ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനാകാനുള്ള ആ വാതില്‍ ദ്രാവിഡിന് മുന്നില്‍ തുറക്കുമോ?
 

 
dravid


ഐസിസി ടി 20 ലോകകപ്പിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് രവി ശാസ്ത്രി പടിയിറങ്ങുകയാണ്. പരിശീലക സ്ഥാനത്തിനായി കാലാവധി നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ശാസ്ത്രി അറിയിച്ചിരിക്കുന്നത്. 2017ലാണ് രവിശാസ്ത്രി ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റത്. 2019 വരെയായിരുന്നു കരാര്‍. 2019-ല്‍ രണ്ട് വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടുകയായിരുന്നു. രവിശാസ്ത്രിയ്ക്ക് കീഴില്‍ ഇന്ത്യ മികച്ച വിജയങ്ങള്‍ സ്വന്തമാക്കിയെങ്കിലും പ്രധാന ടൂര്‍ണമെന്റുകളില്‍ കിരീടം നേടാനായില്ല. 

ട്വന്റി 20 ലോകകപ്പിനുശേഷം ഡിസംബര്‍ 16 ന് ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ഇന്ത്യയെ പുതിയ പരിശീലകന്‍ നയിക്കുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഐപിഎല്‍ അവസാനിക്കുന്നതോടെ ഇനിയുള്ള ചര്‍ച്ച രവി ശാസ്ത്രിക്ക് പകരക്കാരന്‍ ആരായിരിക്കുമെന്നാണ്. ഈ ചര്‍ച്ചകളില്‍ പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത് മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിന്റെ പേരാണ്.

ശാസ്ത്രി പടിയിറങ്ങിയാല്‍ ആ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ പരിഗണിക്കുന്ന പേരുകളിലൊന്ന് രാഹുൽ ദ്രാവിഡിന്റേത്‌ ത് തന്നെയായിരിക്കും. എൻ.സി.എ തലവൻ സ്ഥാനത്ത് തുടരുന്നത് അദ്ദേഹത്തിന് മുഖ്യപരിശീലക സ്ഥാനത്തേക്ക് കൂടുതൽ മുൻഗണന നൽകും. രാഹുലിന്‍റെ കീഴീൽ പരിശീലനം നേടിയ സഞ്ജു സാംസൺ, ശ്രേയസ് അയ്യർ, പൃഥ്വി ഷാ, സിറാജ്, ശുഭ്മാൻ ഗിൽ, മായങ്ക് അഗർവാൾ, ശിവം മാവി തുടങ്ങി നിരവധി താരങ്ങൾ ഇന്ന് ഇന്ത്യൻ സീനിയർ ടീമിന്റെ ഭാഗമാണ്. പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ ദ്രാവിഡിനെ പിന്തുണയ്ക്കുമ്പോഴും ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) തലവനായി തുടരാനുള്ള ആഗ്രഹമാണ് ദ്രാവിഡ് പ്രകടിപ്പിച്ചത്. 

പട്ടികയില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ അനില്‍ കുംബ്ലെ, വിവിഎസ് ലക്ഷ്മണ്‍ എന്നിവരുള്‍പ്പെടെ നിരവധി പേരുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും അടുത്ത പരിശീലകന്‍ ആകുന്നതില്‍ മുന്നിലെത്തിയിരിക്കുന്നത് ആരെന്നിനെക്കുറിച്ച് ഓദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം
മുന്‍ താരങ്ങളടക്കം ഇന്ത്യന്‍ ടീമിന്റെ അടുത്ത പരിശീലക സ്ഥാനത്ത് ആരാണ് എത്തേണ്ടതെന്ന അഭിപ്രായവും പങ്കുവെയ്ക്കുന്നുണ്ട്. 

രവിശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡിന്റെ പേരാണ് മുന്‍ ബിസിസിഐ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദും നിര്‍ദ്ദേശിച്ചത്. ധോണിയെ ടി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഉപദേഷ്ടാവായി നിയമിച്ചതോടെ പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് എത്തുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ അവസാനം ശ്രീലങ്കന്‍ പര്യടനത്തിനിടെ ദ്രാവിഡ് ഇന്ത്യയുടെ പരിമിത ഓവര്‍ ടീമിനെ പരിശീലിപ്പിച്ചിരുന്നു. 

ഇന്ത്യയുടെ അണ്ടര്‍ 19, എ ടീമുകളുടെ പരിശീലകനെന്ന നിലയില്‍ കഴിവ് തെളിയിക്കപ്പെട്ട റെക്കോര്‍ഡാണ് ദ്രാവിഡിനുള്ളത്. 2018 ലെ അണ്ടര്‍ 19 ലോകകപ്പ് വിജയത്തിലും എ ടീമുമായുള്ള മറ്റ് നിരവധി വിജയകരമായ പര്യടനങ്ങളിലും അദ്ദേഹം ഇന്ത്യയെ നയിച്ചു. ഇന്ത്യയുടെ ടെസ്റ്റ് ടീം ഇംഗ്ലണ്ടിലായിരിക്കുമ്പോള്‍, ശ്രീലങ്കയില്‍ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി 20 കളും കളിക്കാന്‍ ഒരു പരിമിത ഓവര്‍ ടീമിനെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദ്രാവിഡിനെ പരിശീലകനായി നിയമിക്കാനുള്ള ബിസിസിഐയുടെ തീരുമാനം ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. 

