'താരങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം, ഇഷ്ടമില്ലാത്തത് കഴിക്കേണ്ട'; ബിസിസിഐയും ഹലാല്‍ ഭക്ഷണ വിവാദവും

 
bcci

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഭക്ഷണ രീതിയില്‍ മാറ്റം വരുത്തിയെന്ന റിപോര്‍ട്ടുകള്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. കാണ്‍പൂരില്‍ നടക്കുന്ന ന്യൂസീലന്റിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവില്‍ ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ വിഭവം ഏര്‍പ്പെടുത്തിയെന്ന് പറഞ്ഞാണ് വിവാദം. വിഷയം സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായതോടെ ആരാധകരെയും ചൊടിപ്പിച്ചു. അതേസമയം പുറത്ത് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. 

ബിസിസിഐ ടീമംഗങ്ങളോട് ബീഫും പോര്‍ക്കും കഴിക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്ന തരത്തിലാണ് ദേശീയ മാധ്യമങ്ങളിലടക്കം റിപ്പോര്‍ട്ട് വന്നത്. 'ഹലാല്‍' രൂപത്തില്‍ മാത്രം മാംസം കഴിക്കാന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകള്‍പുറത്തു വന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐ ഹലാല്‍ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നു എന്ന ഹാഷ്ടാഗില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്. ഇന്ത്യന്‍ ടീമിലെ ഭൂരിഭാഗം പേരും ഹിന്ദുക്കളാണെന്നും എന്തിനാണ് എല്ലാവര്‍ക്കും മേല്‍ ഹലാല്‍ അടിച്ചേല്‍പിക്കുന്നതെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 

ന്യൂസലന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായ ഭക്ഷണ മെനുവില്‍  പന്നിയിറച്ചിയോ ഗോമാംസമോ ഏതെങ്കിലും രൂപത്തിലോ വൈവിധ്യത്തിലോ ഏതെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാകരുതെന്ന് കര്‍ശനമായി പരാമര്‍ശിക്കുന്നതായാണ്‌ റിപോര്‍ട്ടുകള്‍ വന്നത്. ഈ നിര്‍ദ്ദേശം  ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയലും പരസ്യമായി രംഗത്ത് വന്നിരുന്നു. 
കളിക്കാര്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് കഴിക്കാം, എന്നാല്‍ ആരാണ് ബിസിസിഐക്ക് 'ഹലാല്‍' മാംസം നിര്‍ദ്ദേശിക്കാനുള്ള അവകാശം നല്‍കിയത്. ഇത് നിയമവിരുദ്ധമാണ്, ഞങ്ങള്‍ ഇത് അനുവദിക്കില്ല, ''ഗോയല്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ നിന്ന് പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞു.
അതേസമയം, പുതിയ ഡയറ്റ് പ്ലാന്‍ വന്നത് ബിസിസിഐയില്‍ നിന്നല്ലെന്നും ടീം മാനേജ്മെന്റ് കാറ്ററിംഗ് ആവശ്യങ്ങള്‍ ബിസിസിഐ വഴി മാത്രമേ ഹോസ്റ്റ് ബോര്‍ഡിനെ അറിയിക്കേണ്ടതുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. 

ഇന്ത്യന്‍ താരങ്ങളുടെ ഭക്ഷണകാര്യത്തില്‍ ബിസിസിഐ ഒരു തരത്തിലുമുള്ള നിബന്ധനകളും വയ്ക്കാറില്ലെന്നും കളിക്കാര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ബി സി സി ഐ സെക്രട്ടറി അരുണ്‍ ധുമാല്‍ പ്രതികരിച്ചു. റിപോര്‍ട്ടുകള്‍ വാസ്തവവിരുദ്ധമാണെന്നും ബി സി സി ഐ അത്തരത്തില്‍ ഒരു നിര്‍ദ്ദേശം കാറ്ററിംഗ് ഉടമകള്‍ക്ക് നല്‍കിയിട്ടില്ലെന്നും അരുണ്‍ ധുമാല്‍ വ്യക്തമാക്കി. കാറ്ററിംഗ് കരാര്‍ എടുത്തവര്‍ക്ക് വിതരണം ചെയ്ത കളിക്കാര്‍ക്കുള്ള ഭക്ഷണ മെനുവില്‍  ഈ നിര്‍ദ്ദേശം എങ്ങനെ കടന്നുകൂടിയെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് അരുണ്‍ ധുമാല്‍ പറഞ്ഞു.

''ആരോപിക്കപ്പെടുന്ന ഡയറ്റ് പ്ലാന്‍ ബിസിസിഐ ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലെന്നും അതിനാല്‍ ഇത് നടപ്പാക്കാന്‍ ഒരു കാരണവുമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്നതിനെക്കുറിച്ച് ബിസിസിഐ ഒരു കളിക്കാരനോ ടീം സ്റ്റാഫിനോ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ധുമാല്‍ പറഞ്ഞു. ഈ അഭ്യൂഹങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ഈ ഡയറ്റ് പ്ലാന്‍ ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ല, നടപ്പിലാക്കുകയുമില്ല. എന്ത് കഴിക്കണം, എന്ത് കഴിക്കരുത് എന്ന് ബോര്‍ഡ് ആരെയും ഉപദേശിക്കുന്നില്ല. അവര്‍ക്ക് സ്വന്തം ഭക്ഷണം തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യമുണ്ട്'' അദ്ദേഹം പറഞ്ഞു. 

സാധാരണയായി ഏതെങ്കിലും ഒരു കളിക്കാരന്‍ ഒരു നിര്‍ദ്ദേശം വച്ചാല്‍ മറ്റൊരു താരം അതിന് വിരുദ്ധമായ നിര്‍ദ്ദേശം മുന്നോട്ട് വയ്ക്കുന്നത് വരെ ആദ്യത്തെ കളിക്കാരന്റെ നിര്‍ദ്ദേശം തന്നെ തുടരുകയാണ് പതിവെന്ന് അരുണ്‍ ധുമാല്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഉദാഹരണമായി ഒരു താരം ബീഫ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാല്‍ വിദേശ താരങ്ങളുമായുള്ള വിരുന്നില്‍ പോലും ചിലപ്പോള്‍ ബീഫ് വിഭവങ്ങള്‍ ഒഴിവാക്കുന്ന പതിവുണ്ടെന്നും ധുമാല്‍ വ്യക്തമാക്കി. അത്തരത്തില്‍ ഏതെങ്കിലും കളിക്കാരന്‍ എപ്പോഴെങ്കിലും ഹലാല്‍ ഭക്ഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടാകാമെന്നും മറ്റ് താരങ്ങള്‍ അതിനെ എതിര്‍ക്കാത്തത് കാരണം ആ പതിവ് തുടര്‍ന്നതാകാമെന്നും ധുമാല്‍ സൂചിപ്പിച്ചു.