്പുണ്ടാവും. 1974 ല്‍ മൊറാര്‍ജി ദേശായി ഹൈപ്പര്‍ കമ്മിറ്റി പിരിച്ചുവിട്ടു. പശുവിന്റെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പ് സോഷ്യലിസ്റ്റ് നൈതികതയുള്ള ആ കാലത്ത് ജനം തിരിച്ചറിഞ്ഞിരുന്നു.
വിചാരധാര ഇറങ്ങിയ 1966 ല്‍ തന്നെയാണ് ഗോവധ നിരോധന പ്രശ്‌നം കത്തിച്ചു നിര്‍ത്താന്‍ ഗോള്‍വാള്‍ക്കര്‍ പരമാവധി ശ്രമിച്ചത്. പുരി ശങ്കരാചാര്യരേയും നാഗ സന്യാസിമാരെയും കൂടെ നിര്‍ത്തി ഗോള്‍വാള്‍ക്കര്‍ ഇതിനു ചുക്കാന്‍ പിടിച്ചു. പുരി ശങ്കരാചാര്യര്‍ നിരാഹാര സമരത്തില്‍ ഏര്‍പ്പെടുക വരെയുണ്ടായി. പശുവിനെ തൊട്ടു കളിച്ചാല്‍ ഹിന്ദു വികാരം വ്രണപ്പെടും എന്നുള്ള മട്ടില്‍ പ്രചാരവേല നടന്നു. ഈ സമയത്താണ് സമൂഹത്തില്‍ ശാസ്ത്ര അവബോധം വളര്‍ത്താന്‍, ആധുനിക ജീവശാസ്ത്രത്തിന്റെ ശില്പിയായ പുഷ്പ. എം. ഭാര്‍ഗവ ഹൈദരാബാദില്‍ ഒരു മീറ്റിംഗ് സംഘടിപ്പിച്ചത്. ഹൈദരാബാദിലെ സര്‍ക്കാര്‍ ലബോറട്ടറിയില്‍ നടന്ന പ്രസ്തുത മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ട് ഡോ : രാമചന്ദ്ര ഒരു പ്രസ്താവന നടത്തി.
‘പശുവിനെ നമ്മള്‍ തിന്നില്ലെങ്കില്‍ പശു നമ്മളെ തിന്നും’ അദ്ദേഹത്തിന്റെ ഈ സ്റ്റേറ്റ്‌മെന്റ് അടുത്ത ദിവസം പത്രത്തിലെ വലിയ വാര്‍ത്തയായിരുന്നു. സംഭവം വിവാദമായി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ പുഷ്പ. എം. ഭാര്‍ഗവയെ ഹൈപ്പര്‍ കമ്മിറ്റി വിളിപ്പിച്ചു. അദ്ദേഹത്തിന് കാര്യങ്ങള്‍ വിശദീകരിക്കേണ്ടി വന്നു.കമ്മിറ്റിയില്‍ ഗോള്‍വാള്‍ക്കറുമായി വാദപ്രതിവാദം നടന്നു. ഭാര്‍ഗവ കാര്യങ്ങള്‍ ശാസ്ത്രീയ അടിസ്ഥാനത്തില്‍ വിശദീകരിച്ചപ്പോള്‍ ഗോള്‍വാള്‍ക്കര്‍ക്ക് ഉത്തരം മുട്ടി. അവസാനം പുരി ശങ്കരാചാര്യര്‍ക്ക് നമ്മള്‍ കേസ് തോല്‍ക്കുന്ന രീതിയില്‍ തര്‍ക്കം വേണ്ട എന്ന് ഗോള്‍വാള്‍ക്കറോട് ഇടപെട്ട് പറയേണ്ടിവന്നു. (*പുഷ്പ മിത്ര ഭാര്‍ഗവയുടെ ആത്മകഥയില്‍ നിന്ന്)
ഗോള്‍വാള്‍ക്കറുടെ പശു പ്രേമം ശുദ്ധ രാഷ്ട്രീയ തട്ടിപ്പാണ്. പല ജാതി മതസ്ഥര്‍ ഇടകലര്‍ന്നു ജീവിക്കുന്ന ഭൂമികയിലെ സാമൂഹ്യ മൈത്രി തകര്‍ക്കാന്‍ ഉള്ള ഒരു സോഷ്യല്‍ എന്‍ജിനീയറിങ് അല്ലാതെ മറ്റൊന്നുമല്ല പശു രാഷ്ട്രീയം. ബ്രാഹ്‌മണര്‍ വെജിറ്റേറിയന്‍മാരാണ് എന്നുള്ളത് തന്നെ പച്ചക്കറിയാണോ ആദ്യം ഉണ്ടായത് ബ്രാഹ്‌മണിസമാണോ എന്ന ചോദ്യത്തിനെ ആശ്രയിച്ചിരിക്കും. മഹാഭാരതം വായിക്കുമ്പോള്‍ നമുക്ക് ഒരു കാര്യം ബോധ്യമാവും. ബ്രാഹ്‌മണര്‍ ഇറച്ചി കഴിച്ചിരുന്നു.
