പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് ഇന്ന് അഞ്ച് മെഡല്‍; സുമിത് അന്റിലയ്ക്ക് റെക്കോഡോടെ സ്വര്‍ണം

 
Sumit Paralympics

ഡിസ്‌ക്കസ് ത്രോയില്‍ വിനോദ് കുമാറിന്റെ വെങ്കല നേട്ടം അസാധുവാക്കി

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ടാം സ്വര്‍ണം. പുരുഷന്മാരുടെ എഫ് 64 ജാവലിന്‍ ത്രോയില്‍ സുമിത് അന്റിലാണ് സ്വര്‍ണമണിഞ്ഞത്. ലോക റെക്കോര്‍ഡോടെയാണ് സുമിതിന്റെ മെഡല്‍ നേട്ടം. ആദ്യ ത്രോയില്‍ 66.95 മീറ്റര്‍ എറിഞ്ഞ് റെക്കോര്‍ഡിട്ട സുമിത് അടുത്ത ഏറില്‍ 68.08 മീറ്ററുമായി റെക്കോഡ് തിരുത്തി. അവസാന ത്രോയില്‍ 68.55 മീറ്ററെന്ന പുതിയ റെക്കോഡും സ്വന്തമാക്കി. 

അത്‌ലറ്റിക് ഇനത്തിലെ ഇന്ത്യ ആദ്യ മെഡല്‍ കൂടിയാണ് സുമിതിലൂടെ സ്വന്തമായത്. ഒപ്പം മത്സരിച്ച മറ്റൊരു ഇന്ത്യന്‍ താരം സന്ദീപ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 66.29 മീറ്റര്‍ എറിഞ്ഞ ഓസ്‌ട്രേലിയയുടെ മൈക്കല്‍ ബുരിയന്‍ വെള്ളിയും 65.61 മീറ്റര്‍ ദൂരം കണ്ടെത്തിയ ശ്രീലങ്കയുടെ ദുലന്‍ കൊടിത്തുവാക്കു വെങ്കലവും നേടി.

ഇതോടെ, ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 7 ആയി. 2 സ്വര്‍ണവും 4 വെള്ളിയും ഒരു വെങ്കലവുമാണ് ഇന്ത്യയുടെ സമ്പാദ്യം. ഇന്ന് രണ്ട് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ അഞ്ച് മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പാരാലിമ്പിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയായി ഷൂട്ടര്‍ അവനി ലേഖ്റ ഇന്ന് പുതിയ ചരിത്രം കുറിച്ചു. വനിതകളുടെ 10 മീറ്റര്‍ ഷൂട്ടിങ്ങിലായിരുന്നു മെഡല്‍ നേട്ടം. പത്തൊമ്പത് വയസ് മാത്രമുള്ള അവനിയുടെ ആദ്യ പാരാലിമ്പിക്സാണിത്.

പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ യോഗേഷ് കതൂണിയ വെള്ളി നേടി. എഫ് 56 വിഭാഗത്തിലാണ് യോഗേഷ് രണ്ടാം സ്ഥാനത്തെത്തിയത്. സീസണിലെ തന്റെ മികച്ച ദൂരമായ 44.38 മീറ്റര്‍ കണ്ടെത്തിയാണ് യോഗേഷിന്റെ നേട്ടം. പുരുഷന്മാരുടെ ജാവലിന്‍ ത്രോയില്‍ എഫ്46 വിഭാഗത്തില്‍ ദേവേന്ദ്ര ജജാരിയ 64.35 മീറ്റര്‍ ദൂരം കണ്ടെത്തി വെള്ളി മെഡല്‍ സ്വന്തമാക്കി. ഇതേ ഇനത്തില്‍ സുന്ദര്‍ സിംഗ് ഗുര്‍ജറും വെങ്കലവും നേടി. 64.01 മീറ്ററാണ് സുന്ദര്‍ ജാവലിന്‍ പായിച്ചത്. 

ഇന്നലെ രണ്ട് വെള്ളി മെഡല്‍ ഇന്ത്യ നേടിയിരുന്നു. ടേബിള്‍ ടെന്നീസില്‍ ഭവിന ബെന്‍ പട്ടേലും ഹൈംജംപില്‍ നിഷാദ് കുമാറുമാണ് വെള്ളി നേടിയത്. അതേസമയം, ഡിസ്‌ക്കസ് ത്രോയില്‍ വിനോദ് കുമാറിന്റെ വെങ്കല നേട്ടം അസാധുവാക്കി. എഫ്-52 വിഭാഗത്തില്‍ കുറിച്ച ഏഷ്യന്‍ റെക്കോഡ് പ്രകടനമാണ് അസാധുവായത്. വിനോദിന്റെ ശാരീരിക ക്ഷമത എഫ് 52ല്‍ എന്ന വിഭാഗത്തില്‍ പങ്കെടുക്കുന്നതിനേക്കാള്‍ മികച്ചതാണെന്ന പരാതിയിലാണ് നടപടി. ശരീരത്തിലെ മസിലുകളുടെ ശക്തിയെ ആധാരമാക്കിയാണ് ശാരീരിക അവശത കണക്കാക്കുന്നത്. ശരീരം ചലിപ്പിക്കാനുള്ള കഴിവ്, കാല്‍മുട്ടിന്റ പ്രശ്നം, കാലിന്റെ നീളക്കുറവ്, ഇരുന്ന് ചെയ്യുമ്പോള്‍ ശരീരത്തിന്റെ ബലക്കുറവ് എന്നിവ പരിഗണിക്കും. നട്ടെല്ലിന് ക്ഷതം, കഴുത്തിലെ എല്ലിന്റെ ക്ഷതം, കാലുകള്‍ മുറിച്ചുമാറ്റേണ്ടിവന്നതുമൂലമുള്ള ശാരീരിക സന്തുലനത്തിന്റെ കുറവ്, ഞരമ്പുസംബന്ധമായതോ നാഡീസംബന്ധമായതോ പ്രശ്നങ്ങളോ മൂലം അവശത അനുഭവിക്കുന്നവരയാണ് എഫ്-52 വിഭാഗത്തില്‍ പെടുത്തുക. വിനോദ് ഇത്തരം വിഭാഗത്തേക്കാള്‍ മെച്ചപ്പെട്ട ശാരീരിക ക്ഷമതയുള്ള വ്യക്തിയാണെന്നായിരുന്നു മറ്റു മത്സരാര്‍ഥികളുടെ പരാതി.