സ്വകാര്യ വിവരങ്ങൾ നല്‍കുന്നതിന് പ്രതിമാസം 574 രൂപ വേണം, ഫേസ്ബുക്കിനോട് ജര്‍മ്മന്‍കാര്‍

 
സ്വകാര്യ വിവരങ്ങൾ നല്‍കുന്നതിന് പ്രതിമാസം 574 രൂപ വേണം, ഫേസ്ബുക്കിനോട് ജര്‍മ്മന്‍കാര്‍

തങ്ങളുടെ സ്വകാര്യ വിവരങ്ങൾ നല്‍കുന്നതിന് പ്രതിമാസം 574 രൂപ വേണമെന്ന് ജർമ്മനിയിലെ ഫേസ്ബുക്ക് ഉപയോക്താക്കൾ. അതേസമയം യുഎസിലെ ഉപയോക്താക്കൾ 251 രൂപ മതിയെന്നാണ് പറയുന്നത്. വിവിധ രാജ്യങ്ങളിലെ ആളുകൾ അവരുടെ സ്വകാര്യ വിവരങ്ങളെ എത്രത്തോളം വിലമതിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു പഠനത്തിലാണ് ഈ വിവരങ്ങളുള്ളത്.

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക് ടാങ്ക് ആയ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ടിപിഐ) ആണ് പഠനത്തിനു പിന്നില്‍. ഓൺലൈനിലെ സ്വകാര്യതയുടെയും ഡാറ്റയുടെയും മൂല്യം കണക്കാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. യുണൈറ്റഡ് സ്റ്റേറ്റ്സ്, ജർമ്മനി, മെക്സിക്കോ, ബ്രസീൽ, കൊളംബിയ, അർജന്റീന എന്നിവിടങ്ങളിലെ ആളുകളുടെ ശീലങ്ങൾ നോക്കി ജനങ്ങള്‍ അവരുടെ സ്വകാര്യത എത്രമാത്രം വിലമതിക്കുന്നുവെന്ന് പഠനം വിലയിരുത്തുന്നു. ബാങ്ക് ബാലൻസ് പോലുള്ള സാമ്പത്തിക വിവരങ്ങൾ, ഫിംഗർപ്രിന്റ് ഡാറ്റ പോലുള്ള ബയോമെട്രിക് വിവരങ്ങൾ എന്നിവയ്ക്കാണ് ഉപയോക്താക്കൾ കൂടുതല്‍ മൂല്യം കല്‍പ്പിക്കുന്നത്. ലൊക്കേഷൻ ഡാറ്റയ്ക്ക് അവര്‍ വലിയ വില നല്‍കുന്നില്ലെന്നും പഠനം കണ്ടെത്തി. ബാങ്ക് ബാലൻസ് വിവരങ്ങൾ പങ്കിടാൻ പ്രതിമാസം 605 രൂപ നൽകണമെന്നും, ഫിംഗർപ്രിന്റ് വിവരങ്ങൾക്ക് 542 രൂപ, സന്ദേശങ്ങള്‍ വായിക്കാന്‍ 434 രൂപ, പണം പിൻവലിക്കലിനെക്കുറിച്ചുള്ള വിവരങ്ങൾ നല്‍കാന്‍ 416 രൂപ എന്നിങ്ങനെയാണ് ഉപയോക്താക്കൾ ആവശ്യപ്പെടുന്നത്. എന്നാല്‍ കേവലം 72 രൂപ നല്‍കിയാല്‍ ലൊക്കേഷന്‍ വിവരങ്ങള്‍ അവര്‍ നല്‍കും.

ടെക്നോളജി പ്ലാറ്റ്‌ഫോമുകൾ മുതൽ ചില്ലറ വ്യാപാരികൾ വരെയുള്ള കമ്പനികൾ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുകയും ധനസമ്പാദനം നടത്തുകയും ചെയ്യുന്നതെങ്ങനെയെന്നതു സംബന്ധിച്ച ആശങ്ക ഈ പഠനം പരിശോധിക്കുന്നു. സ്വകാര്യത ലംഘനങ്ങൾ നടത്തുനതിന് യുഎസ് റെഗുലേറ്റർമാർ ഫേസ്ബുക്കിനും യൂട്യൂബിനും കനത്ത പിഴ ചുമത്തിയിരുന്നു.