പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

 
Prof Thanu

പ്രശസ്ത ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പുനെയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പുനെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലെ അക്കാദമിക് വിഭാഗം ഡീനും ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരത്തിന്റെ ഈ വര്‍ഷത്തെ ജേതാവ് കൂടിയായിരുന്നു അദ്ദേഹം. 

1957ല്‍ തിരുവനന്തപുരത്തായിരുന്നു ജനനം. കേരള സര്‍വകലാശാല യൂണിവേഴ്‌സിറ്റി കോളേജില്‍ നിന്ന് 1977ല്‍ ബിഎസ്‌സിയും 1979ല്‍ എംഎസ്‌സിയും സ്വര്‍ണമെഡലോടെ നേടി. ബിഎസ്‌സിക്ക് പഠിക്കുമ്പോള്‍, 20 വയസുള്ളപ്പോള്‍ തന്നെ ആദ്യ ഗവേഷണ പേപ്പര്‍ പ്രസിദ്ധീകരിച്ചു. സാമാന്യ ആപേക്ഷികതയായിരുന്നു വിഷയം. മുംബൈയിലെ ടിഐഎഫ്ആറില്‍ നിന്ന് 1983ല്‍ പിഎച്ച്ഡി നേടി. 1992 മുതല്‍ പുനെയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ആസ്ട്രോണമി ആന്‍ഡ് ആസ്ട്രോഫിസിക്‌സിലാണ്. 

എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികാ സിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. സ്വിറ്റ്സര്‍ലന്‍ഡിലെ പ്രസിദ്ധ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളേജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിഡ്ജ് സര്‍വകലാശാലകളില്‍ വിസിറ്റിങ് പ്രൊഫസറുമായിരുന്നു. ഭാര്യ: ഡോ. വാസന്തി പത്മനാഭന്‍. മകള്‍: ഹംസ പത്മനാഭന്‍.