ദ്രാവിഡിന്റെ ആ വിശ്വാസം സഫലമാകുമോ ? അരങ്ങേറ്റത്തില്‍ സെഞ്ചുറി തികച്ച ശ്രേയസിന്റെ ഇന്നിംഗ്‌സ് പറയുന്നത് 

 
shreyas


ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന 16-ാമത്തെ ഇന്ത്യ താരമായി മാറിയരിക്കുകയാണ് ശ്രേയസ് അയ്യര്‍. ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ 105 റണ്‍സ് നേടിയ അയ്യരുടെ ഇന്നിംഗ്‌സ് 13 ബൗണ്ടറികളും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു. രണ്ടാം ദിനം 75 റണ്‍സുമായാണ് അയ്യര്‍ ബാറ്റിങ് ആരംഭിച്ചത് 25 റണ്‍സ് കൂടി കൂട്ടി ചേര്‍ത്ത് സെഞ്ചുറി തികച്ച താരം സൗത്തിയുടെ പന്തിലാണ് പുറത്താകുന്നത്. ഏഴ് വര്‍ഷം മുമ്പ്  അയ്യര്‍ തന്റെ  റെഡ് ബോള്‍ കരിയര്‍ ആരംഭിച്ചത് കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്‌റ്റേഡിയത്തില്‍ തന്നെയാണ്.

വൈറ്റ്-ബോള്‍ ക്രിക്കറ്റിലെ മികവിന്റെ അടിസ്ഥാനത്തിലാണ് അയ്യര്‍ താരപദവി നേടിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) ഡെല്‍ഹി ക്യാപിറ്റല്‍സിനെ വിജയത്തിലേക്ക് നയിച്ച നായകനെന്ന ഖ്യാതി കരിയറില്‍ മികച്ച അവസരങ്ങളാണ് താരത്തിന് കൊണ്ടുവന്നത്. 
ഏകദിനങ്ങളിലും ടി20 കളിലുമായി 54 തവണ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. 52.18 ശരാശരിയില്‍ നാലായിരത്തിലധികം റണ്‍സാണ് താരത്തിന്റെ അക്കൗണ്ടിലുള്ളത്. 

ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീന്‍, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, പൃഥ്വി ഷാ എന്നിവരുള്‍പ്പെടുന്ന എലൈറ്റ് പട്ടികയിലേക്കാണ് അയ്യരും ഇടം പിടിച്ചത്. ഇതിന് മുമ്പ്  2018-ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 134 റണ്‍സ് നേടിയ പൃഥ്വി ഷായാണ് അരങ്ങേറ്റത്തില്‍ മൂന്നക്കം സ്‌കോര്‍ ചെയ്ത താരം. 

കൈല്‍ ജാമിസണിന്റെ പന്തില്‍ ഗംഭീരമായ ഒരു ഫ്‌ലിക്കിലൂടെ ഫോര്‍ അടിച്ചാണ് അയ്യര്‍ ഇന്ന് തുടങ്ങിയത്. ഒപ്പമുണ്ടായിരുന്ന രവീന്ദ്ര ജഡേജ 50-ന് പുറത്തായെങ്കിലും,  90 ലെത്തിയതോടെ അയ്യര്‍ ആക്രമണത്തിന്റെ വേഗം കൂട്ടി. ഒരു പക്ഷെ എല്ലാവരും ഈ ഘട്ടത്തില്‍ സ്വീകരിക്കാത്ത തീരുമാനമായിരുന്നു അത് എന്ന് പറയാം. 90-കളിലേക്ക് കടക്കാനായി ഒരു മനോഹരമായ കവര്‍ ഡ്രൈവാണ് താരം തെരഞ്ഞെടുത്തത്.  അടുത്ത പന്തില്‍ മറ്റൊരു ഫോറും പറത്തി 96-ലേക്ക് നീങ്ങി. രണ്ട് സിംഗിള്‍സുകള്‍ അദ്ദേഹത്തെ 98-ല്‍ എത്തിച്ചു. ഒടുവില്‍ സൈഡിലേക്ക് പന്ത് അടിച്ച് 
അയ്യര്‍ നൂറടിച്ചു.

2017ല്‍ അയ്യര്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചെങ്കിലും പ്ലേയിംഗ് ഇലവനില്‍ തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രേയാസ് പാടുപെട്ടു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2020-ന്റെ ഫൈനല്‍ വരെ ഡല്‍ഹി ക്യാപിറ്റല്‍സിനെ എത്തിക്കുകയും 519 റണ്‍സ് അടിച്ച് കൂട്ടുകയും ചെയ്ത അയ്യര്‍ക്ക് ഈ വര്‍ഷമാദ്യം തോളെല്ലിന് പരിക്കേറ്റു. മാസങ്ങള്‍ നീണ്ട വിശ്രമത്തിന് ശേഷം ഐപിഎല്ലില്‍ മടങ്ങിയെത്തിയ താരം എട്ട് മത്സരങ്ങളില്‍ നിന്ന് 175 റണ്‍സ് നേടി, മാന്യമായ ഫോം കാണിച്ചു. പിന്നീട്, ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വായി അയ്യര്‍ ഇടംനേടി, ന്യൂസിലന്‍ഡിനെതിരായ മൂന്ന് ടി20 മത്സരങ്ങളില്‍ പ്രധാന ടീമിലേക്ക് തിരികെയെത്തുകയായിരുന്നു. 

2017ല്‍ ഓസ്‌ട്രേലിയക്കെതിരെ ധരംശാലയില്‍ ശ്രേയസ് ടെസ്റ്റില്‍ അരങ്ങേറ്റം നടത്തേണ്ടയാളായിരുന്നു. വിരാട് കോഹ്‌ലി കളിക്കാത്ത മത്സരമായിരുന്നു അത്. എന്നാല്‍ അന്ന് എക്‌സ്ട്രാ ബോളറെ ഉള്‍പ്പെടുത്താനാണ് നായകനായിരുന്ന അജിങ്ക്യ രഹാനെ തീരുമാനിച്ചത്. ഇന്ന് അതേ നായകന് കീഴിലാണ് ശ്രേയാസ് ഇറങ്ങിയതെന്നതും ശ്രദ്ധേയമാണ്. ഡല്‍ഹി കാപ്പിറ്റല്‍സിലും ഇന്ത്യ, അണ്ടര്‍ 19 ടീമുകളിലും കളിക്കുമ്പോഴൊക്കെ രാഹുല്‍ ദ്രാവിഡ് ശ്രേയസിന് പരിശീലിപ്പിച്ചിട്ടുണ്ട്. പ്രായമേറുന്ന ഇന്ത്യന്‍ മധ്യനിരയില്‍ ഒരു റിസര്‍വ് താരമായി ശ്രേയസിന് വളര്‍ത്തിക്കൊണ്ട് വരാനാണ് ദ്രാവിഡ് ലക്ഷ്യമിടുന്നത്.