ഐപിഎല്‍ മത്സരങ്ങള്‍ ഞായറാഴ്ച പുനരാരംഭിക്കും; ആദ്യദിനം മുംബൈ-ചെന്നൈ പോരാട്ടം

 
IPL

കോവിഡിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ ഞായറാഴ്ച പുനരാരംഭിക്കും. ആദ്യ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും. യുഎഇ സമയം വൈകിട്ട് ആറിന് ദുബൈ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയങ്ങളില്‍ കാണികളെ അനുവദിക്കുമെങ്കിലും എണ്ണം നിജപ്പെടുത്തിയിട്ടുണ്ട്. 

യുഎഇയില്‍ നടക്കുന്ന മത്സരങ്ങളില്‍ കഴിഞ്ഞ പതിപ്പിലെപോലെ ദുബൈ, ഷാര്‍ജ, അബുദാബി എന്നിവടങ്ങളിലായാണ് മത്സരം നടക്കുന്നത്. ദുബൈയില്‍ 13, ഷാര്‍ജയില്‍ 10, അബുദാബിയില്‍ എട്ട് വീതം മത്സരങ്ങള്‍ നടക്കും. ഇതില്‍ ആദ്യ ക്വാളിഫയര്‍, ഫൈനല്‍ എന്നിവ ദുബൈയിലും, എലിമിനേറ്റര്‍, രണ്ടാം ക്വാളിഫയര്‍ എന്നിവ ഷാര്‍ജയിലുമായും നടക്കും. ഒക്ടോബര്‍ 15നാണ് ഫൈനല്‍. 

സ്റ്റേഡിയങ്ങളുടെ ശേഷി അനുസരിച്ചായിരിക്കും കാണികളെ അനുവദിക്കുക. അബുദാബിയിലും ഷാര്‍ജയിലും മത്സരം കാണാന്‍ എത്തുന്നവര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് പരിശോധനാ ഫലം ഹാജരാക്കണം. അതേസമയം, ദുബൈ സ്റ്റേഡിയത്തില്‍ എത്തുന്നവര്‍ക്ക് കോവിഡ് പരിശോധനാ ഫലം ആവശ്യമില്ല. വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമാണ് എല്ലാം സ്റ്റേഡിയങ്ങളിലും പ്രവേശനാനുമതി. അബുദാബിയില്‍ 60 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്. ദുബൈയിലും ഷാര്‍ജയിലും ഏറ്റവും കുറഞ്ഞ നിരക്ക് 200 ദിര്‍ഹം. പല മത്സരങ്ങള്‍ക്കും പല രീതിയിലാണ് ടിക്കറ്റ് നിരക്ക്. 

ഇന്ത്യയിലാണ് ഐപിഎല്‍ പതിനാലാം സീസണിലെ ആദ്യപാദ മത്സരങ്ങള്‍ നടന്നത്. കാണികളെ പ്രവേശിപ്പിക്കാതെ അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരുന്നു മത്സരം. എന്നാല്‍, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയും കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ് സ്റ്റാഫിനും സ്റ്റേഡിയം ജീവനക്കാര്‍ക്കുമൊക്കെ രോഗം ബാധിക്കുകയും ചെയ്തിരുന്നു. വിദേശ താരങ്ങള്‍ ഉള്‍പ്പെടെ സ്വന്തം രാജ്യത്തേക്ക് മടങ്ങിയതും തിരിച്ചടിയായി. തുടര്‍ന്നാണ്, മത്സരം നിര്‍ത്തിവെച്ചതും വേദി മാറ്റുന്നതും.