March 20, 2025 |
Share on

എന്ത് വിധിയിത്? 

ഫൈനലില്‍ തോല്‍ക്കുന്ന പാരമ്പര്യം തുടര്‍ന്ന് ദക്ഷിണാഫ്രിക്ക

ഫൈനലില്‍ തോല്‍ക്കുന്നവര്‍; ദക്ഷിണാഫ്രിക്കയുടെ ഈ ദുര്‍വിധിക്ക് അവസാനമില്ലേ! പ്രോട്ടീസ് ചരിത്രത്തില്‍ അവരെ രേഖപ്പെടുത്തുന്നത്, കഴിവിന്റെ പേരില്‍ മാത്രമല്ല, നിര്‍ണായ നിമിഷത്തിലെ ഇടറിവീഴ്ച്ച കൊണ്ടുകൂടിയാണ്. പോരാടിയെത്തിയശേഷം അവസാന ലക്ഷ്യത്തിനു മുന്നില്‍ കീഴടങ്ങുക എന്ന ഹൃദയഭേദകമായ പാരമ്പര്യം തന്നെയാണ് സമീപകാലത്ത് നടന്ന മൂന്നു ഫൈനലുകളിലും ദക്ഷിണാഫ്രിക്ക തുടര്‍ന്നത്. സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്തവര്‍ എന്ന പേര് ദക്ഷിണാഫ്രിക്കയെ കുറിച്ച് ക്രിക്കറ്റ് ആരാധരുടെ ഉള്ളില്‍ ആഴത്തില്‍ വേര് പതിഞ്ഞു പോയിരിക്കുന്നു.

നഷ്ടങ്ങളുടെ കഥയിലെ ദക്ഷിണാഫ്രിക്ക എഴുതിയ ഏറ്റവും പുതിയ അധ്യായയമാണ് വനിതാ ടി-20 ലോകകപ്പ് ഫൈനല്‍. ടൂര്‍ണമെന്റില്‍ ഉടനീളം നടത്തിയ അതിശയകരമായ മുന്നേറ്റത്തിലൂടെയാണ് അവര്‍ ഏറെ പ്രതീക്ഷകളുമായി ഫൈനലിനെത്തിയത്. ഇംഗ്ലണ്ട്, ഇന്ത്യ തുടങ്ങിയ പ്രബലരെ തകര്‍ത്ത്, ഒടുവില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ സെമിയില്‍ മുട്ടുകുത്തിച്ചുമാണ് കിരീട പോരാട്ടത്തില്‍ ന്യൂസിലന്‍ഡുമായി മുഖാമുഖമെത്തിയത്. ആദ്യത്തെ ഫൈനല്‍ ആയിരുന്നുവെങ്കിലും അവരായിരുന്നു കലാശപോരാട്ടത്തില്‍ ഫേവറെറ്റുകള്‍, എങ്കിലും എതിരാളികള്‍ എന്തിനും പോന്നവരായിരുന്നു.

newzealand-t20

പോള്‍ ആഡംസിന്റെ പ്രചോദനാത്മക പ്രസംഗവും, ദേശസ്നേഹത്തെ പ്രചോദിപ്പിക്കുന്നതിനായി ഒരുക്കിയ ആര്‍ക്ക് ഡി ട്രയോംഫിന്റെ ആകാശ ദൃശ്യവുമൊന്നും ഫലം കണ്ടില്ല. ഫൈനലില്‍ ദക്ഷിണാഫ്രിക്ക അതുവരെ കളിച്ചു വന്ന മികവ് കാണാനായില്ല. ചുളിഞ്ഞ പുരികങ്ങളും, കുനിഞ്ഞ തോളുകളുമായി കളിക്കാരില്‍ പ്രകടമായ അവരുടെ ശരീര ഭാഷ നിശ്ചദാര്‍ഢ്യം ഉള്ളവരുടേതായിരുന്നില്ല. മത്സരത്തില്‍ ആധിപത്യം ഉറപ്പിക്കുന്നതിനുപകരം, കളിയുടെ കടിഞ്ഞണ്‍ അവര്‍ ന്യൂസിലന്‍ഡിനെ ഏല്‍പ്പിക്കുകയായിരുന്നു ചെയ്തത്. നിര്‍ണായക നിമിഷങ്ങളില്‍ ദക്ഷിണാഫ്രിക്കന്‍ ടീമുകളില്‍ സാധാരണ കണ്ടുവരാറുള്ള അതേ കീഴടങ്ങല്‍.

ഓപ്പണിംഗ് പവര്‍പ്ലേയില്‍ തന്നെ ന്യൂസിലന്‍ഡിന്റെ ഉദ്ദേശം എന്താണെന്നു വ്യക്തമായിരുന്നു. അവിടെ തന്നെ പ്രോട്ടിയസ് ദുര്‍ബലമായി. അവരുടെ ബൗളിംഗ് ആക്രമണത്തിന്റെ മൂലക്കല്ലായ മാരിസാന്‍ കാപ്പിന് വെറും രണ്ട് ഓവറുകള്‍ മാത്രമാണ് പവര്‍പ്ലേയില്‍ നല്‍കിയത്. അയബോംഗ ഖാക്ക തുടക്കത്തില്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും, നിര്‍ലോഭമായി റണ്‍സ് വിട്ടുകൊടുത്ത് ന്യൂസിലന്‍ഡിനെ നിലയുറപ്പിക്കാന്‍ സഹായിച്ചു. തുടക്കത്തില്‍ ഒന്നോ രണ്ടോ വിക്കറ്റുകള്‍ വീഴത്തിക്കൊണ്ട് എതിരാളികളെ നിയന്ത്രണത്തിലാക്കാമെന്ന പദ്ധതി പരാജയപ്പെട്ടുവെന്നാണ് ദക്ഷിണാഫ്രിക്കന്‍ നായിക ലൗറ വോള്‍വാര്‍ഡ് സമ്മതിച്ചത്.

ദക്ഷിണാഫ്രിക്കയുടെ ദൗര്‍ബല്യങ്ങള്‍ തുറന്നുകാട്ടുന്ന കളിയായിരുന്നു ന്യൂസിലാന്‍ഡിന്റേത്. പ്രത്യേകിച്ച് നാല് മുന്‍നിര ബൗളര്‍മാരെ മാത്രം ഇറക്കാനുള്ള അവരുടെ പാളിപ്പോയ തീരുമാനത്തെ. അവസാന ഓവറുകളില്‍, നദീന്‍ ഡി ക്ലെര്‍ക്കിനും സുനെ ലൂസിനും പന്തില്‍ ഒരു നിയന്ത്രണവും ചെലുത്താന്‍ സാധിക്കാതെയും വന്നതോടെയ എതിരാളികള്‍ 160 റണ്‍സിന്റെ വിജയലക്ഷ്യം സ്ഥാപിച്ചു. 10 വൈഡുകളും മൂന്ന് നോ ബോളുകളും വഴങ്ങിയ അച്ചടക്കമില്ലാത്ത ബൗളിംഗ്, ഒരു ടീം സമ്മര്‍ദ്ദത്തിനു കീഴ്‌പ്പെട്ടാണ് കളിക്കുന്നതെന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു. ക്യാച്ചുകളൊന്നും നഷ്ടപ്പെടുത്തിയിരുന്നില്ലെങ്കിലും, ഫീല്‍ഡിലെ പിഴവുകള്‍ ന്യൂസിലന്‍ഡിനെ സിംഗിളുകള്‍ മുതലാക്കാന്‍ അനുവദിച്ചു. അതുവഴി ശക്തമായൊരു ടാര്‍ഗറ്റ് എതിര്‍ ടീമിനു മുന്നില്‍ വയ്ക്കാന്‍ കീവികളെ സഹായിച്ചു.

south Africa

ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തില്‍ പ്രതീക്ഷയുടെ മിന്നലാട്ടം കാണിച്ചിരുന്നു. തസ്മിന്‍ ബ്രിട്ട്സും ലോറ വോള്‍വാര്‍ഡും മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്. എന്നാല്‍ മധ്യനിര പരാജയപ്പെട്ടതോടെ ഫൈനല്‍ ദുര്‍വിധി വീണ്ടും ദക്ഷിണാഫ്രിക്കയെ പിടികൂടുന്നു എന്ന സംശയങ്ങള്‍ ശക്തമായി. വിജയ സ്വപ്നങ്ങളുമായാണ് അവര്‍ ഫൈനലില്‍ കടന്നതെങ്കിലും ചരിത്രം വീണ്ടും ആവര്‍ത്തിച്ചു.

പരാജയത്തിന്റെതായ ആഴമേറിയ ഭൂതകാലം ദക്ഷിണാഫ്രിക്കയ്ക്കുണ്ട്. ലോകകപ്പുകള്‍ ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വലിയ വേദനകളാണ് നല്‍കിയിട്ടുള്ളത്. അതുവഴി അവര്‍ ക്രിക്കറ്റിലെ ‘നിര്‍ഭാഗ്യവാന്മാര്‍’ ആയി. 1992 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ ആ നിര്‍ഭാഗ്യത്തിന്റെ ഏറ്റവും വലിയ അടയാളമാണ്. മഴ കാരണം മുടങ്ങിയ മത്സരം പുനരാരംഭിച്ചപ്പോള്‍ ഒരു ബോളില്‍ 22 റണ്‍സ് എന്ന അപ്രാപ്യമായ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്കയ്ക്കായി പുനര്‍നിര്‍വചിക്കപ്പെട്ടത്. ഹൃദയം തകര്‍ക്കുന്ന വേദനയോടെ അന്നവര്‍ പുറത്തായി. 1999 ലോകകപ്പിലെ ഓസ്‌ട്രേലിയ്‌ക്കെതിരായ സെമി ദൗര്‍ഭാഗ്യത്തിന്റെ മറ്റൊരു കഥയാണ്. അലന്‍ ഡൊണാള്‍ഡിന്റെ കുപ്രസിദ്ധമായ ആ റണ്‍ ഔട്ട്, അതുവരെ വിജയമുറപ്പിച്ച് നിന്ന പ്രോട്ടീസിനെ സമനിലയില്‍ കരുക്കി. ഒടുവില്‍ മികച്ച റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഓസീസ് ഫൈനലിന് ടിക്കറ്റ് എടുത്തപ്പോള്‍ ഒരിക്കല്‍ കൂടി ദക്ഷിണാഫ്രിക്ക തലകുനിച്ചു.

2003 ലോകകപ്പില്‍ സ്വന്തം മണ്ണില്‍ മറ്റൊരു ദുരന്തം കൂടി ടീം നേരിട്ടു. ശ്രീലങ്ക ആയിരുന്നു എതിരാളി. ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ മഴ തടസവുമായി എത്തിയപ്പോള്‍, ടീമിനുണ്ടായ ആശയക്കുഴപ്പം ആ മത്സരം ടൈയിലാക്കി. അതോടെ ഒരിക്കല്‍ കൂടി ലോകകപ്പ് മോഹം തകര്‍ന്ന് ദക്ഷിണാഫ്രിക്ക പുറത്തായി. 2007 ലോകകപ്പ് സെമിഫൈനല്‍ ഓസ്ട്രേലിയയ്ക്ക് മുന്നില്‍ വെറും 149 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ ഓസ്ട്രേലിയ അനായാസം ലക്ഷ്യം കണ്ടു. 2011ല്‍ ന്യൂസിലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 108 എന്ന നിലയില്‍ മികച്ച നിലയില്‍ നിന്നിടത്തു നിന്നാണ് 49 റണ്‍സിന്റെ പരാജയം നേരിട്ടത്. 2015 ലെ ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ഫീല്‍ഡിംഗ് പരാജയങ്ങളാണ് എതിരാളികളെ 298 എന്ന വെല്ലുവിളി നിറഞ്ഞ ലക്ഷ്യം കീഴടക്കാന്‍ സഹായിച്ചത്. നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ടതും, ഫീല്‍ഡിംഗ് പിഴവുകള്‍ക്കും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വന്നു. കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന്റെ ഫൈനലില്‍ വിജയിക്കാവുന്ന അവസ്ഥയില്‍ നിന്നാണ് തോല്‍വി വാങ്ങി ഇന്ത്യക്ക് രണ്ടാം കിരീടത്തിന് വഴിയൊരുക്കിയത്. സമ്മര്‍ദത്തിനു കീഴില്‍ കളിക്കാനുള്ള അവരുടെ കഴിവില്ലായ്മയാണ് ഇവിടെയെല്ലാം പ്രകടമായത്.

south africa

നിര്‍ണായക സമയത്ത് വീണു പോകുന്നവരെന്ന ദുഷ്‌പേര് ദക്ഷിണാഫ്രിക്കയ്ക്ക് എങ്ങനെയാണ് വന്നത്? നിര്‍ഭാഗ്യകരമായ തോല്‍വികളുടെ ഒരു പരമ്പര തന്നെവര്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ നിന്ന് രക്ഷപെടേണ്ടതെങ്ങനെയെന്നത് കാഠിമ്യമേറിയൊരു ചോദ്യമാണ്. ഈ ലോകകപ്പില്‍ സെമിയില്‍ ഓസ്ട്രേലിയെ തകര്‍ത്തത്, അവരുടെ മികച്ച വിജയങ്ങളിലൊന്നാണ്. ഇതിനു മുമ്പ് ഒരിക്കല്‍ മാത്രമാണ് ട്വന്റി-20യില്‍ ഓസീസ് വനിതകളെ ദക്ഷിണാഫ്രിക്കയ്ക്ക് കീഴടക്കാന്‍ സാധിച്ചിട്ടുള്ളത്. ഇത്തരം മികച്ച പ്രകടനങ്ങള്‍ പുറത്തെടുക്കുമ്പോഴും ബാക്കിയാകുന്ന ചോദ്യം ഇതാണ്: എന്നെങ്കിലുമവര്‍ക്ക് നിരാശയുടെ ആ ചക്രം തകര്‍ക്കാന്‍ കഴിയുമോ?

