ലാറ്റിന്‍ അമേരിക്കയില്‍ എങ്ങും മുതലാളിത്തം തകരുന്നതിന്റെ എല്ലാവിധ ലക്ഷണങ്ങളും കണ്ടുതുടങ്ങിയ ഈ കാലഘട്ടത്തില്‍ ചിലിയന്‍ ജനതയ്ക്ക് ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ഒരു വ്യക്തി ഇന്ന് ചിലിയില്‍ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്, സാല്‍വദോര്‍ അയന്തെ എന്നാ മാര്‍ക്‌സിസ്റ്റ്! ജനാധിപത്യ രീതിയില്‍ ലാറ്റിന്‍ അമേരിക്കയില്‍ ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്‌സിസ്റ്റ് ആയിരുന്നു അയന്തെ. അന്നേവരെ ഒരു കമ്മ്യൂണിസ്റ്റിനും പരിചിതമല്ലാത്ത രീതിയില്‍ എങ്ങനെ ഭരണത്തിലേറാം എന്ന് കാട്ടികൊടുത്ത നേതാവ്. ജനാധിപത്യ വ്യവസ്ഥിതിയില്‍ സായുധ വിപ്ലവം എല്ലാകാലത്തും നടക്കില്ല എന്നും, ഓരോ രാജ്യത്തിന്റെയും വാര്‍ത്തമാനകലത്തിലെ രാഷ്ട്രീയ അന്തരീക്ഷവും സാമൂഹികഘടനയും മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണം എന്ന് ലെനിനു ശേഷം ലോകത്തുള്ള മാര്‍ക്‌സിസ്റ്റുകള്‍ക്ക് പ്രയോഗികമായി പഠിപ്പിക്കുക കൂടി ചെയ്ത വ്യക്തിയാണ് അയന്തെ.
പക്ഷെ ആ യാത്ര ഒട്ടും സുഖപ്രദമായിരുന്നില്ല. ബ്രിട്ടന്റെയും അമേരിക്കയുടെയും സാമ്രാജ്യത്വത്തില്‍ അടിമപ്പെട്ട് കിടന്നിരുന്ന ചിലിയില്‍ ഒരുപക്ഷെ ഒരു ഇടതു സര്‍ക്കാര്‍ ഭരണത്തില്‍ വരുമെന്ന് പോലും ആരും കരുതിയിട്ടുണ്ടാവില്ല. അരാഷ്ട്രീയതയും അരാചകത്വവും ഉച്ചസ്ഥായില്‍ നിന്നിരുന്ന ചിലിയില്‍ 1930 ഓട് കൂടി സ്ഥിതി വിശേഷം വളരെയധികം മോശമായി.1932 വരെയുള്ള രണ്ട് വര്‍ഷ കാലയളവില്‍ എട്ടു വിവിധ സര്‍ക്കാരുകള്‍ ഭരണത്തില്‍ വന്നു. അതില്‍ രണ്ടാഴ്ച മാത്രം നീണ്ടുനിന്ന ഇടതുപക്ഷ സര്‍ക്കാരിലെ ആരോഗ്യ മന്ത്രി ആയിട്ടായിരുന്നു അയന്തെയുടെ തുടക്കം. പട്ടാളത്തെ മുന്‍നിര്‍ത്തി അന്നത്തെ സര്‍ക്കാരിനെ താഴെ ഇറക്കുവാന്‍ വലതുപക്ഷത്തിന് കഴിഞ്ഞു. എന്നാല്‍ അതൊരു തുടക്കമാണ് എന്ന് അവര്‍ക്ക് തിരിച്ചറിവുണ്ടായില്ല. ചിലിയില്‍ ഉടലെടുക്കാന്‍ പോകുന്ന വിപ്ലവത്തിന്റെ തുടക്കം!
