ഇന്ത്യക്ക് ഇന്ന് 'പുതിയ ഇന്നിംഗ്‌സ്'; കോച്ച് ദ്രാവിഡും, ക്യാപ്റ്റന്‍ രോഹിത്തും കിവീസിനെതിരെ കന്നി അങ്കത്തിന്

 
ROHIT DRAVID

ട്വന്റി20 ലോകകപ്പിനു ശേഷമുള്ള ഇന്ത്യന്‍ ടീം അടിമുടി മാറിയിരിക്കുകയാണ്. രവി ശാസ്ത്രിക്ക് പകരം രാഹുല്‍ ദ്രാവിഡ് പരിശീലകനായും രോഹിത് ശര്‍മ്മ നായക വേഷത്തിലും ഇറങ്ങുകയാണ്. ഇരുവരുടെയും കൂട്ടുകെട്ടില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെതിരെ ആദ്യ ട്വന്റി20 മത്സരത്തിനിറങ്ങുമ്പോള്‍ എല്ലാവരും ആകാംക്ഷയിലാണ്. 

ഇന്ത്യ അണ്ടര്‍ 19, ഇന്ത്യ എ കോച്ച് എന്നീ നിലകളില്‍ ദ്രാവിഡിന്റെ അനുഭവപരിചയം രാജ്യത്തെ പ്രതിഭകളെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന്  സഹായകമാകും. എന്നാല്‍ ദ്രാവിഡിന് മുന്നിലുള്ള വെല്ലുവിളി ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ ടെസ്റ്റിലെ പ്രകടനങ്ങളാണ്. പഴയ പേസ് നിരയും തലവേദന സൃഷ്ടിക്കുന്നതാണ്. ഈ പരീക്ഷണ ഘട്ടത്തില്‍ ടീം ലോകകപ്പിനെ സമീപിക്കുന്നതെങ്ങനെയെന്നതും ചോദ്യമാണ്. എന്നാല്‍ ദ്രാവിഡിന് മുന്നിലുള്ള ടീം വലിയ സമ്മര്‍ദങ്ങള്‍ നേരിടുമെന്ന് കരുതുന്നില്ല. തന്റെ ശാന്ത സ്വഭാവം പോലെ തന്നെ ടീമിലെ പ്രശ്‌നങ്ങള്‍ എല്ലാം ശാന്തമായി തന്നെ പരിഹരിക്കപ്പെടാനാണ് സാധ്യത. പരിശീലകനായി തുടരുമ്പോള്‍ ദ്രാവിഡിനെ സംബന്ധിച്ച് ടീമിന്റെ വലിയ വിജയങ്ങളിലാകും ശ്രദ്ധ. 

മറുവശത്ത് തന്റെ ശൈലിയുടെയും ശരീരത്തിന്റെയും പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്ന പരിശീലകനാണ് രവി ശാസ്ത്രി. എന്നാല്‍ ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യ കളിച്ച 43 ടെസ്റ്റുകളില്‍ 25 എണ്ണവും ജയിച്ചു. വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ വിജയശതമാനവും വളരെ മികച്ചതായിരുന്നു.  ഏകദിനങ്ങളില്‍ 51 വിജയങ്ങളും 65 ടി20യില്‍ 42 വിജയങ്ങളും. കണക്കുകള്‍ അദ്ദേഹത്തെ ഇന്ത്യ കണ്ട ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാക്കി.

ദ്രാവിഡ് പരിശീലകനാകുമ്പോള്‍ ഇത് ശാസ്ത്രിയില്‍ നിന്ന് എങ്ങനെ വ്യത്യസ്തമായിരിക്കുമെന്ന് ആര്‍ക്കും  ചിന്തിക്കാതിരിക്കാനാവില്ല. ശാസ്ത്രിയുടേത് അതിഭാവുകത്വത്തിന്റെ കാലമായിരുന്നെങ്കില്‍, ദ്രാവിഡിന്റേത് പ്രായോഗികതയുടെ യുഗമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിയുന്നത്ര യാഥാര്‍ത്ഥ്യബോധത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹം ശ്രമിക്കും. അത് തന്നെയാണ്  മുഖ്യ പരിശീലകനെന്ന നിലയില്‍ തന്റെ ആദ്യ പത്രസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കിയതും. 