ദ്രാവിഡിന്റെ അടുത്ത പരിശീലകനായി നിയമിച്ച് രവി ശാസ്ത്രിയുടെ പിന്‍ഗാമിയാകാനുള്ള ചവിട്ടുപടിയാണിതെന്ന് പലര്‍ക്കും തോന്നി, എന്നാല്‍
ശ്രീലങ്കന്‍ പരമ്പരയുടെ അവസാനം ദ്രാവിഡ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു. താന്‍ ഏറ്റെടുത്ത ചുമതല  ആസ്വദിച്ചെങ്കിലും, മുന്നോട്ടുള്ള വഴിയില്‍ തനിക്ക് അത്ര ഉറപ്പില്ലെന്നായിരുന്നു. 2019 ലാണ് നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ ഡയറക്ടറായി ദ്രാവിഡിനെ നിയമിച്ചത്. അക്കാദമി തലവനെന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമാണ് ദ്രാവിഡ് കാഴ്ചവെക്കുന്നത്. ഈ ജോലിയില്‍ തന്നെ ദ്രാവിഡ് തുടര്‍ന്നേക്കുമെന്നും റിപോര്‍ട്ടുകളുണ്ട്. ധോണിയെ സംബന്ധിച്ചിടത്തോളം, ഐപിഎല്‍ ഈ സീസണില്‍ തന്റെ ക്യാപ്റ്റന്‍സി മികവ് വീണ്ടും തെളിയിച്ചിരിക്കുകയാണ്. കോഹ്‌ലിക്കൊപ്പം നിന്ന് ഇന്ത്യന്‍ ടീമിന്റെ വിജയ മന്ത്രം രൂപപ്പെടുത്തുന്നതില്‍ ധോണിയുടെ സാന്നിധ്യവും നിര്‍ണായകമാണ്. 

ഇന്ത്യന്‍ ടീമിന്റെ ബാറ്റിംഗ് പരിശീലകനായ വിക്രം റാത്തോര്‍ പരിശീലക സ്ഥാനത്തേക്കുള്ള മറ്റൊരു പേരാണ്.  താരങ്ങളുടെ ആഗ്രഹങ്ങളെയും ആവശ്യങ്ങളെയും കുറിച്ച് അദ്ദേഹത്തിന് നന്നായി അറിയാം. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ, ജസ്പ്രീത് ബുംറ തുടങ്ങിയവരുടെ അഭിപ്രായങ്ങളും പരിശീലക തെരഞ്ഞെടുപ്പില്‍ നിര്‍ണായകമാണ്. റാത്തോറിനെപ്പോലെ ഒരു വ്യക്തിക്ക് കോഹ്‌ലി, രോഹിത്, ബുംറ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത് തുടങ്ങിയ താരങ്ങളെ എങ്ങനെ നിയന്ത്രിക്കാനാകും എന്നതും ചോദ്യമാണ്. 

കോഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസം കുംബ്ലെയെ പരിശീലക സ്ഥാനത്ത് നിന്നിറക്കിയെങ്കിലും മുന്‍ ഇന്ത്യന്‍ ലെഗ് സ്പിന്നര്‍ 2016 ല്‍ ടീമില്‍ മുഖ്യ പരിശീലകനായി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു വര്‍ഷത്തിന് ശേഷമാണ് കുബ്ലെ സ്ഥാനമൊഴിഞ്ഞത്.  ഇത്തവണ കുംബ്ലെയെ പരിശീലകനാക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ആഗ്രഹിക്കുന്നുവെന്നാണ് റിപോര്‍ട്ടുകള്‍ വന്നത്.  ആവശ്യമെങ്കില്‍, ഗാംഗുലി കോഹ്ലിക്കും കുംബ്ലെയ്ക്കും ഇടയിലുള്ള പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാനും ഇടയുണ്ടെന്നായിരുന്നു റിപോര്‍ട്ട്. 

പരിശീലകന്റെ സ്ഥാനം ഏറ്റെടുക്കാന്‍ സെവാഗിനും യോഗ്യത ഉണ്ട്. സെവാഗിന്റെ നിയമനം ടീമില്‍ പുതിയ ആശയങ്ങള്‍ കൊണ്ടുവരുമെന്നും ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും ബിസിസിഐയില്‍ വിലയിരുത്തലുണ്ട്. കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലകനായ സേവാഗിന് അനുഭവത്തിന്റെ അഭാവം ഇല്ല. എന്നാല്‍ ഇന്ത്യന്‍ ടീമിനേയും ഐപിഎല്‍ ഫ്രാഞ്ചൈസിയേയും നിയന്ത്രിക്കുന്നതില്‍ വലിയ വ്യത്യാസമുണ്ടെന്ന് മാത്രം. 

ഇന്ത്യയുടെയും മുംബൈയുടെയും ഓപ്പണറായിരുന്ന ലാല്‍ ചന്ദ് രജ്പുത് മികച്ച ക്രിക്കറ്റ് ബുദ്ധിശാലിയാണ്. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ആദ്യ ടി 20 ലോകകപ്പ് നേടിയ ടീമിന്റെ പരിശീലകനായിരുന്നു രജ്പുത്. മുംബൈ ഇന്ത്യന്‍സിന്റെയും സിംബാബ്വെ ദേശീയ ടീമിന്റെയും പരിശീലകനായിരുന്നു അദ്ദേഹം.