കോഹ്‌ലി പോരാ, രോഹിത്ത് കളിക്കുന്നില്ല, ഷമി വേണ്ട; ടീം ഇന്ത്യയെ ഇങ്ങനെ വിമര്‍ശിക്കണോ? 

 
kohli


ടി20 ലോകപ്പിന്റെ ഫേവറേറ്റുകളില്‍ ഒരു ടീമെന്ന് വിലയിരുത്തപ്പെട്ട ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികള്‍ കടുത്ത വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാക്കിസ്ഥാനോടാണ് തോറ്റതെങ്കില്‍ രണ്ടാം മത്സരത്തില്‍ ഐസിസി ട്രോഫിയില്‍ ഇന്ത്യക്കെതിരെ ശക്തമായ ആധിപത്യമുള്ള കിവീസിനോടാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. കരുത്തരെന്ന് വിശേഷിപ്പിക്കുന്ന ഇന്ത്യന്‍ നിരയുടെ തോല്‍വികള്‍ക്ക് കാരണം എന്താണ്? ലോകകപ്പില്‍ ഐപിഎല്‍ പ്രകടനങ്ങളെ നോക്കി ടീമിനെ തെരഞ്ഞെടുത്തുവെന്നും പറയുമ്പോള്‍ ആ മികവ് ആരും പിച്ചില്‍ കാണിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. ഐപിഎല്ലില്‍ മികവ് കാണിച്ച താരങ്ങളില്‍ പലരെയും ഒഴികവാക്കിയെന്ന് ഒരു വശത്ത് കൂടി വിമര്‍ശനം ഉയരുമ്പോഴാണ് ടീമിലെ സീനിയര്‍ താരങ്ങള്‍ വരെ അവസരത്തിനൊത്ത് ഉയരാതെ വരുന്നത്. 

ലോകകപ്പില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടനം ഇതല്ലായിരുന്നു. ടീമിനെ ലോകകപ്പിലെ ഒരു ശക്തമായ ടീമെന്ന് ഈ പ്രകടനങ്ങളില്‍ നിന്ന് വിലയിരുത്താനാകില്ല. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനെതിരെ സമ്മര്‍ദ്ദത്തെ അതീജീവിക്കുന്നതിലും ടോസ് നഷ്ടപ്പെട്ടതുമാണ്  തോല്‍വിക്ക് കാരണമെന്ന് പറയുമ്പോള്‍ രണ്ടാം മത്സരത്തില്‍ ഗെയിം പ്ലാന്‍ മാറ്റിയെങ്കിലും ഗ്രൗണ്ടില്‍ അത് നടപ്പാക്കാന്‍ കോഹ്‌ലിക്കും കൂട്ടര്‍ക്കും കഴിഞ്ഞില്ല. ആദ്യത്തേതില്‍ നിന്ന് രണ്ടാം മത്സരത്തിനിറങ്ങുമ്പോള്‍ ബാറ്റിംഗില്‍ സമ്മര്‍ദ്ദങ്ങളില്ലാതെ വലിയ ഷോട്ടുകള്‍ കളിച്ച് കൂറ്റന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുക എന്നതായിരുന്നു ടീമിന്റെ ലക്ഷ്യം. അതുകൊണ്ട് തന്നെയാണ് ഇഷന്‍ കിഷനെ ആദ്യം ഇറക്കിയതും. ആദ്യം ബാറ്റ് ചെയ്യേണ്ടിവന്നാല്‍ പരമാവധി റണ്‍സ് സ്‌കോര്‍ ചെയ്യുക, ബൗളര്‍മാര്‍ക്കും സമ്മര്‍ദമില്ലാതെ എറിയാനുള്ള സാഹചര്യമുണ്ടാക്കുക ഇതൊക്കെ ആയിരുന്നിരിക്കാം ഗെയിം പ്ലാനുകള്‍. പക്ഷെ ഒന്നും തന്നെ ഫലത്തില്‍ വന്നില്ല. പാക്കിസ്ഥാനോട് പത്ത് വിക്കറ്റിനും ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിനും പരാജയപ്പെട്ടപ്പോള്‍ ആരാധകര്‍ ടീമിനെ പഴിക്കുമ്പോള്‍ രണ്ട് മത്സരത്തിലും ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങേണ്ടി വന്നതുമാണ് ഇന്ത്യയുടെ പരാജയത്തില്‍ പ്രധാനമായും ക്രിക്കറ്റ് വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. 

