ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങള്‍, ഖത്തറില്‍ പന്ത് തട്ടുന്ന 32 ടീമുകള്‍ ആരെല്ലാം ? 

 
WC


അടുത്ത വര്‍ഷം നടക്കുന്ന ഖത്തര്‍ ലോകകപ്പിന് ഇതുവരെ യോഗ്യത നേടിയത് 13 രാജ്യങ്ങളാണ്. ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ചതോടെ അര്‍ജന്റീനയാണ് അവസാനം യോഗ്യത നേടിയത്. മത്സരം ഗോള്‍ രഹിത സമനിലയില്‍ ആയതിനാല്‍ അര്‍ജന്റീനയുടെ ലോകകപ്പ് യോഗ്യത ഉറപ്പാകുന്നത് വൈകും എന്നായിരുന്നു കരുതിയത്.  മത്സരത്തിന് ശേഷം അര്‍ജന്റീനയ്ക്ക് 1 പോയിന്റ് മാത്രമേ ലോകകപ്പ് യോഗ്യത ലഭിക്കാന്‍ വേണ്ടിയിരുന്നുള്ളൂ. ഇന്ന് രാവിലെ നടന്ന മറ്റൊരു മത്സരത്തില്‍ ചിലി പരാജയപ്പെട്ടതോടെ അര്‍ജന്റീനയുടെ യോഗ്യത ഉറപ്പായി. 

2022 നവംബര്‍ 21 നും ഡിസംബര്‍ 18 നും ഇടയിലാണ് ഖത്തറില്‍ ഫിഫ ലോകകപ്പ് നടക്കുക. 2022 ലോകകപ്പിന്റെ ആദ്യ യോഗ്യതാ ഘട്ടം അവസാനിക്കുമ്പോള്‍ ആരൊക്കെയാണ് ഖത്തര്‍ ലോകപ്പിന് എത്തുകയെന്ന് നോക്കാം. ബ്രസീല്‍, ഇംഗ്ലണ്ട്, ജര്‍മ്മനി, ഫ്രാന്‍സ്, സ്‌പെയിന്‍ എന്നിവരാണ് ലോകകപ്പിന് യോഗ്യത നേടിയ മുന്‍ ചാമ്പ്യന്മാര്‍. 32 ടീമുക്ാണ് ലോകകപ്പില്‍ മത്സരിക്കുക. 

യൂറോപ്പ് 

ഏറ്റവും കൂടുതല്‍ ടീമുകളെ (13) ലോകകപ്പിലേക്ക് അയക്കുന്നത് യുവേഫയാണ്. യൂറോപ്യന്‍ യോഗ്യതാ മത്സരങ്ങളില്‍ നിന്നുള്ള 10 ഗ്രൂപ്പ് ജേതാക്കള്‍ക്ക് നേരിട്ട് യോഗ്യതാ സ്ഥാനങ്ങള്‍ ലഭിക്കും. യോഗ്യത മത്സരങ്ങളുടെ ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഗ്രൂപ്പ് ചാമ്പ്യന്മാരായ ജര്‍മനി, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ബെല്‍ജിയം, ക്രൊയേഷ്യ, സ്പെയിന്‍, സെര്‍ബിയ, സ്വിറ്റ്‌സര്‍ലന്‍ഡ്, ഇംഗ്ലണ്ട്, ഹോളണ്ട് എന്നിവര്‍ ആണ് ഗ്രൂപ്പ് ഘട്ടത്തില്‍ ചാമ്പ്യന്മാരായി യോഗ്യത നേടിയത്.

അവസാന മൂന്ന് സ്ഥാനങ്ങള്‍ പ്ലേ ഓഫിലൂടെയാണ്. പത്ത് ഗ്രൂപ്പുകളുണ്ട്. പ്ലേ ഓഫില്‍ 10 ഗ്രൂപ്പ് റണ്ണേഴ്സ് അപ്പുകളും നേഷന്‍സ് ലീഗില്‍ നിന്ന് നേരിട്ടുള്ള സ്ഥാനം നേടാനോ രണ്ടാം സ്ഥാനത്തെത്താനോ പരാജയപ്പെട്ട രണ്ട് മികച്ച റാങ്കുള്ള ഗ്രൂപ്പ് ജേതാക്കളും ഉള്‍പ്പെടുന്നു. പ്ലേ ഓഫിലെ ടീമുകള്‍: പോര്‍ച്ചുഗല്‍ (ഗ്രൂപ്പ് എ), സ്വീഡന്‍ (ബി), ഇറ്റലി (സി), ഉക്രെയ്ന്‍ (ഡി), വെയില്‍സ് (ഇ), സ്‌കോട്ട്‌ലന്‍ഡ് (എഫ്), തുര്‍ക്കി (ജി), റഷ്യ (എച്ച്), പോളണ്ട് (ഐ ), നോര്‍ത്ത് മാസിഡോണിയ (ജെ). നേഷന്‍സ് ലീഗ് വഴി യോഗ്യത നേടാന്‍ മത്സരിക്കുന്നവര്‍- ഇറ്റലി, വെയില്‍സ്, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവേനിയ, മോണ്ടിനെഗ്രോ, അല്‍ബേനിയ, അര്‍മേനിയ, ജിബ്രാള്‍ട്ടര്‍, ഫാറോ ഐലന്‍ഡ്‌സ് 

ആഫ്രിക്ക 

ആഫ്രിക്കയില്‍ നിന്ന് അഞ്ച് ടീമുകള്‍ക്ക് യോഗ്യത നേടാം. 28 ടീമുകള്‍ പങ്കെടുക്കുന്ന ആദ്യ റൗണ്ടിന് ശേഷം 14 ടീമുകള്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു, ആഫ്രിക്കയില്‍ ഇനി യോഗ്യത റൗണ്ടിന്റെ അവസാന ഘട്ടമാണ് നടക്കാന്‍ ഉള്ളത്. മൊറോക്കോ, സെനഗല്‍, ഘാന, ഈജിപ്ത്, മാലി, കോംഗോ, നൈജീരിയ, അള്‍ജീരിയ, കാമറൂണ്‍, ടുണീഷ്യ എന്നിവരാണ് ആഫ്രിക്കയില്‍ ഫൈനല്‍ റൗണ്ടില്‍ ഉള്ള പത്തു ടീമുകള്‍.

ആഫ്രിക്കന്‍ യോഗ്യതാ റൗണ്ടിലെ മൂന്നാമത്തെയും അവസാനത്തെയും റൗണ്ട് കഴിഞ്ഞാല്‍ മാത്രമേ ആരൊക്കെ ഖത്തറില്‍ എത്തുമെന്ന് പറയാനാകൂ.  പ്ലേ ഓഫിലേക്ക് യോഗ്യത നേടിയ പത്ത് ടീമുകള്‍: അള്‍ജീരിയ, ടുണീഷ്യ, നൈജീരിയ, കാമറൂണ്‍, മാലി, ഈജിപ്ത്, ഘാന, സെനഗല്‍. , മൊറോക്കോ, കോംഗോ. ഈ പത്ത് ടീമുകള്‍ രണ്ടായി തിരിഞ്ഞ് അഞ്ച് പേര്‍ യോഗ്യ നേടും. 

ലാറ്റിന്‍ അമേരിക്ക 

നാല് ലാറ്റിന്‍ അമേരിക്കന്‍ ടീമുകള്‍ക്കാണ് നേരിട്ട് യോഗ്യത ലഭിക്കുന്നത്. 10 ടീമുകളുള്ള ലാറ്റിന്‍ അമേരിക്കന്‍ ക്വാളിഫയറിലെ അഞ്ചാം സ്ഥാനക്കാരായ ടീമിന് മറ്റൊരു കോണ്‍ഫെഡറേഷനില്‍ നിന്നുള്ള ടീമിനെതിരെ ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലൂടെ അവസരം ലഭിക്കും. ജൂണ്‍ 22നാണ് രണ്ട് പാദങ്ങളുള്ള പ്ലേ ഓഫ് മത്സരങ്ങള്‍. ലാറ്റിനമേരിക്കായില്‍ നിന്ന് ബ്രസീല്‍, അര്‍ജന്റീന എന്നിവര്‍ ആണ് ഇതുവരെ യോഗ്യത നേടിയത്. ബൊളീവിയ, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വേ, പെറു, ഉറുഗ്വേ, വെനസ്വേല എന്നിവയാണ് യോഗ്യതാ മത്സരങ്ങളില്‍ മത്സരിക്കുന്ന മറ്റ് ടീമുകള്‍. 