പാണ്ഡവര്‍, മയന്‍ തങ്ങള്‍ക്കായി പണികഴിപ്പിച്ച കൊട്ടാര സഭയിലേയ്ക്ക് ഗൃഹപ്രവേശം നടത്തിയപ്പോള്‍ മാന്‍, പന്നി എന്നിവയുടെ മാംസം ചേര്‍ത്ത അന്നവും പലതരം മാംസങ്ങളും നെയ്‌ച്ചോറും ചേര്‍ന്ന സദ്യ പതിനായിരം ബ്രാഹ്‌മണര്‍ക്ക് നടത്തി എന്നാണ് മഹാഭാരതം സഭാപ്രവേശം പറയുന്നത്.
പഴയ പാര്‍ലമെന്റ്
ഗോമാംസത്തിന്റെ പേരില്‍ ആളുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നവര്‍ വ്രത കാലങ്ങളിലെങ്കിലും മഹാഭാരതം മനസ്സിരുത്തി വായിക്കുന്നത് നല്ലതാണ്. പുരാതനകാലത്ത് എഴുതപ്പെട്ടിട്ടുള്ള ചരക സംഹിതയില്‍ പശു മാംസം ഔഷധമായി ഉപയോഗിക്കുന്നതിനെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട്. ‘അസ്ഥിരമായ പനി, കഫക്കെട്ട്, ചുമ, അലര്‍ജി, അമിത വായു സ്തംഭനം, അമിത അധ്വാനത്താലുണ്ടാകുന്ന വിശപ്പ്, ക്ഷീണം എന്നിവ മൂലം ശരീരം ശോഷിക്കുന്നവര്‍ക്ക് ഗോമാംസം ഉത്തമമാണെന്ന് ചരക സംഹിത നിര്‍ദ്ദേശിക്കുന്നുണ്ട്.
യോഗയും ആയുര്‍വേദവും ഹൈന്ദവമാണെന്ന് പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് ഉണ്ടാക്കുന്ന ഫാസിസ്റ്റുകളേ തുറന്നു കാട്ടാന്‍ പുരാണ ലിഖിതങ്ങള്‍ തന്നെ മതി. ഹൈന്ദവ ഫാസിസ്റ്റുകള്‍ ഭരിക്കുന്ന ഈ കാലത്തും അദാനിയുടെ പോര്‍ട്ട് വഴി ഗോക്കളെ വിദേശരാജ്യങ്ങളിലേക്ക് മാംസമാക്കാന്‍ കയറ്റി അയക്കുന്നത് ആരാണെന്നും ജനങ്ങള്‍ക്കറിയാം. അതുകൊണ്ട് പശു രാഷ്ട്രീയം വിശ്വാസത്തിന്റെ പ്രശ്‌നമല്ല വിശ്വാസ വഞ്ചനയുടെ പ്രശ്‌നമാണ്. ഹിന്ദുക്കളെ പറ്റിക്കുന്ന രാഷ്ട്രീയത്തിന്റെ പേരാണ് ആര്‍എസ്എസ്. ഗോള്‍വാള്‍ക്കറുടെ രാഷ്ട്രീയ ജീവിതം അതിന്റെ തെളിവാണ്. ധവള വിപ്ലവത്തിന്റെ ഉപജ്ഞാതാവ് വര്‍ഗീസ് കുര്യന്റെ ആത്മകഥയായ ‘ I too had a Dream’ ല്‍ ഗോള്‍വാള്‍ക്കറെക്കു റിച്ച് ഒരു പരാമര്‍ശം ഉണ്ട്. ഇരുവരും തമ്മിലുള്ള ഒരു സംഭാഷണത്തിനിടയില്‍ പശു രാഷ്ട്രീയത്തെക്കുറിച്ച് ഗോള്‍വാള്‍ക്കര്‍ പറയുന്നു’ ഇതെല്ലാം വെറും രാഷ്ട്രീയമാണ്. ഹിന്ദുത്വ വളര്‍ത്താനായി രാഷ്ട്രീയവും മതവും തമ്മില്‍ കലര്‍ത്തി തലക്ക് പിടിക്കുന്ന ഒരു മിശ്രിതം ഉണ്ടാക്കുന്നു. അത്രയേ ഉള്ളൂ.’
പശു ഒരു പാവം മൃഗം ആണെന്നാണ് നാം പാഠപുസ്തകങ്ങളില്‍ പഠിച്ചത്. നാം പാഠപുസ്തകങ്ങളില്‍ പഠിക്കാത്തത്, നാല് കാലും ഒരു വാലുമുള്ള പാവം പശുവിനെ ഒരു ഭീകരജീവി ആക്കാം എന്നുള്ളതാണ്. ഇങ്ങനെയുള്ള ഒരു രാഷ്ട്രീയ പശുവിനെ കശാപ്പ് ചെയ്യേണ്ടത് സെക്കുലര്‍ ഇന്ത്യയുടെ ആവശ്യമാണ്.RSS was the first to attack the indian parliament
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Content Summary: RSS was the first to attack the indian parliament