അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍; ചരിത്രനേട്ടവുമായി റൊണാള്‍ഡോ

 
Ronaldo

അന്താരാഷ്ട്ര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. 180 മത്സരങ്ങളില്‍ നിന്നായി 111 ഗോളുകളാണ് റൊണാള്‍ഡോ ദേശീയ ടീമിനായി നേടിയത്. ഇറാന്‍ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോള്‍ എന്ന റെക്കോഡ് മറികടന്നാണ് റൊണാള്‍ഡോ ചരിത്രനേട്ടം സ്വന്തമാക്കിയത്. 

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു റൊണാള്‍ഡോയുടെ റെക്കോഡ് നേട്ടം. 88ാം മിനിറ്റ് വരെ പിന്നില്‍നിന്ന് പോര്‍ച്ചുഗലിനെ വിജയത്തിലേക്ക് നയിച്ചാണ് റൊണാള്‍ഡോ ചരിത്രനേട്ടം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ലഭിച്ച പെനാല്‍റ്റി റൊണാള്‍ഡോ പാഴാക്കിയിരുന്നു. 88ാം മിനിറ്റ് വരെ പോര്‍ച്ചുഗലിന് ജയപ്രതീക്ഷകളില്ലായിരുന്നു. എന്നാല്‍, 89ാം മിനിറ്റില്‍ മികച്ച ഹെഡ്ഡറിലൂടെ റൊണാള്‍ഡോ സമനില ഗോള്‍ നേടി. പിന്നീട് കളി അവസാനിക്കാന്‍ സെക്കന്‍ഡുകള്‍ മാത്രം ശേഷിക്കെ, വീണ്ടുമൊരു ഹെഡ്ഡര്‍ ഗോളിലൂടെ റൊണാള്‍ഡോ പറങ്കിപ്പടയ്ക്ക് അവിശ്വസനീയമായ വിജയം സമ്മാനിച്ചു, ഒപ്പം പുതിയ ചരിത്രവും. ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച യൂറോപ്യന്‍ താരമെന്ന സെര്‍ജിയോ റാമോസിന്റെ റെക്കോഡിനൊപ്പവുമെത്തി റൊണാള്‍ഡോ. 

2003ല്‍ 18ാം വയസില്‍ കസാഖിസ്ഥാനെതിരെയായിരുന്നു റൊണാള്‍ഡോ പോര്‍ച്ചുഗലിനായി അന്താരാഷ്ട്ര മത്സരങ്ങളില്‍ അരങ്ങേറിയത്. ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോര്‍ച്ചുഗലിനായി റൊണാള്‍ഡോ നേടിയത്. യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ക്വാളിഫയറില്‍ 31 ഗോളുകള്‍, അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളില്‍ 19, യൂറോ കപ്പില്‍ 14, ലോകകപ്പില്‍ 7, യുവേഫ നാഷണല്‍ ലീഗില്‍ 4, കോണ്‍ഫെഡറേഷന്‍ കപ്പില്‍ 2 എന്നിങ്ങനെയാണ് റൊണാള്‍ഡോയുടെ ഗോള്‍ നേട്ടങ്ങള്‍.