ഒരുവര്‍ഷത്തിന് ശേഷം പാര്‍ട്രോ സോഷ്യലിറ്റെ എന്ന സോഷ്യലിസ്റ്റ് പാര്‍ട്ടിക്ക് രൂപം കൊടുത്തുകൊണ്ട് അയന്തെ വിപ്ലവത്തിനുള്ള തിരി തെളിച്ചു. 1930കളുടെ അവസാനം വന്ന റാഡിക്കല്‍ സര്‍ക്കാരിന്റെ പല നയങ്ങളും അയന്തെ എന്ന നേതാവിനു കൂടുതല്‍ ബോധ്യങ്ങള്‍ നല്‍കി. അയാളിലെ മാര്‍ക്‌സിസ്റ്റിനെ ജനം തിരിച്ചറിഞ്ഞതും ആ കാലത്ത് തന്നെ ആയിരുന്നു. രണ്ടാം ലോക മഹായുദ്ധതിനു ശേഷം ചിലിയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും സഖാക്കള്‍ കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പുകള്‍ക്ക് സമാനമായ ക്യാമ്പുകളില്‍ അടയ്ക്കപ്പെടുകയും ചെയ്തു. അന്നത്തെ സെനേറ്റര്‍ ആയിരുന്ന അയന്തെ നിരന്തരമായി സഖാക്കളെ സന്ദര്‍ശിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇടയില്‍ അയന്തെയ്ക്ക് വലിയൊരു ബഹുമാനം ഉളവാക്കുവാന്‍ ഇതിലൂടെ സാധിച്ചു. അന്നത്തെ ക്യാമ്പ് കാവല്‍ക്കാരനും പിന്നീട് അയന്തെയ്ക്ക് എതിരെ പട്ടാള അട്ടിമറിക്ക് രൂപം നല്‍കുകയും ചെയ്ത പിനോഷേ ഈ കാലയളവില്‍ അദ്ദേഹത്തെ വധിക്കുവാന്‍ ശ്രമിച്ചെങ്കിലും തലനാരിഴയ്ക്ക് അയന്തെ രക്ഷപെട്ടു. തനിക്ക് എതിരെ വന്ന വധശ്രമം അയാളിലെ മാര്‍ക്‌സിസ്റ്റിനെ തെല്ലും ഭയപ്പെടുത്തിയില്ല, മറിച് കൂടുതല്‍ ശക്തി പകരുകയാണ് ചെയ്തത്.
1953ല്‍ ചിലിയന്‍ പ്രസിഡന്‍സി തിരഞ്ഞെടുപ്പില്‍ അയന്തെ മത്സരിച്ചെങ്കിലും പരാജയപ്പെടാന്‍ ആയിരുന്നു അയാളുടെ വിധി. അപ്പഴും സായുധ വിപ്ലവം എന്ന ആശയം ചിലിയുടെ അന്നത്തെ സാഹചര്യത്തില്‍ നടപ്പാകില്ല എന്നുതന്നെ അയാള്‍ വിശ്വസിച്ചു. തുടര്‍ന്നുണ്ടായ ക്യൂബന്‍ വിപ്ലവം അദ്ദേഹത്തെ ഫിഡല്‍ കാസ്‌ട്രോയുമായി അടുപ്പിച്ചു. ഒരുപക്ഷെ തന്റെ മുന്നോട്ടുള്ള യാത്രയില്‍ ആ ബന്ധം വളരെയധികം അദ്ദേഹത്തെ സഹായിച്ചിരുന്നു എന്നുവേണം കരുതാന്‍. തുടര്‍ച്ചയായി അയാള്‍ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ടുകൊണ്ടേയിരുന്നപ്പഴും മാര്‍ക്‌സിസ്റ്റ് ബോധ്യങ്ങളാണ് അയന്തെയെ നയിച്ചത്. 1964ലിലെ തിരഞ്ഞെടുപ്പില്‍ സി ഐ എ-യുടെ സഹായത്തോടെ ഡെമോക്രറ്റിക് ക്രിസ്റ്റിയന്‍ പാര്‍ട്ടി അധികാരത്തില്‍ എത്തിയപ്പോഴും 38% വോട്ട് തനിക്ക് അനുകൂലമാക്കാന്‍ വിധം ഒരു നേതാവായി അയന്തെ അപ്പോഴേക്കും വളര്‍ന്നിരുന്നു.
ഒരുപക്ഷെ ആ കാലയളവില്‍ പലപ്പോഴായി പല ഇടതു സ്വഭാവമുള്ള പാര്‍ട്ടികള്‍ രൂപപ്പെടുകയും എന്നാല്‍ പലവഴിക്ക് ചിതറിപോവുകയും ചെയുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിരുന്നതുകൊണ്ടാണ് അയന്തെ പലപ്പോഴും പരാജയം അറിഞ്ഞതും. ഇത് തിരിച്ചറിഞ്ഞ അദ്ദേഹം നേതൃത്വം നല്‍കിയ സോഷ്യലിസ്റ്റ് പാര്‍ട്ടിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നുകൊണ്ട് മറ്റു റാഡിക്കല്‍ പാര്‍ട്ടികളെയും ചേര്‍ത്തുകൊണ്ട് 1969ല്‍ പോപ്പുലര്‍ യൂണിറ്റി എന്ന മുന്നണിക്ക് രൂപം നല്‍കി. തൊട്ടടുത്ത വര്‍ഷം നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ച അയന്തെ 36 ശതമാനത്തോളം വോട്ട് നേടി ചിലിയുടെ പ്രസിഡന്റായി അധികാരമേറ്റു.
