യുകെ യാത്രാ നയത്തില്‍ ഇന്ത്യയുടെ മറുപടി; പ്രതിഷേധം, അതൃപ്തി പരസ്യമാക്കി മത്സരങ്ങളില്‍ നിന്ന് പിന്‍മാറി ഹോക്കി ടീമുകള്‍ 

 
hockey


ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് ഉള്‍പ്പെടെ യുകെ പുതിയ യാത്രാ നിയമങ്ങള്‍ പ്രഖ്യാപിച്ചതിന് ശേഷം  ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് 10 ദിവസത്തെ ക്വാറന്റീന്‍ നിര്‍ബന്ധമാക്കാനുള്ള ഇന്ത്യയുടെ നടപടിക്കും പിന്നാലെ കായിക മേഖലയിലും കൊമ്പ്‌കോര്‍ത്ത് ഇരുരാജ്യങ്ങള്‍. 

2022ല്‍ ഇംഗ്ലണ്ടിലെ ബര്‍മിങ്ങാമില്‍ നടക്കാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഇന്ത്യന്‍ പുരുഷ, വനിതാ ഹോക്കി ടീമുകള്‍ പിന്മാറിയതായി ചൊവ്വാഴ്ച ഹോക്കി ഇന്ത്യയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും അറിയിച്ചിരുന്നു.  അടുത്ത മാസം ഇന്ത്യയില്‍, ഭുവനേശ്വറില്‍ നടക്കാനിരിക്കുന്ന പുരുഷ ജൂനിയര്‍ ലോകകപ്പില്‍ നിന്ന് പിന്മാറുകയാണെന്ന് ഇംഗ്ലണ്ട് ഹോക്കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് അടുത്ത വര്‍ഷം നടക്കാനരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് ഹോക്കി ഇന്ത്യ പിന്‍വാങ്ങുന്നതായുള്ള പ്രഖ്യാപനം വന്നത്. 

ഇന്ത്യയില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കു പോലും ഇംഗ്ലണ്ടിലെത്തിയാല്‍ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് ഇംഗ്ലണ്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്, ഹോക്കി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യയോട് കാണിക്കുന്ന പക്ഷപാതമാണെന്നും അത് വളരെ നിര്‍ഭാഗ്യകരമാണെന്നും ഞങ്ങള്‍ കരുതുന്നു,'' ഹോക്കി ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 18 മാസമായി ഇംഗ്ലണ്ടാണ് യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിച്ച രാജ്യം കളിക്കാരുടെ ആരോഗ്യം അപകടത്തിലാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഹോക്കി ഇന്ത്യ പറഞ്ഞു.

ടോക്കിയോ ഒളിമ്പിക് ഗെയിംസില്‍ ഇന്ത്യന്‍ കായികതാരങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ബന്ധിത ക്വാറന്റീന്‍ ഉള്‍പ്പെടെ ഇത്തരം വിവേചനപരമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല, വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ കായികതാരങ്ങള്‍ക്ക് ഈ 10 ദിവസത്തെ ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുന്നത് അവരുടെ പ്രകടനത്തെ ബാധിക്കും. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യയോട് പക്ഷപാതപരമാണെന്നും അത് വളരെ നിര്‍ഭാഗ്യകരമാണെന്നും ഇന്ത്യ അറിയിച്ചു. 

യു.കെ സര്‍ക്കാരിന്റെ 10 ദിന നിര്‍ബന്ധിത ക്വാറന്റീനടക്കമുള്ള മാനദണ്ഡങ്ങള്‍ കാരണമാണ് ഇന്ത്യന്‍ ടീം പിന്മാറിയതെന്ന് ഇംഗ്ലണ്ട് ഹോക്കി അസോസിയേഷന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ വാക്സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് യു.കെ അംഗീകാരം നല്‍കാത്തത് നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു. ഇതോടെയാണ് രണ്ട് ഡോസ് വാക്സിനെടുത്തവര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ പാലിക്കണമെന്ന് യു.കെ അറിയിച്ചത്. അതേസമയം വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഇന്ത്യന്‍ ടീമിന്റെ പിന്മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏഷ്യന്‍ ഗെയിംസ് ജേതാക്കള്‍ക്ക് 2024-ലെ പാരിസ് ഒളിമ്പിക്സിലേക്ക് നേരിട്ട് യോഗ്യത ലഭിക്കും. 2022 ജൂലായില്‍ ബര്‍മിങ്ങാമില്‍ വെച്ചാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക.

ഇന്ത്യയില്‍ നടക്കാനിരിക്കുന്ന പുരുഷ ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം ഇംഗ്ലണ്ട് ഹോക്കി തിങ്കളാഴ്ചയാണ്
അറിയിച്ചത്.  ഇന്ത്യയില്‍ എത്തുന്ന എല്ലാ യുകെ പൗരന്മാര്‍ക്കും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റീന്‍ നടപ്പാക്കിയതിനെയും അധികൃതര്‍ കുറപ്പെടുത്തിയിരുന്നു. ഇരു രാജ്യങ്ങള്‍ക്കും ഇടിയിലുള്ള യാത്രക്കാര്‍ക്ക് പരസ്പരം സ്വീകാര്യമായ ഒരു സംവിധാനം നടപ്പാക്കാനും പ്രശ്‌നം പരിഹരിക്കാന്‍ ഇരു സര്‍ക്കാരുകളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കെയാണ് പ്രതിഷേധം കായിക മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നത്.