ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ; ഗോവയില്‍ പ്രതിഷേധം ഇരമ്പുമ്പോള്‍

 
ronaldo

പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചതില്‍ ഗോവയില്‍ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസം ഗോവയില്‍ അനാച്ഛാദനം ചെയ്ത പ്രതിമ  പോര്‍ച്ചുഗീസിന്റെ കോളനിവാഴ്ചയെ ഓര്‍മിപ്പിക്കുന്നുവെന്നാണ് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. 1961 വരെ ഗോവ പോര്‍ച്ചുഗീസുകാരുടെ കോളനിയായിരുന്നു. രാജ്യത്തിന് വേണ്ടി കളിക്കുന്ന താരങ്ങള്‍ക്കാണ് ഇത്തരത്തില്‍ ആദരവ് നല്‍കേണ്ടതെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

ഗോവയിലെ കാലന്‍ഗൂട്ട് ബീച്ചില്‍ ഗോവന്‍ സര്‍ക്കാരാണ് സൂപ്പര്‍ താരത്തിന്റെ പ്രതിമ സ്ഥാപിച്ചത്. രാജ്യത്തെ പുതിയ തലമുറയ്ക്ക് പ്രചോദനമേകുന്നതിന് വേണ്ടിയാണ് പ്രതിമ സ്ഥാപിച്ചതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. 410 കിലോ ഭാരം വരുന്ന പ്രതിമ സംസ്ഥാനത്തെ ഫുട്‌ബോള്‍ സ്വപ്നങ്ങളെ മുന്നോട്ട് നയിക്കുവാനുള്ള പ്രചോദനമാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി മൈക്കല്‍ ലോബോ പ്രതികരിച്ചത്.  ഇന്ത്യയില്‍ ഇതാദ്യമായാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിക്കുന്നത്.

'യുവതലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചത്. ഫുട്‌ബോള്‍ കളിച്ചു തുടങ്ങുന്ന കുട്ടിത്താതാരങ്ങള്‍ക്ക് റൊണാള്‍ഡോയെ പോലെ ലോകമറിയുന്ന വലിയൊരു കളിക്കാരനും അതിലുമുപരി ഒരു മികച്ച കായികപ്രതിഭയാകാനും സാധിക്കണം. അതിനുവേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാം തന്നെ പണിയും. ഏറെ കഴിവുള്ള താരങ്ങളാണ് നമുക്കുള്ളത്. അവര്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കിയാല്‍ റൊണാള്‍ഡോയെ പോലെ തന്നെ ഒരുപിടി മികച്ച താരങ്ങളെ നമുക്ക് വാര്‍ത്തെടുക്കാന്‍ കഴിയും.' ലോബോ കൂട്ടിച്ചേര്‍ത്തു. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെയും പോര്‍ച്ചുഗലിന്റെയും താരമായ റൊണാള്‍ഡോയുടെ രാജ്യത്തെ പ്രതിമ ഫുട്ബോള്‍ പ്രേമത്തെ ആദരിക്കുന്നതിനും  യുവാക്കളെ ഫുട്ബോള്‍ കൂടുതല്‍ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ പ്രചോദിപ്പിക്കുന്നതിനുമാണ് അദ്ദേഹം പറഞ്ഞു. 

Also Read; എയര്‍ ഹോസ്റ്റസ്, സ്റ്റുഡിയോ നടത്തിപ്പുകാരി, വിവാഹമോചിത, 'ഓഫ്ബീറ്റ് ഗോവ' സ്ഥാപക; വിജയ പെയ്‌സ് നടക്കുന്ന അസാധാരണ വഴികള്‍

അതേസമയം കലന്‍ഗുട്ട് പട്ടണത്തില്‍ പ്രതിമ അനാച്ഛാദനം ചെയ്തതിന് ശേഷം കരിങ്കൊടിയുമായി പ്രതിഷേധക്കാര്‍ സ്ഥലത്ത് തടിച്ചുകൂടുകയായിരൃന്നു. 1961-ല്‍ പോര്‍ച്ചുഗലില്‍ നിന്ന് സ്വാതന്ത്ര്യം ലഭിച്ച ഗോവയില്‍ അധികാരികള്‍ സ്വന്തം കായിക താരങ്ങളെ ഒഴിവാക്കി പോച്ചുഗല്‍ താരത്തിനെ ആദരിക്കുന്നതില്‍ അവര്‍ പ്രതിഷേധം അറിയിച്ചു. 

ഗോവയില്‍ നിന്നുള്ള മുന്‍ ഇന്ത്യന്‍ അന്താരാഷ്ട്ര കളിക്കാരന്‍ മിക്കി ഫെര്‍ണാണ്ടസ് ഈ തിരഞ്ഞെടുപ്പ് 'വേദനാജനകവും' പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്നുള്ള 'ഹാംഗ് ഓവര്‍' എന്നാണ് പറഞ്ഞത്. 'റൊണാള്‍ഡോ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്, പക്ഷേ നമുക്ക് ഗോവയില്‍ നിന്നുള്ള ഒരു ഫുട്‌ബോള്‍ കളിക്കാരന്റെ പ്രതിമ വേണം,' ഫെര്‍ണാണ്ടസ് എഎഫ്പിയോട് പറഞ്ഞു.

