ബഹിരാകാശ ടൂറിസം പദ്ധതി ഇൻസ്പി‌രേഷൻ4; ബഹിരാകാശരംഗത്ത് പുതുചരിത്രം

 
d

സ്പേസ് എക്സിന്‍റെ ബഹിരാകാശ ടൂറിസം പദ്ധതി 'ഇന്‍സ്പിരേഷന്‍ 4'ന് തുടക്കം. വെര്‍ജിന്‍ മേധാവി റിച്ചാര്‍ഡ് ബ്രാന്‍സന്‍, ആമസോണ്‍ മേധാവി ജെഫ് ബെസോസ് എന്നിവര്‍ തുടക്കമിട്ട ബഹിരാകാശ ടൂറിസം പദ്ധതികളിലേക്ക് ഒരു 'മാസ്' എന്‍ട്രിയാണ് പുതിയ വിക്ഷേപണത്തിലൂടെ സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്ക് നടത്തുന്നത്. നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നായിരുന്നു വിക്ഷേപണം. മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച ഡ്രാഗണ്‍ ക്യൂപ്സൂളിലേറി നാലു ബഹിരാകാശ വിദഗ്ധരല്ലാത്ത സ്‌പേസ് ടൂറിസ്റ്റുകൾ ഇന്ന് (സെപ്റ്റംബർ16) ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ബഹിരാകാശത്തേക്കു പറന്നു.

മൂന്നു ദിവസം ഇവര്‍ ഭൂമിയെ വലംവെയ്ക്കും. മൂന്നു ദിവസത്തെ യാത്രയ്ക്ക് ശേഷം പേടകം ശനിയാഴ്ച അറ്റ്‌ലാന്റിക് സമുദ്രത്തില്‍ ഇറങ്ങും.  ബഹിരാകാശ ടൂറിസം ലക്ഷ്യം വെച്ചുള്ള യാത്രയ്ക്കായി 200 മില്യണ്‍ ഡോളര്‍ ആണ് ചെലവിട്ടത്.

ഷിഫ്റ്റ് ഫോർ പേയ്മെന്റ്സ് എന്ന കമ്പനിയുടെ ഉടമസ്ഥനും ശതകോടീശ്വരനുമായ ജാറെദ് ഐസക്മാനാണു യാത്രക്കാരിലെ പ്രധാനി. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളും അടങ്ങിയ യാത്രാസംഘത്തിലെ ഏറ്റവും ശ്രദ്ധേയയായ യാത്രിക, ടെന്നസിയിലെ സെന്റ് ജൂഡ് ചിൽഡ്രൻസ് റിസർച് ഹോസ്പിറ്റലിൽ ഫിസിഷ്യൻ അസിസ്റ്റന്റായ ഹെയ്‌ലി (29) അർസിനോയാണ്. ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫി ഹെയ്‌ലി ജോലി ചെയ്യുന്ന ആശുപത്രിക്കായി 20 കോടി അമേരിക്കന്‍ ഡോളര്‍ സമാഹരിക്കുക എന്നതാണ് ഈ യാത്രയുടെ പ്രധാന ലക്ഷ്യം. ഇവര്‍ തിരിച്ചുവന്ന് ഇവര്‍ ബഹിരാകാശത്ത് എത്തിച്ച വസ്തുക്കള്‍ ലേലം ചെയ്താണ് ഈ തുക കണ്ടെത്തുക. അമ്പത്തിയൊന്നുകാരിയായ സിയാന്‍ പ്രൊക്റ്റര്‍, യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരാണ് ഈ സംഘത്തിലെ മറ്റുള്ളവര്‍.