ഗ്രീന്‍ഫീല്‍ഡില്‍ വീണ്ടും അന്താരാഷ്ട്ര മത്സരം; ഇന്ത്യയുടെ ഹോം സീസണ്‍ മത്സരക്രമം പ്രഖ്യാപിച്ചു

 
Greenfiled Stadium

ടി20 ലോകകപ്പിനുശേഷം ഇന്ത്യയില്‍ നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളുടെ ഫിക്‌സ്ച്ചര്‍ ബിസിസിഐ പുറത്തുവിട്ടു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും മത്സരക്രമത്തില്‍ ഇടംപിടിച്ചു. ന്യൂസിലന്‍ഡ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകളാണ് ഇന്ത്യയില്‍ പര്യടനത്തിനെത്തുക. ആകെ 13 ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും നാല് ടെസ്റ്റുകളുമാണ് ഇന്ത്യയില്‍ നടക്കുക. 

ഫെബ്രുവരിയിലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ മൂന്നാം ടി20 മത്സരത്തിനാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുക. ഫെബ്രുവരി 20നാണ് മത്സരം. ഇതുവരെ ഒരു ഏകദിനവും രണ്ട് ടി20 മത്സരങ്ങളുമാണ് ഗ്രീന്‍ഫീല്‍ഡില്‍ നടന്നത്. മൂന്ന് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ഇന്ത്യക്കായിരുന്നു ജയം. 2017ല്‍ നടന്ന ടി20യില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ജയിച്ചു. 2018ല്‍ നടന്ന ഏകദിനത്തിലും 2019ലെ ടി20യിലും വിന്‍ഡീസ് ആയിരുന്നു ഇന്ത്യയുടെ എതിരാളികള്‍. ഏകദിനത്തില്‍ ഇന്ത്യ വിന്‍ഡീസിനെ പരാജയപ്പെടുത്തി. എന്നാല്‍ ടി20യില്‍ ഇന്ത്യ തോറ്റു. 

നവംബറോടെയാണ് ഇന്ത്യയുടെ ഹോം സീസണിന് അരങ്ങുണരുക. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയോടെയാണ് തുടക്കം. നവംബര്‍ 17ന് ജയ്പൂരിലാണ് ആദ്യ മത്സരം. നവംബര്‍ 19ന് റാഞ്ചി, നവംബര്‍ 21ന് കൊല്‍ക്കത്തയിലുമാണ് ബാക്കി രണ്ട് മത്സരങ്ങള്‍. പിന്നാലെ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍. നവംബര്‍ 25ന് കാണ്‍പൂരിലും ഡിസംബര്‍ മൂന്നിന് മുംബൈയിലുമാണ് ടെസ്റ്റ് മത്സരങ്ങള്‍. 

വിന്‍ഡീസിനെതിരെ മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ആദ്യ മത്സരം ഫെബ്രുവരി 15ന് കട്ടക്കിലും രണ്ടാമത്തെ മത്സരം ഫെബ്രുവരി 18ന് വിശാഖപട്ടണത്തും നടക്കും. ഫെബ്രുവരി 20 നടക്കുന്ന അവസാന ടി20യാണ് ഗ്രീന്‍ഫീല്‍ഡില്‍ നടക്കുന്നത്. തുടര്‍ന്ന് മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പര. അഹമ്മദാബാദ് (ഫെബ്രുവരി 6), ജയ്പൂര്‍ (ഫെബ്രുവരി 9), കൊല്‍ക്കത്ത (ഫെബ്രുവരി 12) എന്നിവയാണ് വേദികള്‍. 

ഫെബ്രുവരിയില്‍ ശ്രീലങ്കയും പര്യടനത്തിനെത്തും. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനവുമാണ് ശ്രീലങ്ക കളിക്കുക. ഫെബ്രുവരി 25ന് ബംഗളൂരുവിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് മാര്‍ച്ച് അഞ്ച് മുതല്‍ മൊഹാലിയില്‍ നടക്കും. മാര്‍ച്ച് 13ന് ആദ്യ ടി20യും മൊഹാലിയില്‍ നടക്കും. രണ്ടാം ടി20 ധര്‍മശാലയിലും (മാര്‍ച്ച് 15), മൂന്നാം ടി20 ലഖ്നൗ (മാര്‍ച്ച് 18)വിലും നടക്കും.

ജൂണ്‍ ഒമ്പതിന് ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ച് ടി20 മത്സരങ്ങളുടെ പരമ്പര ആരംഭിക്കും. ചെന്നൈയിലാണ് ആദ്യ മത്സരം. ബംഗളൂരു (ജൂണ്‍ 12), നാഗ്പൂര്‍ (ജൂണ്‍ 14), രാജ്കോട്ട് (ജൂണ്‍ 15), ദില്ലി (ജൂണ്‍ 19) എന്നിവിടങ്ങളിലാണ് മറ്റു ടി20 മത്സരങ്ങള്‍.