ഫേസ്ബുക്കിനൊപ്പം നിശ്ചലമാകുന്ന ലോകം; ഈ കുത്തക സംവിധാനം ഒട്ടും ആശ്വാസ്യമല്ല

 
Facebook Instagram WhatsApp

സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഒരാളിലേക്കോ കമ്പനിയിലേക്കോ ചുരുങ്ങുന്നത് ശുഭകരമല്ല

ഫേസ്ബുക്കും അവരുടെ മെസേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പും ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമും ഇന്നലെ ഏഴ് മണിക്കൂറോളമാണ്  നിശ്ചലമായത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളെയാണ് ഇത് ബാധിച്ചത്. ഇന്ത്യന്‍ സമയം രാത്രി 8.45 ഓടെ നിശ്ചലമായ ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും പുലര്‍ച്ചെയോടെയാണ് പുനസ്ഥാപിച്ചത്. സംഭവത്തില്‍ ക്ഷമാപണം നടത്തിയ ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, ഇവയുടെ പ്രവര്‍ത്തനം ചൊവാഴ്ച മുതല്‍ സാധാരണ നിലയിലായെന്നും അറിയിച്ചു. അതേസമയം, എന്താണ് സംഭവിച്ചതെന്ന കാര്യം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഏഴ് മണിക്കൂറോളും ഫേസ്ബുക്കും സഹ ആപ്പുകളും നിശ്ചലമായതോടെ 44,732 കോടി രൂപയോളം കമ്പനിക്ക് നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഉപയോക്താക്കളുടെ സുരക്ഷയേക്കാള്‍ ബിസിനസ് മാത്രം ലക്ഷ്യമിടുന്ന കുത്തക സ്വഭാവം പുലര്‍ത്തുന്ന സംവിധാനം ഒട്ടും ആശ്വാസ്യമല്ലെന്ന വിലയിരുത്തലുകള്‍ ഉയരുന്നുണ്ട്.  

 സമീപകാലത്തെ ഏറ്റവും വലിയ നിശ്ചലാവസ്ഥ
തിങ്കളാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.45ഓടെയാണ് ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം പണിമുടക്കിയത്. രാത്രി പത്തോടെ മൂന്നുസ്ഥാപനങ്ങളും അവരവരുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ക്ഷമാപണം നടത്തി. കുഴപ്പം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയതായും അറിയിച്ചു. വിസില്‍ ബ്ലോവര്‍ പദവിയില്‍ ജോലിചെയ്തിരുന്ന ഫ്രാന്‍സെസ് ഹോജന്‍ ഫേസ്ബുക്കിന്റെ സുരക്ഷാവീഴ്ചകള്‍ വെളിപ്പെടുത്തി അമേരിക്കന്‍ ചാനലായ സി.ബി.എസിന് അഭിമുഖം നല്‍കി മണിക്കൂറുകള്‍ക്കകമായിരുന്നു ഇത്തരമൊരു നിശ്ചലാവസ്ഥ. ഗൂഗിളും ആമസോണും ഉള്‍പ്പെടെയുള്ളവരെ നിശ്ചലാവസ്ഥ ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

പുലര്‍ച്ചെ അഞ്ചരയോടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായി. പിന്നാലെ, മാര്‍ക്ക് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ ക്ഷമാപണം നടത്തി. തടസമുണ്ടായതില്‍ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം അറിയാമെന്നും സുക്കര്‍ബര്‍ഗി പറഞ്ഞു. ഏറെനേരം വാട്സാപ്പ് ഉപയോഗിക്കാന്‍ കഴിയാതിരുന്നതില്‍ എല്ലാവരോടും ക്ഷമ ചോദിക്കുന്നതായി വാട്സാപ്പും ട്വീറ്റ് ചെയ്തിരുന്നു. ഉപയോക്താക്കള്‍ കാണിച്ച ക്ഷമയ്ക്ക് വാട്‌സാപ്പ് നന്ദിയും അറിയിച്ചു. 

എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ല
എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. ഉപയോക്താക്കളെ സെര്‍വറുമായി ബന്ധിപ്പിക്കുന്ന ഡൊമെയ്ന്‍ നെയിം സിസ്റ്റം (ഡിഎന്‍എസ്) തകരാറാണു കാരണമെന്നാണു വിലയിരുത്തല്‍. കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലുള്ള ഫേസ്ബുക്ക് ജീവനക്കാര്‍ക്ക് സുരക്ഷാ ബാഡ്ജ് ആവശ്യമായ ഓഫീസുകളിലോ കോണ്‍ഫറന്‍സ് റൂമുകളിലോ കയറാന്‍ പറ്റാത്ത സാഹചര്യമായിരുന്നുവെന്ന് ട്വിറ്റര്‍, റെഡ്ഡിറ്റ് ഉപയോക്താക്കളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുവീഴ്ചയുള്ള ദിവസമെന്നായിരുന്നു ഇന്‍സ്റ്റഗ്രാം മേധാവി ആദം മൊസേരി ട്വീറ്റ് ചെയ്തത്. കനത്ത മഞ്ഞുവീഴ്ചയുള്ള ദിവസങ്ങളില്‍ സ്‌കൂളുകളും സ്ഥാപനങ്ങളുമൊക്കെ അടച്ചിടുന്ന പതിവ് ഉദ്ദേശിച്ചാകണം അദ്ദേഹത്തിന്റെ ട്വീറ്റ്. നിശ്ചലാവസ്ഥയ്ക്കു കാരണം നെറ്റ് വര്‍ക്ക് പ്രശ്‌നങ്ങളാണെന്നാണ് ഫേസ്ബുക്കിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ മൈക്ക് ഷ്രോഫെര്‍ കുറ്റപ്പെടുത്തിയത്. 

ഇന്റര്‍നെറ്റ് ഡൊമെയ്‌നില്‍ സംഭവിച്ച ഇന്റേണല്‍ റൂട്ടിങ് തകരാറാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത നിരവധി ഫേസ്ബുക്ക് ജീവനക്കാരെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ ഡൊമെയ്‌നിനെ ആശ്രയിച്ചാണ് ഇന്റേണല്‍ കമ്മ്യൂണിക്കേഷന്‍ ടൂളുകളും മറ്റു വിഭാഗങ്ങളും പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ പ്രശ്‌നം മൊത്തത്തില്‍ ബാധിക്കുകയായിരുന്നുവെന്നും ഇവര്‍ പറയുന്നു. 

അതേസമയം, ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം എന്നിവയ്ക്ക് സംഭവിച്ചത് ആഭ്യന്തര സംവിധാനത്തിലുള്ള പിഴവാണെന്നാണ് സുരക്ഷാവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അകത്തുള്ളയാള്‍ക്ക് ഒരു അട്ടിമറി സൈദ്ധാന്തികമായി സാധ്യമാകുമെന്നു കൂടിയാണ് സംഭവം വെളിപ്പെടുത്തുന്നതെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു. താക്കോല്‍ അകത്തുവെച്ചിട്ട് ഫേസ്ബുക്ക് തങ്ങളുടെ കാര്‍ ലോക്ക് ചെയ്തു എന്നായിരുന്നു ഹാര്‍വാഡിലെ ബെര്‍ക്മാന്‍ ക്ലെയ്ന്‍ സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് ആന്‍ഡ് സെക്യൂരിറ്റി ഡയറക്ടര്‍ ജൊനാഥന്‍ സിട്രെയിന്‍ ട്വീറ്റ് ചെയ്തത്. സ്‌പെയര്‍ കീ ഇല്ലാതിരിക്കുകയും ഉണ്ടായിരുന്ന താക്കോല്‍ കാറിനുള്ളില്‍ അകപ്പെടുകയും ചെയ്യുമ്പോള്‍ എന്താകും സംഭവിക്കുകയെന്ന് നമുക്കും ഊഹിക്കാവുന്നതാണല്ലോ. 

