കുട്ടിക്കാലം കവര്‍ന്നെടുത്തു; മറഡോണയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബന്‍ വനിത

 
d

അന്തരിച്ച അര്‍ജന്റീനന്‍ ഫുട്ബാള്‍ ഇതിഹാസം ഡീഗോ മറഡോണക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ക്യൂബന്‍ വനിത മാവിസ് അല്‍വാരസ്. കൗമാരത്തില്‍ മറഡോണ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് മാവിസിന്റെ ആരോപണം. 37 കാരിയായ അല്‍വാരസ് അര്‍ജന്റീനിയന്‍  കോടതിയില്‍ കഴിഞ്ഞയാഴ്ചയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്. 16 വയസ്സുള്ളപ്പോള്‍ സംഭവം, തന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മറഡോണയുമായി അഞ്ച് വര്‍ഷത്തോളം നീണ്ടുനിന്ന ബന്ധത്തിനിടെ തനിക്ക് കൊടിയ മര്‍ദനങ്ങളും പീഡനങ്ങളും ഏല്‍ക്കേണ്ടി വന്നതായി അവര്‍ കോടതിയില്‍ തുറന്നു പറഞ്ഞു. അന്ന് മറഡോണയുടെ കൂടെയുണ്ടായിരുന്ന നാലുപേര്‍ക്കെതിരെ മനുഷ്യക്കടത്ത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് കൊടുത്തിരിക്കുന്നത്. 

2001 ലാണ് സംഭവം. അന്ന് മാറഡോണയ്ക്ക് 40 വയസ്സും അല്‍വരാസിന് 16 വയസ്സുമാണ് പ്രായം. ഹവാനയിലെ ഒരു ക്ലിനിക്കില്‍ വെച്ചാണ് മാറഡോണ തന്നെ ബലാത്സംഗം ചെയ്തതെന്ന് അല്‍വരാസ് വ്യക്തമാക്കി. ഒരു യാത്രയ്ക്ക് തൊട്ടുമുമ്പ് മയക്കുമരുന്നിന് അടിമയായി ചികിത്സയ്ക്കായി ക്യൂബയിലെത്തിയപ്പോഴാണ് ഫുട്‌ബോള്‍ താരത്തെ താന്‍ ആദ്യമായി കണ്ടതെന്നും അല്‍വാരസ് പറഞ്ഞു. 

'മാറഡോണ എന്റെ വായ പൊത്തിപ്പിടിച്ചു, എന്നെ ബലാത്സംഗത്തിനിരയാക്കി. അതേക്കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്ക് സാധിക്കുന്നില്ല. എന്റെ കുട്ടിക്കാലം മാറഡോണ അപഹരിച്ചു. ആ ഞെട്ടല്‍ മാറാന്‍ എനിക്ക് വര്‍ഷങ്ങള്‍ വേണ്ടിവന്നു'- അല്‍വരാസ് പറഞ്ഞു.  ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളായ മാറഡോണ 2020 നവംബര്‍ 25 ന് ലോകത്തോട് വിടപറഞ്ഞിരുന്നു. മാറഡോണ മരിച്ച് ഒരു വര്‍ഷം തികയുന്ന സമയത്താണ് അദ്ദേഹത്തിനെതിരേ ആരോപണവുമായി അല്‍വരാസ് രംഗത്തെത്തിയത്. തന്റെ മകള്‍ക്ക് 15 വയസ് തികഞ്ഞതിനാലാണ് പീഡനത്തെക്കുറിച്ച് തുറന്നുപറയാന്‍ തീരുമാനിച്ചതെന്ന് അവര്‍ പറഞ്ഞു. ഏകദേശം അതേ പ്രായത്തിലാണ് താന്‍ ജീവതത്തിലെ ഏറ്റവും ദുര്‍ഘടമായ കാലത്തിലൂടെ കടന്ന് പോയത് എന്നതിനാലാണത്.അവര്‍ പറഞ്ഞു.

കുറ്റകൃത്യത്തിന് ഇരയാകുന്ന എല്ലാ സ്ത്രീകളെയും, എല്ലാവരെയും സഹായിക്കാനാണ് താന്‍ പരാതി നല്‍കിയതെന്ന് അല്‍വാരസ് പറഞ്ഞു. 
മറഡോണ പലര്‍ക്കും ഹീറോയായി തുടരുന്നതിനാല്‍ അര്‍ജന്റീനയില്‍ തിരിച്ചെത്തുക പ്രയാസമാണെന്ന് അവര്‍ പറഞ്ഞു. 'എനിക്ക് അദ്ദേഹത്തെ ഇഷ്ടമായിരുന്നു. അതേപോലെ തന്നെ വെറുപ്പുമായിരുന്നു. ഞാന്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു' അവര്‍ പറഞ്ഞു. പലപ്പോഴായി  അഭിമുഖങ്ങളില്‍ പരസ്പര സമ്മതത്തോടെയുള്ള മറഡോണയുമായുള്ള ബന്ധത്തെ കുറിച്ച് അല്‍വാരസ് പറഞ്ഞിട്ടുണ്ട്.
എന്നാല്‍ മറഡോണ ഒരു അവസരത്തില്‍ തന്നെ നിര്‍ബന്ധിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.