പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് വീണ്ടും മെഡല്‍; നിഷാദിന് വെള്ളി, വിനോദിന് വെങ്കലം

 
Nishad Kumar

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ കൂടി. ഹൈജംപില്‍ നിഷാദ് കുമാര്‍ ഏഷ്യന്‍ റെക്കോഡോടെ വെള്ളി നേടി. പുരുഷന്‍മാരുടെ ഡിസ്‌കസ് ത്രോയില്‍ വിനോദ് കുമാര്‍ വെങ്കലവും നേടി. നേരത്തെ, വനിത ടേബിള്‍ ടെന്നീസില്‍ ഭവിന പട്ടേല്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 

2.06 മീറ്റര്‍ ചാടിയാണ് നിഷാദിന്റെ നേട്ടം. മറ്റൊരു ഇന്ത്യന്‍ താരം രാംപാല്‍ ചഹര്‍ 1.94 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്തെത്തി. യുഎസ്എയുടെ റോഡറിക് ടൗണ്‍സെന്‍ഡ്, ഡാളസ് വൈസ് എന്നിവര്‍ യഥാക്രമം സ്വര്‍ണവും വെങ്കലവും നേടി. ടൗണ്‍സെന്‍ഡ് 2.15 മീറ്ററും  വൈസ് 2.06 മീറ്ററുമാണ് ചാടിയത്. നിഷാദും വൈസും ഒരേ ദൂരമാണ് ചാടിയതെങ്കിലും ആദ്യ ശ്രമത്തില്‍ 2.02 മാര്‍ക്ക് കടന്നതാണ് ഇന്ത്യന്‍ താരത്തിന് നേട്ടമായത്.

19.91 മീറ്ററിലേക്ക് ഡിസ്‌ക് പായിച്ചാണ് വിനോദ് കുമാര്‍ വെങ്കലം സ്വന്തമാക്കിയത്. എഷ്യന്‍ റെക്കോര്‍ഡ്മറികടന്നാണ് വിനോദിന്റെ വെങ്കല നേട്ടം. 

നേരത്തെ, വനിത ടേബിള്‍ ടെന്നിസില്‍ ഇന്ത്യയുടെ ഭവിന പട്ടേല്‍ വെള്ളി സ്വന്തമാക്കിയിരുന്നു. ഫൈനലില്‍ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷൗ യിങ്ങിനോടാണ് ഭവിന തോല്‍വി വഴങ്ങിയത്. പാരാലിമ്പിക് ചരിത്രത്തില്‍ ടേബിള്‍ ടെന്നിസില്‍ ഇന്ത്യക്ക് ലഭിക്കുന്ന ആദ്യ മെഡലാണിത്.