February 13, 2025 |
Share on

വര്‍ണവിവേചനം അവസാനിപ്പിക്കാന്‍ പോരാടിയവരെ കൈവിട്ട് ദക്ഷിണാഫ്രിക്കന്‍ ജനത

തെരഞ്ഞെടുപ്പില്‍ അഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് തിരിച്ചടി, മൂന്ന് പതിറ്റാണ്ടത്തെ ഭരണം മടുത്ത് ജനം
s

ദക്ഷിണാഫ്രിക്കന്‍ പൊതു തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി. ശനിയാഴ്ച്ചയോടെ എല്ലാ വോട്ടുകളും എണ്ണി തീര്‍ന്നപ്പോള്‍ 40 ശതമാനം വോട്ടുകള്‍ മാത്രമാണ് പാര്‍ട്ടിക്ക് കിട്ടിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ 58 ശതമാനം വോട്ടുകളായിരുന്നു പാര്‍ട്ടിക്ക് ലഭിച്ചത്.  south africa election ruling party african national  congress falling short of winning majority

30 വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ നേതൃത്വത്തിലുള്ള ഭരണത്തെ പരാജയപ്പെടുത്തി അധികാരത്തില്‍ വന്ന പാര്‍ട്ടിയാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇതാദ്യമായാണ് അവര്‍ കേവല ഭൂരിപക്ഷം നേടുന്നതില്‍ പരാജയപ്പെടുന്നത്. ഇതോടെ മൂന്നു പതിറ്റാണ്ടത്തെ എഎന്‍സിയുടെ രാഷ്ട്രീയാധിപത്യം ജനം അവസാനിപ്പിച്ചിരിക്കുകയാണ്. എങ്കിലും ഭരണം നിലനിര്‍ത്താന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മുന്നില്‍ വഴികളടഞ്ഞിട്ടില്ല.

ലോകത്തില്‍ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിരക്കിലുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഇതിനു പുറമെയാണ് വൈദ്യുതിക്കും ജലത്തിനും നേരിടുന്ന ദൗര്‍ലഭ്യം. അക്രമങ്ങളുടെ തോതും രാജ്യത്ത് കുതിച്ചു കയറുകയാണ്. ഇതെല്ലാം ഭരണകക്ഷിക്കെതിരായ ജനവികാരത്തിന് കാരണമായെങ്കിലും, പ്രതിപക്ഷ പാര്‍ട്ടികളെക്കാള്‍ വോട്ട് രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രാഷ്ട്രീയ പാര്‍ട്ടിയായ എഎന്‍സിക്ക് തന്നെയാണ് ജനം കൊടുത്തിരിക്കുന്നത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും സുസ്ഥിരമായ രാജ്യത്തെയും അതിന്റെ കെട്ടുറപ്പുണ്ടായിരുന്ന സമ്പദ് വ്യവസ്ഥയെയും തകര്‍ക്കുന്ന നിലപാടുകളാണ് ദക്ഷിണാഫ്രിക്കന്‍ വിമോചന പ്രസ്ഥാനത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്ന ശക്തമായ വിമര്‍ശനം ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെതിരേയുണ്ട്. നെല്‍സണ്‍ മണ്ടേലയിലൂടെ ലോകത്തിന്റെ അംഗീകാരം നേടിയ രാഷ്ട്രീയ പാര്‍ട്ടിയായ എഎന്‍സിക്ക് വീണ്ടും ദക്ഷിണാഫ്രിക്കയുടെ അധികാരം നിലനിര്‍ത്തണമെങ്കില്‍ മറ്റു പാര്‍ട്ടികളുടെ സഹായം തേടണം. ഒരിക്കലും അധികാര സഖ്യം ഉണ്ടാക്കില്ലെന്ന് എഎന്‍സി പ്രതിജ്ഞ ചെയ്തിരുന്ന ചില പാര്‍ട്ടികളോട് തന്നെ അവര്‍ ചങ്ങാത്തം കൂടേണ്ടി വരും.

തെരഞ്ഞെടുപ്പ് തിരിച്ചടിയുടെ ഞെട്ടലിലാണ് ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാക്കള്‍. ‘ ഞാന്‍ ഞെട്ടിപ്പോയി. ഞങ്ങളുടെ കണ്ണ് തുറപ്പിച്ചിരിക്കുകയാണ്, ഞങ്ങള്‍ എന്തൊക്കെയോ എവിടെയോ നഷ്ടപ്പെടുത്തി’ പാര്‍ട്ടി ഉന്നതനായ മറോപെന്‍ റമോക്‌ഗോപയുടെ പ്രതികരണം ഈ വിധത്തിലായിരുന്നു.

