Continue reading “ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ 300 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി”

" /> Continue reading “ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ 300 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി”

"> Continue reading “ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ 300 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി”

">

UPDATES

ഛത്തീസ്ഗഢില്‍ നക്‌സലുകള്‍ 300 ഗ്രാമീണരെ തട്ടിക്കൊണ്ടുപോയി

                       

അഴിമുഖം പ്രതിനിധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഛത്തീസ്ഗഢ് സന്ദര്‍ശനത്തിനെ എതിര്‍ക്കുന്ന നക്‌സലെറ്റുകള്‍ സഗ്മ ജില്ലയിലെ മങ്കേരയില്‍ 300 ഗ്രാമീണരെ ബന്ദികളാക്കി. പ്രധാനമന്ത്രിയെ നേരില്‍ കാണാനായി പോയവരെയാണ് നക്‌സലുകള്‍ തട്ടിക്കൊണ്ടുപോയത്.മോദിയുടെ സന്ദര്‍ശനത്തെ എതിര്‍ക്കുന്ന നക്‌സലെറ്റുകള്‍ സംസ്ഥാനത്ത് മൂന്നു ദിവസത്തെ ബന്ദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഗ്രാമീണരെ തട്ടിക്കൊണ്ടുപോയിരിക്കുന്നത്. മരങ്ങള്‍ മുറിച്ചിട്ടും റോഡ് ബ്ലോക്ക് ചെയ്തും പ്രതിഷേധ പോസ്റ്ററുകള്‍ ഓട്ടിച്ചും മോദിയുടെയും മുഖ്യമന്ത്രി രമണ്‍സിംഗിന്റെയും കോലം കെട്ടിത്തൂക്കിയുമൊക്കെയാണ് നക്‌സലെറ്റുകള്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.

അതേസമയം നക്‌സലെറ്റുകളുടെ പ്രതിഷേധം കാര്യമാക്കാതെ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഛത്തീസ്ഗഢിലെ നക്‌സല്‍ബാധിത പ്രദേശമായ ബസ്തര്‍ മേഖലയിലെ ദന്തേവാഡ ജില്ല സന്ദര്‍ശിക്കും.

കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രിയായശേഷം ആദ്യമായാണ് ഈ പ്രദേശം സന്ദര്‍ശിക്കുന്നത്. ദന്തേവാഡയിലെ ദില്‍മിലി ഗ്രാമത്തില്‍ 24,000 കോടി രൂപയുടെ ഉരുക്ക് നിര്‍മ്മാണശാല, റാവുഗഡില്‍ നിന്നും ജഗദല്‍പൂരിലേക്കുള്ള 140 കിലോമീറ്റര്‍ റെയില്‍പാതയുടെ രണ്ടാം ഘട്ടം എന്നീ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിനാണ് മോദിയെത്തുന്നത്.

വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്നതിന് രാജീവ് ഗാന്ധിക്കുശേഷം ഈ മേഖലയില്‍ എത്തുന്ന ആദ്യ പ്രധാനമന്ത്രിയാണ് മോദി. രാജീവ് ഗാന്ധിക്കുശേഷം ഇവിടെ എത്തിയ മറ്റു പ്രധാനമന്ത്രിമാര്‍ വോട്ടു തേടിയാണ് എത്തിയിട്ടുള്ളത്.

ധാതു സമ്പന്നമായ ഈ മേഖലയെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതാനാണ് മോദി ഈ പ്രദേശം സന്ദര്‍ശിക്കുന്നതെന്നും ഇവിടത്തെ ജനങ്ങളുടെ ക്ഷേമം തിരക്കാനല്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ജനങ്ങള്‍ മരിച്ചു കൊണ്ടിരുന്നപ്പോള്‍ മോദി എവിടെയായിരുന്നുവെന്നും ഇപ്പോള്‍ ധാരണാപത്രങ്ങള്‍ ഒപ്പിടാനാണ് അദ്ദേഹം വരുന്നതെന്നും ഛത്തീസ്ഗഢിലെ കോണ്‍ഗ്രസ് തലവന്‍ ഭൂപേഷ് ബാഗല്‍ ചോദിച്ചു. 

നയാ റായ്പൂര്‍ സന്ദര്‍ശിക്കുന്നതിനും മോദി പദ്ധതിയിട്ടിരുന്നുവെങ്കിലും മോദി പ്രസംഗിക്കാനിരുന്ന വേദി വെള്ളിയാഴ്ച വൈകുന്നേരം ഉണ്ടായ കൊടുങ്കാറ്റില്‍ തകര്‍ന്നതിനെ തുടര്‍ന്ന് പരിപാടി ഉപേക്ഷിച്ചു. 15,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് മോദിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്.

ദന്തേവാഡയിലെ ആദിവാസി മേഖലയായ ബസ്തര്‍ മേഖല ഇരുമ്പയിര് സമ്പുഷ്ട മേഖലയാണ്. 2010ല്‍ ഇവിടെ നക്‌സലൈറ്റുകള്‍ നടത്തിയ ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