അന്ന് ബുംറയെന്ന അപൂര്‍വ്വ പ്രതിഭയെ ഇറക്കിവിട്ട ശാസ്ത്രി; കേപ്ടൗണില്‍ ഇന്ത്യയുടെ വജ്രായുധം വീണ്ടും ഇറങ്ങുമ്പോള്‍? 

 
jasprit-bumrah-ravi-shastri

2017 ലെ നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ സ്വന്തം നാട്ടില്‍ ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര ഇന്ത്യ  1-0ന് സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയിലെ ചോദ്യം എന്തുകൊണ്ട്  ബുംറയെന്ന പ്രതിഭയെ കളിപ്പിച്ചില്ലെന്നായിരുന്നു. പരമ്പരയില്‍ കോഹ് ലിയും കൂട്ടരും അനായാസ വിജയം സ്വന്തമാക്കിയപ്പോള്‍ ആരാധകര്‍ ബുംറയ്ക്കായി മുറവിളി കൂട്ടി, പരമ്പരയില്‍ ഇന്ത്യയുടെ ബൗളിംഗ് യൂണിറ്റ് മികച്ച പ്രകടനം കാഴ്ചവച്ചപ്പോഴായിരുന്നു ഇതെന്നത് ബുംറയിലെ പ്രതിഭയില്‍ അവര്‍ എത്രത്തോളം പ്രതീക്ഷ അര്‍പ്പിച്ചുവെന്ന് ശ്രദ്ധിക്കേണ്ടത്. ജസ്പ്രീത് ബുംറയ്ക്ക് അന്ന് രണ്ട് വര്‍ഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് പരിചയമാണുണ്ടായിരുന്നത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ അദ്ദേഹം ഇന്ത്യക്കായി സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുകയായിരുന്നു.

ടെസ്റ്റ് ക്രിക്കറ്റിലും ഇന്ത്യയുടെ കുതിപ്പിന് വേഗം കൂട്ടാന്‍ ബുംറ പ്രാപ്തനായിരുന്നു എന്നായിരുന്നു വിശ്വാസം. ഡെത്ത് ബൗളര്‍ എന്ന നിലയില്‍ ഇന്ത്യന്‍ വിജയങ്ങളില്‍ ബുംറയുടെ സാന്നിദ്ധ്യം നിര്‍ണായകമായിരുന്നു അന്ന്. എന്തിന് ബുംറയ്ക്ക് അന്ന് അവസരം നല്‍കിയില്ലെന്ന തരത്തില്‍ തനിക്ക് മുന്നിലെത്തുന്ന ചോദ്യങ്ങള്‍ക്ക് പരിശീലകന്‍ രവിശാസ്ത്രി ഒരു മറുപടിയും കരുതിവെച്ചിട്ടുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയ്ക്ക് ശോഭിക്കാന്‍ കഴിയുമെന്ന് ശാസ്ത്രിക്ക് ബോധ്യമുണ്ടായിരുന്നു, എന്നാല്‍ പക്ഷേ ഏറ്റവും ഉചിതമായ സമയത്ത് ബുംറ എന്ന ആയുധത്തെ ഉപയോഗിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം അങ്ങനെയാണ്  2018 ജനുവരിയില്‍ ദക്ഷിണാഫ്രിക്കയിലെ ടെസ്റ്റ് പരമ്പരയില്‍ ബുംറ അരങ്ങേറ്റം നടത്തുന്നത്. ബുംറയെ ദക്ഷിണാഫ്രിക്കയില്‍ ഇറക്കാന്‍ സെലക്ടര്‍മാരോട് ആവശ്യപ്പെട്ടതെങ്ങനെയെന്ന് രവി ശാസ്ത്രി പിന്നീട്‌ വെളിപ്പെടുത്തിയിരുന്നു. 

പരിശീലന മത്സരങ്ങളൊന്നും കളിക്കാതെയാണ് ഇന്ത്യ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിലേക്ക് മുന്നേറിയത്. ബുംറയ്ക്കാണെങ്കിയും കൂടുതല്‍ റെഡ്-ബോള്‍ പരിശീലന മത്സരങ്ങളും ലഭിച്ചിരുന്നില്ല, പക്ഷേ ന്യൂലാന്‍ഡ്സില്‍ ബുംറ പന്തെറിയുന്നത് കണ്ട ആര്‍ക്കും അദ്ദേഹം ടെസ്റ്റിലെ സ്ഥിര സാന്നിധ്യമായിരുന്നില്ലെന്ന് പറയാന്‍ കഴിഞ്ഞില്ല.

