ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് വിജയം

 
d

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി.  ഇന്നിംഗ്‌സിനും 76 റണ്‍സിനുമാണ് ഇന്ത്യയുടെ തോല്‍വി. മൂന്നാം ദിനം ചെറുത്തുനില്‍പ്പിന്റെ സൂചന ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ കാണിച്ചെങ്കിലും നാലാദിനം ബൗളര്‍മാരിലൂടെ ഇംഗ്ലണ്ട് ആഞ്ഞടിച്ചു. 354 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്‌സ് കടവുമായി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്‌സില്‍ 278 റണ്‍സിന് പുറത്തായി. ഇതോടെ അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇരു ടീമുകളും 1-1ന് ഒപ്പമെത്തി. .സ്‌കോര്‍: ഇന്ത്യ-78, 278. ഇംഗ്ലണ്ട്-432

രണ്ട് വിക്കറ്റിന് 215 എന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയുടെ ബാറ്റിങ്‌നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. മൂന്നാം ദിനം മികച്ച കൂട്ടുകെട്ടുമായി മുന്നേറിയ കോലിയെയും പൂജാരയെയും തുടക്കത്തില്‍ തന്നെ ഇന്ത്യയ്ക്ക് നഷ്ടമായി. ഇന്ത്യയ്ക്ക് ആദ്യം പൂജാരയെയാണ് നഷ്ടമായത്. 189 പന്തുകള്‍ നേരിട്ട പൂജാര 15 ഫോറുകള്‍ സഹിതം 91 റണ്‍സെടുത്തു.  ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ഓപ്പണര്‍ രോഹിത് ശര്‍മ എന്നിവരും അര്‍ധസെഞ്ചുറി നേടി.

പിന്നാലെ ക്രീസിലെത്തിയ അജിങ്ക്യ രഹാനെയ്ക്കും പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സ് മാത്രമെടുത്ത രഹാനെയെ ആന്‍ഡേഴ്‌സണ്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറുടെ കൈയ്യിലെത്തിച്ചു. ഇതോടെ ഇന്ത്യ 239 ന് അഞ്ച് എന്ന നിലയിലേക്ക് വീണു. രഹാനെയ്ക്ക് ശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്തും  ഒരു റണ്‍സെടുത്ത്
മടങ്ങി. പിന്നാലെ വന്ന ഷമിയെ മോയിന്‍ അലി ബൗള്‍ഡാക്കിയതോടെ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റുകള്‍ നഷ്ടമായി. ആറു റണ്‍സ് മാത്രമാണ് ഷമിയ്ക്ക് എടുക്കാനായത്. ഇഷാന്ത് ശര്‍മയ്ക്കും അധികം പിടിച്ചുനില്‍ക്കാനായില്ല.  രണ്ട് റണ്‍സെടുത്ത ഇഷാന്തിനെ ബട്‌ലറുടെ കൈയ്യിലെത്തിച്ച് റോബിന്‍സണ്‍ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കി. പിന്നാലെ ക്രീസിലെത്തിയ സിറാജിനെയും (0) 30 റണ്‍സുമായി ഒരറ്റത്ത് പിടിച്ചുനിന്ന രവീന്ദ്ര ജഡേജയെയും മടക്കി ക്രെയ്ഗ് ഓവര്‍ട്ടണ്‍ ഇംഗ്ലണ്ടിന് വിജയം സമ്മാനിച്ചു. ഇംഗ്ലണ്ടിന് വേണ്ടി റോബിന്‍സണ്‍ അഞ്ചുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രെയ്ഗ് ഓവര്‍ട്ടണ്‍ മൂന്ന് വിക്കറ്റ് സ്വന്തമാക്കി. മോയിന്‍ അലി, ജെയിംസ് ആന്‍ഡേഴ്‌സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി. ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് ഇന്നിങ്‌സ് വിജയം