'എല്ലാത്തിലും പ്രധാനം ഓസ്ട്രേലിയന്‍ ഓപ്പണ്‍'; തന്റെ എതിരാളി ജോക്കോവിച്ചിനെ തള്ളി നദാല്‍

 
D

കോവിഡ് വാക്സിന്‍ സ്വീകരിക്കാതെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവോച്ചിന്റെ വിസ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ രണ്ടാം തവണയും റദ്ദാക്കിയിരിക്കുകയാണ്. നിയമപ്രകാരം ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍ പ്രവേശിക്കാന്‍ മൂന്നുവര്‍ഷത്തെ വിലക്കും വന്നേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. തീരുമാനത്തിനെതിരെ ജോക്കോവിച്ച് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ്. 

മെല്‍ബണ്‍ വിമാനത്താവളത്തിലാണ് വാക്സിന്‍ സ്വീകരിക്കാതെ എത്തിയെന്ന കാരണത്താല്‍ താരത്തെ തടഞ്ഞത്. ജോക്കോവിച്ചിന്റെ  വിസ റദ്ദാക്കിയ അധികൃതര്‍ അഭയാര്‍ഥികളെ പാര്‍പ്പിക്കുന്ന ഹോട്ടലിലേക്കു മാറ്റുകയായിരുന്നു.. എന്നാല്‍, മെല്‍ബണ്‍ കോടതിയുടെ അനുകൂലവിധിപ്രകാരം ജോക്കോ അഞ്ച് ദിവസത്തിനുശേഷം പുറത്തിറങ്ങി. ഓസ്‌ട്രേലിയന്‍ ഓപ്പണിനായി പരിശീലനം തുടങ്ങുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്ടാമതും വിസ റദ്ദാക്കിയ നടപടിയില്‍ കുടിയേറ്റ മന്ത്രി വിശദീകരിച്ചത് പൊതുജന താത്പര്യാര്‍ഥവും ജനങ്ങളുടെ ആരോഗ്യക്ഷേമവും പരിഗണിച്ചാണ് ഈ തീരുമാനമെന്നായിരുന്നു. മഹാമാരിയെ നേരിടാന്‍ ഓസ്‌ട്രേലിയന്‍ ജനത ഒരുപാട് ത്യാഗങ്ങള്‍ സഹിക്കുന്നുണ്ടെന്നും ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും പ്രധാനമന്ത്രി സ്‌കോട്ട് മോറിസണും അഭിപ്രായപ്പെട്ടു. വാക്സിന്‍ സ്വീകരിക്കാത്ത താരത്തിന് വിസ അനുവദിച്ചതിനെതിരേ രാജ്യത്ത് വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു.

Also Read; കോവിഡ് ബാധിച്ചതിനാല്‍ വാക്‌സിനെടുത്തില്ല; പ്രതിഷേധം, വിസ റദ്ദാക്കിയ സംഭവത്തില്‍ ജോക്കോവിച്ച് 

അതേസമയം വിഷയത്തില്‍ ജോക്കേവിച്ചിന്റെ എതിരാളി റാഫേല്‍ നദാലും പ്രതികരിച്ചിരിക്കുകയാണ്. 'ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഏതൊരു കളിക്കാരനെക്കാളും വളരെ പ്രധാനമാണ്' എന്നായിരുന്നു നദാല്‍ പ്രതികരിച്ചത്. 'അവനുണ്ടായാലും ഇല്ലെങ്കിലും ഓസ്ട്രേലിയന്‍ ഓപ്പണ്‍ മികച്ച മത്സരമായിരിക്കും നദാല്‍ പറഞ്ഞു.  ഓസ്‌ട്രേലിയന്‍ ഓപ്പണിലൂടെ ജോക്കോവിച്ചും നദാലും 21 മേജറുകള്‍ നേടുന്ന ആദ്യ താരമാകാനുള്ള ശ്രമത്തിലാണ്. 

സെര്‍ബിയന്‍ താരമായ ജോക്കോവിച്ചിന് ഓസ്‌ട്രേലിയയില്‍  തുടരാനാകുമോ എന്നതിനെക്കുറിച്ച് ഇപ്പോള്‍ പറയാനാകില്ല. കഴിഞ്ഞ രണ്ടാഴ്ചയായി അദ്ദേഹം ചെയ്ത പല കാര്യങ്ങളിലും ഞാന്‍ യോജിക്കുന്നില്ലെങ്കിലും ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. ഒരു വ്യക്തി എന്ന നിലയിലും കായികതാരമെന്ന നിലയിലും  നദാല്‍ പറഞ്ഞു. 

വിവാദം ഏറെ നീണ്ടു, സാഹചര്യങ്ങള്‍ വളരെ ദൂരെയാണെന്ന് ഞാന്‍ കരുതുന്നു. സത്യസന്ധമായി പറഞ്ഞാല്‍, ഞാന്‍ ഈ അവസ്ഥയില്‍ അല്‍പ്പം ക്ഷീണിതനാണ്, കാരണം നമ്മുടെ കായിക ഇനത്തെക്കുറിച്ചും ടെന്നീസിനെക്കുറിച്ചും സംസാരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,' നദാല്‍ പറഞ്ഞു.

ജനുവരി 17 മുതല്‍ 30വരെയാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറുക.  ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സ്വന്തമാക്കിയാല്‍ ഗ്രാന്‍ഡ്സ്ലാം നേട്ടങ്ങളുടെ കണക്കില്‍ ജോക്കോവിച്ച് ലോക റോക്കോര്‍ഡ് കുറിക്കുമെന്നായിരുന്നു ടെന്നീസ് ലോകം പ്രതീക്ഷിച്ചത്. നിലവില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍, സ്‌പെയിനിന്റെ റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പം 20 കിരീടങ്ങളുമായി പുരുഷ സിംഗിള്‍സ് ഗ്രാന്‍ഡ്സ്ലാം നേട്ടത്തില്‍ ലോക റിക്കാര്‍ഡ് പങ്കിടുകയാണ് ജോക്കോവിച്ച്. ഒമ്പത് തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടം നേടിയ ജോക്കോവിച്ചിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ തവണ നേടിയ റെക്കോര്‍ഡ്.