ആദ്യ രണ്ട് ടെസ്റ്റുകളും അതോടൊപ്പം പരമ്പരയും ഇന്ത്യ തോറ്റിരുന്നു, എന്നാല്‍ താനൊരു അപൂര്‍വ പ്രതിഭയാണെന്ന് തെളിയിക്കാന്‍ ബുംറയക്ക്
ആ മത്സരങ്ങളില്‍ മതിയായിരുന്നു. ജോഹന്നാസ്ബര്‍ഗില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ വലംകൈയ്യന്‍ പേസര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ വിജയത്തോടെ പരമ്പര അവസാനിപ്പിക്കാന്‍ സഹായിച്ചു. ബുംറയുടെ മികച്ച അരങ്ങേറ്റ ടെസ്റ്റ് പരമ്പരയായിരുന്നു അത്. ആദ്യ രണ്ട് മത്സരങ്ങളില്‍ നിന്ന് ഏഴ് വിക്കറ്റ് മാത്രമാണ് അദ്ദേഹം നേടിയത്, എന്നാല്‍ മൂന്നാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ മുതല്‍ ടെസ്റ്റിലെ താരത്തിന്റെ കരിയര്‍ ശ്രദ്ധനേടാന്‍ തുടങ്ങി. അതിനുശേഷം  അവിസ്മരണീയമാവും വിധം ഇന്ത്യക്ക് നിരവധി വിജയങ്ങള്‍ താരം സമ്മാനിച്ചു. 

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം ദക്ഷിണാഫ്രിക്കയിലെത്തുമ്പോള്‍ മനോഹരമായ ഓര്‍മകള്‍ തന്നെയാണെന്നാണ് താരം വെകാരികമായി  ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. '2018 ജനുവരിയില്‍ കേപ്ടൗണിലാണ് ടെസ്റ്റ് ക്രിക്കറ്റില്‍ എനിക്ക് എല്ലാം തുടങ്ങിയത്. നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ താരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഒരുപാട് വളര്‍ന്നു. ഈ മൈതാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ സവിശേഷമായ ഓര്‍മകളും തിരിച്ചുവരുന്നു' എന്നാണ് ബുംറ കുറിച്ചത്. കേപ്ടൗണില്‍ ദക്ഷിണാഫ്രിക്കയുടെ ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിനെ ക്ലീന്‍ബൗള്‍ഡ് ചെയ്താണ് ബുംറ തന്റെ ടെസ്റ്റിലേക്കുള്ള വരവ് ആഘോഷിച്ചത്. ആദ്യ ഇന്നിങ്‌സില്‍ ഒരു വിക്കറ്റ് മാത്രമാണ് ബുംറ നേടിയത്. എന്നാല്‍ രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് സുപ്രധാന വിക്കറ്റുകളാണ് ബുംറ സ്വന്തമാക്കിയത്. എബി ഡിവില്ലിയേഴ്‌സ്, ഫഫ് ഡുപ്ലെസിസ്, ക്വിന്റന്‍ ഡീകോക്ക് എന്നിവരെയാണ് ബുംറ പുറത്താക്കിയത്.

ഇപ്പോള്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സുപ്രധാന ബൗളറാണ് ബുംറ. 28കാരനായ താരം 26 ടെസ്റ്റില്‍ നിന്ന് 107 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 27 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച ബൗളിങ് പ്രകടനം. ആറ് തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനുമായിട്ടുണ്ട്. വിദേശ മൈതാനങ്ങളിലും മികവ് കാട്ടാനാവുന്നു എന്നതാണ് ബുംറയെ ഇന്ത്യയുടെ വജ്രായുധമാക്കുന്നത്. 

പരമ്പരയില്‍ സെഞ്ച്വൂറിയനില്‍ മികവ് കാട്ടാന്‍ ബുംറക്ക് സാധിച്ചിരുന്നെങ്കിലും ജോഹാനസ്ബര്‍ഗില്‍ മികവിനൊത്ത് ഉയരാനായിരുന്നില്ല.
കേപ്ടൗണില്‍ ടീമെന്ന നിലയില്‍ ഒത്തിണക്കമുള്ള പ്രകടനം ഉണ്ടായാലേ ഇന്ത്യക്ക് പരമ്പര സ്വന്തമാക്കാനാവൂ. കേപ്ടൗണിലെ സാഹചര്യങ്ങള്‍ പേസിന് അനുകൂലമായതിനാല്‍ പേസ് ബൗളിങ് നിരയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. 

Also Read : 200 കോടി ജനങ്ങള്‍ക്ക് ഭീഷണി, തീരമുള്ള മഹാനഗരങ്ങള്‍ മുങ്ങും; 2050 ല്‍ ജീവിതം ദുസ്സഹമാകും

Also Read : മോഹന്‍ലാലിനോടും മമ്മൂട്ടിയോടുമാണ്: അവള്‍ക്കൊപ്പം മാത്രമാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയുമോ?