പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ചരിത്രനേട്ടം; ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേലിന് വെള്ളി

 
Bhavina Patel

ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനോട് തോല്‍വി

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. വനിതാ ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ വെള്ളി നേടി. ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു (11-7, 11-5, 11-6 ) ഭവിനയുടെ തോല്‍വി. പാരാലിമ്പിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്. 

അരയ്ക്കുതാഴെ സ്വാധീനമില്ലാത്തവരുടെ ക്ലാസ് 4 വിഭാഗത്തിലാണ് ഭവിന മത്സരിച്ചത്. തുടക്കം മുതല്‍ ഷൗ യിങ് ഇന്ത്യന്‍ താരത്തിനുമേല്‍ ആധിപത്യം സ്ഥാപിച്ചിരുന്നു. മത്സരത്തിലൊരിക്കലും ചൈനീസ് താരത്തിനെതിരെ കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ ഭവിനയ്ക്ക് സാധിച്ചില്ല. നേരത്തെ, ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും നേര്‍ക്കുനേര്‍ മത്സരിച്ചപ്പോഴും ഭവിന ഷൗ യിങ്ങിനോട് തോറ്റിരുന്നു. 

നേരത്തെ, ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ഷാങ് മിയാവോയെ അട്ടിമറിച്ചാണ് ഭവിന ഫൈനല്‍ യോഗ്യത നേടിയത്. 34കാരിയായ ഭവിന അഹമ്മദാബാദ് സ്വദേശിനിയാണ്. പാരാലിമ്പിക്‌സില്‍ ടേബിള്‍ ടെന്നിസ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യന്‍ താരമാണ് ഭവിന.