പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ കുതിപ്പ്; കൃഷ്ണ നാഗറിന് സ്വര്‍ണം, സുഹാസിന് വെള്ളി

 
Krishna Nagar
ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം അഞ്ച് ആയി ഉയര്‍ന്നു

ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യന്‍ കുതിപ്പ്. ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സ് എസ്എച്ച്6 വിഭാഗത്തില്‍ കൃഷ്ണ നാഗര്‍ സ്വര്‍ണമണിഞ്ഞു. ഹോങ്കോങ്ങിന്റെ ചു മാന്‍ കായിയോട് ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കായിരുന്നു നാഗറിന്റെ ജയം. സ്‌കോര്‍ : 21-17, 16-21, 21-17. 

പുരുഷന്മാരുടെ ബാഡ്മിന്റണ്‍ എസ്എല്‍ 4 വിഭാഗത്തില്‍ സുഹാസ് യതിരാജ് വെള്ളി മെഡല്‍ നേടി. ഫൈനലില്‍ ഫ്രാന്‍സിന്റെ ലൂക്കാസ് മസൂറിനോടായിരുന്നു സുഹാസിന്റെ തോല്‍വി. ലോക ഒന്നാം നമ്പര്‍ താരമായ മസൂറിനെതിരെ മൂന്ന് സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് യതിരാജ് കീഴടങ്ങിയത്. സ്‌കോര്‍: 15-21, 21-17, 21-15.

ഇതോടെ, ടോക്യോയില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം അഞ്ച് ആയി ഉയര്‍ന്നു. 8 വെള്ളിയും, 6 വെങ്കലവുമുള്‍പ്പെടെ 19 മെഡലുകളുമായി നിലവില്‍ 24-ാം സ്ഥാനത്താണ് ഇന്ത്യ.