വനിതാ ക്രിക്കറ്റ് വിലക്കിയാല്‍ അഫ്ഗാനെതിരെയുള്ള ടെസ്റ്റിനില്ല: താലിബാന് മുന്നറിയിപ്പുമായി ഓസീസ് ടീം

 
afghan cricket

അഫ്​ഗാനിസ്​താനിൽ പുതുതായി അധികാരത്തിലെത്തിയ താലിബാൻ ഭരണകൂട​ത്തിന്‍റെ സ്​ത്രീ​കളോടുള്ള നിലപാടിൽ പ്രതിഷേധിച്ച്​ അഫ്​ഗാൻ ക്രിക്കറ്റ്​ ടീമുമായുള്ള ടെസ്റ്റ്​ മത്സരത്തിൽ നിന്ന്​ പിന്മാറി ഓസ്​ട്രേലിയ. താലിബാൻ സ്​ത്രീകൾ ക്രിക്കറ്റ്​ കളിക്കുന്നതിനെ എതിർത്ത്​ രംഗത്തെത്തിയതോടെയാണ്​ ക്രിക്കറ്റ്​ ഓസ്​ട്രേലിയയുടെ പിന്മാറ്റം. ഓസ്ട്രേലിയയിലെ ഹൊബാർട്ടിൽ ഈ വർഷം അവസാനം നടക്കേണ്ട ടെസ്റ്റ് മത്സരം റദ്ദാക്കുമെന്നാണ് ഓസ്ട്രേലിയയുടെ മുന്നറിയിപ്പ്.  സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് വ്യക്തമാക്കിയത്.

നവംബർ 27നായിരുന്നു അഫ്​ഗാനിസ്​താൻ-ഓസ്​ട്രേലിയ മത്സരം നടക്കേണ്ടത്​. ആഗോളതലത്തിൽ വനിത ക്രിക്കറ്റിന്‍റെ വികസനം ഓസ്​ട്രേലിയയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമർഹിക്കുന്ന ഒന്നാണെന്ന്​ ക്രിക്കറ്റ്​ ഓസ്​ട്രേലിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു. ക്രിക്കറ്റ്​ എല്ലാവർക്കും വേണ്ടിയുള്ള കളിയാണ്​. എക്കാലത്തും വനിത ക്രിക്കറ്റിനെ ഞങ്ങൾ പിന്തുണച്ചിട്ടുണ്ട്​. മാധ്യമ വാർത്തകളിൽ നിന്ന്​ അഫ്​ഗാനിസ്​താൻ വനിത ക്രിക്കറ്റിനെ പിന്തുണക്കുന്നില്ലെന്ന്​ മനസിലാക്കുന്നു. ഈയൊരു സാഹചര്യത്തിൽ അഫ്​ഗാനുമായുള്ള ടെസ്റ്റ്​ മത്സരത്തിൽ നിന്ന്​ പിന്മാറുകയല്ലാതെ ഞങ്ങൾക്ക്​ മുന്നിൽ മറ്റ്​ വഴികളില്ലെന്നും ക്രിക്കറ്റ്​ ആസ്​ട്രേലിയ വ്യക്​തമാക്കി.

ക്രിക്കറ്റ് കളിക്കുന്നതിൽനിന്ന് താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം സ്ത്രീകളെ വിലക്കിയെന്ന് വ്യക്തമാക്കി അഫ്ഗാനിസ്ഥാനിൽനിന്ന് റിപ്പോർട്ടുകൾ പുറത്തുവരുന്ന സാഹചര്യത്തിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ നിലപാട് വ്യക്തമാക്കിയത്.