ടീമിനു മേലുള്ള പ്രതീക്ഷയാണ് അവരെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിടുന്നത്. ‘ഒരു ലോകകപ്പ് നേടാത്തതിന്റെ ശാപ’ത്തെക്കുറിച്ചുള്ള താത്കാലിക കോച്ച് ഡിലണ്‍ ഡു പ്രീസിന്റെ വിലാപം കളിക്കാരുടെയും ആരാധകരുടെയും സമാന വികാരമായിരുന്നു. ക്യാപ്റ്റന്‍ വോള്‍വാര്‍ഡ് പറഞ്ഞത്, തന്നെക്കാള്‍ സങ്കടമാണ് തന്റെ മാതാപിതാക്കള്‍ അനുഭവിക്കുന്നതെന്നാണ്. താരങ്ങള്‍ മാത്രമല്ല അവരുടെ കുടുംബങ്ങളിലും തോല്‍വിയുടെ വൈകാരികമായ ആഘാതം ഏല്‍ക്കുന്നുണ്ട്. ഇതെല്ലാം ടീമിനുമേല്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളുടെ ഭാരം വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ടൂര്‍ണമെന്റിലുടനീളം ദക്ഷിണാഫ്രിക്കന്‍ കളിക്കാരുടെ പ്രതിഭ കളിക്കളത്തില്‍ ദൃശ്യമായിരുന്നിട്ടും, കിരീടം എന്ന ലക്ഷ്യം ഒരിക്കല്‍ കൂടി ആ രാജ്യത്തിന് അന്യമായി. എന്നും രണ്ടാം സ്ഥാനക്കാരെന്ന യാഥാര്‍ത്ഥ്യവുമായി വനിത ടീമും പൊരുത്തപ്പെട്ടതുപോലെയായിരുന്നു. ഈ ടീം എതിരാളികളോട് മാത്രമല്ല, പ്രതീക്ഷയുടെ ഭാരത്തോടും ചരിത്രത്തിന്റെ മുറിവുകളോടും കൂടിയാണ് പോരാടുന്നത്.

south africa 3

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഇപ്പോള്‍ ഒരു വഴിത്തിരിവിലാണ് നില്‍ക്കുന്നത്. അവരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് സാങ്കേതിക പരിഷ്‌കരണം മാത്രമല്ല, ചിന്താഗതിയിലും മാറ്റം ആവശ്യമാണ്. നിരാശരായ രണ്ടാം സ്ഥാനക്കാര്‍ എന്ന സംബോധന നിരാശപ്പെടാന്‍ മാത്രമുള്ളതല്ല, അത് മുന്നോട്ടു പോകാനുള്ള ആഹ്വാനം കൂടിയാണ്. മുന്‍കാല പരാജയങ്ങളെ പ്രചോദനമാക്കി മാറ്റാന്‍ പ്രോട്ടീസിന് കഴിയണം. ഇത്രയും കാലം തങ്ങളില്‍ പറ്റിപ്പിടിച്ചിരുന്ന, ശ്വാസംമുട്ടിക്കുന്ന വിശേഷണങ്ങള്‍ തള്ളിക്കളയാനും, എപ്പോഴും വഴുതിപ്പോകുന്ന കിരീടം ഒരിക്കല്‍ കൈപ്പിടിയിലാക്കാനും കഴിയണം.

കായിക ലോകത്തില്‍ രണ്ടാം സ്ഥാനമെന്നത് മുന്നോട്ടുള്ള ചവിട്ടുപടിയാണ്. എന്നിരുന്നാലും, ദക്ഷിണാഫ്രിക്കയെ സംബന്ധിച്ചിടത്തോളം, ഇത് പൂര്‍ത്തീകരിക്കപ്പെടാത്ത സാധ്യതകളുടെ വേദനാജനകമായ ഓര്‍മ്മപ്പെടുത്തലാണ്. അവര്‍ ഭാവിയിലേക്ക് നോക്കുമ്പോള്‍, ഒരു കാര്യം വ്യക്തമാണ്: തങ്ങളെക്കുറിച്ചുള്ള ആഖ്യാനങ്ങളെല്ലാം മാറ്റിയെഴുതാന്‍ ഒരു ലോകകപ്പ് വിജയം എന്ന ലക്ഷ്യം നേടാനുമുള്ള സമയം അതിക്രമിച്ചിരിക്കുന്നു. second sucks the south african chokers in finals

Content Summary; second sucks the south african chokers in finals

×