ഐഎസ്എല്‍ എട്ടാം സീസണിന് ഇന്ന് കിക്കോഫ്; ബ്ലാസ്റ്റേഴ്സ് എടികെയ്‌ക്കെതിരെ, സീസണില്‍ 23 മലയാളി താരങ്ങള്‍

 
d

ഐഎസ്എല്‍ എട്ടാം സീസണിന്  ഇന്ന് ഗോവയില്‍ തുടക്കമാകും. ഉദ്ഘാടന മത്സരത്തില്‍  കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും ഏറ്റുമുട്ടും. ഗോവയില്‍ രാത്രി 7.30നാണ് മത്സരം. ഐഎസ്എല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള രണ്ട് ടീമുകളാണ് മുഖംമുഖം വരുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ആദ്യ കിരീടം തേടിയിറങ്ങുമ്പോള്‍ മൂന്ന് തവണ ചാമ്പ്യന്മാരായതിന്റെ കരുത്തുമായാണ് എടികെ മോഹന്‍ ബഗാന്‍ വരുന്നത്.

മുംബൈയില്‍ നിന്നും ഹൈദരാബാദ് എഫ്സിയില്‍ നിന്നുമുള്ള രണ്ട് മികച്ച കളിക്കാരായ ഹ്യൂഗോ ബൂമസ്, ലിസ്റ്റണ്‍ കൊളാക്കോ എന്നിവരെ ചേര്‍ത്ത് ആക്രമണനിര ശക്തിപ്പെടുത്തിയാണ് എടികെ മോഹന്‍ ബഗാന്‍ എത്തുന്നത്. ഐസ്ലന്‍ഡ് ഇന്റര്‍നാഷണല്‍ ജോണി കൗക്കോയ്ക്കൊപ്പം മുംബൈയില്‍ നിന്ന് സൗജന്യ ട്രാന്‍സ്ഫറില്‍ അമരീന്ദര്‍ സിംഗും എത്തി. ലീഗിലെ ഏറ്റവും മികച്ച സ്‌ക്വാഡ് തന്റെ പക്കലുള്ളതിനാല്‍, ഹെഡ് കോച്ച് അന്റോണിയോ ഹബാസിന് വിജയ പ്രതീക്ഷയല്ലാതെ മറ്റൊന്നും ചിന്തിക്കുന്നുണ്ടാകില്ല.  നായകന്‍ റോയ് കൃഷ്ണ-ഡേവിഡ് വില്യംസ്-മന്‍വീര്‍ സിങ് ത്രയം കളിക്കുന്ന മുന്നേറ്റനിരയാണ് ടീമിന്റെ കരുത്ത്. കഴിഞ്ഞസീസണില്‍ മൂവര്‍സംഘം 26 ഗോള്‍ നേടി. ഫ്രഞ്ച് താരം ഹ്യൂഗോ ബൗമാസിന്റെ വരവ് മധ്യനിരയുടെ ശക്തികൂട്ടി. ടിറിയും കാള്‍ മക്‌ഹോയും ചേര്‍ന്ന പ്രതിരോധവും ശക്തം.

രണ്ട് തവണ ഐഎസ്എല്‍ ഫൈനലിലെത്തിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സില്‍ നിന്ന് കിരീടം തട്ടിയെടുത്തിരുന്നു കൊല്‍ക്കത്ത. പരിചയസമ്പന്നനായ അന്റോണിയോ ഹബാസിന്റെ ശിക്ഷണത്തില്‍ എടികെ ഇറങ്ങുമ്പോള്‍ പുതിയ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനാണ് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ചുമതല. പുതിയ വിദേശതാരങ്ങള്‍, ഒപ്പം മികച്ച യുവസംഘം. എട്ടാം സീസണില്‍ ബ്ലാസ്റ്റേഴ്‌സിന് പ്രതീക്ഷവെക്കാനുള്ള ടീമുണ്ട്. അര്‍ജന്റീനന്‍ താരം യാര്‍ഗെ ഡയസും സ്പാനിഷ് താരം അല്‍വാരോ വാസ്‌ക്വസും മുന്നേറ്റത്തിലും മധ്യനിരയില്‍ യുറഗ്വായ് താരം അഡ്രിയന്‍ ലുണയും ജീക്‌സണ്‍ സിങും, സഹല്‍ അബ്ദുല്‍ സമദ്, അഡ്രിയന്‍ ലൂണ, കെ.പി. രാഹുല്‍ എ്ന്നിവര്‍ അടങ്ങുന്നതാവും മധ്യനിര.