ഇന്ത്യ-ന്യൂസീലന്‍ഡ് ട്വന്റി 20 ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കമാകുമ്പോള്‍ ഇന്ത്യക്കിത് പുതിയ ഇന്നിംഗ്‌സാണെന്ന് തന്നെ പറയാം. അടുത്തവര്‍ഷം വീണ്ടും ട്വന്റി 20 ലോകകപ്പുണ്ട്. അത് മുന്നില്‍ക്കണ്ട്, സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി യുവതാരങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. അവര്‍ക്ക് വഴികാട്ടാന്‍ നായകന്‍ രോഹിത് ശര്‍മയും. വിരാട് കോലിയുടെ അഭാവത്തില്‍ പലതവണ ഇന്ത്യയെ നയിച്ചിട്ടുണ്ടെങ്കിലും ട്വന്റി 20-യില്‍ സ്ഥിരം നായകസ്ഥാനം കിട്ടിയശേഷം രോഹിത് ശര്‍മയുടെ ആദ്യ പരമ്പരകൂടിയാണിത്. 

ഏകദിന, ട്വന്റി20 ലോകകപ്പുകള്‍ മുന്നില്‍ കണ്ട് യുവതാരത്തെ ക്യാപ്റ്റന്‍സി ഏല്‍പിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് 
രോഹിത് ശര്‍മ നായകനാകുന്നത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായി നേടിയ 5 കിരീടങ്ങള്‍ തന്നെയാണ്. ഇവിടെ രോഹിതിന്
ഗുണമായത്. 19 തവണ ട്വന്റി20 മത്സരങ്ങളില്‍ ടീം ഇന്ത്യയെ നയിച്ച രോഹിത് 15ലും വിജയം നേടിയിട്ടുണ്ട്. 

വ്യക്തിഗത മികവും ക്യാപ്റ്റന്‍സി വിജയങ്ങളും കണക്കിലെടുത്ത് ട്വന്റി20 ടീമിന്റെ നായക പദവിയിലേക്ക് രോഹിത് ശര്‍മ്മയെത്തുന്നത് ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. പരിചയ സമ്പന്നതയും ക്യാപ്റ്റന്‍സി മികവും കണക്കിലെടുക്കുമ്പോള്‍ രോഹിത് നായക പദവിയിലേക്കെത്തുമ്പോള്‍ വലിയ പ്രതീക്ഷകളാണ് ഇന്ത്യക്കുള്ളത്. 

രോഹിത് ശര്‍മ്മയെ സംബന്ധിച്ച് ഏകദിനത്തിലും ക്യാപ്റ്റനെന്ന നിലയില്‍ മികച്ച പ്രകടമാണുള്ളത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ 10 മത്സരങ്ങള്‍ കളിച്ചപ്പോള്‍ രണ്ടില്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. വിജയശതമാനം 80 ശതമാനം.  2018 ജനുവരിയില്‍ വിരാട് കോഹ്ലിയില്‍ നിന്ന് ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയെ നയിക്കാന്‍ ചുമതലയേറ്റതോടെയാണ് ഏകദിനത്തില്‍ ക്യാപ്റ്റനായി രോഹിത് ആദ്യം അരങ്ങേറ്റം കുറിച്ചത്. പരമ്പരയില്‍ 2-1 ന് ജയം നേടാനും തുടര്‍ച്ചയായ പരമ്പര വിജയങ്ങളുടെ മികച്ച റെക്കോര്‍ഡ് നിലനിര്‍ത്താനും കഴിഞ്ഞു. ഹോങ്കോംഗ്, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരെയും വിജയിച്ചു. 2019-ല്‍ കിവിസിനോട് രണ്ട് മത്സരത്തില്‍ മാത്രമേ രോഹിതിലെ ക്യാപ്റ്റന്‍ തോല്‍വി അറിഞ്ഞുള്ളു. 2017-ല്‍ ശ്രീലങ്കയ്ക്കെതിരെ രോഹിത്ത് 208 റണ്‍സ് സ്‌കോര്‍ ചെയ്തതുള്‍പ്പെടെ 4 അര്‍ദ്ധ സെഞ്ചുറികളും രണ്ട് സെഞ്ചുറികളും ക്യാപ്റ്റന്‍ ആയിരുന്നപ്പോള്‍ നേടിയിട്ടുണ്ട്. 

ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ദ്രാവിഡ് പരിശീലകനായി എത്തുന്നതോടെ രോഹിത്തിലെ ക്യപ്റ്റന്‍സി മികവിന് മൂര്‍ച്ച കൂടാനേ വഴിയുള്ളുവെന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍. ദ്രാവിഡിനെ ക്യാപ്റ്റനായി തെരഞ്ഞെടുത്ത വാര്‍ത്തകളോട് രോഹിത്തിന്റെ പ്രതികരണവും ഇത് തന്നെയാണ് സൂചന നല്‍കുന്നത്. താന്‍ ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു രോഹിത്തിന്റെ ആദ്യ പ്രതികരണം.