എന്നാല്‍ ഫുട്‌ബോള്‍ കരിയര്‍ ആക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെപ്പോലുള്ളവരില്‍  നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരിക്കുമെന്നാണ് മന്ത്രി മൈക്കല്‍ ലോബോ പറഞ്ഞത്. 'നിങ്ങള്‍ നിങ്ങളുടെ സ്വപ്നത്തെ പിന്തുടരുകയും അതില്‍ അഭിനിവേശമുള്ളവരാണെങ്കില്‍ നിങ്ങള്‍ക്ക് ഉയര്‍ന്ന ലക്ഷ്യത്തിലെത്താന്‍ കഴിയും. ഇതാണ് ഞങ്ങള്‍ ഫലകത്തില്‍ എഴുതിയിരിക്കുന്നത്.

കൊളോണിയല്‍ ചരിത്രത്തിന്റെ ഫലമായി ഗോവയില്‍ പോര്‍ച്ചുഗലുമായി നിരവധി ആളുകള്‍ക്ക് ബന്ധപ്പെട്ട് കിടക്കുന്നു. പോര്‍ച്ചുഗല്‍ ടീം ഇവിടെ ജനപ്രിയമാണ്. എന്നാല്‍ ഗോവയെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് മോചിപ്പിച്ചതിന്റെ 60-ാം വാര്‍ഷികത്തിന്റെ വേളയില്‍ റൊണാള്‍ഡോയുടെ പ്രതിമ അനാച്ഛാദനം ചെയ്തത് അനുചിതമാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. 

Also Read:അരുണാചലിലെ സ്ഥലങ്ങള്‍ക്ക് പുതിയ പേര്; ചൈനയുടെ പുതിയ അതിര്‍ത്തി നിയമം ഇന്ത്യയെ എങ്ങനെ ബാധിക്കും?

ഗോവയിലെ പോര്‍ച്ചുഗലിന്റെ നൂറ്റാണ്ടുകള്‍ നീണ്ട സ്വാധീനം പ്രാദേശിക വാസ്തുവിദ്യയില്‍, പ്രത്യേകിച്ച് പല പള്ളികളിലും ദൃശ്യമാണ്. ഗോവയിലെ പലര്‍ക്കും പോര്‍ച്ചുഗീസ് വംശജരുടെ പേരുകളുണ്ട്. ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായി, പല ഗോവക്കാരും ക്രിക്കറ്റിനേക്കാള്‍ ഫുട്‌ബോളിനെയാണ് ഇഷ്ടപ്പെടുന്നത്, പലരും ലോകകപ്പ് പോലുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകളില്‍ പോര്‍ച്ചുഗലിനെ പിന്തുണയ്ക്കുന്നുമുണ്ട്. പക്ഷേ ഞങ്ങള്‍ക്ക്  സ്വന്തം കളിക്കാര്‍ ഉള്ളപ്പോള്‍ പുറത്തുനിന്നുള്ള ഒരാളുടെ പ്രതിമ സ്ഥാപിക്കാന്‍ കഴിയില്ല,'' പ്രതിഷേധക്കാര്‍ പറയുന്നു. 

ഗോവന്‍ സര്‍ക്കാര്‍ മുന്‍കൈ എടുത്ത പദ്ധതിയെ എതിര്‍ത്ത് കൊണ്ട് പ്രതിമ സ്ഥാപിക്കുന്നതിനെതിരെ സംസ്ഥാനത്തെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ശബ്ദമുയര്‍ത്തിയവര്‍ രാജ്യത്തെ കായിക രംഗത്തെ വളര്‍ച്ചയ്ക്ക് വിലങ്ങു തടിയായി നില്‍ക്കുന്നവരാണെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഏകദേശം 12 ലക്ഷ0 രൂപ ചെലവഴിച്ചാണ് റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി പ്രതിമയുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. നേരത്തെ തന്നെ പ്രതിമയുടെ അനാച്ഛാദനം കഴിയേണ്ടതായിരുന്നതെങ്കിലും കോവിഡ് മഹാമാരി ഏല്പിച്ച പ്രതിസന്ധിയില്‍ നിര്‍മാണം നീണ്ടുപോവുകയായിരുന്നു.

റൊണാള്‍ഡോയുടെ പ്രതിമയ്ക്ക് ആവേശകരമായ സ്വീകരണം ലഭിക്കുന്നത് ഇതാദ്യമല്ല. 2017 മാര്‍ച്ചില്‍, താരത്തോടുള്ള ബഹുമാനാര്‍ത്ഥം മഡെയ്റയിലെ പ്രധാന വിമാനത്താവളത്തില്‍ പേരുമാറ്റുന്നതിന്റെ ഭാഗമായി വെങ്കല പ്രതിമ സ്ഥാപിച്ചിരുന്നു. എന്നാല്‍ താരവുമായി 
സാമ്യമില്ലെന്ന ആരാധകര്‍ പരിഹസവും റൊണാള്‍ഡോയുടെ കുടുംബത്തില്‍ നിന്നുള്ള അഭ്യര്‍ത്ഥനയെയും തുടര്‍ന്ന് പുതിയ പ്രതിമ മാറ്റിസ്ഥാപിച്ചു. 2014-ല്‍ മഡെയ്റയിലെ ഫഞ്ചാലിലുള്ള മ്യൂസിയത്തിന് പുറത്തുള്ള താരത്തിന്റെ 10 അടി വെങ്കല പ്രതിമ, റൊണാള്‍ഡോയുടെ ശരീരഘടനയെ ചൊല്ലി വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. 

Also Read : 'അച്ഛനുമമ്മയ്ക്കും പോയി, ഇനിയിങ്ങനെയുണ്ടാകരുത്' ഇത്തരം വാക്കുകളില്‍ ചില അപകടങ്ങള്‍ ഉണ്ട്; ബ്രിട്ടോയെ വീണ്ടും കേള്‍ക്കുമ്പോള്‍