ഭൂട്ടാന്‍ താരം ചെഞ്ചോ മുന്നേറ്റത്തില്‍ പകരക്കാരനാകും. അവശേഷിക്കുന്ന വിദേശക്വാട്ടയില്‍ പ്രതിരോധനിരക്കാരന്‍ മാര്‍ക്കോ ലെസ്‌കോവിച്ചാകും. ജെസല്‍ കാര്‍നെയ്‌റോയാണ് ടീമിനെ നയിക്കുന്നത്. എനെസ് സിപോവിച് ഇന്നു കളിക്കില്ല. കഴിഞ്ഞ സീസണിലെ അവസാന കളിയില്‍ ചെന്നൈയിനുവേണ്ടി ബ്ലാസ്റ്റേഴ്‌സിനെതിരെ ചുവപ്പുകാര്‍ഡ് കണ്ടിരുന്നു. 

ഐഎസ്എലില്‍ ഇത്തവണയും കപ്പും ഷീല്‍ഡുമുണ്ട്. പ്രാഥമിക ഘട്ടത്തില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തുന്ന ടീമിനാണ് ഐഎസ്എല്‍ ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ്. ഇവര്‍ക്ക് ഏഷ്യയിലെ മുന്‍നിര ക്ലബ് പോരാട്ടമായ എഎഫ്‌സി ചാംപ്യന്‍സ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടം കളിക്കാം. ഐഎസ്എല്‍ ഫൈനലില്‍ ജേതാക്കളാകുന്ന ടീമിനു വന്‍കരയിലെ രണ്ടാം നിര ക്ലബ് പോരാട്ടമായ എഎഫ്‌സി കപ്പിന്റെ യോഗ്യതാറൗണ്ട് കളിക്കാം. ലീഗ് വിന്നേഴ്‌സ് ഷീല്‍ഡ് സ്വന്തമാക്കിയ മുംബൈ സിറ്റി എഫ്‌സി തന്നെയാണ് കഴിഞ്ഞ വട്ടം ഐഎസ്എല്‍ ജേതാക്കളായതും.

ഇത്തവണ 23 മലയാളി താരങ്ങള്‍ കളത്തിലുണ്ട്. കഴിഞ്ഞ തവണ 15 മലയാളി താരങ്ങള്‍ മാത്രമായിരുന്നു സ്‌ക്വാഡില്‍ ഉണ്ടായിരുന്നത്.
ഏഴു മലയാളികളാണ് കേരള ബ്ലാസ്റ്റേഴ്‌സിനായി തന്നെയുള്ളത്.  കഴിഞ്ഞ സീസണിലുണ്ടായിരുന്ന ഡിഫന്‍ഡര്‍ അബ്ദുല്‍ ഹക്കു, മധ്യനിര താരങ്ങളായ സഹല്‍ അബ്ദുല്‍ സമദ്, രാഹുല്‍ കെ പി, പ്രശാന്ത് എന്നിവരെ കൂടാതെ ഈ സീസണില്‍ ബിജോയ്,സച്ചിന്‍ സുരേഷ്, ശ്രീകുട്ടന്‍ എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ട്. 

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ ആറ് മലയാളി താരങ്ങള്‍ ഉണ്ട്. വി പി സുഹൈര്‍, മഷൂര്‍ ഷരീഫ് എന്നിവര്‍ നോര്‍ത്ത് ഈസ്റ്റില്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഗനി നിഗം, മുഹമ്മദ് ഇര്‍ഷാദ്, ജസ്റ്റിന്‍ ജോര്‍ജ്ജ്, മിര്‍ഷാദ് മിച്ചു എന്നിവരാണ് മറ്റു മലയാളി താരങ്ങള്‍. ബെംഗളൂരു എഫ് സിയില്‍ ആശിഖ് കുരുണിയന്‍, ലിയോണ അഗസ്റ്റിന്‍, യുവ ഗോള്‍കീപ്പര്‍ ഷാരോണും എന്നിവരും മലയാളി താരങ്ങള്‍ തന്നെ. ചെന്നൈയിന്‍  സ്‌ട്രൈക്കര്‍ ജോബി ജസ്റ്റിനും ഒപ്പം യുവതാരം ജോണ്‍സന്‍ മാത്യൂസും മലയാളി താരങ്ങളാണ്.  എഫ് സി ഗോവയ്ക്ക് ഒപ്പം യുവതാരങ്ങളായ നെമിലും ക്രിസ്റ്റിയും മലയാളി താരങ്ങളായി ഉണ്ട്. ജംഷദ്പൂരില്‍ ഗോള്‍ കീപ്പര്‍ ടി പി രെഹ്നേഷും ഒപ്പം സെന്റര്‍ ബാക്ക് അനസ് എടത്തൊടികയും ഉണ്ട്. ഹൈദരബാദിലെ ഏക മലയാളി താരം യുവ സെന്‍സേഷന്‍ അബ്ദുല്‍ റബീഹ് ആണ്.