ഇന്ത്യയുടെ പ്രകടനത്തെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ മത്സരഫലത്തില്‍ നിര്‍ണായകമാകുന്ന ടോസ് ഇന്ത്യക്ക് രണ്ട് മത്സരങ്ങളിലും നഷ്ടമായി. മത്സരത്തില്‍ ആദ്യം ബാറ്റിംഗിനിറങ്ങുന്ന ടീമിനെ സംബന്ധിച്ച് വെല്ലുവിളികള്‍ ഏറെയാണ്. ബൗളര്‍മാര്‍ക്ക് അനുകൂലമാണ് ഇവിടെ ഘടകങ്ങള്‍. ന്യൂ ബോള്‍ ആയതുകൊണ്ട് തന്നെ മികച്ച സ്വീങോടു കൂടി പന്തെറിയാന്‍ കഴിയുന്നു എന്നതാണ് കാര്യം. മാത്രമല്ല സ്ലോ സ്വീങ് കൂടിയാകുമ്പോള്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക്  ക്രീസില്‍ പിടിച്ച് നില്‍ക്കുക വെല്ലുവിളി തന്നെയാണ്. മത്സരത്തില്‍ ആദ്യം ബൗള്‍ ചെയ്യുന്ന ടീമിന് പന്തില്‍ ഈര്‍പ്പം ഇല്ലാത്തതിനാല്‍ മികച്ച രീതിയില്‍ പന്തെറിയാന്‍ സാധിക്കുന്നു.

വിരാട് കോഹ്‌ലി പറഞ്ഞത്

കിവീസിനെതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് എവിടെയാണ് പിഴവ് സംഭവിച്ചതെന്ന ചോദ്യത്തിന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിക്ക് വാക്കുകള്‍ കിട്ടാതായി. ഇന്ത്യക്കായി കളിക്കുമ്പോള്‍ ഏറെ പ്രതീക്ഷയുണ്ടാകും. ആരാധകരില്‍ നിന്ന് മാത്രമല്ല. താരങ്ങളില്‍ നിന്ന് അതിനാല്‍ തീര്‍ച്ചയായും നമ്മുടെ മത്സരങ്ങള്‍ക്ക് സമ്മര്‍ദമുണ്ടാകും. ഇന്ത്യക്ക് വേണ്ടി കളിക്കുന്ന എല്ലാവരും അത് ഉള്‍ക്കൊള്ളണം. രണ്ട് മത്സരങ്ങളില്‍ സമ്മര്‍ദം അതിജീവിക്കാനായില്ല' കോഹ്‌ലി മത്സരശേഷം പറഞ്ഞു.

''തികച്ചും വിചിത്രം. ബാറ്റിലോ പന്തിലോ ഞങ്ങള്‍ ധൈര്യമുള്ളവരായി കരുതുന്നില്ല, ''കോഹ്‌ലി പറഞ്ഞു. ' പന്തുമായി കൂടുതല്‍ പൊരുത്തപ്പെട്ട്
കളിക്കാന്‍ കഴിഞ്ഞില്ല, മൈതാനത്തിറങ്ങുമ്പോഴും ഞങ്ങള്‍ക്ക് വേണ്ടത്ര ധൈര്യമില്ലായിരുന്നു. അദ്ദേഹം കൂട്ടിച്ചേര്‍ത്തു: 'ന്യൂസിലന്‍ഡിന് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നതായി തോന്നി. അവര്‍ ആദ്യ ഓവര്‍ മുതല്‍ ഞങ്ങളുടെ മേല്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയും ഇന്നിംഗ്‌സിലൂട നീളം അത് തുടരുകയും ചെയ്തു. ഞങ്ങള്‍ക്കായി അവസരങ്ങള്‍ എടുക്കണമെന്ന് തോന്നിയപ്പോഴെല്ലാം വിക്കറ്റ് നഷ്ടമായി. രണ്ട് കളികളില്‍ രണ്ട് തോല്‍വികള്‍ നേരിട്ടെങ്കിലും കോഹ്ലിയുടെ ടീം ലോകകപ്പില്‍ നിന്ന് പൂര്‍ണമായും പുറത്തായെന്ന് പറയാനാകില്ല. ശേഷിക്കുന്ന മത്സരങ്ങള്‍ വിജയിക്കുകയും മറ്റ് മത്സരഫലങ്ങള്‍ക്കനുസരിച്ച് സെമി പ്രതീക്ഷയ്ക്ക് വകയുണ്ട്. 

ഐപിഎല്ലും ലോകകപ്പും 

എല്ലാ കളിക്കാരും ഒരേ പോലെ മോശം പ്രകടനം കാഴ്ചവെക്കുന്നതാണ് ഇന്ത്യക്ക് തിരിച്ചടിയാകുന്നത്. എല്ലാ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്ന ഇന്ത്യയെ പോലെ ഒരു ടീമിന് ഇത് ഒരിക്കലും സംഭവിക്കരുതായിരുന്നു. മറ്റെല്ലാ ടീമുകളേക്കാളും ഇന്ത്യ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. അങ്ങനെ മികവുള്ള കളിക്കാര്‍ ഐപിഎല്ലില്‍ ഉണ്ടായിരുന്നു. യുഎഇയിലെ പിച്ചുകളില്‍ മികച്ച രീതിയില്‍ ബാറ്റ് വിശിയ കളിക്കാരില്‍ ഒരാളായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗിലെ റിതുരാജ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ പരാജയങ്ങളില്‍ ടീം സെലക്ഷനെ കുറ്റപ്പെടുത്തുന്നവരും ഉണ്ട്. 

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ഉള്‍പ്പെടെ നോക്കിയാല്‍ ഏറെ നാളായി ഇന്ത്യന്‍ ടീമിന് വിശ്രമമുണ്ടായിട്ടില്ലെന്നത് മറ്റൊരു വസ്തുതയാണ്.
താരങ്ങള്‍ക്ക് ആവശ്യം വേണ്ട ഇടവേളയും ലഭിച്ചിട്ടില്ല. പരാജയത്തിന് ഒരു പക്ഷെ ഇത് ഒരു ന്യായീകരണമല്ലെങ്കില്‍ കൂടി വിജയ പരാജയങ്ങളില്‍ വിശ്രമം ഒരു അനിവാര്യമായ ഘടകമാണ്. 

ലോകകപ്പിന് ഇന്ത്യ എത്ര മോശമായാണ് ഒരുങ്ങിയതെന്നാണ് ഇത് കാണിക്കുന്നത്. ഇന്ത്യ' ടീമിനെ സംബന്ധിച്ച് ഒരു  റൊട്ടേഷന്‍ പോളിസി വിജയങ്ങള്‍ക്ക് സഹായാമാകുമായിരുന്നു. എന്നാല്‍ ബിസിസിഐയും കളിക്കാരും പോലും ലോകകപ്പിനേക്കാള്‍ ഐപിഎല്ലിന് മുന്‍ഗണന നല്‍കി. 
ഐപിഎല്ലിന്റെ അപ്രമാധിത്യം താരങ്ങള്‍ക്ക് ലോകകപ്പ് മത്സരങ്ങളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തിയോ അല്ലെങ്കില്‍ അവര്‍ മത്സരങ്ങള്‍
സ്വയം നിസ്സാരമായി എടുത്തിരിക്കാം. ക്യാപ്റ്റന്‍ കോഹ് ലിയില്‍ നിന്ന് പോലും ഒരു പക്ഷെ ഇത്തരത്തിലുള്ള ശരീരഭാഷയാണ് പ്രകടമാകുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്. 

''ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒരു ഇടവേള ആവശ്യമാണ്,'' ന്യൂസിലന്‍ഡിനെതിരായ മത്സരത്തിന് ശേഷം ജസ്പ്രിത് ബുംറ പറഞ്ഞു. ''നിങ്ങള്‍ക്ക് ചിലപ്പോള്‍ നിങ്ങളുടെ കുടുംബത്തെ മിസ് ചെയ്യും. നിങ്ങള്‍ ആറുമാസമായി റോഡിലാണ്. അതിനാല്‍ അതെല്ലാം ചിലപ്പോള്‍ നിങ്ങളുടെ മനസ്സിന്റെ പിന്‍ഭാഗത്ത് കളിക്കും. എന്നാല്‍ നിങ്ങള്‍ ഫീല്‍ഡില്‍ ആയിരിക്കുമ്പോള്‍, നിങ്ങള്‍ അതിനെക്കുറിച്ച് ചിന്തിക്കില്ല. ഷെഡ്യൂളിംഗ് എങ്ങനെ പോകുന്നു അല്ലെങ്കില്‍ ഏത് ടൂര്‍ണമെന്റ് എപ്പോഴാണ് കളിക്കുന്നത് എന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് പല കാര്യങ്ങളും നിയന്ത്രിക്കാനാവില്ല. ബുംറ പറഞ്ഞു.

കോവിഡ് ബയോ ബബിളില്‍ കഴിയുന്നതിന്റെ മാനസിക സമ്മര്‍ദവും ബുംറ മറച്ചുവെച്ചില്ല. ബയോ ബബിളില്‍ തുടരുകയും നിങ്ങളുടെ കുടുംബത്തില്‍ നിന്ന് വളരെക്കാലം അകന്നുനില്‍ക്കുകയും ചെയ്യുന്നത് കളിക്കാരന്റെ മനസിനെ സ്വാധീനിക്കുന്നു.  ഈ സാഹചര്യത്തില്‍ എല്ലാം
ബുദ്ധിമുട്ടുള്ള സമയമാണിത്. ഇതിനോട് പൊരുത്തപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട്. ബുംറ പറഞ്ഞു. 

ടീം മെന്ററായി ധോണി എത്തിയതിന്റെ പ്രതീക്ഷ

ലോകകപ്പില്‍ ടീം മെന്ററായി ധോണി എത്തിയപ്പോള്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷകള്‍ നല്‍കിയിരുന്നു. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല. എന്നാല്‍ ടീമില്‍ ഹാര്‍ദികിനെ നിലനിര്‍ത്താന്‍ ധോണി ആവശ്യപ്പെതായി റിപോര്‍ട്ടുകള്‍ വന്നിരുന്നു. ഐപിഎല്ലില്‍ പന്തറിയാത്ത ഹാര്‍ദിക്കിനെ വേണ്ടെന്നായിരുന്നു സെലക്റ്റര്‍മാരുടെ തീരുമാനമെങ്കിലും ധോണിയുടെ ആവശ്യപ്രകാരം താരത്തെ ടീമില്‍ നിലനിര്‍ത്തുകയായിരുന്നുവെന്നായിരുന്നു റിപോര്‍ട്ട്. ഹാര്‍ദിക്കിന്റെ ഫിനിഷിംഗ് കഴിവാണ് ധോണി ചൂണ്ടിക്കാട്ടിയത്. ധോണിയുടെ ആവശ്യം സെലക്റ്റര്‍മാര്‍ അംഗീകരിക്കുകയായിരുന്നു. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്്തത്. ധോണി ടീം മെന്ററാണെങ്കിലും ഗെയിം പ്ലാന്‍ രൂപീകരിക്കുന്നതില്‍ കോച്ച് രവി ശാസ്ത്രിയുടെ തീരുമാനമാണ് നിര്‍ണായകം. ടീമിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയെന്നതിലുപരി ധോണിക്ക് മറ്റൊന്നും ചെയ്യാനാകില്ല. ഇവിടെയും കോച്ചിന്റെ തീരുമാനത്തിനാണ് എല്ലാകാലത്തും മുന്‍ഗണന. 

ടി20 ലോകകപ്പില്‍ ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റെങ്കിലും ഇന്ത്യയുടെ സെമി സാധ്യതകള്‍ പൂര്‍ണമായും അവസാനിച്ചിട്ടില്ല. ഇനിയുള്ള സാധ്യത 
അഫ്ഗാനിസ്ഥാന്‍, നമീബിയ, സ്‌കോട്‌ലന്‍ഡ് ടീമുകളെ ഇന്ത്യ തോല്‍പ്പിക്കണം എന്നതാണ്. ചെറിയ ജയമല്ല, വമ്പന്‍ മാര്‍ജിനില്‍ തന്നെ തോല്‍പ്പിക്കണം. ഇതിനൊപ്പം ന്യൂസിലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കണം. ഇതോടെ ഇന്ത്യ, അഫ്ഗാന്‍, കിവീസ് ടീമുകള്‍ക്ക് ആറ് പോയിന്റ് വീതമാകും. മികച്ച റണ്‍റേറ്റ് ഉണ്ടെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ കടക്കാം. ഇതെല്ലാം വിദൂര സാധ്യതകള്‍ മാത്രമാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഫലം ടീമിന്റെ നെറ്റ് റണ്‍റേറ്റിനെ ബാധിച്ച സാഹചര്യത്തിലാണിത്.