ഓഹരി വിപണിയില്‍ ഇടിവ്, പരസ്യ വരുമാനത്തിലും നഷ്ടം
ഫേസ്ബുക്കും മറ്റും ആപ്പുകളും നിശ്ചലമായതോടെ, കമ്പനിയുടെ ഓഹരിയില്‍ 4.9 ശതമാനത്തിന്റെ ഇടിവാണ് ഇന്നലെയുണ്ടായത്. കഴിഞ്ഞ നവംബറിനുശേഷമുള്ള ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. പരസ്യ വരുമാനത്തിലും വലിയ നഷ്ടമാണ് കമ്പനിക്കുണ്ടായത്. ഫേസ്ബുക്കും വാട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഒരുമിച്ച് പണിമുടക്കിയതോടെ, മാര്‍ക്ക് സുക്കര്‍ബര്‍ഗിന് 6 ബില്യണ്‍ ഡോളര്‍ (ഏകദേശം 44,732 കോടി രൂപ) നഷ്ടമായെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആശയവിനിമയ രംഗത്തെ കുത്തക, പ്രധാനം ബിസിനസ്

ലോകജനത ആശ്രയിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ഒരാളുടെയോ ഒരു കമ്പനിയുടെയോ നിയന്ത്രണത്തില്‍ വരുമ്പോഴുണ്ടാകുന്ന ഗുരുതരമായ പ്രശ്‌നത്തിലേക്കു കൂടിയാണ് ഫേസ്ബുക്ക്, വാട്‌സാപ്പ്, ഇന്‍സ്റ്റഗ്രാം നിശ്ചലാവസ്ഥ വിരല്‍ ചൂണ്ടുന്നത്. ഇവയെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന ഒട്ടനവധി ചെറുതും വലുതുമായ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കൂടിയാണ് അത് ബാധിക്കുന്നത്. ഫേസ്ബുക്ക്, ഇന്‍സ്റ്റ്ഗ്രാം പരസ്യങ്ങള്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലും ഡിജിറ്റല്‍ ഇക്കോണമിയിലും ഗണ്യമായ പ്രാധാന്യമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് ഇന്ത്യ, ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ആളുകള്‍ ഏറെ ആശ്രയിക്കുന്ന മെസേജിങ് ആപ്പാണ് വാട്‌സാപ്പ്. ആഗോളതലത്തിലുള്ള ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ വാട്‌സാപ്പിന് പ്രാധാന്യമുണ്ട്. മണിക്കൂറുകള്‍ നിശ്ചലമായതോടെയുണ്ടായ നഷ്ടം നികത്താന്‍ ഫേസ്ബുക്കിനും സഹ കമ്പനികള്‍ക്കും വീണ്ടും കുറച്ച് മണിക്കൂറുകള്‍ കൂടി മതിയാകും. എന്നാല്‍, മറ്റു സ്ഥാപനങ്ങളുടെ സ്ഥിതി അതായിരിക്കില്ല. സോഷ്യല്‍ മീഡിയ/ആശയ വിനിമയ രംഗത്ത് കുത്തക സ്വഭാവം പുലര്‍ത്തുന്ന കമ്പനി തങ്ങളുടെ താല്‍പര്യങ്ങള്‍ക്കുമാത്രം പ്രാധാന്യം കൊടുക്കുന്ന സാഹചര്യം ഒട്ടു ആശ്വാസ്യമല്ലെന്ന അഭിപ്രായവും വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്.

ഫ്രാന്‍സെസ് ഹോജന്റെ വാക്കുകളെയും ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. ഫേസ്ബുക്കിന് സുരക്ഷയേക്കാള്‍ പ്രധാനം വളര്‍ച്ചയാണ്. അത് രേഖകളില്‍ വ്യക്തമാണ്. സെലിബ്രിറ്റികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും മറ്റ് ഉന്നതര്‍ക്കും കമ്പനി പ്രത്യേകപരിഗണന നല്‍കുന്നു. സാധാരണ ഉപയോക്താക്കളുടെ സുരക്ഷ കമ്പനിക്ക് വിഷയമല്ല. സുരക്ഷ വര്‍ധിപ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ പണമുണ്ടാക്കാനാണ് ശ്രമം. യു.എസ് തെരഞ്ഞെടുപ്പുസമയം തെറ്റായ വിവരങ്ങള്‍ പ്രചരിക്കാതിരിക്കാന്‍ കമ്പനി സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാലത് താല്‍ക്കാലികം മാത്രമായിരുന്നു. ജനാധിപത്യത്തെ ചതിക്കുകയായിരുന്നു കമ്പനിയെന്നുമാണ് ഫ്രാന്‍സെസ് ഹോജന്‍ പറഞ്ഞത്.