പാക്കിസ്ഥാന്‍ പരമ്പരകള്‍ നടക്കാതിരിക്കാന്‍ ഇന്ത്യയിന്‍ നിന്ന് ഭീഷണി? ആരോപണങ്ങളില്‍ പ്രതികരിച്ച് ബിസിസിഐ

 
bcci

സുരക്ഷാ പ്രശ്നം ചൂണ്ടികാട്ടി പാക്കിസ്ഥാനില്‍ ക്രിക്കറ്റ് മത്സരങ്ങളില്‍ നിന്ന് ന്യൂസിലന്‍ഡ് പിന്‍മാറിയത് ഇന്ത്യയുടെ സമ്മര്‍ദ്ദം കാരണമെന്ന പാക്ക് ആരോപണങ്ങളില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ബിസിസിഐ വൃത്തങ്ങള്‍. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ പങ്കെടുക്കുന്ന
ഓസ്‌ട്രേലിയന്‍ താരങ്ങളെ ഉള്‍പ്പെടെ പരിഹസിച്ചാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ റമീസ് രാജ വിഷയത്തില്‍  പ്രതിഷേധം അറിയിച്ചത്. 

പാക്കിസ്ഥാനെതിരെയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കാതെ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഓടിപ്പോയെന്നും ഇരുവരും പാകിസ്താനെതിരെ തെറ്റുചെയ്തുവെന്നുമാണ് റമീസ് രാജ പറഞ്ഞത്. ഐപിഎല്‍ കരാറുകള്‍ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര താരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ട്. ഐപിഎല്ലില്‍ പങ്കെടുക്കുന്നതിലൂടെ ക്രിക്കറ്റ് കളിക്കാര്‍ക്ക് ധാരാളം പണവും നിരവധി പരസ്യങ്ങളും ലഭിക്കുന്നുണ്ടെന്നും രാജ അഭിപ്രായപ്പെട്ടു. ഓസ്‌ട്രേലിയന്‍ താരങ്ങള്‍ അവരുടെ ഡിഎന്‍എയെ പണത്തിനായി  മാറ്റി, അവര്‍ സന്തോഷത്തോടെയും ആക്രമണാത്മകയില്ലാതെയും ഇന്ത്യയ്ക്കെതിരെ കളിക്കുന്നു. പണവും പരസ്യ വരുമാനവും ലഭിക്കുന്ന ഐപിഎല്‍ കരാറുകള്‍ സംരക്ഷിക്കാന്‍ താല്‍പ്പര്യമുള്ളതിനാല്‍ താരങ്ങള്‍ക്ക് സമ്മര്‍ദ്ദമുണ്ട്, റമീസ് രാജ പറഞ്ഞു. വിഷയത്തില്‍ പാക്ക് മന്ത്രിമാരും മുന്‍ ക്രിക്കറ്റ് താരങ്ങളും ഇന്ത്യക്ക് നേരെയാണ് വിരല്‍ ചൂണ്ടുന്നത്. 

എന്നാല്‍ തങ്ങള്‍ക്ക് നേരെയുണ്ടാകുന്ന ആരോപണങ്ങള്‍ നിഷേധിക്കുകയാണ് ബിസിഐ.  'ഇതിനെന്നും ഞങ്ങള്‍ക്ക് സമയമില്ല, ചില മുന്‍ പാകിസ്താന്‍ താരങ്ങള്‍ ഒരു കാരണവുമില്ലാതെ ഐപിഎല്ലിനെ കുറ്റപ്പെടുത്തുന്നത് എന്തുകൊണ്ടാണെന്ന് അറിയില്ല?  ഇന്ത്യയെ എല്ലായിടത്തേക്കും വലിച്ചിടേണ്ട ആവശ്യമില്ല' ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. റമീസ് രാജയ്ക്ക് ആശംസകള്‍ നേരുന്നു, അദ്ദേഹത്തിന്റെ കീഴില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് പുതിയ ഉയരങ്ങളില്‍ എത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. പാകിസ്താനിലേക്കുള്ള ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ് ടീമുകളുടെ പര്യടനങ്ങള്‍ റദ്ദാക്കിയ
തില്‍ ബിസിസിഐക്ക് ഒരു പങ്കുമില്ലെന്ന  കാര്യം വ്യക്തമാക്കുന്നതായും അദ്ദേഹം പറഞ്ഞു. 

വിപിഎന്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്ന് ന്യൂസിലന്‍ഡ് ടീമിന് 12 ഭീഷണിപ്പെടുത്തുന്ന ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചതായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാഷിദ് ഷെയ്ഖ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് ശേഷമാണ് സുരക്ഷാ കാരണങ്ങളാല്‍ കിവീസ് ടീം പാകിസ്താന്‍ പര്യടനം ഉപേക്ഷിച്ചതെന്നുമാണ് പാക് മന്ത്രി പറഞ്ഞത്. 

അതേസമയം ന്യൂസിലന്‍ഡും ഇംഗ്ലണ്ടും പാക് പര്യടനങ്ങളില്‍ നിന്ന് പിന്മാറിയതോടെ പാക് ക്രിക്കറ്റ് ബോര്‍ഡ് ദേശീയ ടി 20 മത്സരങ്ങളില്‍
ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്. ആഭ്യന്തര ടൂര്‍ണമെന്റിനായി അവരുടെ പ്രധാന കളിക്കാരും ലഭ്യമായതിനാല്‍ വരാനിരിക്കുന്ന ടി 20 ലോകകപ്പിന് മികച്ച പ്രകടനം കാഴ്ച വെക്കുകയാണ് പാക്ക് ക്രിക്കറ്റ് ബോര്‍ഡ് ലക്ഷ്യം വയ്ക്കുന്നത്.