യുഎസ് വിമാനത്തില്‍നിന്ന് വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്‌ബോള്‍ താരവും 

 
zaki anwari

കാബൂളില്‍നിന്ന് പറന്നുയര്‍ന്ന യുഎസ് സൈനിക വിമാനത്തില്‍നിന്നു വീണു മരിച്ചവരില്‍ യുവ ഫുട്‌ബോള്‍ താരവും. അഫ്ഗാന്‍ ദേശീയ ഫുട്‌ബോള്‍ താരം സാക്കി അന്‍വാരിയാണ് (19) വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ വീണുമരിച്ചത്. അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സികള്‍ ഇക്കാര്യം സ്ഥിരീകരിച്ചു. അഫ്ഗാന്‍ ദേശീയ ഫുട്ബോള്‍ ടീമും മരിച്ചത് സാക്കി അന്‍വരിയാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ വീണു മരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നേരത്തെ, സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. 

താലിബാന്‍ രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തതിനു പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ചവരുടെ കൂട്ടത്തിലായിരുന്നു സാക്കിയും. കാബൂള്‍ വിമാനത്താവളത്തില്‍ എത്തുന്ന വിമാനങ്ങളില്‍ കയറി രക്ഷപ്പെടാമെന്ന ചിന്തയില്‍ നിരവധിപ്പേരാണ് അവിടെയെത്തിയിരുന്നത്. ഇതിനിടെയാണ് യുഎസ് വ്യോമസേനയുടെ ചരക്ക് വിമാനം എത്തിയത്. എന്നാല്‍, ആളുകള്‍ കൂട്ടമായെത്തിയതോടെ വിമാനം ടേക് ഓഫ് ചെയ്തു. ഇതിനിടെ, വിമാനത്തിന്റെ ചക്രങ്ങള്‍ക്കുസമീപം കയറിയിരുന്നവരാണ് വീണു മരിച്ചത്. അതിലൊരാള്‍ സാക്കി ആയിരുന്നു.

കാബൂള്‍ സ്വദേശിയായിരുന്ന സാക്കി 16ാം വയസ് മുതല്‍ ദേശീയ ജൂനിയര്‍ ടീമംഗമായിരുന്നു സാക്കി. രാജ്യം താലിബാന്‍ കീഴടക്കുമ്പോള്‍, നിങ്ങളുടെ ജീവിതത്തിന്റെ ചിത്രകാരന്‍ നിങ്ങളാണ്. പെയിന്റ് ബ്രഷ് മറ്റാര്‍ക്കും നല്‍കരുതെന്നായിരുന്നു സാക്കി ഫേസ്ബുക്കില്‍ കുറിച്ചത്. അതിനു പിന്നാലെയാണ് സാക്കിയുടെ ദാരുണാന്ത്യം. സാക്കിയുടെ സഹപ്രവര്‍ത്തകരും പരിശീലകരും സമൂഹമാധ്യമങ്ങളില്‍ ആദരാഞ്ജലി അര്‍പ്പിച്ചു.