പ്രശസ്ത കായിക പരിശീലകന്‍ ഒ.എം നമ്പ്യാര്‍ അന്തരിച്ചു

 
OM Nambiar

പ്രശസ്ത കായിക പരിശീലകന്‍ ഒ.എം നമ്പ്യാര്‍ (90) അന്തരിച്ചു. ഒളിമ്പ്യന്‍ പി.ടി ഉഷ ഉള്‍പ്പെടെയുള്ളവരുടെ പരിശീലകനായ അദ്ദേഹം പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. കായിക പരിശീലകനായി 32 വര്‍ഷം നമ്പ്യാര്‍ മൈതാനത്തുണ്ടായിരുന്നു. കേരളത്തിലെ എക്കാലത്തെയും മികച്ച അത്ലറ്റുകളില്‍ ഒരാളായ പി.ടി ഉഷയുടെ കോച്ചെന്ന നിലയിലാണ് നമ്പ്യാര്‍ കൂടുതല്‍ പ്രശസ്തിയും അംഗീകാരവും നേടിയത്. രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിട്ടുള്ള നമ്പ്യാര്‍ ആദ്യത്തെ ദ്രോണാചാര്യ അവാര്‍ഡ് (1985) ജേതാവുമാണ്. 

1955ല്‍ എയര്‍ഫോഴ്സിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നമ്പ്യാര്‍ സര്‍വീസസിനെ പ്രതിനിധീകരിച്ച് നിരവധി ദേശീയ അത്ലറ്റിക് മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട്. എയര്‍ ഫോഴ്‌സില്‍നിന്ന് പട്യാലയില്‍ എത്തി കോച്ചിങ് ഡിപ്ലോമ നേടിയ നമ്പ്യാര്‍ ജി.വി രാജയുടെ ക്ഷണപ്രകാരം 1970ല്‍ കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ കോച്ചായി ചേര്‍ന്നു. 1976ല്‍ കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷനില്‍ ചുമതലയേറ്റു. അവിടംമുതലാണ് നമ്പ്യാരും പി.ടി ഉഷയും തമ്മിലുള്ള ഗുരു-ശിഷ്യ ബന്ധം തുടങ്ങുന്നത്. 1984 ലോസ്ഏഞ്ചല്‍സ് ഒളിമ്പിക്സില്‍ പി.ടി ഉഷയുടെ കോച്ചായിരുന്നു. 1990ല്‍ ബീജിങ് ഏഷ്യന്‍ ഗെയിംസില്‍ ഉഷ ആദ്യ വിടവാങ്ങല്‍ പ്രഖ്യാപിക്കുംവരെ ആ ബന്ധം നീണ്ടു. 

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിട്ട് 1990ല്‍ നമ്പ്യാര്‍ സായിയില്‍ ചേര്‍ന്നെങ്കിലും പിന്നീട് മടങ്ങിവന്നു. മറ്റൊരു ഉഷയെക്കൂടി രാജ്യത്തിനു സമ്മാനിക്കാന്‍ ഏറെ ആഗ്രഹിക്കുകയും പരിശ്രമിക്കുകയും ചെയ്ത നമ്പ്യാര്‍, ബീന അഗസ്റ്റിന്‍, സുകുമാരി, ലിനെറ്റ്, ഷീബ, ജിജി തുടങ്ങി പലരിലൂടെയും ഭാഗ്യം പരീക്ഷിച്ചു. പത്മിനി, സാറാമ്മ, വന്ദന റാവു എന്നിവരും നമ്പ്യാരുടെ ശിഷ്യരായി ഏതാനും നാള്‍ പരിശീലനം നേടിയിട്ടുണ്ട്.