തുടര്‍ന്ന് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ആണ് ചിലിയും അവിടുത്തെ ജനതയും സാക്ഷ്യം വഹിച്ചത്. അധികാരമേറ്റ ഉടന്‍ തന്നെ അദ്ദേഹം ചിലിയുടെ നിധി ആയി കാണപ്പെട്ട, വര്‍ഷങ്ങളായി സ്വകാര്യ ഉടമസ്ഥതയില്‍ ആയിരുന്ന കോപ്പര്‍ ഖനികള്‍ ദേശസാത്കരിക്കുകയും അതിലുടെ ചിലിയുടെ സമ്പദ്‌വ്യവസ്ഥയെ ഒരുപരിധി വരെ മാറ്റിയെടുക്കുകയും, ചിലിയിലെ സാമ്പത്തികമായി പിന്നാക്കം നിന്ന ജനതയുടെ സാമൂഹിക സാമ്പത്തിക അടിത്തറയ്ക്ക് വേണ്ടിയുള്ള ധനസമാഹരണവും ഇതിലൂടെ സാധിച്ചു.
അയന്തെയ്ക്ക് മുന്നില്‍ ഉണ്ടായിരുന്ന മറ്റൊരു വെല്ലുവിളി എന്നത് ഭവന നിര്‍മാണവും, സന്തുലിതമായ നാഗരിക വികസനവും ആയിരുന്നു. അന്നുവരെയുള്ള നാഗരികത ഒരുതരത്തിലും ചിലിയിലെ തൊഴിലാളി സമൂഹത്തിന് സഹായകരമാവും വിധത്തില്‍ ആയിരുന്നില്ല. അതുകൊണ്ട് തന്നെ നഗരങ്ങളുടെ പുനര്‍നിര്‍മാണം ആരംഭിച്ചു. ഇതിലൂടെ മനുഷ്യന്റെ അടിസ്ഥാന സൗകര്യം വികസിപ്പിക്കുകയും, ജീവിത നിലവാരം ഉയര്‍ത്തുവാനും സാധിച്ചു.
അയന്തെ നടപ്പിലാക്കിയ മറ്റൊരു വിപ്ലവകരമായ നയമായിരുന്നു ഭൂപരിഷ്‌കരണം. ആയിരക്കണക്കിനു കുടിയാന്മാര്‍ക്ക് ഇതിലൂടെ ഭൂമി കൈവശമാക്കുവാന്‍ സാധിച്ചു. ഇതോടൊപ്പം വിദ്യാലയങ്ങള്‍ പൊതുവുടമസ്ഥതയില്‍ ആക്കുകയും കുട്ടികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തു. ആക്കാലമത്രയും പണം ഉള്ളവര്‍ക്ക് മാത്രം ലഭ്യമായിരുന്ന വിദ്യാഭ്യാസം എല്ലാവര്‍ക്കും ലഭിക്കുവാന്‍ ഇടയായി.
അടുത്തതായി അദ്ദേഹം ആരോഗ്യ മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുആരോഗ്യ സംരക്ഷണ പരിപാടി ആരംഭിക്കുകയും സര്‍ക്കാര്‍ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്തു.
തൊഴിലാളികള്‍ക്കുള്ള മിനിമം വേതനം ഉറപ്പുവരുത്തുകയും, ഭക്ഷ്യ വസ്തുക്കളുടെ വില നിയന്ത്രിക്കുവാനുള്ള നയങ്ങള്‍ അദ്ദേഹം ആ കാലത്ത് പ്രയോഗികമാക്കുകയും ചെയ്തു. പക്ഷെ അപ്പോഴൊക്കെയും തന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടനായി വലതുപക്ഷവും സാമ്രാജത്വ ശക്തികളും നിരന്തരം കോപ്പുകൂട്ടിക്കൊണ്ടിരുന്നു. അങ്ങനെ അയന്തെ സര്‍ക്കാരിനെതിരെ ആദ്യത്തെ സമരം ചിലിയില്‍ സ്ത്രീകളുടെ നേതൃത്വത്തില്‍ നടന്നു. ഭക്ഷ്യക്ഷാമം ഉണ്ടാകാന്‍ പോകുന്നു എന്ന തെറ്റായ പ്രചാരണം ആയിരുന്നു ഇതിനുള്ള കാരണം. ഇതിന്റെ ഭാഗമായി ചില കച്ചവടക്കാര്‍ ഭക്ഷ്യവസ്തുകള്‍ പൂഴ്ത്തിവെക്കുകയും അതിലുടെ ഭക്ഷ്യക്ഷാമം ഉണ്ടെന്ന് വരുത്തി തീര്‍ക്കുകയും ചെയ്തു. ഇതൊന്നും കൂടാതെ പശ്ചാത്യ മുതലാളിത്ത ശക്തികള്‍ ചിലിക്ക് കിട്ടിക്കൊണ്ടിരുന്ന സാമ്പത്തിക സഹായം തടയുകയും, അവരാല്‍ കഴിയുന്ന എല്ലാവിധ സാമ്പത്തിക സഹായവും പ്രതിപക്ഷത്തിന് നല്‍കുകയും ചെയ്തു. ഇതിലൂടെ ചിലിയിലെ മിലിട്ടറിയെ കൂടെ കൂട്ടുവാനും അവര്‍ക്ക് സാധിച്ചു.
