ടി - ആകൃതിയിലുള്ള രൂപകല്‍പ്പന, ഇരട്ടസ്‌ക്രീന്‍, എല്‍ജി വിംഗ് എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പുറത്ത്

 
ടി - ആകൃതിയിലുള്ള രൂപകല്‍പ്പന, ഇരട്ടസ്‌ക്രീന്‍, എല്‍ജി വിംഗ് എത്തുന്നു; ആദ്യ ടീസര്‍ വീഡിയോ പുറത്ത്

സ്മാര്‍ട്ട്ഫോണ്‍ വ്യവസായത്തിന്റെ മുഖച്ഛായ മാറ്റാന്‍ കഴിയുന്ന, ഇന്നേവരെ കണ്ടിട്ടില്ലാത്ത തരം രൂപകല്‍പ്പനയുമായി എത്തുകയാണ് എല്‍ജിയുടെ പുതിയ ഹാന്‍ഡ്‌സെറ്റ് എല്‍ജി വിംഗ്. വിപണിയില്‍ ഇതുവരെ ഫോണ്‍ കമ്പനികള്‍ അതിശയകരമായ ഡിസൈനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. ഇതിഹാസമായ മോട്ടോ റോക്കര്‍ മുതല്‍ നോക്കിയ 7600 വരെ ഫോണ്‍ കമ്പനികള്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ ധാരാളം ഡിസൈനുകള്‍ പരീക്ഷിച്ചു. എന്നാല്‍ ഐഫോണിന്റെ വരവ് കമ്പനികള്‍ ഗ്ലാസ് സ്ലാബ് ഡിസൈന്‍ അനുകരിക്കാന്‍ കാരണമായി.

എന്നിരുന്നാലും, ആ പ്രവണത ഇപ്പോള്‍ പതുക്കെ മാറുകയാണ്. ഫോണ്‍ കമ്പനികള്‍ മടക്കാവുന്നതും ഇരട്ട സ്‌ക്രീന്‍ ഫോണുകളും പരീക്ഷിച്ചുതുടങ്ങി. അത്തരത്തില്‍ ഏറ്റവും പുതിയ നിരയിലേക്ക് ടി ആകൃതിയിലുള്ള സ്മാര്‍ട്ട്ഫോണ്‍ എല്‍ജി വിംഗ്, കമ്പനി പുറത്തുവിട്ട ആദ്യ ടീസര്‍ വീഡിയോയില്‍, എല്‍ജി വിംഗ് തിരിക്കാന്‍ കഴിയുന്ന വിധം രണ്ട് സ്‌ക്രീനുകളാല്‍ കാണിച്ചിരിക്കുന്നു. ഈ സ്‌ക്രീനുകളിലൊന്നെങ്കിലും തിരിക്കാന്‍ കഴിയുമെന്ന് ടീസര്‍ സൂചിപ്പിക്കുന്നു, മറ്റൊന്ന് നിശ്ചലമായി തുടരുന്നു. ടി ആകൃതിയിലുള്ള രൂപകല്‍പ്പനയില്‍ സ്‌ക്രീന്‍ തിരിക്കാന്‍ കഴിയുമെന്ന് തോന്നിപ്പിക്കുന്നു.

സ്മാര്‍ട്ട്ഫോണ്‍ രംഗത്ത് ഉപയോക്താക്കള്‍ക്ക് പുതിയതും വ്യത്യസ്തവുമായ ഉപയോക്തൃ അനുഭവങ്ങള്‍ പ്രകടിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എല്‍ജിയും പ്ലാറ്റ്‌ഫോം പങ്കാളികളും കരുതുന്നു,'' എല്‍ജിയുടെ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ കമ്പനി പ്രസിഡന്റ് മോറിസ് ലീ പ്രസ്താവനയില്‍ പറഞ്ഞു.

യാത്രയ്ക്കിടയില്‍ ഫോണ്‍ കാറിലും മറ്റും വച്ച ശേഷം ഒരു സ്‌ക്രീന്‍ നാവിഗേഷനായും മറ്റൊരു സ്‌ക്രീന്‍ പാട്ടു കേള്‍ക്കാനുമായി ഉപയോഗിക്കാം. മറ്റൊരു പ്രധാന സ്‌ക്രീനില്‍ വീഡിയോകള്‍ ദൃശ്യമാകും. ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ഫോണിന് 6.8 ഇഞ്ച് വലിപ്പമുള്ള പ്രധാന സ്‌ക്രീനും 4 ഇഞ്ച് വലിപ്പമുള്ള രണ്ട് സ്‌ക്രീനും ഉണ്ടായിരിക്കുമെന്നാണ് സൂചന. ക്വാല്‍കം സ്‌നാപ്ട്രാഗണ്‍ 700 സീരീസ് പ്രോസസ്സര്‍, 5 ജി സാങ്കേതികവിദ്യ, 64mp ക്യാമറ എന്നീ സവിശേഷതകളുള്ള ഫോണിന് ഏകദേശം 1000 ഡോളര്‍ ആയിരിക്കാം വില. സെപ്റ്റംബര്‍ 14 ന് ഫോണ്‍ പുറത്തിറക്കുമെന്നാണ് റിപോര്‍ട്ട്.