ഏഷ്യ 

നാല് ഏഷ്യന്‍ ടീമുകള്‍ക്കാണ് നേരിട്ട് ബര്‍ത്ത് ലഭിക്കുക. ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലൂടെ ഒരു ടീമിന് കൂടി ലോകകപ്പ് ടിക്കറ്റ് നേടാനാകും. ആതിഥേയരായ ഖത്തര്‍ സ്വാഭാവികമായും യോഗ്യതയുണ്ട്.  അതിനാല്‍ സൈദ്ധാന്തികമായി, 2022 പതിപ്പില്‍ ആറ് ഏഷ്യന്‍ ടീമുകള്‍ പങ്കെടുക്കാം. മൂന്നാം റൗണ്ടില്‍ ആറ് ടീമുകള്‍ വീതമുള്ള ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ 2022 ഫിഫ ലോകകപ്പിന് യോഗ്യത നേടും. കൂടാതെ മൂന്നാം റൗണ്ടില്‍ മൂന്നാം സ്ഥാനക്കാരായ രണ്ട് ടീമുകള്‍ ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേയില്‍ കളിക്കാനുള്ള അവസരം നേടും. 

മൂന്നാം റൗണ്ടിലെ ടീമുകള്‍: 

ഗ്രൂപ്പ് എ - ലെബനന്‍, ഇറാന്‍, ഇറാഖ്, ദക്ഷിണ കൊറിയ, സിറിയ, യുഎഇ 
ഗ്രൂപ്പ് ബി - ഓസ്ട്രേലിയ, ചൈന, ജപ്പാന്‍, ഒമാന്‍, സൗദി അറേബ്യ, വിയറ്റ്നാം


വടക്കന്‍, മധ്യ അമേരിക്ക, കരീബിയന്‍ 

കോണ്‍ഫെഡറേഷന്‍ ഓഫ് നോര്‍ത്ത്, സെന്‍ട്രല്‍ അമേരിക്കന്‍, കരീബിയന്‍ അസോസിയേഷന്‍ ഫുട്‌ബോള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മൂന്ന് ടീമുകള്‍ക്ക് നേരിട്ട് 2022 ലോകകപ്പ് സ്ലോട്ടുകള്‍ ലഭിക്കും, ഒരു ടീമിന്  ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ-ഓഫ് വഴി അവസരം ലഭിക്കും.

എട്ട് ടീമുകള്‍ -- അഞ്ച് മുന്‍നിര ടീമുകള്‍ (ജൂലൈ 2020-ലെ ഫിഫ റാങ്കിംഗിനെ അടിസ്ഥാനമാക്കി 1 മുതല്‍ 5 വരെ റാങ്കുകള്‍, രണ്ടാം റൗണ്ടിലെ മൂന്ന് വിജയികള്‍ - മൂന്നാം റൗണ്ടില്‍ മത്സരിക്കും, ആദ്യ മൂന്ന് ടീമുകള്‍ നേരിട്ട് യോഗ്യത നേടും. നാലാമത് എത്തുന്ന ടീം ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫിലേക്ക് മുന്നേറും.

എട്ട് ടീമുകള്‍: കാനഡ, കോസ്റ്ററിക്ക, എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, ജമൈക്ക, മെക്‌സിക്കോ, പനാമ, യുഎസ്

ഓഷ്യാനിയ 

ഓഷ്യാനിയ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന് ഒരു ഇന്റര്‍ കോണ്‍ഫെഡറേഷന്‍ പ്ലേ ഓഫ് സ്ലോട്ട് ലഭിക്കും. 11 ടീമുകള്‍ ആദ്യ റൗണ്ടില്‍ മത്സരിക്കും, ആദ്യ നാല് സ്ഥാനക്കാര്‍ രണ്ടാം ഘട്ടത്തിലേക്ക് - രണ്ട് ലെഗുകളുള്ള നോക്കൗട്ട്. രണ്ട് വിജയികളും പിന്നീട് ഫൈനല്‍ കളിക്കും.

ടീമുകള്‍: അമേരിക്കന്‍ സമോവ, കുക്ക് ദ്വീപുകള്‍, ഫിജി, ന്യൂ കാലിഡോണിയ, ന്യൂസിലാന്‍ഡ്, പാപുവ ന്യൂ ഗിനിയ, സമോവ, സോളമന്‍ ദ്വീപുകള്‍, താഹിതി, ടോംഗ, വാനുവാട്ടു. ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പിനുള്ള 32 ടീമുകളുടെ ലൈനപ്പ് 2022 മാര്‍ച്ച് അവസാനത്തോടെയാണ് പൂര്‍ത്തിയാകുക