കോവിഡ് : ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് റദ്ദാക്കി

 
kohli

ഇം​ഗ്ലണ്ട്-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തേയും മത്സരം ഉപേക്ഷിച്ചു. ഇന്ത്യൻ ക്യാമ്പിലെ കോവിഡ് ആശങ്കയാണ് കാരണം. കളിക്കാൻ തയ്യാറല്ലെന്ന് ഇന്ത്യൻ ടീം അറിയിക്കുകയായിരുന്നു. മത്സരം ഉപേക്ഷിച്ചതായി ഇം​ഗ്ലീഷ് ക്രിക്കറ്റ് ബോർഡ് വാർത്താക്കുറിപ്പിൽ സ്ഥിരീകരിച്ചു. ഇന്ത്യൻ ടീമിൽ മുഖ്യ പരിശീലകൻ രവി ശാസ്ത്രി ഉൾപ്പെടെ  നാല് പരിശീലക സംഘാംഗങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണിത്‌.  ഇന്ത്യൻ ടീമിലെ താരങ്ങളുടെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നെങ്കിലും സുരക്ഷ മുൻനിർത്തി താരങ്ങൾ മത്സരത്തിന് വിസമ്മതിക്കുകയായിരുന്നു. 

അഞ്ചാം ടെസ്റ്റിൽ കളിക്കുന്നതിൽ വിമുഖത വ്യക്തമാക്കി ഇന്ത്യൻ ടീമംഗങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന് (ബിസിസിഐ) കത്തെഴുതിയിരുന്നതായും റിപ്പോർട്ടുണ്ട്. മത്സരം നീട്ടിവച്ചതായി ആദ്യം അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും റദ്ദാക്കിയതായി ഇംഗ്ലിഷ് ക്രിക്കറ്റ് ബോർഡ് ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മത്സരം ഇംഗ്ലണ്ട് ജയിച്ചതായി കണക്കാക്കുമെന്ന് ഇംഗ്ലിഷ് ബോർഡ് ആദ്യം പ്രസ്താവനയിൽ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട് ആ ഭാഗം നീക്കി. ടീമിൽ കോവിഡ് പടർന്നുപിടിക്കുമെന്ന ആശങ്ക നിമിത്തം ടീമിനെ കളത്തിലിറക്കാൻ ഇന്ത്യയ്ക്ക് കഴിയില്ലെന്ന് ഇംഗ്ലിഷ് ബോർഡ് വിശദീകരിച്ചു. ഇതിനു പിന്നാലെ, പിന്നീട് സൗകര്യപ്രദമായ സമയത്ത് അഞ്ചാം ടെസ്റ്റ് കളിക്കാൻ ഇംഗ്ലിഷ് ബോർഡിനെ സന്നദ്ധത അറിയിച്ചതായി ബിസിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി. നിലവിലെ സാഹചര്യം മനസ്സിലാക്കി സഹകരിച്ച ഇംഗ്ലണ്ടിന് ബിസിസിഐയും നന്ദിയും അറിയിച്ചു. നിലവിൽ രണ്ടു ടെസ്റ്റുകൾ ജയിച്ച ഇന്ത്യ പരമ്പരയിൽ 2–1ന് മുന്നിലാണ്.