ഡൗണ്‍ലോഡില്‍ ജിയോ വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക്; അപ്‌ലോഡ് വേഗതയില്‍ വോഡഫോണ്‍ ഒന്നാമത്: ട്രായ്

 
ഡൗണ്‍ലോഡില്‍ ജിയോ വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്ക്; അപ്‌ലോഡ് വേഗതയില്‍ വോഡഫോണ്‍ ഒന്നാമത്: ട്രായ്

റിലയന്‍സ് ജിയോ സെക്കന്‍ഡില്‍ ശരാശരി 19.3 എംബിപിഎസ് ഡൗണ്‍ലോഡ് വേഗതയുള്ള രാജ്യത്തെ ഏറ്റവും വേഗതയേറിയ മൊബൈല്‍ നെറ്റ്‌വര്‍ക്കായി തുടരുന്നതായി ട്രായിയുടെ ഏറ്റവും പുതിയ കണക്കുകള്‍. അപ് ലോഡ് വേഗതയുടെ കാര്യത്തില്‍ വോഡഫോണ്‍ ആണ് മുന്നിലെന്നും സെപ്റ്റംബറിലെ ട്രായ് കണക്കുകള്‍ പറയുന്നു.

ഒക്ടോബര്‍ 10 ന് അപ്ഡേറ്റ് ചെയ്ത ട്രായ് ഡാറ്റ പ്രകാരം ഐഡിയ സെല്ലുലാര്‍ നെറ്റ്‌വര്‍ക്ക് (ഇപ്പോള്‍ വോഡഫോണ്‍ ഐഡിയ) 8.6 എംബിപിഎസ്, വോഡഫോണ്‍ 7.9 എംബിപിഎസ്, ഭാരതി എയര്‍ടെല്‍ 7.5 എംബിപിഎസ് എന്നിവയാണ് ഡൗണ്‍ലോഡ് വേഗതയില്‍ ജിയോക്ക് പിന്നിലുള്ളത്. വോഡഫോണും ഐഡിയയും അവരുടെ മൊബൈല്‍ ബിസിനസുകള്‍ ലയിപ്പിച്ചിട്ടുണ്ടെങ്കിലും, രണ്ട് കമ്പനികളുടെയും നെറ്റ്‌വര്‍ക്കുകളുടെ സംയോജനം നിലവില്‍ ഉള്ളതിനാല്‍ ട്രായ് അവരുടെ പ്രകടനം പ്രത്യേകമായാണ് കണക്കാക്കിയത്.

അതേസമയം സ്വകാര്യ കമ്പനിയായ ഓപ്പണ്‍ സിഗ്‌നല്‍ സെപ്റ്റംബറില്‍ 49 നഗരങ്ങളിലായി നടത്തിയ പഠനത്തെ തുടര്‍ന്ന് പുറത്തിറക്കിയ റിപോര്‍ട്ടില്‍ ഭാരതി എയര്‍ടലിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് വേഗതയുണ്ടെന്നാണ് കണ്ടെത്തല്‍. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പാന്‍-ഇന്ത്യ തലത്തില്‍ ശേഖരിച്ച ഡാറ്റയില്‍ നിന്നുള്ള ശരാശരി നെറ്റ്വര്‍ക്ക് വേഗത മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് കണക്കാക്കിയത്.

ട്രായ് പുറത്തുവിട്ട സെപ്റ്റംബര്‍ മാസത്തെ നെറ്റ് വര്‍ക്ക് സ്പീഡ് വിവരങ്ങള്‍ അനുസരിച്ച് എല്ലാ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരുടെയും ശരാശരി വേഗത ഓഗസ്റ്റില്‍ രേഖപ്പെടുത്തിയ ഡാറ്റയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സെപ്റ്റംബറില്‍ വര്‍ദ്ധിച്ചുവെന്ന് ട്രായ് ചാര്‍ട്ട് പറയുന്നു. റിലയന്‍സ് ജിയോ നെറ്റ്വര്‍ക്കിലെ ഡൗണ്‍ലോഡ് വേഗത ഓഗസ്റ്റില്‍ 15.9 എംബിപിഎസായിരുന്നത് 21% വര്‍ദ്ധിച്ച് സെപ്റ്റംബറില്‍ നിന്ന് 19.3 എംബിപിഎസായും എയര്‍ടെല്‍ നെറ്റ്വര്‍ക്കില്‍ 7 ശതമാനം വര്‍ധിച്ച് 7 എംബിപിഎസില്‍ നിന്ന് 7.5 എംബിപിഎസായും വോഡഫോണ്‍, ഐഡിയ നെറ്റ്വര്‍ക്കില്‍ 1-3 ശതമാനം വരെയും വര്‍ദ്ധിച്ചു.

അപ് ലോഡ് വേഗതയുടെ കാര്യത്തില്‍ വോഡഫോണ്‍ ആണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 6.5 എംബിപിഎസ് ആണ് വോഡഫോണിന്റെ ശരാശരി അപ് ലോഡ് വേഗത. 6.4 എംബിപിഎസ് വേഗതയുമായി ഐഡിയ യാണ് അപ് ലോഡ് സ്പീഡിന്റെ കാര്യത്തില്‍ രണ്ടാമത്. എയര്‍ടെലും ജിയോയും ഒരേവേഗതയാണ് കാണിച്ചത്. 3.5 എംബിപിഎസ് ആണ് ഇരു കമ്പനികളുടെയും ശരാശരി അപ് ലോഡ് വേഗത.