ഹരിയാനയിൽ കാണാതായ മോഡലിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ യുവതിയുടെ ആൺസുഹൃത്തിനെ ഹരിയാന പൊലീസിന്റെ ക്രൈം ഇൻവസ്റ്റിഗേറ്റീവ് ഏജൻസി അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി സുനിലും ശീതളുമായി വാക്കുത്തർക്കമുണ്ടായി. തർക്കം പിന്നീട് ശാരീരിക പീഡനത്തിലേക്ക് നീങ്ങി. തർക്കം മൂർച്ഛിച്ചപ്പോൾ സുനിൽ ശീതളിനെ കുത്തുകയും മൃതദേഹം കനാലിലേക്ക് വലിച്ചെറിയുകയുമായിരുന്നു. കൊലപാതകത്തെ ഒരു അപകടമായി ചിത്രീകരിക്കുകയും ചെയ്തു.
ജൂൺ 14ന് കാണാതായ ശീതളിനെ തിങ്കളാഴ്ചയാണ് പാനിപത്തിലെ ഒരു കനാലിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ശീതൾ സഞ്ചരിച്ചിരുന്ന കാർ കനാലിലേക്ക് മറിഞ്ഞ നിലയിലായിരുന്നു. എന്നാൽ യുവതിയുടെ കഴുത്തിൽ ചില മുറിവുകൾ കണ്ടെത്തിയത് സംശയത്തിനിടയാക്കി. പ്രാഥമിക പരിശോധനയിലൂടെയാണ് മരണം കുത്തേറ്റാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ പൊലീസ് അന്വേഷണത്തിലാണ് ശീതളിന്റെ ആൺസുഹൃത്ത് സുനിലിനെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ സുനിൽ കുറ്റം സമ്മതിക്കുകയും ചെയ്തു. ആൽബം ഷൂട്ടിംഗിനായാണ് ശീതൾ പാനിപ്പത്തിൽ എത്തിയത്. മദ്യപിച്ച് കാറുമായി അവിടെയെത്തിയ സുനിൽ ശീതളിനെ മർദിച്ചിരുന്നു. ശീതൾ ഈ വിവരം സഹോദരി നേഹയെ വിളിച്ച് അറിയിച്ചിരുന്നു. മിനിറ്റുകൾക്കുള്ളിൽ ശീതളിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. ഹരിയാന പൊലീസ് സുനിലിന്റെ കാർ കനാലിൽ നിന്നാണ് കണ്ടെത്തിയത്. എന്നാൽ ശീതളിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കാർ വെള്ളത്തിലേക്ക് വീണതാണെന്നും താൻ നീന്തി രക്ഷപ്പെട്ടുവെന്നും സുനിൽ പൊലീസിന് മൊഴി നൽകി. ശീതളിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ലെന്ന് ആയിരുന്നു സുനിലിന്റെ വാദം. പാനിപത്തിൽ നിന്ന് 80 കിലോമീറ്റർ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നാണ് സുനിൽ കേസിൽ കുറ്റസമ്മതം നടത്തുന്നത്. സുനിൽ വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ്. എന്നാൽ ഈ വിവരം ഈയടുത്താണ് സുനിൽ ശീതളിനെ അറിയിക്കുന്നത്. ഇതോ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശീതളും വിവാഹിതയാണ് കുടുംബ കലഹത്തെ തുടർന്ന് ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
23കാരിയായ ശീതളിനെ രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് കാണാതായത്. ഹരിയാൻവിയെന്ന മോഡലിംഗ് കമ്പനിയിലെ മോഡലായിരുന്നു ശീതൾ. പെൺകുട്ടി സഹോദരിയ്ക്കൊപ്പം പാനിപത്തിലാണ് താമസിച്ചിരുന്നത്. ജൂൺ 14ന് അഹാർ ജില്ലയിൽ ഒരു ഷൂട്ടിംഗിനായി പോയതായിരുന്നു പെൺകുട്ടി. തിരിച്ചെത്താൻ വൈകിയപ്പോൾ സഹോദരിയാണ് പാനിപത്ത് പോലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തിയത്. ശീതൾ അബദ്ധത്തിൽ മുങ്ങി മരിച്ചതല്ലെന്നും മരണം കൊലപാതകമാണെന്നും ശീതളിന്റെ കുടുബം ആരോപിച്ചിരുന്നു. കാണാതായ ദിവസം ശീതൾ നേഹയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തന്റെ മുൻ സുഹൃത്തായ സുനിൽ ഷൂട്ടിംഗ് ലൊക്കേഷനിലെത്തി ശീതളിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നതായി ശീതൾ പറഞ്ഞിരുന്നതായി നേഹ പൊലീസിന് മൊഴി നൽകിയിരുന്നു.
content summary: Sheetal Choudhary’s Death, Sinister Murder Plot, Staged Car Crash, and a Shocking Confession