ഇംഗ്ലണ്ടിനെ വീഴ്ത്തി; ഓവല്‍ ടെസ്റ്റില്‍  ഇന്ത്യയ്ക്ക് 157 റണ്‍സ് വിജയം

 
d

ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യക്ക് 157 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം. 368 റണ്‍സ് വിജയലക്ഷ്യം പിന്തുര്‍ന്ന ഇംഗ്ലണ്ട് അഞ്ചാം ദിനം അവസാന സെഷനില്‍ 210 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും ഓള്‍റൗണ്ട് മികവ് പുലര്‍ത്തിയ ശാര്‍ദുല്‍ ഠാക്കൂറിന്റെയും പ്രകടനങ്ങള്‍ നാലാം ടെസ്റ്റില്‍ നിര്‍ണായകമായി. സ്കോര്‍ ഇന്ത്യ 191, 466, ഇംഗ്ലണ്ട് 290,210.   ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. പരമ്പരയിലെ അവസാന ടെസ്റ്റ് ഈ മാസം 10ന് മാഞ്ചസ്റ്ററില്‍ തുടങ്ങും.

368 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ റോറി ബേണ്‍സും ഹസീബ് ഹമീദും ചേര്‍ന്ന് നല്‍കിയത്. ആദ്യ വിക്കറ്റില്‍ ഇരുവരും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കളിയില്‍ ഇംഗ്ലണ്ട് ആധിപത്യം പുലര്‍ത്തുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയ്ക്ക് ആശ്വാസം പകര്‍ന്നു. സ്‌കോര്‍ സ്‌കോര്‍ 100-ല്‍ നില്‍ക്കേ അര്‍ധസെഞ്ചുറി നേടിയ റോറി ബേണ്‍സിനെ ശാര്‍ദുല്‍ പറഞ്ഞയച്ചു. 125 പന്തുകളില്‍ നിന്നും 50 റണ്‍സെടുത്ത താരത്തെ ശാര്‍ദുല്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈയ്യിലെത്തിച്ചു. പിന്നാലെ ക്രീസിലെത്തിയ ഡേവിഡ് മലാന്‍ അനാവശ്യ റണ്ണിന് ശ്രമിച്ച് റണ്‍ ഔട്ടായി. വെറും അഞ്ച് റണ്‍സ് മാത്രമാണ് താരത്തിന് നേടാനായത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായതോടെ ഇംഗ്ലണ്ട് പതറി.

ജോ റൂട്ടിലൂടെയും ഹസീബ് ഹമീദിലൂടെയും രണ്ടാം സെഷനില്‍ വിജയത്തിലേക്ക് ബാറ്റു വീശാനിറങ്ങിയ ഇംഗ്ലണ്ടിനെ രവീന്ദ്ര ജഡേജയും ജസ്പ്രീത് ബൂമ്രയും ചേര്‍ന്ന് എറിഞ്ഞിട്ടു. ഒടുവില്‍ അവസാന പ്രതീക്ഷയായ ജോ റൂട്ടിനെ ഷര്‍ദ്ദുല്‍ ബൗള്‍ഡാക്കുകയും ആദ്യ ഇന്നിംഗ്സില്‍ തിളങ്ങിയ ക്രിസ് വോസ്കിനെ ഉമേഷ് പുറത്താക്കുകയും ചെയ്തതോടെ വിജയത്തിലെത്തി. ഇന്ത്യയ്ക്ക് വേണ്ടി ഉമേഷ് യാദവ് മൂന്ന് വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

ആദ്യ ഇന്നിങ്‌സില്‍ വെറും 190 റണ്‍സ് മാത്രം നേടി ലീഡ് വഴങ്ങിയ ഇന്ത്യ രണ്ടാമിന്നിങ്‌സില്‍ അവിശ്വസനീയ പ്രകടനം പുറത്തെടുക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് ശര്‍മ (127), അര്‍ധ സെഞ്ചുറികള്‍ നേടിയ ചേതേശ്വര്‍ പൂജാര(61), ഋഷഭ് പന്ത് (50) , ശാര്‍ദുല്‍ താക്കൂര്‍ (60) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്.