സി ഐ എ ചാരന്മാര്‍ മിലിട്ടറിയില്‍ നുഴഞ്ഞുകയറുകയും ആട്ടിമറിക്കായി നിരന്തരം പദ്ധതികള്‍ രൂപീകരിക്കുകയും ചെയ്തു. തന്റെ മിലിട്ടറി മേധാവി ആയിരുന്ന പിനോഷേ അട്ടിമറിയുടെ ഭാഗം ആയെന്നുള്ള വാര്‍ത്ത അയന്തെയുടെ കാതുകളില്‍ എത്തിയപ്പോഴേക്കും സമയം വൈകിയിരുന്നു. എങ്കിലും തന്റെ പക്കലുള്ള സൈന്യത്തെ അണിനിരത്തി പോരാടാന്‍ അദ്ദേഹം ശ്രമിച്ചു. ഒടുവില്‍ മുതലാളിത്തതിന് മുന്നില്‍ കീഴടങ്ങേണ്ടി വരുമെന്ന് ഉറപ്പായപ്പോള്‍ സ്വയം നിറയൊഴിച്ചു അദ്ദേഹം മരണത്തിലേക്ക് നടന്നു നീങ്ങി. അയന്തെ എന്ന രാഷ്ട്രീയ നേതാവ് ഒരു പരാജിതന്‍ ആയിരുന്നില്ല. അയാള്‍ തുറന്നിട്ട വഴിയാണ് ഇന്നും ലാറ്റിന്‍ അമേരിക്കയില്‍ നടക്കുന്ന ഇടതു തരംഗത്തിന്റെ കാതല്‍. അദ്ദേഹത്തിന്റെ അവസാനവാക്കുകള്‍ ചുവടെ ചേര്‍ക്കുകയാണ്.
‘എന്റെ രാജ്യത്തെ തൊഴിലാളികളേ, ചിലിയിലും അതിന്റെ വിധിയിലും എനിക്ക് വിശ്വാസമുണ്ട്. രാജ്യദ്രോഹം വിജയിക്കാന്‍ ശ്രമിക്കുന്ന ഈ ഇരുണ്ടതും കയ്‌പേറിയതുമായ നിമിഷത്തെ മറ്റ് പുരുഷന്മാര്‍ മറികടക്കും. അധികം വൈകാതെ തന്നെ, മെച്ചപ്പെട്ട സമൂഹം കെട്ടിപ്പടുക്കാന്‍ സ്വതന്ത്രരായ മനുഷ്യരെ കടത്തിവിടുന്ന മഹത്തായ വഴികള്‍ വീണ്ടും തുറക്കപ്പെടുമെന്ന് ഓര്‍മ്മിക്കുക. ചിലി നീണാള്‍ വാഴട്ടെ!’
അദ്ദേഹത്തിന്റെ വാക്കുകള്‍ വെറുതെയായില്ല. ഇന്ന് ഗബ്രിയേല്‍ ബോറിക്കിലൂടെ ചിലിയില്‍ വീണ്ടും ഇടതുപക്ഷം ഭരണത്തില്‍ എത്തിയപ്പോള്‍ അയന്തെയുടെ വാക്കുകള്‍ യാഥാര്‍ഥ്യമായി. ഈ കഴിഞ്ഞ ഇരുപത്തിയാറാം തീയതി അയന്തെയുടെ നൂറ്റിപതിനാറാം ജന്മവാര്‍ഷികമായിരുന്നു. പതിറ്റാണ്ടുകള്‍ക്കപ്പുറവും അയന്തെ എന്ന മാര്‍ക്‌സിസ്റ്റ് തെക്കേ അമേരിക്കയ്ക്ക് അപ്പുറവും ഇടതുപക്ഷത്തിന് പ്രതീക്ഷയാണ്.
Content summary; Salvador Guillermo Allende Marxist and a significant figure for the left-wing movement in Chile.