നിലവിലെ പ്രസിഡന്റും തെരഞ്ഞെടുപ്പില്‍ എഎന്‍സിയുടെ നേതൃത്വം വഹിക്കുകയും ചെയ്ത സിറില്‍ റമഫോസയ്ക്കും തെരഞ്ഞെടുപ്പ് ഫലം വലിയ ആഘാതമായി. രണ്ടാം തവണയും പ്രസിഡന്റ് പദത്തിലെന്ന റമഫോസയുടെ സ്വപ്‌നം തകര്‍ച്ചയുടെ വക്കിലാണ്. വര്‍ണവിവേചന കാലം അവസാനിപ്പിക്കുന്നതിനായി വിദഗ്ധനായ ഇടനിലക്കാരനായി നിന്ന് ചര്‍ച്ചകള്‍ നടത്തി വിജയിച്ചിട്ടുള്ള റാമഫോസ, അതേ വൈദഗ്ധ്യം വീണ്ടും പുറത്തെടുക്കേണ്ടി വരും. എന്നാല്‍ അതത്ര എളുപ്പമാകില്ല. ഭരണത്തുടര്‍ച്ചയാക്കായി സഖ്യകക്ഷികളെ ഉണ്ടാക്കണമെങ്കില്‍ ശക്തമായ എതിര്‍പ്പ് പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ അദ്ദേഹത്തിന് നേരിടും.

എന്നാല്‍ പാര്‍ട്ടിയിലെ റമഫോസ എതിരാളികള്‍ തെരഞ്ഞെടുപ്പ് തിരിച്ചടി ആയുധമാക്കും. 2019 ല്‍ സീറ്റിന്റെ കാര്യത്തില്‍ ഉണ്ടായ 4.7 ശതമാനത്തിന്റെ കുറവായിരുന്നു പാര്‍ട്ടി ഇതിനു മുമ്പ് നേരിട്ട വലിയ തിരിച്ചടി. ഇത്തവണ അതിന്റെ ആഘാതം ഒരുപാട് വലുതായിരിക്കുന്നു. പാര്‍ട്ടിക്കുണ്ടായിരിക്കുന്ന വീഴ്ച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് റമഫോസ മാറി നില്‍ക്കണമെന്നാണ് എതിരാളികളുടെ ആവശ്യം. നിലവിലെ ഡെപ്യൂട്ടി പോള്‍ മാഷാട്ടിലിനെയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പകരം നിര്‍ദേശിക്കുന്നത്. ”ഞാന്‍ മനസിലാക്കിയതിനെക്കാള്‍ മോശമായ അവസ്ഥയിലേക്ക് അഞ്ചു വര്‍ഷത്തിനുള്ളില്‍ റമഫോസ പോകുമെന്ന് കരുതിയില്ല’ എന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാവായ ഖുലു മ്ബാത്ത പറഞ്ഞത്. അഴിമതിക്കെതിരേ പാര്‍ട്ടി ദുര്‍ബലമായ പ്രതിരോധമാണ് സ്വീകരിച്ചതെന്നാണ് മ്ബാത്തയുടെ വിമര്‍ശനം.

പാളയത്തിലെ അസ്വാരസ്യങ്ങള്‍ പറഞ്ഞ് തീര്‍ത്ത് പുതിയ സഖ്യകക്ഷികളെ എത്രയും വേഗം കണ്ടെത്തേണ്ടതുണ്ട് എഎന്‍സിക്ക്. അതിനു കഴിഞ്ഞാല്‍ മാത്രമാണ് 400 അംഗ നാഷണല്‍ അസംബ്ലിയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതില്‍ പാര്‍ട്ടിക്ക് വിജയം നേടാനൊക്കു. മൊത്തം 52 പാര്‍ട്ടികളാണ് ഇത്തവണ ദേശീയ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. പാര്‍ട്ടികള്‍ നേടുന്ന വോട്ട് ശതമാനത്തിന് അനുസരിച്ചാണ് നാഷണല്‍ അസംബ്ലിയില്‍ അവര്‍ക്ക് കിട്ടുന്ന സീറ്റുകള്‍. വ്യക്തമായ ഭൂരിപക്ഷം അസംബ്ലിയില്‍ ഉണ്ടാക്കാന്‍ കഴിയാത്തപക്ഷം, അധികാരം കിട്ടിയാലും അത് അധികകാലം കൊണ്ടു പോകാന്‍ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന് കഴിയാതെ വരും.

50 ശതമാനം വോട്ടുകള്‍ കിട്ടിയിട്ടില്ലെന്നത് തന്നെയാണ് എഎന്‍സിയുടെ പ്രതിസന്ധി. അവരെ പിന്തുണയ്ക്കുന്ന ചെറിയ പാര്‍ട്ടികളെ കൊണ്ട് മാത്രം 50 ശതമാനം സീറ്റുകള്‍ എന്ന ലക്ഷ്യത്തിലെത്താന്‍ സാധിക്കില്ല. പ്രചാരണ കാലത്ത് എഎന്‍സി നിശിതമായി വിമര്‍ശിച്ച വലിയ പാര്‍ട്ടികളോട് തന്നെ അവര്‍ക്ക് കൂട്ടുകൂടേണ്ടതായി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, ജേക്കബ് സുമയുടെ പാര്‍ട്ടിയുമായി എഎന്‍സി സഖ്യമുണ്ടാക്കുമോയെന്നാണ്. ദക്ഷിണാഫ്രിക്കയുടെ നാലാമത്തെ പ്രസിഡന്റും, റമഫോസയുടെ മുന്‍ഗാമിയും എഎന്‍സിയുടെ തലവനുമായിരുന്ന സുമ ഇപ്പോള്‍ പുതിയ പാര്‍ട്ടിയുണ്ടാക്കിയിരിക്കുകയാണ്. സുമയും റമഫോസയും ബദ്ധവൈരികളായാണ് അറിയപ്പെടുന്നത്. തന്റെ ശത്രുവിനെ തന്നെ റമഫോസ കൂട്ടുപിടിക്കുമോ എന്നതാണ് ചോദ്യം. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് 2018 ല്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും നിര്‍ബന്ധിതമായി രാജിവയ്‌ക്കേണ്ടി വന്നയാളാണ് സുമ. തുടര്‍ന്നാണ് റമഫോസ അധികാരത്തിലെത്തുന്നത്. തന്നെ താഴെയിറക്കിയ പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് സുമ പുതിയ പാര്‍ട്ടി രൂപീകരിച്ചത്. വര്‍ണവിചേനകാലത്ത് എഎന്‍സിയുടെ സായുധ വിഭാഗമായിരുന്ന uMkhonto weSizwe അഥവ എം കെയുടെ അതേ പേരാണ് സുമ തന്റെ പാര്‍ട്ടിക്കും നല്‍കിയിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ സുമയ്ക്ക് വിലക്ക് ഉണ്ടായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ പാര്‍ട്ടി നേട്ടം കൊയ്തു. എഎന്‍സിയുടെ വോട്ടുകളാണ് സുമയുടെ എം കെ പാര്‍ട്ടി കൈക്കലാക്കിയതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

ആരുമായി സഖ്യമുണ്ടാക്കാനും തങ്ങള്‍ തയ്യാറാണെന്നാണ് എം കെ പാര്‍ട്ടിയിലെ ഉന്നതന്മാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതായത്, തന്റെ മുന്‍ സുഹൃത്തുക്കളും നിലവിലെ ശത്രുക്കളുമായ എഎന്‍സിയുമായി കൂട്ടുചേരാന്‍ സുമ തയ്യാറാണെന്ന്. എന്നാല്‍, ഈ വാഗ്ദാനം സ്വീകരിക്കേണ്ടി വരുന്നത് എഎന്‍സിയെ സംബന്ധിച്ച് കീഴടങ്ങലാണ്.

ഭരണക്കസേര കിട്ടാന്‍ സഹായിക്കുന്ന മറ്റൊരു പാര്‍ട്ടി ഡെമോക്രാറ്റിക് അലയന്‍സാണ്. രണ്ടാമത്തെ വലിയ വോട്ട് ഓഹരി നേടിയിരിക്കുന്നത് അവരാണ്. ഡെമോക്രോറ്റിക് അലയന്‍സിന്റെ സാമ്പത്തിക വീക്ഷണം റമഫോസയുടെതുമായി ചേര്‍ന്നു നില്‍ക്കുന്നതിനാല്‍ രണ്ടു പാര്‍ട്ടികള്‍ക്കും യോജിച്ചു പോകുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഡെമോക്രാറ്റിക് അലയന്‍സുമായുള്ള ബന്ധം റമഫോസയ്ക്ക് രാഷ്ട്രീയമായ തിരിച്ചടി നല്‍കുമെന്ന് വാദിക്കുന്നവരുമുണ്ട്. എഎന്‍സി ഡെമോക്രാറ്റിക് അലയന്‍സിനെതിരേ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ആരോപണം, രാജ്യത്ത് വര്‍ണവിവേചനം തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്നവരാണെന്നാണ്. കറുത്ത വര്‍ഗക്കാരുടെ തൊഴില്‍പരമായും സാമ്പത്തികമായുമുള്ള ഉന്നമനം ലക്ഷ്യമിടുന്ന വംശാധിഷ്ഠിത നയങ്ങളെ എതിര്‍ക്കുന്നവരുമാണ് ഡെമോക്രാറ്റിക് അലയന്‍സ്.

എഎന്‍സി കണ്ണുവയ്ക്കുന്ന അടുത്ത പാര്‍ട്ടി ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സാണ്. ഒരു ദശാബ്ദം മുന്‍പ് മാത്രം ഉദയം കൊണ്ട് ഈ പാര്‍ട്ടി, എഎന്‍സി പുറത്താക്കിയ അവരുടെ മുന്‍ യുവ നേതാവ് ജൂലിയസ് മലേമ സ്ഥാപിച്ചതാണ്. എന്നാല്‍ അവിടെയുള്ള പ്രശ്‌നം ഈ ബന്ധം വന്‍കിട ബിസിനസുകാര്‍ക്കും അന്താരാഷ്ട്ര നിക്ഷേപകര്‍ക്കും ഇഷ്ടമാകില്ലെന്നതാണ്. രാജ്യത്തെ ഖനികളും മറ്റ് വ്യവസായങ്ങളും ദേശസാത്കരിക്കണമെന്നും, വെള്ളക്കാരായ ഉടമകളില്‍ നിന്നും ഭൂമി പിടിച്ചെടുത്ത് കറുത്തവര്‍ഗക്കാര്‍ക്ക് പുനര്‍വിതരണം ചെയ്യണമെന്നും ആഹ്വാനം ചെയ്യുന്നവരാണ് ഇക്കണോമിക് ഫ്രീഡം ഫൈറ്റേഴ്‌സ്. എങ്കിലും എഎന്‍സിയിലെ ഒരു വിഭാഗം അവരുമായി സഖ്യം ചേരുന്നതില്‍ തത്പരരാണ്. ഒന്നാമത്തെ കാരണം, ജൂലിയസ് മലേമ അവരുടെ കൂടെയുണ്ടായിരുന്നൊരാള്‍ എന്നത് തന്നെ. കൂടാതെ, രണ്ടു പാര്‍ട്ടികളുടെയും ആശയചിന്താഗതികളും സമ്പത്ത് വിതരണത്തിലുള്ള അഭിപ്രായങ്ങളുമൊക്കെ ഒരിമിച്ച് പോകുന്നതുമാണ്.

ആരൊക്കെ ഒരുമിച്ച് ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചാലും സഖ്യസര്‍ക്കാരുകള്‍ അധികകാലം ഒരുമയോടെ മുന്നോട്ടു പോകില്ലെന്നാണ് രാഷ്ട്രീയ വിശകല വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നേതാക്കളുടെ മനസ് മാറിക്കൊണ്ടിരിക്കും, ഒരാള്‍ക്ക് സ്വതന്ത്രമായൊരു നിലപാട് എടുത്ത് കാര്യങ്ങള്‍ നടപ്പാക്കുന്നതിലൊക്കെ ബുദ്ധിമുട്ട് വരുമെന്നും അത് സര്‍ക്കാരിന്റെ വീഴ്ച്ചയ്ക്ക് തന്നെ കാരണമാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

സാമ്പദ് വ്യവസ്ഥയുടെ തകര്‍ച്ച മാത്രമല്ല, സാമൂഹികമായ വെല്ലുവിളികളും ദക്ഷിണാഫ്രിക്കന്‍ ജനത നേരിടുന്നുണ്ട്. തങ്ങള്‍ പൂര്‍ണമായും വര്‍ണവിവേചനത്തില്‍ നിന്നും മുക്തരായോ എന്ന ചോദ്യം ദക്ഷിണാഫ്രിക്കന്‍ ജനതയില്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതിന്റെയെല്ലാം പ്രതിഫലനമാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ കണ്ടതും.

Content Summary; south africa election ruling party african national  congress falling short of winning majority

×