പുതുചരിത്രം: സ്‌പേസ് എക്സ് ദൗത്യം വിജയം; നാല് യാത്രികരും സുരക്ഷിതരായി തിരികെയെത്തി

 
Space X
ബഹിരാകാശ വിദഗ്ധര്‍ ഇല്ലാത്ത ബഹിരാകാശ യാത്ര ആദ്യം
 

ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സ് ചരിത്രയാത്ര പൂര്‍ത്തിയാക്കി മടങ്ങിയെത്തി. ബഹിരാകാശ യാത്ര നടത്തിയ നാലുപേരും സുരക്ഷിതരായി തിരികെയെത്തി. മൂന്ന് ദിവസം ബഹിരാകാശത്ത് കഴിഞ്ഞശേഷമാണ് സംഘം മടങ്ങിയെത്തിയത്. ശനിയാഴ്ച പ്രാദേശിക സമയം 7.06ന്, ഫ്‌ളോറിഡയ്ക്കു സമീപം, അറ്റ്‌ലാന്റിക് സമുദ്രത്തില്‍ നാല് കൂറ്റന്‍ പാരച്യൂട്ടുകളിലാണ് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ ക്യാപ്‌സൂള്‍ യാത്രികരെയും വഹിച്ച് പറന്നിറങ്ങിയത്. സ്‌പേസ് എക്‌സ് ബോട്ടുകളില്‍ ഇവരെ പിന്നീട് കെന്നഡി സ്‌പേസ് സെന്ററിലെത്തിച്ചു. 

ആദ്യമായാണ്, ബഹിരാകാശ വിദഗ്ധര്‍ ഇല്ലാത്ത ബഹിരാകാശ യാത്ര സംഭവിക്കുന്നത്. യാത്രക്കായി പണം മുടക്കിയ ജാരെഡ് ഐസക്മാനൊപ്പം ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് സഹയാത്രികരായുണ്ടായിരുന്നത്. കുട്ടിക്കാലത്ത് ബാധിച്ച അര്‍ബുദത്തെ പൊരുതി ജയിച്ച 29കാരിയായ ഫിസിഷ്യന്‍ ഹെയ്‌ലി ആര്‍സിനെക്‌സ്, 51കാരിയായ ജിയോ സയന്റിസ്റ്റ് സിയാന്‍ പ്രോക്റ്റര്‍, യുഎസ് വ്യോമസേനാ മുന്‍ പൈലറ്റും എയ്‌റോ സ്‌പേസ് ഡേറ്റാ എന്‍ജിനീയറുമായ 42കാരന്‍ ക്രിസ് സെംബ്രോസ്‌കി എന്നാവരായിരുന്നു യാത്രക്കാര്‍. 

Space X

ഭൂമിയില്‍നിന്നും 363 മൈല്‍ (585 കിലോമീറ്റര്‍) അകലെയാണ് ഇവര്‍ ബഹിരാകാശ സഞ്ചാരം നടത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും 100 മൈല്‍ ഉയരത്തില്‍ പോയ റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ജാലകത്തിലൂടെ യാത്രികര്‍ ഭൂമിയിലെ കാഴ്ചകളും കണ്ടു. ദിവസവും 15 തവണയോളം സംഘം ഭൂമിയെ വലംവെച്ചു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തേക്കാള്‍ വേഗതയിലായിരുന്നു ഇവരുടെ സഞ്ചാരം.