ജോക്കോവിച്ചിന് കലണ്ടര്‍ സ്ലാം നഷ്ടം; മെദ്‌വദേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

 
Daniil Medvedev Novak Djokovic

യുഎസ് ഓപ്പണ്‍ ടെന്നീസില്‍ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ വീഴ്ത്തി രണ്ടാം സീഡ് ഡാനില്‍ മെദ്‌വദേവ് ചാമ്പ്യനായി. സെര്‍ബിയന്‍ താരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് റഷ്യന്‍ താരമായ മെദ്‌വദേവ് കന്നി ഗ്രാന്റ് സ്ലാം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4, 6-4, 6-4. ഇതോടെ, 21ാം ഗ്രാന്റ്സ്ലാം കിരീടനേട്ടത്തോടൊപ്പം കലണ്ടര്‍ സ്ലാമും കൈവരിക്കുക എന്ന അപൂര്‍വനേട്ടമാണ് ജോക്കോവിച്ചിന് നഷ്ടമായത്. 

മെദ്‌വദേവിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്. 21 വര്‍ഷത്തിനുശേഷമാണ് ഒരു റഷ്യന്‍ താരം യുഎസ് ഓപ്പണ്‍ ടെന്നീസ് ചാമ്പ്യനാകുന്നതെന്ന പ്രത്യേകതയുമുണ്ട്. മത്സരത്തില്‍ പൂര്‍ണ ആധിപത്യം സ്ഥാപിച്ച മെദ്‌വദേവ് ഒരു സെറ്റ് പോലും വിട്ടു നല്‍കിയില്ല. 2019 യുഎസ് ഓപ്പണ്‍ ഫൈനലില്‍ റഫാല്‍ നദാലിനോട് കനത്ത പോരാട്ടത്തിനൊടുവില്‍ കൈവിട്ട കിരീടം മെദ്‌വദേവ് ഇത്തവണ സ്വന്തമാക്കുകയായിരുന്നു.

അതേസമയം, 21ാം ഗ്രാന്‍ഡ്സ്ലാം കിരീടവുമായി ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ്സ്ലാം നേടിയ പുരുഷ താരമെന്ന റെക്കോഡാണ് ഫൈനലിലെ തോല്‍വിയോടെ ജോക്കോവിച്ചിന് നഷ്ടമായത്. 20 ഗ്രാന്‍ഡ്സ്ലാം സിംഗിള്‍സ് കിരീടങ്ങളുമായി റോജര്‍ ഫെഡറര്‍, റാഫേല്‍ നദാല്‍ എന്നിവര്‍ക്കൊപ്പമാണ് ജോക്കോവിച്ച്. ഒരു വര്‍ഷത്തെ എല്ലാ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടുക എന്ന കലണ്ടര്‍ സ്ലാം നേട്ടവും ജോക്കോയ്ക്ക് നഷ്ടമായി. കലണ്ടര്‍ സ്ലാം കൈവരിച്ചാല്‍ ഡോണ്‍ ബഡ്ജിനും (1938) റോഡ് ലേവര്‍ക്കും (1969) ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ പുരുഷ താരമാകുമായിരുന്നു ജോക്കോ.