എന്തിന് ധോണി വന്നു? നെറ്റി ചുളിച്ച ചോദ്യത്തിന് കൂള്‍ മറുപടി, 'തല' അടുത്ത സീസണിലും വാഴുമോ? 

 
dhoni

ഇന്നിംഗസ് മെല്ലെപോക്കിന്റെ വിമര്‍ശനങ്ങള്‍ കടുക്കുമ്പോഴും സഹകളിക്കാരും 'തല' ആരാധകരും ഒരേ പോലെ നെറ്റി ചുളിക്കുമ്പോഴും അദ്ദേഹം മാധ്യമങ്ങള്‍ക്ക് പോലും പിടികൊടുക്കാതെ കൂളായി ഫീല്‍ഡിനകത്തും പുറത്തും നിന്നു. ഇങ്ങനെ കൂളായി തന്നെ ആയിരുന്നു ധോണി ഇന്നലെ  ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ സ്വന്തം ടീമിനെ മിന്നും ജയത്തിലൂടെ ഫൈനലിലെത്തിച്ചത്. ക്രിക്കറ്റില്‍ ധോണി എന്ത് ചെയ്താലും അത് വാര്‍ത്തയാകുന്ന ആ പ്രതാപ കാലത്തെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു 'ക്യാപ്റ്റന്‍ കൂള്‍'ന്റെ പ്രകടനം. 

11 പന്തില്‍ 24 റണ്‍സ് മാത്രം വേണമെന്നിരിക്കേ ക്രീസില്‍ താളം കണ്ടെത്താന്‍ കുറച്ചധികം സമയം എടുക്കുന്ന ധോണി എത്തിയത് ആരാധകരിലും എതിരാളികളിലും അത്ഭുതം ജനിപ്പിച്ചിരിക്കാം. ഒരു പക്ഷെ ചൈന്നൈ കളി കൈവിട്ടെന്ന് തന്നെ കരുതിയവരായിരിക്കാം അധികവും. ചെന്നൈ ഇന്നിങ്‌സിന് അടിത്തറയിട്ട ഋതുരാജ് ഗെയ്ക്വാദിനെ 19ാം ഓവറിലെ ആദ്യ പന്തില്‍ത്തന്നെ ആവേശ് ഖാന്‍ പുറത്താക്കിയതിനു പിന്നാലെയായിരുന്നു ധോണിയുടെ വരവ്. നേരത്തെ ഇത്തരം ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിലായാലും ചൈന്നെയിലായാലും ധോണി എത്തുമ്പോള്‍  വിജയം ഉറപ്പിച്ചിരുന്നവരാണ് ആരാധകര്‍. എന്നാല്‍ സമീപകാലത്തായി താരത്തിന്റെ ബെസ്റ്റ് ഫിനിഷിംഗ് മികവ് നഷ്ടപ്പെട്ടിരുന്നു. ഇന്നലെ അവസാന ഓവറുകളില്‍ തകര്‍ത്തടിക്കുന്ന ബ്രാവോയും ജഡേജയും ഉണ്ടായിരുന്നിട്ടും ധോണി തന്നെ ബാറ്റുമായി എത്തി,  ആവേശ് ഖാന്‍ എറിഞ്ഞ ആദ്യ പന്ത് ഡോട്ട് ബാളാക്കിയാണ് ധോണി തുടങ്ങിയത്. നേരിട്ട രണ്ടാം പന്ത് ഡീപ് മിഡ്‌വിക്കറ്റിലൂടെ താഴ്ത്തി ഗാലറിയില്‍ ലാന്‍ഡ് ചെയ്യിച്ചു..സിക്‌സ്.. ധോണിയില്‍ എല്ലാവരും പഴയ കരുത്തനെ കണ്ട നിമിഷങ്ങള്‍. നേരിട്ട മൂന്നാം പന്ത് വീണ്ടും ഡോട്ട് ബാള്‍.

ആറുപന്തില്‍ ചെന്നൈക്ക് വിജയിക്കാന്‍ വേണ്ടത് 13 റണ്‍സ്. സൂപ്പര്‍ സ്റ്റാര്‍ ബൗളര്‍ കാഗിസോ റബാദക്ക്  നല്‍കാതെ മത്സരത്തില്‍ ഉജ്ജ്വല പ്രകടനം നടത്തിയ ടോം കറനെ ഡല്‍ഹി നായകന്‍ ഋഷഭ് പന്ത് പന്തേല്‍പ്പിച്ചു. ആദ്യപന്തില്‍ തന്നെ മുഈന്‍ അലി പുറത്ത്. ക്യാച്ചിനിടെ ഓടിയെത്തിയതിനാല്‍ സ്‌ട്രൈക് ധോണിക്ക്. ഓഫ് സ്റ്റംപിന് വെളിയിലേക്ക് വന്ന രണ്ടാം പന്ത് ബാക്ഫൂട്ടില്‍ നിന്ന് ധോണി ബൗണ്ടറിയിലേക്ക് അടിച്ചകറ്റി. മൂന്നാംപന്ത് ധോണിയുടെ ബാറ്റിലുരസി ഭാഗ്യത്തിന്റെ അകമ്പടിയോടെ ബൗണ്ടറിയിലേക്ക്. സമ്മര്‍ദ്ദത്തിലായ ടോം കറന്‍ അടുത്തതായി എറഞ്ഞത് ഉഗ്രന്‍ വൈഡ്. നേരിട്ട മൂന്നാം പന്ത് അനായാസം ലെഗ് സൈഡിലേക്ക് അടിച്ചകറ്റി ധോണി സ്വതസിദ്ധമായ ശൈലിയില്‍ ഗാലറിയിലേക്ക് തിരിച്ചുനടന്നു. രണ്ട് പന്ത് ശേഷിക്കേ ചെന്നൈക്ക് അഭിമാന ജയമാണ് ധോണി സമ്മാനിച്ചത്.

ഐപിഎല്ലില്‍ ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകള്‍ പുറത്തു വരുമ്പോള്‍ അത് ഈ സീസണില്‍ തന്നെയെന്ന് ഉറപ്പിക്കുന്നവര്‍ക്ക് മാറ്റി ചിന്തിക്കേണ്ടി വരുമെന്ന സൂചനയും 'തല' ബാറ്റുകൊണ്ട് നല്‍കി.  ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മെന്റര്‍ സ്ഥാനത്തേയ്ക്കു നിയമിക്കപ്പെട്ടതോടെ ഐപിഎലില്‍ നിന്നും താരം വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ഇപ്പോള്‍ ധോണി തന്നെ പ്രതികരണവുമായി രംഗത്തെത്തിയിരിന്നു. താന്‍ ഇനിയും ചെന്നൈ ജഴ്സി അണിയുമെന്നും എന്നാല്‍ തന്റെ വിടവാങ്ങല്‍ മത്സരം കാണാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാകും. ചെന്നൈയില്‍വച്ച് അവസാന മത്സരം കളിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും ധോണി പറഞ്ഞിരുന്നു.